ഒരു ചുവട് മുന്നോട്ട്, രണ്ടു ചുവട് പിന്നോട്ട്

SHARE
career-global-845

കൊച്ചിയിൽ നടന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ആൻഡ് ഒൻട്രപ്രനർഷിപ്പ് (എക്സ്എംഐഇ) എന്ന പരിപാടിയിൽ, എന്നോട് ഒരാൾ ചോദിക്കുകയുണ്ടായി, ‘കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിൽ എന്താണ് തെറ്റ്’?. എന്റെ ഉത്തരം ലളിതമായിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ വിദഗ്ധരിലൊരാളായ, അന്തരിച്ച പ്രഫ. എൻ.ആർ. മാധവമേനോൻ പറഞ്ഞതുപോലെ, ‘പത്തൊമ്പതാം നൂറ്റാണ്ടിലെ മാനസികാവസ്ഥയിൽ നിൽക്കുന്ന അധ്യാപക രീതിയും ഇരുപതാം നൂറ്റാണ്ടിലെ സിലബസും ഉപയോഗിച്ചാണ് 21–ാം നൂറ്റാണ്ടിലെ വിദ്യാർഥികളെ ഉപരിപഠനത്തിനായി തയാറെടുപ്പിക്കുന്നത്. കഴിഞ്ഞ നൂറ് വർഷത്തിലാകെ സംഭവിച്ചതിനേക്കാൾ മാറ്റങ്ങൾ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ലോകത്തെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുണ്ട്. നമ്മുടെ പാരമ്പര്യരീതികളുടെയും നടപടിക്രമങ്ങളുടെയും ആശയങ്ങളുടെയും തടവറയി‍ലാണ് നാം. ഇങ്ങനെയാണ് മുൻപോട്ട് പോകുന്നതെങ്കിൽ ദൈവത്തിനു മാത്രമെ സ്വന്തം നാടിനെ രക്ഷിക്കാൻ കഴിയൂ’. 

എട്ട് വർഷം മുൻപ്, അന്നത്തെ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട ആറ് മേഖലകളെ കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക പരിശീലനം, സാങ്കേതികവിദ്യയുടെ ഉപയോഗം, സ്വയംഭരണം, ഗവേഷണം തുടങ്ങിയവയായിരുന്നു അത്. ഇതു സംബന്ധിച്ച പ്രശ്നങ്ങളെ കൗൺസിൽ ശ്രദ്ധാപൂർവ്വം പഠിച്ചശേഷം സർക്കാരിന് പതിനാറിലേറെ റിപ്പോർട്ടുകൾ സമർപ്പിച്ചു. അവയിൽ ഭൂരിഭാഗവും ഇപ്പോഴും ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിത്യനിദ്രയിലാണ്ടു കിടക്കുകയാണ്. കേരള സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (കെഎസ്എഎസി) സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഇപ്പോഴത്തെ കൗൺസിൽ പരിഗണിച്ചതായ വാർത്ത ഏറെ സന്തോഷം തരുന്നുണ്ട്. അക്കാദമിക് ഓഡിറ്റ് സംവിധാനം എന്ന നിലയിൽ ഇതു സ്ഥാപിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

കെഎസ്എച്ച്ഇസിയുടെ പാരമ്പര്യത്തെ തന്നെ നശിപ്പിക്കാൻപോന്ന തരത്തിലുള്ള സംഭവങ്ങൾ അടുത്തിടയുണ്ടായത് ഏവർക്കും ഓർമയുണ്ടായിരിക്കുമല്ലോ. പ്രഫ. എൻ.ആർ. മാധവമേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ കെഎസ്എച്ച്ഇസി റിപ്പോർട്ട് പ്രകാരം കേരളത്തിലെ 13 സ്വയംഭരണ കോളേജുകൾക്ക് 2014ൽ അംഗീകാരം നൽകിയിരുന്നു. യുജിസി നിർദേശിച്ച കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അംഗീകാരം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനു പുറമേ എറണാകുളം മഹാരാജാസ് കോളജിനെയും 11 എയ്‌ഡഡ് കോളജുകളെയുമാണു സ്വയംഭരണാവകാശം നൽകാൻ സംസ്‌ഥാന സർക്കാർ ശുപാർശ ചെയ്‌തത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജുകളായിരുന്നു ഇവ. വിദ്യാർഥികളുടെ പാഠ്യവിഷയങ്ങളിൽ മാത്രമാണ് സ്വയംഭരണം അനുവദിച്ചത്. സ്വയംഭരണ കോളേജ് ഇല്ലാത്ത ഒരേയൊരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് നല്ലൊരു അവസരമായിരുന്നു ഇതിലൂടെ വന്നുചേർന്നത്. എന്നാൽ, ചില കോളേജുകൾ പുതിയ സംവിധാനത്തെ പൂർണമായി സ്വീകരിച്ചപ്പോൾ ചിലർ, പ്രത്യേകിച്ച് ഗവണ്മെന്റ് കോളേജുകൾ ഈ നടപടിയെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. യുജിസി പ്രത്യേക പരിശോധനാ സംഘത്തെ കോളജ് പരിസരത്ത് പ്രവേശിക്കാൻ പോലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപക– വിദ്യാർഥി സംഘടനകൾ അനുവദിച്ചില്ല. പല കോളജുകളിലും ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളുമുണ്ടായി. 

എന്നാൽ, ഇതു നടപ്പാക്കിയ കോളേജുകളുടെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടു. പുതിയ കോഴ്സുകൾക്ക് സർക്കാർ ധനസഹായം നൽകാത്തതിനാൽ സ്വാശ്രയ കോഴ്സുകൾ ആവിഷ്കരിച്ചതും അധ്യാപകർക്കുണ്ടായ അധിക ബാധ്യതയും മാത്രമാണ് യഥാർഥത്തിൽ ഈ സംവിധാനത്തിന്റെ ദുർബലമായ വശങ്ങൾ.

സർവകലാശാലകളിൽ നിന്നുൾപ്പെടെ പല ഭാഗത്തുനിന്നും പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധമുണ്ടായി. ഈ കോളേജുകളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള അധികാരം സർവകലാശാലകൾക്ക് നഷ്ടപ്പെടുമെന്ന തോന്നലായിരിക്കാം കാരണം. വിവിധ തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടു. ഉദാഹരണത്തിന്, ഒരു സ്വയംഭരണ കോളേജ് സർവകലാശാലയ്ക്ക് ഒരു നിർദേശം അയച്ചതിനുശേഷം 30 ദിവസത്തിനുള്ളിൽ ഒരു പ്രതികരണവും ലഭിച്ചില്ലെങ്കിൽ, ആ നിർദേശം അംഗീകരിക്കപ്പെടും എന്നാണ് നിയമം. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ഒരു സർവകലാശാല ചെയ്തത്, ഇനി ഒരുത്തരവ് വരുന്നത് വരെ ഈ വിഷയത്തിൽ നടപടിയെടുക്കരുതെന്ന് കോളജുകളുടെ എല്ലാ നിർദേശങ്ങൾക്കും മറുപടിയായി  അറിയിച്ചുകൊണ്ടിരുന്നു.  ഈ പ്രതിഷേധങ്ങൾക്കിടയിൽ, സ്വയംഭരണ സംവിധാനം നടപ്പാക്കിയ കോളജുകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാഠ്യവിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമത വർധിക്കുകയും ഫലപ്രാപ്തി ഉണ്ടാവുകയും ചെയ്തു. അങ്ങനെ ആദ്യമായി വിദ്യാഭ്യാസ മേഖലയിൽ കേരളം കാലത്തിനൊപ്പം നീങ്ങുകയും ഒരു വലിയ വിദ്യാഭ്യാസ പരിഷ്കരണ നടപടിയുടെ ഭാഗമായിത്തീരുകയും ചെയ്തു. 

2016ൽ പുതിയ സർക്കാർ നിലവിൽ വന്നതോടെ, സ്വയംഭരണ കോളജുകളുടെ തകർച്ച ആരംഭിച്ചു. പുതിയ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കാനുള്ള സമിതിയെ പിരിച്ചുവിട്ടു. കോളേജുകൾക്ക് പരാതികൾ പരിഹരിക്കാനായി കോടതി കയറേണ്ട അവസ്ഥയുണ്ടായി. സ്വയംഭരണ കോളേജുകളിൽ നിന്നുള്ള കോഴ്സുകൾക്ക് വേണ്ടിയുള്ള ശുപാർശകൾ സർവകലാശാലകൾ നിർത്തിവച്ചു. ഈ കോളേജുകളിലെ പ്രവർത്തനം മുമ്പത്തേതിനേക്കാൾ വഷളായി. 

കോളജുകളുടെ സ്വയംഭരണാവകാശം നടപ്പിലാക്കാൻ കഴിയാത്തതാകയാൽ ഈ സംവിധാനം ഉപക്ഷിക്കണമെന്നുള്ള തീരുമാനത്തിൽ കമ്മിറ്റിയെത്തിയെന്നുള്ളതാണ് കെഎസ്എച്ച്ഇസിയിൽ നിന്നു വരുന്ന പുതിയ വാർത്ത. നമ്മൾ ഒരു ചുവട് മുന്നോട്ട് വച്ചപ്പോൾ രണ്ടു ചുവട് പിന്നാക്കം പോയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിൽ കത്തിവയ്ക്കുന്ന ജോലി ഭംഗിയായി നിർവഹിച്ചുകൊണ്ട് കമ്മിറ്റി സർക്കാർ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ശുപാർശയും നൽകി. യുജിസി അംഗീകാരം നൽകിയ സ്വയംഭരണ‌ാവകാശം റദ്ദാക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെങ്കിലും വികസനത്തെ പിന്നോട്ടടിക്കുന്ന മാർഗങ്ങളിലൂടെ ഈ കോളജുകളെ വട്ടംചുറ്റിക്കാൻ കഴിയും. 

ഗൗരവമാർന്ന ആലോചനകളിലൂടെയും ചർച്ചകളിലൂടെയും നടപ്പിലാക്കിയ ഒരു പുതിയ സംവിധാനത്തെ ഉപേക്ഷിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ശ്രേഷ്ഠമായ വിദ്യാഭ്യാസ സമ്പ്രദായം ഉണ്ടായിരിക്കണന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും ലജ്ജയോടെ തലകുനിക്കണം. 

സ്വയംഭരണ കോളേജുകളിലും ആവശ്യമായ നിയന്ത്രണങ്ങൾ നിലനിർത്തുന്നതിന് എല്ലാ സംവിധാനങ്ങളും നൽകിക്കൊണ്ടായിരുന്നു ഈ സംവിധാനം നിലവിൽ വന്നത്. കോളജുകളുടെ സ്വയംഭരണാവകാശം എന്ന സംവിധാനം സർക്കാർ വേണ്ടെന്നു വയ്ക്കുന്ന ദിനം ഏറെ സങ്കടകരമായിരിക്കും. നമ്മൾ സുബോധം കൈവരിക്കുമെന്നും സ്വയംഭരണ കോളേജുകൾ തുടരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ വിദ്യാഭ്യാസ പരിഷ്കരണത്തിൽ ദൈവത്തിന് പോലും തന്റെ സ്വന്തം നാടിനെ സഹായിക്കാൻ കഴിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ