ഗുരു ദക്ഷിണയായി ഒരു കഥകളി അരങ്ങ്

ambalappuzha-3
SHARE

വര്‍ഷങ്ങൾക്കു മുൻപ് അതേ  ക്യാംപസിൽ സൗമ്യ സുന്ദരമായ ഒരു സ്വരം മുഴങ്ങിയിരുന്നു. കഥകളിയുടെ രസലഹരിയിൽ ദമയന്തിയും ഹംസവുമൊക്കെ ആ" സ്വരത്തിന്റെ മാധുര്യ"ത്തിലൂടെ പല തലമുറകൾക്കു മുന്നിൽ തെളിഞ്ഞുണർന്നിരുന്നു." കഥകളിയെ പ്രാണനായി സ്നേഹിച്ച മലയാള അധ്യാപകൻ അമ്പലപ്പുഴ രാമവർമയുടെ സ്വരമായിരുന്നു അത്. സിഎംഎസ്സ് കോളജിന്റെ അങ്കണത്തിൽ  സ്വരത്തിന്റെ ഓർമ്മയിൽ ഞങ്ങൾ ഒത്തുചേർന്നു. 

സിഎംഎസ്  കോളജിൽ കഴിഞ്ഞ ആഴ്ച അരങ്ങേറിയ പ്രഫ അമ്പലപ്പുഴ രാമവർമ അനുസ്മരണവും കഥകളി ആസ്വാദനക്ലാസ്സും അക്ഷരാർഥത്തിൽ ഞങ്ങളുടെ ഗുരുദക്ഷിണ ആയിരുന്നു. കഥകളി ആസ്വാദകരുടെ വേദിയായ കളിയരങ്ങും  വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രചോദിതയും 1983 -86  കെമിസ്ട്രി  ബാച്ചിന്റെയും  റോയൽ സിഎംഎസ്സ് എന്ന പൂർവ വിദ്യാർഥി സംഘത്തിന്റെയും    നേതൃത്വത്തിൽ എത്തിയ പൂർവ വിദ്യാർഥികളും ഒത്തു ചേർന്ന് അർപ്പിച്ച സ്മരണാഞ്ജലി.

ambalappuzha-2

എന്റെ ഗുരുനാഥൻ എന്ന  അഭിമാന ബോധത്തോടെ അവകാശത്തോടെ  എത്തി ചേർന്നതായിരുന്നു ഞങ്ങൾ ഓരോരുത്തരും. അവരിലെ പ്രമുഖർക്കൊപ്പം വേദിയിൽ ഇരുന്നപ്പോൾ പിന്നീലെ ബാനറിൽ ആ സൗമ്യദീപ്ത മുഖം  പ്രഫ .അമ്പലപ്പുഴ രാമവർമ 1952 മുതല്‍ 1986 വരെ സിഎംഎസ് കോളജില്‍ അധ്യാപകൻ. അതിനു ശേഷം കാലടി ശ്രീ ശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാലയുടെ എറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടര്‍ ഇന്‍ ചാര്‍ജും പ്രഫസറുമായിരുന്നു. കഥകളിക്കുള്ള എംകെകെ നായര്‍ അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം, എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം തുടങ്ങിയ എത്രയോ പുരസ്‌കാരങ്ങളുടെ ജേതാവ് .

വീണ പൂവ്  വ്യാഖ്യാനം, സ്വപ്നവാസവദത്തംവിവര്‍ത്തനം,കല്യാണസൗഗന്ധികം,ശീതങ്കല്‍ തുള്ളല്‍ ആമുഖവും വ്യാഖ്യാനവും തുടങ്ങി നാല്‍പതോളം പുസ്തകങ്ങളുടെ രചയിതാവ് . അങ്ങനെയൊക്കെയുള്ള  പണ്ഡിതനെയല്ല അവിടെ സംസാരിച്ച ശിഷ്യർ അനുസ്മരിച്ചത്.

ambalappuzha

കാളിദാസനെയും കഥകളിയെയും ഒക്കെ മധുര ലളിത പദങ്ങളിലൂടെ പകർന്നു തന്ന ഓർമ. ക്‌ളാസിൽ  ഒരു അപശബ്ദം പോലും അനുവദിക്കാത്ത നിർബന്ധ ശാലി . മാന്യതയുടെയും മാനവികതയുടെയും പര്യായം.

സിഎംഎസ്  കോളജ് പ്രിൻസിപ്പൽ ഡോ.വർഗീസ്  സി ജോഷ്വ, നടൻ പ്രേം പ്രകാശ് ,സിപിഎം ജില്ലാ  സെക്രട്ടേറിയറ്റ്  അംഗം  സുരേഷ് കുറുപ്പ് , പി.ആർ.രവികുമാർ, ഐആർഎസ് , അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ എം കുര്യൻ , മാധ്യമപ്രവർത്തക ഗീത ബക്ഷി , ബിന്ദു പി.കൃഷ്ണൻ ,കോശി മാത്യു ,കളിയരങ് സെക്രട്ടറി എം .ഡി .സുരേഷ് ബാബു എന്നുവർക്കൊപ്പം വേദി പങ്കിടുമ്പോൾ മനസ്സിൽ ഓർത്തു .ഇന്ന് അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ ഇവിടം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷ വേദി ആയി മാറിയേനെ!കിടങ്ങൂര്‍ വടവാമന ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബികയുടെയും മകനായി 1926 ഡിസംബര്‍ 10നാണ് അദ്ദേഹം  ജനിച്ചത്.

അനുസ്മരണത്തിനു ശേഷം കളിയരങ്ങ് സുവർണ വർഷകേളി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച കഥകളി കലാലയങ്ങളിലേക്ക് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കഥകളിയുടെ അക്ഷരമാലാ പരിചയ ക്ലാസും അരങ്ങേറി .

'ഇത്ര ലളിതമായിരുന്നുവോ കഥകളിയുടെ അക്ഷരമാല എന്നു വിസ്മയിപ്പിക്കുന്ന വിധത്തിൽ  കാഴ്ചക്കാരോടു  ചോദ്യങ്ങൾ ചോദിച്ചും കളിച്ചും വിശദീകരിച്ചും കഥകളിയുടെ ഉള്ളു തുറന്നും മയ്യനാടും സംഘവും കാണികളെ കൈയിലെടുത്തു കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി കഥകളിയിലെ സുന്ദര കൃഷ്ണൻ എന്നാണ് പലരും വിശേഷിപ്പിക്കാറുള്ളത്.ചുരുക്കം ചില വാക്കുകളിൽ മാത്രം ഒതുക്കാനാകാത്തതാണ് അദ്ദേഹത്തിന്റെ പ്രതിഭ. വേഷപ്പകർച്ച, രസപ്പൊലിമ  ഇവയുടെ സമ്മേളനം കൊണ്ടാവാം അദ്ദേഹത്തിന്റെ  കൃഷ്ണ വേഷങ്ങൾ  കൂടുതൽ പ്രശസ്തി നേടിയത്  എന്നാൽ അതിനൊപ്പം തന്നെയാണ് ഇതര പച്ചവേഷങ്ങളുടെയും കാന്തി . കർണ്ണൻ, അർജ്ജുനൻ, ഭീമൻ, നളൻ, ഭാരത മലയൻ, നാരദൻ,ഹംസം എന്നിങ്ങനെ  എത്രയോ  വേഷങ്ങൾ,എത്രയോ വേദികൾ !

തുടർന്നു കോട്ടയത്ത് തമ്പുരാൻ രചിച്ച കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി. അരങ്ങില്‍  മയ്യനാട്  നമ്പൂതിരിക്കൊപ്പം  പാട്ട് കലാമണ്ഡലം  സജീവന്‍ ,ചെണ്ട  കലാനിലയം  സുഭാഷ്  ബാബു,മദ്ദളം  കലാമണ്ഡലം  ശ്രീ ഹരി,  ചുട്ടി  കലാനിലയം  സജിയും  ആയിരുന്നു.കഥാപാത്രങ്ങളില്‍ .  ഭീമസേനന്‍  ആയികലാമണ്ഡലം ഭാഗ്യനാഥ് ,പാഞ്ചാലിയായി കലാമണ്ഡലം കാശിനാഥ് ,ഹനുമാനായി  കലാമണ്ഡലം പ്രശാന്ത് ( മയ്യനാട്) അരങ്ങത്തേക്ക് എത്തിയത്. കലാകാരന്മാർക്കുള്ള പുരസ്‌കാര വിതരണം പ്രഫ.മാടവന ബാലകൃഷ്ണപിള്ള നിർവഹിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS