ആർട്ടിസ്റ്റ് നമ്പൂതിരി: വരയുടെ പരമശിവൻ

Artist Namboothiri
ആർട്ടിസ്റ്റ് നമ്പൂരിതി
SHARE

'നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന പഴയ ആഹ്വാനം ആര്‍ടിസ്റ്റ് നമ്പൂതിരിക്കു ബാധകമല്ല. കാരണം ഈ നമ്പൂതിരി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യനാണ്.' മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവി  പി.പി.രാമചന്ദ്രൻ  നമ്പൂതിരിയുടെ ചിത്രകലയെ വിശേഷിപ്പിച്ചത് ഈ വാക്കുകളിലൂടെയാണ്. ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രരചന. പണ്ടുകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ പകർത്തിയിരുന്നു. ചിത്രകല മനുഷ്യന്റെ ബുദ്ധിപരമായ ആശയവിനിമയത്തിലൂടെ ഉയർന്നുവന്നു എന്നു കരുതാം. ചിത്രകലയിലൂടെ തിരിച്ചറിയപ്പെടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ പലതരം വികാരങ്ങളിലേക്ക് എത്തിച്ചേരുന്നു. 'ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌' എന്നൊരു ചൊല്ലുമുണ്ട്‌. പെഷവാരി,ഫോക് ട്രൈബൽ ആർട്ട്,മ്യൂറൽ എന്നിങ്ങനെ നിരവധി തരം രീതികൾ ചിത്രകലയിൽ ഉണ്ട് കൂടെ ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് എന്നിങ്ങനെ പലതരം ചായങ്ങളും  ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിന്റെ ഭാഗമായി ഡിജിറ്റൽ ചിത്രകല എന്നൊരു ശാഖയും ഉണ്ടായിട്ടുണ്ട്.

മനുഷ്യരൂപങ്ങളോടുള്ള നമ്പൂതിരിതിരിയുടെ കലാചോദന മനസ്സിലാകുന്നത്, നൂറു ചിത്രങ്ങൾ അദ്ദേഹം വരച്ചാൽ അതിൽ തൊണ്ണൂറും മനുഷ്യരൂപങ്ങളായിരിക്കും. ദൈവങ്ങളെ വരച്ചാലും മനുഷ്യരെപ്പോലിരിക്കും. കാരണം,പൊന്നാനിക്കാരുടെ ദൈവം മനുഷ്യനാണ്. ഇടശ്ശേരിയും ഉറൂബും ഗോവിന്ദനും അക്കിത്തവും എഴുത്തിലൂടെ നടത്തിയ സങ്കീര്‍ത്തനം, അതേരീതിയാണ് നമ്പൂതിരിയും തന്റെ വരയിലൂടെ ആവിഷ്കരിച്ചത്. 

ത്രീഡൈമെൻഷൻ ഭാവമാണ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ സവിശേഷത. വിരലുകൾ വേറിട്ടു കാണിക്കാതെ കൈ വരയ്ക്കും. നമ്പൂതിരിയുടേതു മാത്രമായ ഒരു 'മുദ്രക്കൈ' ആണത്. കസേരയില്ലാതെ കഥാപാത്രത്തെ ഇരുത്തും. വിശദാംശങ്ങളിലല്ല,സമഗ്രതയിലാണ് നമ്പൂതിരിയുടെ കണ്ണ്. വ്യാകരണപണ്ഡിതന്മാർ അനുവദിക്കില്ലെങ്കിലും 'ത്രിമാനവികം' എന്ന ഒരു പദമുണ്ടാക്കിക്കൊണ്ട് നമ്പൂതിരിയുടെ വരകൾ ഒരു പുതിയ രീതിക്ക് തന്നെ തുടക്കം കുറിച്ചു എന്ന് പറയാം' എന്നു  ചിത്രകലാ സ്നേഹികൾ കവി  പി.പി.രാമചന്ദ്രന്റെ  അഭിപ്രായത്തോട് യോജിക്കുന്നു.

ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം നമ്പൂതിരി മികച്ചുതന്നെ നീന്നിരുന്നത്. പുരസ്‌കാരത്തിളക്കത്തിലും അംഗീകാരനിറവിലും തന്റെ മനസ്സിന്റെ ഭാവനകൾക്ക് ഭാവഭേദമില്ലാതെ വരക്കുന്ന നമ്പൂതിരി രേഖാചിത്രങ്ങളുടെ പേരിൽ ആയിരുന്നു പ്രശസ്തനായത്. എന്നാൽ  ശിൽപകലയിലും അദ്ദേഹത്തിന്റെ ഭാവന വളരെ ഉന്നതിലായിരുന്നു.'വരയുടെ പരമശിവൻ' എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി, ബഷീർ,പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മോഹൻലാൽ അടക്കമുള്ള ധാരാളം പ്രമുഖർ നമ്പൂതിരിയുടെ ആരാധകരാണ്. മോഹൻലാലിന്റെ ആവശ്യപ്രകാരം,'ശങ്കരാചാര്യരുടെ സൗന്ദര്യലഹരി' അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശസ്തമാണ്. രണ്ടാമൂഴത്തിലെ ദ്രൗപദിയും മറ്റു കഥാപാത്രങ്ങളും ഏറെ പ്രശംസ നേടിയ വരകളാണ്. വരയിലും പെയിന്റിങ്ങിലും ശിൽപ്പവിദ്യയിലും ഒരുപോലെ അദ്ദേഹം കഴിവുതെളിയിച്ചു.അരവിന്ദന്‍റെ ഉത്തരായനം,കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു.

 സ്വകാര്യജീവിതം

1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ വാസുദേവൻ നമ്പൂതിരിയുടെ ജനനം. കുട്ടിക്കാലത്ത് വീടിനടുത്തുള്ള ശുകപുരം ക്ഷേത്രത്തിലെ ശിൽപങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു.' ഇവ കണ്ടിട്ടാണ് ശിൽപങ്ങൾ വരയ്ക്കാനും വാർത്തെടുക്കാനും എനിക്ക് പ്രചോദനം ഉണ്ടായത്' എന്ന് നമ്പൂതിരി പറയുന്നു. കലാവിദ്യാഭ്യാസത്തിനായി,വരിക്കാശ്ശേരി മനയിലെ കൃഷ്ണൻ നമ്പൂതിരിയുടെ സാമ്പത്തിക സഹായത്തോടെ ചെന്നൈയിലേക്ക് താമസം മാറിയ അദ്ദേഹം ചെന്നൈയിലെ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ചേർന്നു,അവിടെ സ്ഥാപക പ്രിൻസിപ്പൽ ദേബി പ്രസാദ് റോയ് ചൗധരിയുടെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ചു. ഈ കാലഘട്ടത്തിലാണ് അദ്ദേഹം യുവകലാകാരന്മാരുടെമേൽ സ്വാധീനം ചെലുത്തുന്ന കെ.സി.എസ് പണിക്കരുടെ കൂടെ പല കലാപ്രവർത്തനങ്ങളിലും പങ്കെടുക്കാൻ  സാധിച്ചത്.

നമ്പൂതിരി 1954-ൽ ഗവൺമെന്റ് കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് രണ്ട് ഡിപ്ലോമ നേടി, ഒന്ന് ഫൈൻ ആർട്‌സിലും മറ്റൊന്ന് അപ്ലൈഡ് ആർട്‌സിലും നേടി, കെ.സി.എസ്. പണിക്കരുടെ ചോലമണ്ഡലം ആർട്ടിസ്‌റ്റ് വില്ലേജിൽ താമസിച്ച് ഒരു വർഷം കൊണ്ട് ആറ് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി മടങ്ങി. 1960-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സ്റ്റാഫ് ആർട്ടിസ്റ്റായി കേരളത്തിലേക്ക്. 1982 വരെ അദ്ദേഹം മാതൃഭൂമിയിൽ തുടർന്നു, തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, എം.ടി. വാസുദേവൻ നായർ, ഉറൂബ്, എസ്. കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി ഗോവിന്ദൻ നായർ, വി.കെ.എൻ. മാതൃഭൂമിയിൽ അദ്ദേഹം പ്രസിദ്ധീകരിച്ച 'നാണിയമ്മയും ലോകവും' പോക്കറ്റ് കാർട്ടൂൺ പരമ്പരയായി മാറി. 1982-ൽ, അദ്ദേഹം കലാകൗമുദി വാരികയിലേക്ക് മാറി, അവിടെ ‘ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ സമകാലിക മലയാളം വാരികയിലേക്ക് മാറുന്നതിന് മുമ്പ് കുറച്ചുകാലം ചിത്രീകരണങ്ങൾ വരക്കാനായി സമയം മാറ്റിവെച്ചു. 

നമ്പൂതിരിയുടെ ആദ്യത്തെ പ്രൊഫഷണൽ അസൈൻമെന്റുകളിലൊന്ന്,ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ഒരു വലിയ പെയിന്റിംഗ് പൂർത്തിയാക്കാൻ കെ.സി.എസ്. പണിക്കരെ സഹായിച്ചതാണ്. മാതൃഭൂമിയിൽ നിന്ന് രാജിവച്ചതിന് ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് തിരിയുകയും താമസിയാതെ 12 ദുരിതാശ്വാസ കൃതികൾ അടങ്ങുന്ന ഒരു പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം ചിത്രീകരിച്ചപ്പോൾ കലാകൗമുദിയിൽ അദ്ദേഹം തന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങൾ വരച്ചു. സ്കൂട്ടറിൽ ആധുനിക കുടുംബം,മൈഥുന എന്നിവയും ഇന്ത്യൻ സ്വാതന്ത്ര്യ സമര സംഭവങ്ങൾ ഉൾക്കൊള്ളുന്ന 500 അടി നീളമുള്ള ഔട്ട്ഡോർ ഡ്രോയിംഗും ഉൾപ്പെടുന്ന വലിയ ശിൽപങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. നമ്പൂതിരി കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നമ്പൂതിരി, മൃണാളിനി ദമ്പതികൾക്ക് പരമേശ്വരൻ, വാസുദേവൻ എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള നടുവട്ടത്താണ് കുടുംബം താമസിച്ചിരുന്നത്. പ്രസിദ്ധനായ കഥാകൃത്ത് വർഗീസ് അംഗമാലിയുടെ വാക്കുകളിലൂടെ   നമ്പൂതിരിയുടെ  ചിത്രകലയുടെ കൗതുകകരമായ വിശേഷണങ്ങൾ നമുക്ക് ശ്രദ്ധിക്കാം.......കിഡ്നാപ്പ് ,സൂസന്നയുടെ കുളീ  2012, 2013 കാലഘട്ടത്തിൽ  മലയാളം വാരികയിൽ വർഗീസിന്റെ രണ്ട് കഥകൾക്കായി നമ്പൂതിരി  ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ചും കഥയുടെ രീതി അനുസരിച്ചും ആണ് അദ്ദേഹത്തിന്റെ വരകൾ! എല്ലാ സ്ട്രോക്കുകൾ ചേർത്തിണക്കി,കഥാപാത്രങ്ങളുടെ കോലുന്നനെയുള്ള നമ്പൂതിരി  പെൺകുട്ടികളും ചട്ടയും മുണ്ടും ഉടുത്ത ക്രിസ്ത്യനി കഥാപാത്രങ്ങളെയും മറ്റും വരയ്ക്കുമ്പോൾ നമുക്ക് നല്ല വ്യക്തമായി  മനസ്സിലാകുകയും ചെയ്യും. എന്നാൽ ചെക്കൻമാരെ വരയ്ക്കുമ്പോൾ അങ്ങനെയല്ല, നല്ല നീളമുള്ള മെലിഞ്ഞ ബെൽബോട്ടം പാന്റുകളും മറ്റും ആയിരിക്കും വേഷങ്ങൾ. അതായത് ഇല്ലായ്മയിൽ നിന്നാണ് നമ്പൂതിരി എല്ലാ ചിത്രങ്ങളും വരക്കുന്നത്, വടി ഊന്നി നിൽക്കുന്ന ഒരാളെ വരയ്ക്കുമ്പോൾ, കയ്യിൽ വടിയില്ല, അവർ കയ്യൂന്നി നിൽക്കുന്നപോലിരിക്കും.സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീയെയും പുരുഷനെയും  വരയ്ക്കുമ്പോൾ സ്കൂട്ടറല്ല കാണിക്കുന്നത്,അതുപോലെ ബുള്ളറ്റ്  ഓടിക്കുന്ന ഒരു  പുരിഷനെ കാണിക്കുമ്പോൾ , വാഹനങ്ങൾ അല്ല മറിച്ച് അവരുടെ യാത്രയുടെ സ്പീടാണ്  കാണിക്കുന്നത്. എല്ലാ ചിത്രകാർന്മാർക്കും സാധിക്കുന്നതല്ല, മറ്റൊരാളുടെ കഥയിലെ  കഥാപാത്രങ്ങളുടെ മനസ്സും മനോഭാവങ്ങളും മനസ്സിലാക്കി  വരക്കാൻ  എളുപ്പമല്ല. ക്രിസ്ത്യൻ  പാതിരിമാരെയൊക്കെ വളരെ സമർഥമായി അദ്ദേഹം ചിത്രീ‍കരിക്കാറുണ്ട്, കഴുത്തിലൂടെ ഒരു  കൊന്തയും  തൂക്കിയിട്ടു നടക്കുന്ന രീതിയിൽ. തടിയന്മാരായ് മാടംബിമാരെ വരക്കുന്ന ഒരു രീതിയെ വേറെയാണ്! ആദ്യ കാലങ്ങളിൽ നമ്പൂതിരി ക്രിസ്ത്യൻ സ്ത്രീകളെ വരയ്ക്കുമ്പോൾ അത്ര ശരിയാകുന്നില്ല എന്നൊരു തോന്നലാകാം, എല്ലാ സ്ത്രീകളുടെയും കഴുത്തിൽ ഒരു വെന്ദിങ്ങ കൂടിച്ചേർക്കാറുണ്ടായിരുന്നു,ഒരു ക്രിസ്ത്ര്യൻ ഭാവം കിട്ടാനായി! വരക്കുന്നതെല്ലാം തെളിമയുള്ള ചിത്രങ്ങളാണ് നമ്പൂതിരിയുടെ എല്ലാം തന്നെ. വാനപ്രസ്തം സിനിമയുടെ കലാസംവിധാനം നമ്പൂതിരിയാണ് ചെയ്തത്. നമ്പൂതിരി അധികം ചിരിക്കാറൊന്നും ഇല്ല, എന്നാൽ വളരെ ഗൗരവത്തോടെയാണ് അദ്ദേഹം എല്ലായ്പ്പോഴും. നമ്പൂതിരി വരയ്ക്കുമ്പോൾ അത്  ദൈവത്തിന്റെ കൈവേല എന്ന് തീർത്തും  പറയാം.

കൊച്ചിക്കാരിയായ എന്നാൽ ഒൺടോറിയിൽ നിന്നുള്ള നിർമ്മല എന്ന കഥാകൃത്തിനും നമ്പൂതിരി തന്റെ കഥകൾക്ക് ചിത്രം വരച്ചത്  ഓർമ്മിച്ചെടുക്കുന്നത് ഇങ്ങനെയാണ്.......   'കലാകാരന് പ്രണാമം',മലയാളം വാരികയിൽ നിന്നും എസ്. ജയചന്ദ്രൻ സാർ കഥ പ്രസിദ്ധീകരിക്കുന്നു എന്നറിയിച്ചപ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി ആവില്ല, മറ്റ് ജൂനിയർ ആർട്ടിസ്റ്റുകൾ ആരെങ്കിലുമാവും അറിയപ്പെടാത്ത എൻറെ കഥക്ക് ചിത്രം വരക്കുക എന്നാണ് വിചാരിച്ചത്. വാരിക കിട്ടിയപ്പോൾ ആ ചിത്രങ്ങൾ കണ്ട് ത്രില്ലടിച്ചത് 22 വർഷങ്ങൾ കഴിഞ്ഞിട്ടും ഓർക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയെ നേരിട്ട് കണ്ടിട്ടില്ല. മലയാളം വാരികയിൽ വന്നിട്ടുള്ള എന്റെ കഥകൾക്ക് അദ്ദേഹമാണ് ചിത്രം വരച്ചത് എന്നത് ബഹുമതിയാണ്.'

അടിക്കുറിപ്പ്

നമ്പൂതിരിയുടെ ചിത്രരചനകളുടെ ഒരു ശൈലി ,രീതി ഭാവം എന്നിവയെക്കുറിച്ച് നിസ്സംശയം പറയാവുന്ന ഒരു കാര്യമാണ്,ആ ശൈലി ആർക്കും തന്നെ അനുകരിക്കാൻ സാധിക്കില്ല. വിവിധ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ അദ്ദേഹം വരച്ചിട്ടുണ്ട്.'നമ്പൂതിരിച്ചിത്രംപോലെ സുന്ദരം' എന്നൊരു വാക്ശൈലി തന്നെ മലയാളത്തിൽ ഉണ്ടാക്കപ്പെട്ടു. തെളിമയുള്ള ചിത്രങ്ങളാണ് മിക്കവയും. ഇന്നയാൾ എന്നില്ല ചിത്രകലാവാസനയുള്ള ആരോട്  ചോദിച്ചാലും, നമ്പൂതിരിയുടെ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം എന്നു തന്നെ പറയും! ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ മുക്കാൽ നൂറ്റാണ്ട് ചിത്രകലയിൽ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങിയത്. നമ്പൂതിരി 2023 ജൂലൈ 7-ന് 97-ആം വയസ്സിൽ അന്തരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS