ചൈനയോട് എന്തിനാണ് മൃദുസമീപനം?

modi-xi-india-china-main
SHARE

പ്രത്യേക അജണ്ടകളൊന്നുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ വുഹാനിലേക്ക് ഒരു സൗഹൃദ സന്ദർശനം നടത്തിയിരുന്നു കുറച്ചുനാൾ മുൻപ്. അന്നുമുതൽ ഇക്കാലം വരെ ഇന്ത്യ ഇന്നുവരെ ചൈനയോടു സൗഹൃദമനോഭാവമാണു കാട്ടിയിട്ടുള്ളത്; തിരികെ നല്ലതൊന്നും കിട്ടിയില്ലെങ്കിലും. വർഷങ്ങളായി കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മനോഭാവവും നേരിട്ട അനുഭവങ്ങളുമൊക്കെ മനസ്സിലുണ്ടെങ്കിലും, ആ മനോഭാവത്തിൽ ഒരു മാറ്റവും പ്രതീക്ഷിക്കാതെതന്നെ ഇന്ത്യ അതിന്റെ താൽപര്യങ്ങളിലും പോളിസികളിലും ഒത്തുതീർപ്പുകൾക്കു തയാറാകുന്നു. എന്നിട്ട്, ഓരോ തവണ അവരിൽനിന്നു തിരിച്ചടി നേരിടുമ്പോഴും അമ്പരന്നു നിൽക്കുന്നു!

ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷമുള്ള അവരുടെ സമീപനങ്ങളും പതിവിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആക്രമണത്തിനു പിന്നാലെ അതിന്റെ ഗൗരവം ചൈനയെ ബോധ്യപ്പെടുത്തിയതാണ്. മൂന്നുതവണ അവർ നിരസിച്ച, മസൂദ് അസ്‌ഹറിനെ കരിമ്പട്ടികയിൽപെടുത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയും െചയ്തു. പക്ഷേ, എത്രവലിയ സമ്മർദമുണ്ടായാലും ഈ ആവശ്യത്തിനു വഴങ്ങാത്ത നിലപാടുതന്നെ ചൈന ആവർത്തിച്ചു. യുഎൻ രക്ഷാസമിതിയിലെ മറ്റെല്ലാ അംഗങ്ങളും തള്ളിപ്പറയുമ്പോഴും ചൈന പാക്കിസ്ഥാനും മസൂദ് അസ്‌ഹറിനും പിന്തുണ നൽകുകയാണു ചെയ്തത്.

masood-azhar

പുൽവാമ ആക്രമണത്തെ അപലപിച്ചു യുഎൻ രക്ഷാസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജയ്ഷെ മുഹമ്മദിന്റെ പേരു പരാമർശിച്ചിരുന്നു. ഇത് ചൈനയുടെ സുപ്രധാനമായ ഒരു നിലപാടുമാറ്റംകൂടിയായി വിലയിരുത്തപ്പെട്ടു. എന്നാൽ, ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഭീകരസംഘടനയുടെ പേര് പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയതെന്നും അതിവായനയൊന്നും ആവശ്യമില്ലെന്നുമായിരുന്നു ചൈനീസ് പ്രതിനിധിയുടെ പ്രതികരണം. ഭീകരവാദത്തിനു കുടപിടിക്കുന്ന പാക്കിസ്ഥാനും ജയ്ഷിനും മസൂദ് അസ്‌ഹറിനുമൊക്കെ കൊടുക്കുന്ന പരോക്ഷ പിന്തുണ ചൈന അവസാനിപ്പിച്ചതായി തെറ്റിദ്ധരിക്കേണ്ടെന്ന്, അവരുടെ യുഎൻ പ്രതിനിധി തന്നെ വ്യക്തമാക്കിയിരിക്കുന്നു!

തുടർന്നാണ് മസൂദ് അസ്‌ഹറിനെ രാജ്യാന്തര തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി യുഎസ്, യുകെ, ഫ്രാൻസ് ഉൾപ്പെടെ പ്രമുഖ രാജ്യങ്ങളെല്ലാം ചേർന്നു പ്രമേയം കൊണ്ടുവന്നത്. മുൻ നിലപാടിലുറച്ചുനിൽക്കുകയാണെന്ന സൂചനകളൊന്നും ചൈനയുടെ ഭാഗത്തുനിന്ന് ഇല്ലാതിരുന്നതിനാൽ ഇത്തവണ അവർ ഈ ആവശ്യത്തിനു വഴങ്ങുമെന്നുതന്നെ ഇന്ത്യ വിശ്വസിച്ചു. പക്ഷേ, സമയമായപ്പോൾ അവർ പതിവുതെറ്റിക്കാതെ ‘തനിനിറം’ കാട്ടി. വിശദമായി പഠിക്കേണ്ടതിനാൽ പ്രമേയം പരിഗണിക്കുന്നത് ആറു മാസത്തേക്കു നീട്ടിവയ്ക്കണമെന്നായിരുന്നു ആവശ്യം; മുൻപു മൂന്നുതവണയും പറഞ്ഞ അതേ ന്യായം തന്നെ! ചുരുക്കിപ്പറഞ്ഞാൽ, മറ്റെല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അനുകൂലിച്ച ആവശ്യത്തെ ചൈന അനൗദ്യോഗികമായി വീറ്റോ ചെയ്തു.

ഇന്ത്യയുടെ ആവശ്യം നാലുതവണയും ചൈനയുടെ എതിർപ്പിൽ‍ത്തട്ടി പരാജയപ്പെട്ടെങ്കിലും ഇത്തവണ പ്രതീക്ഷയ്ക്കു വകയുള്ള മറ്റൊരു നീക്കമുണ്ടായി. ചൈനീസ് നിലപാടിൽ രോഷാകുലരായ ഇതര രാജ്യങ്ങൾ ചേർന്നു മസൂദ് അസ്‌ഹറിനെ കരിമ്പട്ടികയിൽപെടുത്താൻ ബദൽ സാധ്യതകൾ പഠിക്കാൻ തീരുമാനിച്ചു. വീറ്റോ പരിഗണിക്കാതെയുള്ള ‘അഫർമേറ്റീവ് വോട്ട്’ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചന. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 27 അനുസരിച്ച്, പ്രമേയത്തെ അനുകൂലിച്ച് ഒൻപത് അഫർമേറ്റീവ് വോട്ടുകൾ നേടാനായാൽ എതിർക്കുന്ന വോട്ട് അസാധുവാകും. ഏതൊക്കെ സാഹചര്യത്തിലാണ് ഈ സാധ്യത പ്രയോജനപ്പെടുത്താനാവുക എന്നും യുഎൻ ചാർട്ടറിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഒരു വിഷയം ഇത്തരത്തിൽ പരിഗണിക്കണമോ എന്നു ഭൂരിപക്ഷ വോട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതിനാൽ, സഖ്യരാജ്യങ്ങളിലെ പ്രതിനിധികളുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിയാൽ ചൈനയ്ക്ക് ഇതും തടയാവുന്നതേയുള്ളൂ. അങ്ങനെ സംഭവിച്ചാൽ യുഎസ് പ്രതിനിധി സംഘം മുന്നോട്ടുവച്ച നിർദേശം അർഥശൂന്യമായ ഒരു ഭീഷണി മാത്രമായി അവസാനിക്കും. നിലവിലെ സാഹചര്യത്തിൽ നടപ്പാക്കാവുന്ന കാര്യം ഒന്നേയുള്ളൂ - ഇന്ത്യയും നമ്മുടെ നിലപാടിനെ അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളും അസ്‌ഹറിനെ അതതു രാജ്യത്തിന്റെ കരിമ്പട്ടികയിൽപെടുത്തുക. പ്രബലരാഷ്ട്രങ്ങളെല്ലാം ഇങ്ങനെയൊരു തീരുമാനമെടുത്താൽ അസ‌്ഹറിന് പാക്കിസ്ഥാനിൽതന്നെ കഴിഞ്ഞുകൂടേണ്ടിവരും.

മറ്റൊരു സാധ്യത യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 377എ ആണ്. രക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ അഭിപ്രായ അനൈക്യംമൂലം ഏതെങ്കിലും നിർണായക തീരുമാനം അംഗീകരിക്കപ്പെടാതെ വരുകയും അത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, പൊതുസഭയ്ക്ക് വിഷയം അടിയന്തര പരിഗണനയ്ക്കെടുക്കാം. സഭ ചേരുന്ന സമയത്തല്ലെങ്കില്‍ ഈ വിഷയം പരിഗണിക്കുന്നതിനായി പ്രത്യേകം സഭ വിളിച്ചുചേർക്കുകയുമാകാം. തുടർച്ചയായ 14 ദിവസത്തെ ചർച്ചകൾക്കുശേഷം 1950 നവംബർ മൂന്നിന് അഞ്ചിനെതിരെ 52 വോട്ടുകൾക്ക് പാസായ നിയമഭേദഗതിയാണിത്. തടഞ്ഞേപറ്റൂ എന്ന തീരുമാനത്തിൽ തുനിഞ്ഞിറങ്ങിയാൽ ഈ നീക്കവും ചൈനയ്ക്കു തടുത്താവുന്നതേയുള്ളൂ.

india-china-flag

ഇനി, ഏതെങ്കിലുംതരത്തിൽ ഇന്ത്യയുടെ ആവശ്യം നടപ്പായാൽതന്നെ അസ്ഹറിനെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നിടത്തോളംകാലം അതൊരു ‘പ്രതീകാത്മക’ നീക്കം മാത്രമായി അവസാനിക്കും. പുൽവാമ ആക്രമണത്തിനുപിന്നാലെ പുറത്തുവന്ന അസ്ഹറിന്റെ അതീവഗുരുതര രോഗാവസ്ഥ, മരണത്തോടു മല്ലടിക്കുന്നു, മരിച്ചു തുടങ്ങിയ വാർത്തകളൊക്കെ സഹാനുഭൂതി സൃഷ്ടിച്ചെടുക്കാൻവേണ്ടിയുള്ളതായിരുന്നു. 

പറ‍ഞ്ഞുവന്ന പ്രധാന വിഷയം, ചൈനയ്ക്കു മനംമാറ്റമുണ്ടാകാൻ ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടതുണ്ടോ എന്നതാണ്. 1962 മുതൽ ഇന്നുവരെ ഇന്ത്യയ്ക്ക് അനുകൂലമായി ഒരു തീരുമാനംപോലും എടുക്കാത്ത രാജ്യമാണത്. ഇന്ത്യയ്ക്ക് അന്നുണ്ടായിരുന്ന പ്രശ്നങ്ങൾ പിന്നീടിങ്ങോട്ട് കൂടുതൽ സങ്കീർണമായിട്ടേയുള്ളൂ. അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റവും വെടിവയ്പും സാധാരണമായി. യുദ്ധസമാന സാഹചര്യത്തിലെത്തിയ ദോക്‌ലാം പ്രശ്നം വെടിവയ്പില്ലാതെ പരിഹരിക്കാൻ കഴിഞ്ഞെങ്കിലും ഇരു പക്ഷത്തുനിന്നുമുള്ള പിൻമാറ്റം വെറുമൊരു ‘മുഖംരക്ഷിക്കൽ’ മാത്രമായിരുന്നു. മേഖലയിൽ ഇപ്പോഴും ചൈനീസ് സൈന്യമുണ്ട്. റോഡ് നിർമാണം പുരോഗമിക്കുന്നുമുണ്ട്. ഇന്ത്യയോ; ദലൈ ലാമയുടെ ജന്മവാർഷികം ആഘോഷിക്കുന്നതിൽനിന്ന് പിൻമാറി, ദോക്‌ലാം, ബ്രിഡ്ജ് ആൻഡ് റോഡ് വിഷയങ്ങളിലെ നിലപാട് മയപ്പെടുത്തി, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സമ്മർദത്തിൽ അയവുവരുത്തി... ചൈനയുടെ ഭാഗത്തുനിന്ന് ഒരു വിഷയത്തിലും അയവുണ്ടായിട്ടില്ല. ഇന്ത്യയ്ക്ക് എൻഎസ്ജി (ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ്) അംഗത്വം നൽകുന്ന വിഷയത്തിൽ ചൈന സ്വീകരിച്ച നിലപാട് ഒരിക്കലും മറന്നുകൂടാ.

ചൈനയെക്കുറിച്ച് സമാധാന-സൗഹൃദ രാജ്യം എന്ന സങ്കൽപം ഇനിയെങ്കിലും ഇന്ത്യ മാറ്റിവച്ചേ മതിയാകൂ. യഥാർഥ സൗഹൃദത്തിനായി ആവശ്യത്തിലേറെ സമയം ഇന്ത്യ കാത്തിരുന്നുകഴിഞ്ഞു. ഒരേസമയം ചൈനയോട് അടുപ്പവും പാക്കിസ്ഥാനോട് അകൽച്ചയും കാണിക്കുന്നത് സയാമീസ് ഇരട്ടകളെ രണ്ടായി പരിഗണിക്കുന്നതുപോലെയാണെന്നു തിരിച്ചറിയണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA