ജയശങ്കർ: മോദി സർക്കാരിലെ ഒരു അസാമാന്യ മന്ത്രി

S-Jaishankar1
SHARE

നയതന്ത്ര ഉദ്യോഗസ്ഥൻ, രാഷ്ട്രീയക്കാരൻ എന്നീ സ്ഥാനങ്ങൾക്കിടയിലെ കടമ്പ ഒറ്റയടിക്ക് ചാടിക്കടന്നയാളാണ് രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ട സുബ്രഹ്മണ്യൻ ജയശങ്കർ. നയതന്ത്രജ്ഞർ മന്ത്രിമാരാകുന്ന രീതി ഇന്ത്യയിൽ അത്ര സാധാരണമല്ല. ഈ പശ്ചാത്തലത്തിലാണ്, വിദേശകാര്യ സെക്രട്ടറി എന്ന സ്ഥാനം വഹിച്ചിരുന്ന ജയശങ്കറിനെ വിദേശകാര്യ മന്ത്രിയായി ‘സ്ഥാനക്കയറ്റം’ നൽകി മോദി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും ഇടയിൽ മുറുമുറുപ്പിനിടയാക്കാൻ ഈ തീരുമാനത്തിന് സാധിക്കുമെങ്കിലും രാഷ്ട്രീയത്തിലെ ഒരു ഒറ്റപ്പെട്ട പരീക്ഷണമായി ചരിത്രത്തിൽ ഇടം പിടിക്കും. 

വിദേശകാര്യങ്ങളിലെ കീർത്തിയും വിജയ– പരാജയങ്ങളും അളക്കാൻ പ്രയാസമാണ്. ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘം നയതന്ത്രജ്ഞരോ ചേർന്നെടുത്ത തീരുമാനങ്ങൾ തെറ്റായതായിരുന്നുവെന്ന് മനസ്സിലാകുന്നത് വർഷങ്ങൾക്ക് ശേഷം മറ്റൊരു വ്യക്തിയോ മറ്റൊരു സംഘമോ ആ തീരുമാനങ്ങൾ പുനഃപരിശോധിക്കുമ്പോഴായിരിക്കും. വിദേശകാര്യ നയങ്ങളിലെ ഫലപ്രാപ്തി ഒരിക്കലും സ്പഷ്ടമല്ല. ഇന്നത്തെ വിജയം നാളത്തെ പരാജയമായി മാറിയെന്നും വരാം. അതിസൂക്ഷ്മമായ തലങ്ങളിലൂടെയാണ് വിദേശകാര്യ നയങ്ങളുടെ നടപ്പാക്കൽ. 

ഏറ്റെടുത്ത ചുമതലകളൊക്കെയും അതിവൈഭവത്തോടെ നിറവേറ്റിയ ചരിത്രമാണ് ജയശങ്കറിനുള്ളത്. സർക്കാരിന്റെ മാറ്റങ്ങൾ അദ്ദേഹത്തിന്റെ കഴിവുകൾക്ക് മങ്ങലേൽപ്പിച്ചില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പ്രധാനമന്ത്രിയായി ഉയർന്നപ്പോഴും ജയശങ്കറും അദ്ദേഹവും തമ്മിലുള്ള സൗഹൃദത്തിന് ഉടവ് തട്ടിയില്ല. ഒരു വിദേശകാര്യ സെക്രട്ടറി വിദേശകാര്യ മന്ത്രിയായി മാറുന്ന ആദ്യത്തെ ആളായിരിക്കും ജയശങ്കർ‌ എന്ന പ്രത്യേകതയുമുണ്ട്. 

PTI1_18_2018_000230B

പാരമ്പര്യം തന്നയാണ് അദ്ദേഹത്തിന്റെ വലിയ ധനം. ഇന്ത്യയുടെ ചാണക്യൻ എന്നു ഞാൻ വിശേഷിപ്പിക്കുന്ന നയതന്ത്ര വിദഗ്ധനും പത്രപ്രവർത്തകനുമായിരുന്ന കെ. സുബ്രഹ്മണ്യന്റെ മകനെന്ന നിലയിൽ കൂടുതൽ ഊഷ്മളതയോടെയാണ് ഞാൻ ജയശങ്കറെ കാണുന്നത്. കിഴക്കൻ യൂറോപ്പ് ഡിവിഷനിൽ ഞാൻ ഡപ്യൂട്ടി സെക്രട്ടറി ആയിരുന്നപ്പോൾ അവിടെത്തന്നെ ഒരു പ്രൊബേഷനറായിരുന്ന അദ്ദേഹം എന്നെ കാണാൻ വന്നത് ഈയവസരത്തിൽ ഓർമിക്കുന്നു. ഞാൻ മോസ്കോയിൽ നിന്ന് തിരിച്ചുവന്നപ്പോൾ, അദ്ദേഹമാകട്ടെ മോസ്കോയിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ള ചർച്ചകൾ എനിക്കും ഗുണകരമായിരുന്നു. വിയന്നയിലും പ്രാഗിലും അയൽക്കാരായിരുന്നു കൊണ്ടും ഞങ്ങൾ പിന്നീട് സൗഹൃദം പുതുക്കി.

ഡ‍ൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും രാഷ്ട്രതന്ത്രത്തിൽ എം.എ, എം.ഫിൽ, ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നു ഇന്റർനാഷനൽ റിലേഷൻസിൽ പിഎച്ച്ഡി എന്നീ ഉന്നത ബിരുദങ്ങൾ അദ്ദേഹം നേടി.  മാസ്കോ, കൊളംബോ, ബുഡാപെസ്റ്റ്, പ്രാഗ്, സിങ്കപ്പൂർ, ബീജിങ്, വാഷിങ്ടൺ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾ കരിയർ ഗ്രാഫിൽ അദ്ദേഹത്തിന് ഉയർച്ച നേടിക്കൊടുത്തു. 

വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ മേധാവിയെന്ന നിലയിൽ, ശ്യാം ശരൺ, ശിവശങ്കർ മേനോൻ എന്നിവരോടൊപ്പം ആണവ കരാർ ചർച്ചകൾക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. 123 ഉടമ്പടിയിലെ പല വ്യവസ്ഥകളും ഇന്ന് അപ്രസക്തമായിട്ടാണ് കാണുന്നത് ബിജെപി കരാർ തള്ളിക്കളയുകയും എന്നാൽ പിന്നീട് അത് നടപ്പാക്കാൻ ജയശങ്കറിനെ തന്നെ കൂട്ടുപിടിക്കുകയും ചെയ്തു. കരാർ പൂർണമായും നടപ്പാക്കപ്പെട്ടില്ല, പ്രശ്നം പരിഹരിക്കപ്പെട്ടുമില്ല, എന്നാൽ, ഈ ആണവ കരാർ ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ പ്രതീകമായി തുടരുകയാണ്.

ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയിരിക്കുമ്പോഴാണ് അദ്ദേഹവും മോദിയുമായുള്ള ബന്ധം ശക്തമാകുന്നത്. വിദേശകാര്യ സെക്രട്ടറിയായി നിലവിലുണ്ടായിരുന്ന ആളുടെ കാലാവധി വെട്ടിച്ചുരുക്കി, പകരം ജയ്ശങ്കറിനെ നിയമിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നയതന്ത്രജ്‍ഞൻ എന്ന നിലയിൽ മോദിയുടെ ആശയങ്ങൾ നടപ്പിലാക്കുകയുമായിരുന്നു അദ്ദേഹം ചെയ്തിരുന്നതെങ്കിലും ഇവ വിശ്വസനീയവും യുക്തിസഹവുമായി നടപ്പാക്കുന്നതിൽ കാട്ടിയ വൈദഗ്ധ്യമാണ് ജയശങ്കറെ വ്യത്യസ്തനാക്കിയത്. ശക്തമായ ഒരു ഇന്ത്യ എന്ന സന്ദേശം പ്രചരിപ്പിക്കാൻ മോദി നടത്തിയ ലോകയാത്രകളുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും ജയശങ്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തൊഴിൽപരമായ കഴിവിന്റെ ആഴം തന്നെയാണ്.  

PTI6_19_2016_000134A

ഡോണൾഡ് ട്രംപിന്റെ വരവിനു ശേഷം രാജ്യാന്തര ബന്ധങ്ങളുടെ പുനഃസ്ഥാപനം എന്ന ബാലികേറാമല ജയശങ്കർ പരിഹരിച്ചതും അദ്ദേഹത്തിന്റെ തൊഴിലിലുള്ള വൈദഗ്ധ്യത്തിന്റെ തെളിവാണ്. വെറുതെയല്ല, ടാറ്റ സൺസിന്റെ ഗ്ലോബൽ കോർപറേറ്റ് അഫയേഴ്സ് പ്രസിഡന്റ് സ്ഥാനത്തു നിന്നു അദ്ദേഹത്തെ കാബിനറ്റ് മന്ത്രിയായി മോദി ക്ഷണിച്ചത്. ജയശങ്കറിനെപ്പോലെയുള്ള ഒരാളുടെ പ്രത്യേക ആവശ്യം വന്ന സമയത്ത് ഈ അവസരം മോദി നന്നായി ഉപയോഗപ്പെടുത്തി എന്നു പറയുകയാവും ശരി. 

വിശാലമായ പുതിയ രാഷ്ട്രീയ ലോകത്ത് മോദിയെയും ജയശങ്കറെയും കാത്തിരിക്കുന്നതെന്താണെന്ന് പറയാനാവില്ല. ലോകത്തു സംഭവിക്കുന്ന ഓരോ മാറ്റങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതികരണത്തിന് കൂടുതൽ പ്രസക്തിയേറി വരുന്ന സമയത്താണ് അദ്ദേഹം രാജ്യത്തെ തന്ത്രപ്രധാനമായ ചുമതല വഹിക്കാൻ പോകുന്നത്. എന്നാൽ, രാജ്യത്തിന്റെ സാമ്പത്തികവും സൈനികവുമായ ശക്തി വർധിക്കുന്നതോടെ, കൂടുതൽ സജീവമായ സമീപനം ആവശ്യമാണ്. ഈ ബഹുമുഖ ലോകത്ത് ശക്തമായ സ്വാധീനമായി ഇന്ത്യയെ മാറ്റാൻ മോദിക്കും ജയശങ്കറിനും കഴിയുമോയെന്ന് കാത്തിരുന്നു കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ