ഡോ. ഡി. ബാബു പോളിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വേദനയിലാണു കേരള സമൂഹം. വ്യക്തിപരമായി എനിക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
കേരളത്തിന്റെ സാംസ്കാരിക, സാഹിത്യ മേഖലകളിലെല്ലാം മുദ്രപതിപ്പിച്ച, ധാർമികത മുറുകെപ്പിടിച്ച, അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ബൈബിൾ മാത്രമല്ല, ഏതാണ്ടെല്ലാ മത ഗ്രന്ഥങ്ങളിലും അവസാന വാക്കെന്നു വിശേഷിപ്പിക്കാൻതക്ക അറിവുണ്ടായിരുന്നയാൾ. ഈശ്വരനെ കൂട്ടുപിടിച്ചായിരുന്നു ജീവിതവും മരണവും. ഡ്രൈവര്‍മാരും പൈലറ്റുമാരും ദൈവത്തിന്റെ ദൂതൻമാരാണെന്ന വിശ്വാസമാണ് എല്ലാ യാത്രയിലും തനിക്കു സുരക്ഷിതത്വ ബോധം നൽകുന്നതെന്ന് അദ്ദേഹം ഒരിക്കൽ എന്നോടു പറഞ്ഞു. മരണാനന്തര ജീവിതം ഇപ്പോഴത്തെക്കാൾ മികച്ചതായിരിക്കുമെന്നും വിശ്വസിച്ച ബാബു പോൾ അതുകൊണ്ടുതന്നെ മരണത്തെ പേടിച്ചില്ല. അഥവാ, മരണം എല്ലാത്തിന്റെയും അവസാനമാണെങ്കിൽതന്നെ തനിക്കു പരാതിയില്ലെന്നും പറയുമായിരുന്നു. ഏതാനും വർഷം മുൻപുതന്നെ തന്റെ മരണത്തിനായി എല്ലാ ഒരുക്കങ്ങളും അദ്ദേഹം ചെയ്തുവച്ചു. സ്വന്തം ശവമഞ്ചം തയാറാക്കിവച്ചു. മൃതസംസ്കാര സമയത്തു ചെയ്യേണ്ട കാര്യങ്ങൾ, പ്രാർഥനാമന്ത്രങ്ങൾ ചൊല്ലേണ്ടതാര് എന്നുൾപ്പെടെ എഴുതിവച്ചു. സംസ്കാരച്ചടങ്ങിൽ കേൾപ്പിക്കാൻ വേണ്ടി തന്റെ അവസാന സന്ദേശം റെക്കോഡ് ചെയ്തുവയ്ക്കുകയും ചെയ്തിരുന്നത്രേ.
കേരളത്തിലെ ഭരണനിർവഹണത്തിൽ അദ്ദേഹത്തിന്റെ കൈമുദ്ര പതിക്കാത്ത ഒരു മേഖലയുമില്ല. രാഷ്ട്രീയ പാർട്ടികളെയും അതിലെ നേതൃത്വത്തെയും യഥാസമയം വിമർശിക്കാനും പുകഴ്ത്താനും മടിക്കാതിരുന്ന അദ്ദേഹം ഒരിക്കലും അവരിലാരോടും വിദ്വേഷമോ വിധേയത്വമോ കാട്ടിയില്ല. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ സംസ്ഥാനത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിക്കുക മാത്രം ചെയ്തു. കേരളത്തിന്റെ മനഃസാക്ഷിയും നാടിന്റെ താൽപര്യങ്ങളുടെ മധ്യസ്ഥനുമാകാൻ അങ്ങനെ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രസംഗകൻ എന്നനിലയിൽ കേരളത്തിൽ അദ്ദേഹനൊപ്പം നിൽക്കാൻ സുകുമാർ അഴീക്കോടിനെപ്പോലെ അപൂർവം പേരേയുള്ളൂ. വാക്ചാതുരിയായിരുന്നു അഴീക്കോടിന്റെ കൈമുതലെങ്കിൽ ബാബു പോളിന്റെ പ്രസംഗങ്ങളിൽ പാണ്ഡിത്യവും തമാശയും ഒരുപോലെ നിറഞ്ഞു. രാഷ്ട്രീയ, സാമൂഹിക വിശകലനങ്ങളിൽ അദ്ദേഹത്തിനു പകരക്കാരനില്ല. എല്ലാ രാഷ്ട്രീയ നേതാക്കളെയും കണ്ണുംപൂട്ടി വിമർശിച്ചെങ്കിലും അദ്ദേഹത്തിന് ഒരു പാർട്ടിയിലും ശത്രുക്കളുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത അഞ്ചു വർഷത്തേക്കുകൂടി ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്നു വിലയിരുത്തി തിരുവനന്തപുരത്തെ ബിെജപി സ്ഥാനാർഥി കുമ്മനം രാജശേഖരന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇതിന്റെ പേരിൽ മറ്റു പാർട്ടികളിൽനിന്ന് സ്വാഭാവികമായുണ്ടാകാവുന്ന വിമർശനം ബാബു പോളിന് നേരിടേണ്ടിവന്നില്ല. അത്ര വിശ്വാസ്യതയുള്ള വ്യക്തിത്വമാണദ്ദേഹം.
മലയാളത്തിലും ഇംഗ്ലിഷിലും ഒരേപോലെ ഭാഷാനൈപുണ്യമുള്ള എഴുത്തുകാരൻ കൂടിയായിരുന്നു ബാബു പോൾ. രാഷ്ട്രീയമായാലും മതപരമായാലും തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതിനപ്പുറം, അവ ആധികാരികമായി സ്ഥാപിച്ചെടുക്കാൻ അദ്ദേഹം ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ ആ കാഴ്ചപ്പാടുകൾ ഏറെ മാനിക്കപ്പെട്ടു. ഏത് അവസരത്തിലും എടുത്തുപറയാവുന്ന ഉദ്ധരണികൾ അദ്ദേഹത്തിന്റെ പ്രസംഗത്തിലും രചനകളിലും സംഭാഷണങ്ങളിലും ധാരാളമുണ്ട്.
തന്റെ ആത്മകഥയുടെ എട്ടു പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. ജൂനിയർ എൻജിനീയറിൽ തുടങ്ങി ഓംബുഡ്സ്മാനിൽ അവസാനിച്ച ഔദ്യോഗിക ജീവിതത്തിലെ ഓരോ സംഭവവും അനുഭവങ്ങളും അദ്ദേഹം പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ബ്യൂറോക്രാറ്റുകളിലെ ബ്യൂറോക്രാറ്റ് ആയിരുന്ന അദ്ദേഹം ചീഫ് സെക്രട്ടറി പദവിയിലോ കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിലോ എത്താതിരുന്നത് വിരോധാഭാസമാണ്. അതേസമയം, അക്കാരണംകൊണ്ട് ഒരു ഭരണതന്ത്രജ്ഞൻ എന്ന നിലയിൽ ബാബു പോളിന്റെ സംഭാവനകൾക്കു കുറവൊന്നും വന്നിട്ടുമില്ല.
ബാബു പോളിനെ അറിയാവുന്നവർക്കൊക്കെ അദ്ദേഹത്തെപ്പറ്റി വ്യത്യസ്ത ഓർമകളുണ്ടാകും. ഒരു പതിറ്റാണ്ടുകാലത്തെ ശ്രമഫലമായ ബൈബിൾ പഠനമായിരിക്കണം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ഈശ്വരനിയോഗമായിക്കരുതിയാണ് ഇതുൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചത്. ജീവിതത്തിലെ ജയപരാജയങ്ങളെല്ലാം ഈശ്വരനിശ്ചയമായി സ്വീകരിച്ചു. അതുകൊണ്ടുതന്നെ പൂച്ചെണ്ടുകളും കല്ലേറുകളും ബാബു പോളിൽ ചലനമുണ്ടാക്കിയില്ല. ജീവിതത്തിൽ ഏറ്റവും വലിയ വഴികാട്ടിയായിരുന്ന തന്റെ പിതാവിനെയും അദ്ദേഹം എപ്പോഴും അനുസ്മരിക്കുമായിരുന്നു.
ഡോ. ബാബു പോളിന്റെ ഉപദേശങ്ങളും മുന്നറിയിപ്പുകളും മാർഗനിർദേശവും ഇനിയില്ല. സംസ്ഥാനത്തിനാകെ വലിയ നഷ്ടമാണത്. സിവിൽ സർവീസ് സ്വപ്നംകാണുന്നവർക്ക് ഏറ്റവും വലിയ പ്രചോദനവും പ്രോൽസാഹനവുമാണു നഷ്ടമായിരിക്കുന്നത്. ഒരുതരത്തിൽ, അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളം അനാഥമായിരിക്കുന്നു.