മോദിയുടെ വിദേശ നയം തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ല

INDIA-SAFRICA/
SHARE

പൊതുതിരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. പ്രചാരണത്തിലുടനീളം ദേശസുരക്ഷയും വിദേശനയവും വിഷയമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരമാവധി ശ്രദ്ധിക്കുന്നുണ്ട്. പാക്കിസ്ഥാനെതിരെ സ്വീകരിച്ച ശക്തമായ നടപടികളും തന്റെ കാലയളവിൽ സുദൃഢമായ വിദേശ ബന്ധങ്ങളും ഭരണത്തുടർച്ചയ്ക്കു സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം, ഈ വിഷയങ്ങളെക്കാൾ സാധാരണ വോട്ടർമാരുടെ മുൻപിലുള്ളത് തൊഴിൽ, സമ്പദ്‌വ്യവസ്ഥ, നോട്ട് നിരോധനത്തിന്റെ അനന്തരഫലങ്ങൾ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളാണെന്നു തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

modi-election

അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സർവേ(ടൈംസ് മെഗാ പോൾ) പ്രകാരം മോദി സർക്കാരിന്റെ നേട്ടങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ദരിദ്രരിലേക്കെത്തിയതും ജിഎസ്ടി, സർജിക്കൽ സ്ട്രൈക്ക് എന്നിവയുമാണ്. രാമക്ഷേത്ര നിർമാണത്തിലും തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും അൽപം പോലും മുന്നോട്ടു പോകാനാവാത്തതും നോട്ട് നിരോധനവും വർധിച്ച അസഹിഷ്ണുതയും സർക്കാരിന്റെ വലിയ പരാജയമായും സർവേ വിലയിരുത്തുന്നു. മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 83% പേർ പ്രതീക്ഷിക്കുന്നു. വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് യുഎസുമായി ദൃഢമായ നയതന്ത്ര ബന്ധം രൂപപ്പെടുത്തിയതിലൂടെ ആഗോള തലത്തിൽ മോദിക്കുള്ള പ്രതിച്ഛായ പക്ഷേ, തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല.

MODI-in-Kalol

പുൽവാമ ആക്രമണത്തിനു ശേഷമുണ്ടായ തിരിച്ചടി ഉൾപ്പെടെയുള്ള സർജിക്കൽ സ്ട്രൈക്കുകൾ ഇത്തവണത്തെ ജനവിധിയെ സ്വാധീനിക്കുമെന്നുറപ്പാണ്. തുടക്കത്തിൽ, അയൽരാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണു തന്റെ ദൗത്യമെന്നു പ്രഖ്യാപിച്ചിരുന്ന മോദി തിരഞ്ഞെടുപ്പടുത്തപ്പോൾ താൻ തീവ്രവാദത്തെ അടിച്ചമർത്തിയതിനെയാണ് പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടുന്നത്. വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സാധ്യതകൾ ഇരട്ടിപ്പിക്കുന്നവിധത്തിലാണ് മോദിയുടെ ഓരോ നീക്കവും. അദ്ദേഹത്തെ അധികാരത്തിൽനിന്നു പുറത്താക്കാൻ പാക്കിസ്ഥാൻ ബോധപൂർവം സൃഷ്ടിച്ചതാണു പുൽവാമ ആക്രമണമെന്നു ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ, ആ നീക്കം മോദിയുടെ സാധ്യതകളെ വർധിപ്പിച്ചിട്ടേയുള്ളൂ എന്നതാണു യാഥാർഥ്യം. 

പാക്കിസ്ഥാനോടും ചൈനയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മോദിയുടെ പ്രഖ്യാപനം. എന്നാൽ, അധികാരത്തിലെത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളുമായും സഹകരണത്തിലേക്ക് അദ്ദേഹം ചുവടുമാറ്റിയിരുന്നു. ദക്ഷിണേഷ്യൻ രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചകളും ചൈനീസ് പ്രസിഡന്റിനു നൽകിയ സ്വീകരണവും അധികാരത്തിന്റെ ആദ്യ വർഷത്തിൽ തന്നെ നടത്തിയ ചൈനാ സന്ദർശനവുമെല്ലാം ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. മുൻഗാമി ഡോ. മൻമോഹൻ സിങ്ങിന്റെ നയങ്ങൾ തന്നെയാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും കാര്യത്തിൽ മോദി പിന്തുടർന്നത്. ഭീകരവാദം അനിയന്ത്രിതമായതോടെ മാത്രമാണ് അദ്ദേഹം പാക്കിസ്ഥാനെതിരെ കർശന നിലപാടിലേക്കു കടന്നത്. അതേ സമയം ചൈനയുടെ തുടർ പ്രകോപനങ്ങളെ അവഗണിച്ച് അവരുമായി സമാധാനത്തിൽ പോകാനാണ് എക്കാലവും മോദി ശ്രമിച്ചത്.

pm-narendra-modi-presidents-election

ഇന്തോ-യുഎസ് ബന്ധത്തിനു പുതിയ മാനമുണ്ടാക്കിയെടുക്കാൻ സാധിച്ചതാണ് വിദേശ നയത്തിൽ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിജയമെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവും (ജനുവരി, 2015) ഇന്തോ-പസിഫിക് ധാരണയും ചരിത്രമായി. ഡോണൾ‍‍ഡ് ട്രംപിന്റെ പ്രവചനാതീത സ്വഭാവത്തെ അതിജീവിച്ച് ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകാൻ മോദിക്കു കഴിഞ്ഞു. എന്നാൽ, ഈ നയതന്ത്ര മികവൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നുറപ്പ്.

ചൈനയുമായും റഷ്യയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു നരേന്ദ്ര മോദിയുടെ വുഹാൻ, സോചി സന്ദർശനങ്ങള്‍. എന്നാല്‍, ഈ യാത്രകൾകൊണ്ടുണ്ടായ മാറ്റം വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം. ചെറു രാജ്യങ്ങൾക്കു വലിയ പരിഗണന കൊടുത്തതും മോദിയുടെ വിദേശനയത്തിലെ വ്യത്യസ്തതയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം വളർത്തുന്നതിനു പ്രധാനമന്ത്രി സ്വീകരിച്ച നടപടികൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. അവ പൂർത്തിയാക്കണമെങ്കിൽ, അദ്ദേഹത്തിന് ഒരവസരം കൂടി ലഭിച്ചേ മതിയാകൂ. മോദിക്കു പകരം പുതിയൊരു സർക്കാരാണ് അധികാരമേൽക്കുന്നതെങ്കിൽ ഒരുപക്ഷേ അവർ ഈ ഫോറിൻ പോളിസി പിന്തുടർന്നേക്കാം; എന്നാൽ, താൻ വിഭാവനം ചെയ്തതു നടപ്പാക്കാൻ അദ്ദേഹത്തിന്റെ മേൽനോട്ടവും അർപ്പണബോധവും കൂടിയേ തീരൂ. നിർഭാഗ്യവശാൽ, ഈ യാഥാർഥ്യമൊന്നും വോട്ടർമാരുടെ മനസ്സിലില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

modi-hajipur

തന്റെ ഫോറിൻ പോളിസിയുടെ വിജയത്തെക്കുറിച്ച് അടുത്തിടെ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘‘2014ൽ ഞാൻ അധികാരമേൽക്കുമ്പോൾ, രാജ്യം അതുവരെ പിന്തുടർന്ന വിദേശ നയത്തിൽ എന്തു മാറ്റമാണുണ്ടാകുക എന്ന ആകാംക്ഷ ആളുകൾക്കുണ്ടായിരുന്നു. മോദിക്കു കീഴിൽ ഇന്ത്യയുടെ കരുത്ത് ചോരുമോ വർധിക്കുമോ എന്ന് അന്നു മാധ്യമങ്ങൾ ചർച്ചചെയ്തു. സമീപകാല സംഭവങ്ങൾ(ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നടപടികൾക്കു ലഭിച്ച പിന്തുണ, അഭിനന്ദൻ വർധമാനെ പാക്കിസ്ഥാൻ കൈമാറിയത് തുടങ്ങിയവ) അതിനുള്ള ഉത്തരം നിങ്ങൾക്കു നൽകിയിട്ടുണ്ടാകും. ധീരവും നിർഭയവുമായ സ്വാധീനശക്തിയാണ് ഇന്ന് ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യ. ആ സ്വാധീനശേഷികൊണ്ടു മാത്രമാണ് അഭിനന്ദൻ വർധമാനെ നമുക്ക് തിരിച്ചുകിട്ടിയത്’’.

Narendrav-Modi-Election-New

വിദേശ നയവും ദേശീയ സുരക്ഷയും ഒരുകാലത്തും ഇന്ത്യൻ തിരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധീനിച്ചിട്ടില്ല. 1977ൽ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്നായിരുന്നല്ലോ ഇന്ദിരാഗാന്ധിയുടെ പരാജയം. 1974ൽ നടത്തിയ ആണവ പരീക്ഷണമോ ബംഗ്ലദേശ് യുദ്ധത്തിൽ നേടിയ വിജയമോ ആ തിരഞ്ഞെടുപ്പിനെ ബാധിച്ചതേയില്ല. ഇത്തവണയും കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും, പാക്കിസ്ഥാനെതിരായ കർശന നിലപാടും റഫാൽ വിവാദവും ഈ തിരഞ്ഞെടുപ്പിൽ ചെറിയ ചലനം സൃഷ്ടിച്ചേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ