സിഎംഎസ്സ് കോളജ്‌: പ്രണയത്തിന്റെ ചാമരങ്ങൾ

cms-college
SHARE

കോട്ടയത്തിന്റെ ഹൃദയഭാഗത്തെ പടന്നു പന്തലിച്ച മരങ്ങളും നോക്കെത്താദൂരം വരെ നീണ്ടുനിവർന്ന് കിടക്കുന്ന പ്രകതിരമണീയതയും സിഎംഎസ്സ് കോളേജിന് എന്നും ഒരു പ്രണയദേവന്റെ പരിവേഷം നേടിക്കൊടുത്തിരുന്നു.1817ൽ ചർച്ച് മിഷണറികൾ തുടങ്ങിയ കോളജ് , പഴയ ബ്രിട്ടീഷ് പരിവേഷത്തിന്റെ കോട്ടണിഞ്ഞ്, പ്രൗഡഗംഭീ‍രങ്ങളായ സൗധങ്ങളുമായി ഇന്നും നിലകൊള്ളുന്നും,100 ൽപ്പരം വർഷങ്ങൾക്കു ശേഷവും. മലയാളം സിനിമ  ‘ചാമരം‘ എല്ലാവരുടെയും മനസ്സിൽ പ്രണയം  എന്ന അനുഭൂതിയുടെ കുളിർമഴയായി അന്നും ഇന്നും എന്നും നിലകൊള്ളുന്നു.

“നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ,കാതോർത്തു ഞാനിരുന്നു,

താവകവീധിയിൽ എൻ നിഴൽ‌പ്പക്ഷികൾ തൂവൽ വിരിച്ചുനിന്നു”

കാതോർത്തിരുന്ന ഈ ദേവന്മാരിലും ദേവിമാരിലും, വേന്ദ്രന്മാരും വേന്ദ്രത്തികളും ഇല്ലാതില്ല, പ്രേമിച്ചു അവശരായി, ചുങ്കം ഷാപ്പിന്റെ  ബെഞ്ചുകളിൾ ചങ്കുപൊട്ടിക്കിടന്നിരുന്ന ഗന്ധർവ്വന്മാരും, കൂട്ടുകാരുടെ തോളിൽ തലവെച്ചു കരഞ്ഞുതളർന്ന ശകുന്തളമാരും ഇല്ലാതില്ല. എന്നിരുന്നാൽ പോലും, ആ കാറ്റിലും, മരങ്ങളുടെ തണുപ്പിലും,‘ലവേഴ്സ് പാത്തിന്റെ ‘തണലിലും, പി ജി മെൻസ് ഹോസ്റ്റലിന്റെ വളവിലെ മരത്തിന്റെ തണലിലും തളിർത്തു പൂത്ത പ്രേമങ്ങൾ ധാരാളം ആണ്.എന്നാൽ തിരിച്ചുകിട്ടാതെ പറഞ്ഞു തീർക്കാൻ പറ്റാതെ,സ്വയം മനസ്സിൽ പ്രേമശവകുടീരങ്ങൾ നിർമ്മിച്ചു പോയവരും ഇല്ലാതില്ല. “തിരിച്ചു കിട്ടാത്തെ സ്നേഹം മനസ്സിന്റെ  വിങ്ങലാണ്“...ഈ വാക്കുകളും ഏതൊ സിനിമയിലോ പുസ്തകത്തിലോ പ്രണയത്തിൽ ഹോമിച്ച മനസ്സുകൾ വാചാലമായതിന്റെ പര്യവസാനമാണ്.

പ്രണയത്തെ പ്രണയിക്കുന്നവർ ജീവിതത്തെയും സ്നേഹിക്കുന്നവരായിരിക്കും.അവർ ഒന്നും തന്നെ പിടിച്ചടക്കാനോ,പിടിച്ചുപറിക്കാനൊ ശ്രമിക്കാറില്ല. മറിച്ച് ഓർമ്മകളെയും സ്നേഹത്തെയും  കോർത്തിണക്കി,സൗഹൃദത്തെ പ്രണയമായി മറിച്ചെഴുതിയവരും ഉണ്ട്. നഷ്ടപ്പെട്ട സുഹൃത്തിനെത്തേടിയും,ജീവിതത്തിൽ ആദ്യമായി ഒരു നോട്ടം സമ്മാനിച്ചവളെയും, വെച്ചു നീട്ടിയ ഒരു വെള്ളപൂ സമ്മാനിച്ചവളെയും തേടിപ്പൊയവരും പ്രണയത്തെ സ്നേഹിച്ചവരും പൂജിച്ചവരും തന്നെ.

എന്താണ്‌ പ്രണയം?... എങ്ങനെയാണ്‌ അതു ഹൃദയത്തെ കീഴടക്കുന്നത്, ആർ ആർക്കുവേണ്ടിയാണ് പ്രണയം  കോർത്തിണക്കുന്നത് എന്നൊന്നും പറഞ്ഞു തരാൻ ആർക്കും തന്നെ  സാധിക്കില്ല എന്ന കാര്യത്തിൽ സംശയം  വേണ്ട. പ്രണയത്തെ ഒരു തടവറയാക്കാതെ, സ്വഛന്ദം പ്രണയത്തെ പ്രണയിക്കാൻ വിടുക. പക്ഷിയെ പോലെ അത് ആകാശത്തിൽ പറന്നു പറന്ന് നടക്കട്ടെ. സ്നേഹം അധ്വാനത്തെ ലഘൂകരിക്കുകയും, ദുഖത്തെ മധുരിപ്പിക്കുകയും ചെയ്യുന്നു എന്നും ആരോ പറഞ്ഞു കേട്ട ഒരോർമ്മ ,വീണ്ടും. 

"ഞാൻ ആദ്യമായി സാരി ഉടുത്ത ദിവസം! മുല്ലപ്പൂ ചൂടാൻ മറന്ന കൂട്ടുകാരിക്ക്,ചെറുപുഞ്ചിരിയോടെ വെച്ചു നീട്ടിയ മുല്ലപ്പൂവുമായി എത്തിയ  കൂട്ടുകാരൻ‘. എവിടെ ആ മുല്ലപ്പൂക്കൾ കണ്ടാലും, അതിന്റെ മണവും നിറവും എന്നും മനസ്സിന്റെ കോണിൽ നേരിയ വേദന ഉണര്‍ത്തിയിരുന്നു. ഒരിക്കലും മായാതെ കിടന്നു ആ ചെറുപുഞ്ചിരിയും, കൂടെ മുല്ലപ്പൂക്കൾ തനിക്കു നേരെ നീട്ടുന്ന ആ മുഖവും, അന്നും ഇന്നും."

cms-college-2

"കുറ്റബോധമാണോ,അതോ നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല! മനസ്സിന്റെ ചിന്തകൾ അയവിറക്കുകയായിരുന്നു പിന്നീടങ്ങോട്ട്. പല കാരണത്താൽ കണ്ടില്ല എന്നു നടിക്കൽ തുടങ്ങിയ പുഞ്ചിരിയും എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദപ്രണയം ജീവിതത്തിൽ നിറഞ്ഞുനിന്നു. ഒരിക്കലും നടക്കില്ല എന്നറിയാവുന്ന,എന്നാൽ നഷ്ടപ്പെടാൻ മനസ്സനുവദിക്കാത്തെ സ്നേഹത്തിന്റെ മുല്ലപ്പൂവിന്റെ നറുമണം.ആ സ്നേഹത്തിന്റെ ഇരമ്പലുകൾ, സൗഹൃദം കോളേജ് കഴിയും വരെയും നിലനിർത്തുന്നു പലരും. പിന്നിടങ്ങോട്ട് എൺപതുകളുടെ കാലം അല്ലെ, മൊബൈലില്ല, ഇന്റർനെറ്റില്ല, ഇല്ലാത്തെ ലോകത്തിൽ ഒരിറ്റു കണ്ണുനീരിൽ എല്ലാം അവസാനിക്കുന്നു.

മനുഷ്യന്റെ പ്രണയത്തിന്‍ ആത്മാർത്ഥത കൈമോശം വന്നിട്ടുണ്ടോ ഇന്നത്തെ സ്വാതന്ത്രലോകത്തിൽ! ഇല്ലെന്ന് വിശ്വസിക്കാനാണ് മനസ്സു പറയുന്നത് ! ഇന്റർനെറ്റ് സാവിമാരുടെ വിഹായസ്സിൽ ആർക്കും ആരെയും പ്രേമിക്കാം, സ്നേഹിക്കാം,സഹതാപം എത്തിക്കാം... എന്തിലും ആത്മാർത്ഥത എത്രമാത്രം എന്നാരും ഇന്ന് അളന്നു നോക്കാറില്ല. നിസ്വാർത്ഥമായ പ്രണയത്തിന് ഇന്ന് പ്രപഞ്ചം നിശബ്ദം സാക്ഷിയായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ എല്ല നല്ലതും ചീത്തയും, വാശികളും അംഗീകരിക്കാൻ തയ്യാറാകുന്ന ഒരു മനസ്സ്. ഒരു വഴക്കോ,അഭിപ്രായപ്രകടനങ്ങളോ  മനസ്സുകളെ വേദനിപ്പിക്കും എന്ന ഒരു ചിന്തതന്നെ  പ്രണയത്തിന്റെ  ആദ്യപടിയായേക്കാം. എന്നാൽ ഇന്നതെല്ലാം കച്ചവടച്ചരക്കാകുന്നു.

ഒരു വസ്തുവിനോടോ, വ്യക്തിയോടോ ,വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച അഭിനിവേശമാണ് പ്രണയം. മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമിയിൽ പിറന്ന് വീണപ്പോൾ മുതൽ ഉയർന്ന് വന്ന വികാരമാണ് പ്രണയം മനുഷ്യർക്ക് എറ്റവും ഇഷ്ടപ്പെട്ട ഒരേയൊരു വികാരവും ഇത് തന്നെയാണ് . പ്രണയത്തിന്റെ രസതന്ത്രം അന്നും ഇന്നും ഒന്നു തന്നെ. തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാണ്.

പ്രണയം പ്രകടിപ്പിക്കാനുള്ളതാണ്, പ്രണയം തുറന്നു കാണിക്കൂ. പൂക്കളും സമ്മാനങ്ങളും ഒക്കെ ആണ് ചിലർക്ക് വിലപ്പെട്ടത്. മറ്റ് ചിലർക്ക് വേണ്ടത് ആശ്വസിപ്പിക്കുന്ന ഒരു ആലിംഗനമാകാം. ചിലർക്ക് വേണ്ടത് ആശ്വാസവും സാമീപ്യവുമാണ്. ബന്ധങ്ങൾ മനോഹരവും അതിശയകരവുമാണ്. ദൈവത്തിന്‍റെ വരദാനവും.ബന്ധങ്ങളാണ് തമ്മില്‍ അടുപ്പിക്കുന്നത്.ജീവിതം സമവാക്യങ്ങൾ കൊണ്ടോ സൂത്രവാ‍ക്യങ്ങൾ കൊണ്ടോ ഉണ്ടാക്കിയതല്ല മറിച്ച് സ്നേഹവും,സൽഗുണബന്ധങ്ങളുമായിട്ടാണ്.യാഥാർത്ഥ്യങ്ങളിൽ തട്ടിത്തകരുന്ന ‘സിഗ്നേച്ചർ‘ പ്രണയം ആണ് 21 ആം നൂറ്റാണ്ടിന്റെ പ്രത്യേകത. പ്രണയം അനശ്വരമാണ്, അതിന് ജാതിയില്ല, മതമില്ല, അത് എല്ലാ തടസ്സങ്ങളെയും അതിർത്തികളേയും ഭേദിച്ച് മുന്നേറും എന്നൊക്കെ  ഘോരഘോരം വാദിക്കാൻ ധാരാളം ആൾക്കാരുണ്ട്. പക്ഷെ ഇതിൽ എത്രമാത്രം സത്യമുണ്ട് എന്ന ആരുകണ്ടു. പണവും കുടുംബപശ്ചാത്തലവുമെല്ലാം ഇന്നത്തെ പ്രണയങ്ങളെ ബാധിക്കുന്നുണ്ട് എന്നതു സത്യമാണ്. എല്ലാം ഒത്തുവന്നാല്‍ മാത്രം പ്രണയിക്കാം  എന്നു കരുതുന്ന വളരെ പ്രാക്ടിക്കൽ മനസ്സുള്ളവരാണ് ഇന്ന് ഭൂരിപക്ഷവും. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനിൽക്കുമ്പോഴും’ സി എം എസ്സ് കോളേജിന്റെ ‘ചാമരം’  ഇന്നും ചൂളമരക്കാറ്റിൽ  പ്രണയത്തെ കുറിച്ച് മനോഹര സ്വപ്നങ്ങൾ കാണാൻ മനസ്സുകളെ പ്രേരിപ്പിക്കട്ടെ, എന്നൊരു പ്രാർത്ഥനയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.