മസൂദ് അസ്ഹർ: ഇന്ത്യയുടേത് പ്രതീകാത്മക വിജയം

t-p-sreenivasan-on-china-stand-against-masood-azhar
SHARE

പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള വിലക്ക് ചൈന പിൻവലിച്ചത് ഇന്ത്യൻ ജനതയ്ക്ക് വലിയ ആശ്വാസം തന്നെയാണ്. സത്യത്തിൽ ചൈനയ്ക്ക് പത്തു വർഷം മുൻപു തന്നെ ഈ തീരുമാനം എടുക്കാമായിരുന്നു. കാരണം, മസൂദ് അൽ ഖായിദയുമായി കൂട്ടുചേർന്ന് ലോകത്തുടനീളം ഭീകരത വ്യാപിപ്പിക്കുന്നതിനു വ്യക്തമായ തെളിവുകൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയ്ക്കു നൽകിയെങ്കിലും പാക്കിസ്ഥാനെ സംരക്ഷിക്കാനും ഇന്ത്യയെ എതിർക്കാനുമുള്ള ഒരു ആയുധമായി, ഈ വിഷയത്തെ ചർച്ചയ്ക്കെടുക്കുക പോലും ചെയ്യാതെ ചൈന നീട്ടിക്കൊണ്ടുപോയി. എന്നാൽ, ഈ നിസ്സംഗ നിലപാട് പുൽവാമ ആക്രമണത്തോടെ ചൈനയെയും പാക്കിസ്ഥാനെയും പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.

ഈ പ്രശ്നത്തിൽ ഇന്ത്യക്ക് രാജ്യാന്തര സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് വ്യക്തമായിരുന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇതു പരിഹരിക്കണമെന്ന് സമ്മർദമുണ്ടായിട്ടും നമ്മൾ ഈ പ്രശ്നത്തെ ക്ഷമയോടെ കൈകാര്യം ചെയ്തു. വിദേശകാര്യ സെക്രട്ടറി ഗോഖലെ, സയ്യിദ് അക്ബറുദ്ദീൻ എന്നിവരുൾപ്പെടെയുള്ള നയതന്ത്രജ്ഞർ ഈ വിഷയത്തിൽ പാക്കിസ്ഥാൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ നിലപാടുകൾ നിരന്തരം നിരീക്ഷിച്ചിരുന്നു. പുൽവാമ ആക്രമണത്തിനു പിന്നിൽ മസൂദ് ആണെന്ന ഇന്ത്യയുടെ വാദമാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കാനുള്ള തടസ്സം എന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ഈ കാരണം കൊണ്ടുമാത്രം മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനാവില്ലെന്നും പുൽവാമ ആക്രമണത്തെ മസൂദുമായി ബന്ധപ്പെടുത്തുന്ന ‘രാഷ്ട്രീയ പ്രേരിതമായ ശ്രമങ്ങളെ’ ഒഴിവാക്കിയാൽ മാത്രമേ തീരുമാനത്തിന് ഒപ്പം നിൽക്കൂ എന്നുമായിരുന്നു പാക്കിസ്ഥാൻ പറഞ്ഞത്. ഇമ്രാൻ ഖാന്റെ ചൈന സന്ദർശനത്തിന് തൊട്ടുമുൻപാണ് ഇതുണ്ടായതെന്നും പരിഗണിക്കണം. 

Untitled-2

എന്നാൽ ഇതിന് ഇന്ത്യ കൊടുത്ത മറുപടിയും ശ്രദ്ധേയമാണ്. മദൂദ് അസ്ഹർ എന്ന ഭീകരൻ പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചു എന്നുള്ളത് തള്ളിക്കളയാനാവില്ല, എന്നാൽ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, ലോകത്തെമ്പാടും ഇയാളുടെ ഭീകര പ്രവർത്തനങ്ങളെപ്പറ്റിയുള്ള വ്യക്തമായ തെളിവുകളും മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഉതകുന്നതാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധസമിതി അംഗങ്ങളെ അറിയിച്ചിരുന്നതായും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാർ ഇതിനു മറുപടിയായി അറിയിച്ചു. 

മസൂദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ മറ്റു പല തീരുമാനങ്ങളെയും പോലെ പ്രതീകാത്മക മൂല്യം മാത്രമേ ഉള്ളുവെങ്കിലും മസൂദ് അസ്ഹറിന്റെ യാത്രകൾക്കും സാമ്പത്തിക, ആയുധ ഇടപാടുകൾക്കും എല്ലാ രാജ്യങ്ങളും വിലക്കേർപ്പെടുത്തേണ്ടി വരും. സായുധസേനയുടെ സംരക്ഷണത്തിനു കീഴിൽ പാക്കിസ്ഥാനിൽ സ്വതന്ത്രനായിട്ടുള്ളിടത്തോളം കാലം ഇയാളുടെ ഭീകര പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും. ഇയാളെ  ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ഇടപെടൽ നയതന്ത്ര, രാഷ്ട്രീയ മേഖലയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കിയെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. ചൈനയുടെ സമ്മർദത്തെ അതിജീവിക്കാനും ഇന്ത്യ-ചൈന ബന്ധത്തിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താനും മോദി ഗവൺമെന്റിന് സാധിച്ചുവെന്നാണ് അവരുടെ അഭിപ്രായം.

Untitled-3dd

എന്നാൽ, മസൂദിനെതിരെ ഐക്യരാഷ്ട്ര സംഘടന എടുത്ത തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും അമേരിക്കയ്ക്കാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞത്. ‘മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള യുഎസ്-‌യുഎൻ സഖ്യത്തിന്റെ ശ്രമങ്ങൾക്ക് അഭിനന്ദനം. അമേരിക്കൻ നയതന്ത്രത്തിന്റെ സുപ്രധാനവിജയവും രാജ്യാന്തര സമൂഹം ഏറെ കാത്തിരുന്ന തീരുമാനവുമാണിത്. ദക്ഷിണേഷ്യൻ മേഖലയിലെ സമാധാനത്തിനുള്ള സുപ്രധാന ചുവടുവയ്പു കൂടിയാണിത്’ എന്നും പോംപിയോ ട്വീറ്റ് ചെയ്തു. എന്നാൽ, ചൈനയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പിരിമുറുക്കത്തിൽ അയവു വന്ന കാര്യമൊന്നും ട്വീറ്റിലുണ്ടായിരുന്നതേയില്ല. 

മസൂദുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിപ്പിക്കുമ്പോൾ മറ്റൊരു ‘വുഹാനി’ലേക്ക് (വുഹാൻ ഉച്ചകോടി) നയിക്കുമെന്നും ചൈനയുമായുള്ള ബന്ധം ഊഷ്മളമാകുമെന്നുമുള്ള പ്രതീക്ഷയും യാഥാർഥ്യമാകാനിടയില്ല. കശ്മീർ പ്രശ്നത്തിൽ സംവാദവും പരിഹാരവും പുനരാരംഭിക്കുന്നതുൾപ്പെടെ, ഇമ്രാൻ ഖാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ ചൈന തള്ളിക്കളഞ്ഞേക്കില്ലെങ്കിലും `ബെൽറ്റ് ആൻഡ് റോഡ്` പദ്ധതിയിൽ ഇന്ത്യയെ നിഷ്പക്ഷ നിലപാടിലേക്ക് തള്ളിവിടാൻ ചൈനയ്ക്കായി. ചരക്കുനീക്കത്തിലും മറ്റുമുള്ള കാര്യക്ഷമത കൂട്ടാൻ ചൈന മുന്നോട്ടു വച്ച ഈ പദ്ധതിക്കെതിരെ ഇന്ത്യ, യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ചൈനയുടെ മേൽക്കോയ്മ അംഗീകരിക്കാതെ രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്ക് തന്ത്രപരമായി മാത്രമേ നീങ്ങാനാവൂ. ദുർഘടമായ പല പ്രശ്നങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇതിനു പരിഹാരമില്ലാതെ തുടരാനുമാവില്ല എന്ന സാഹചര്യമാണുള്ളത്. അത്തരം പ്രശ്നങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മസൂദ് വിഷയം താരതമ്യേന പ്രാധാന്യം കുറഞ്ഞതാണെന്നു വേണം കരുതാൻ. പക്ഷേ, മസൂദ് വിഷയത്തിൽ ഇന്ത്യയുടെ പ്രതീകാത്മക വിജയം പോലും സമ്മതിച്ചു തരാനായി ചൈന പത്തു വർഷമെടുത്തു എന്നത് നമുക്ക് എന്നും ഒരു പാഠമായിരിക്കണം.

Untitled-4

ഒരു ആഗോള ഭീകരൻ എന്ന നിലയിൽ മസൂദ് കരിമ്പട്ടികയിൽ ഉൾപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പിനു മുൻപുള്ള നയതന്ത്ര വിജയമാണ് നൽകിയതെങ്കിലും ചൈനയുമായോ പാക്കിസ്ഥാനുമായോ ഉള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കില്ല. പാക്കിസ്ഥാനുമായുള്ള സഖ്യം യുഎസ് ഉപേക്ഷിച്ച നടപടി മാത്രമാണ് ഇതിൽ നിന്ന് ഇന്ത്യയ്ക്ക് ആകെയുണ്ടായ നേട്ടം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ