കരട് വിദ്യാഭ്യാസ നയം 2019: ആശയങ്ങളുടെ വിപുലമായ ‘മെനു’

National-Education-Policy1
SHARE

കേന്ദ്ര സർക്കാർ അധികാരത്തിലേറിയ ആദ്യ ദിവസം പുറത്തിറക്കിയ ‘ന്യൂ ഡ്രാഫ്റ്റ് എഡ്യൂക്കേഷൻ പോളിസി 2019’ എന്നത്, 2015ൽ ഇന്ത്യയിലെ ഗ്രാമീണ തലത്തിൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടിയുടെ തുടർച്ചയാണ്. അന്ന്, കരട് രേഖയ്ക്കുള്ള മാർഗ നിർദ്ദേശത്തിനായി മാനവശേഷി വികസന മന്ത്രാലയം സംസ്ഥാന തലത്തി‍ൽ കൂടിയാലോചനകൾ സംഘടിപ്പിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതിയുടെ വൈസ് ചെയർമാൻ എന്ന നിലയിൽ ഞാൻ സംസ്ഥാന തലത്തിൽ കൂടിയാലോചനകൾ നടത്തുകയും അന്നത്തെ മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഞങ്ങളുടെ നിഗമനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസത്തോടുള്ള ഉദാരമായ സമീപനത്തെ ഞങ്ങൾ പൊതുവെ പിന്തുണച്ചിരുന്നു, എന്നാൽ വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്തു.

എന്നാൽ, മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഒരു സംഘം വിദഗ്ധർ തയാറാക്കിയ കരട് റിപ്പോർട്ട് വിവാദമായി. ചെയർമാൻ തന്നെ റിപ്പോർട്ടിന്റെ ഭൂരിഭാഗവും പരസ്യമാക്കുകയും ഇതു പ്രസിദ്ധീകരിക്കാൻ സർക്കാർ വിമുഖത കാണിക്കുകയും ചെയ്തിനാലാണ് ഇത്. റിപ്പോർട്ട് ശരിയായി ക്രമീകരിക്കാൻ സർക്കാർ ഡോ. കെ.കസ്തൂരിരങ്കന്റെ കീഴിൽ മറ്റൊരു സമിതിയെ നിയോഗിച്ചുവെങ്കിലും കമ്മിറ്റി സ്വന്തം നിലയിൽ റിപ്പോർട്ട് എഴുതി സർക്കാരിന് സമർപ്പിക്കുകയാണുണ്ടായത്. ഡ്രാഫ്റ്റ് നടപ്പാക്കുന്നതിന് മുൻപായി കൂടുതൽ കൂടിയാലോചനകൾക്ക് വിധേയമാക്കും, അതിനാൽ, നയം ഇപ്പോഴും ഒരു കരട് രേഖ മാത്രമായി തുടരുമെന്നും സർക്കാർ അന്ന് പ്രഖ്യാപിച്ചു. 

ഇതിനിടയിൽ മറ്റു ചില സംഭവങ്ങളും അരങ്ങേറി. എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള റിപ്പോർട്ടിലെ ശുപാർശ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധത്തിനിടയാക്കി. നിർദ്ദേശം പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. റിപ്പോർട്ടിന്റെ ബാക്കി ഭാഗങ്ങൾ എന്താണെന്ന് പുറത്തുവന്നിട്ടേയില്ല. ശാസ്ത്ര സാങ്കേതിക വിദ്യ, അക്കാദമിക വിഷയങ്ങൾ, വ്യവസായം എന്നിവയ്ക്ക് മാനവശേഷി വികസിപ്പിക്കുന്നതിനുള്ള പ്രാധാന്യം കരട് വിദ്യാഭ്യാസനയം നൽകുന്നുണ്ടെങ്കിലും പഠനത്തിന് ശേഷമുള്ള തൊഴിൽ സാധ്യതയ്ക്ക് അധികം പ്രാധാന്യം നൽകിയില്ല എന്നതും ഒരു പോരായ്മയായി തുടർന്നു. 

മാനവവിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമായി പുനർനാമകരണം ചെയ്യുന്നത് മുതൽ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്റെ (യുജിസി) പ്രവർത്തന സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് വരെയുള്ള ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് ഇരുപതോളം നിർദ്ദേശങ്ങൾ ഡ്രാഫ്റ്റിൽ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങളിൽ പലതും വിവിധ അവസരങ്ങളിൽ സർക്കാർ മുന്നോട്ടുവച്ചെങ്കിലും നടപ്പായില്ല.

ഡ്രാഫ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിവിധ തലങ്ങളിൽ സ്വയംഭരണാധികാരം നൽകിക്കൊണ്ട് തികച്ചും ഉദാരമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നു എന്നതാണ്. 2032 ഓടെ അഫിലിയേഷൻ സമ്പ്രദായം പൂർണമായും നിർത്തലാക്കുക എന്നതായിരുന്നു ഈ ധീരമായ നീക്കത്തിനു പിന്നിൽ. ‌ സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി കോളജുകൾ തന്നെ ബിരുദം നൽകുന്ന സവിശേഷാധികാരം കൈവരുകയും ചെയ്യുമായിരുന്നു. 

National-Education-Policy

ബിരുദം നാലുവർഷമാക്കി വിപുലപ്പെടുത്താനുള്ള ശ്രമം പുനരവതരിപ്പിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ, നേരത്തെ ഡൽഹി സർവകലാശാലയിൽ ആദ്യമായി ഇത് അവതരിപ്പിച്ചപ്പോൾ തന്നെ നിരസിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ ഗവേഷണത്തിന് പ്രധാന പ്രാധാന്യം, ഗവേഷണത്തെ ലക്ഷ്യബോധമുള്ളതാക്കാൻ നിരവധി നടപടികളുടെ നിർദ്ദേശം, വിവിധ സ്ഥാപനങ്ങളിൽ നൂതന സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ എന്നിവ നിർദേശിച്ചിട്ടുണ്ട്. അധ്യാപക വിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രത്യേക പ്രാധാന്യവും ഡ്രാഫ്റ്റിൽ നൽകിയിട്ടുണ്ട്. സർക്കാർ തിരഞ്ഞെടുക്കാനുതകുന്ന ആശയങ്ങളുടെയും നിർദ്ദേശങ്ങളുടെയും ഒരു വെർച്ച്വൽ ‘മെനു കാർഡ്’ ആയാണ് കരട് വിദ്യാഭ്യാസ നയം അവതരിപ്പിച്ചത്. 

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഊന്നിപ്പറഞ്ഞിട്ടുണ്ടെങ്കിലും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ഒരു ശ്രമത്തിനും തെളിവില്ല. ഒരുപക്ഷേ, എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി നിർബന്ധമാക്കണമെന്ന നിർദ്ദേശം ഉപേക്ഷിക്കപ്പെട്ട ക്ഷീണം മാറ്റാൻ ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസത്തിന് ഗണ്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്. ബഹുഭാഷാ വിദ്യാഭ്യാസത്തിന്റെ ഗുണം ഊന്നിപ്പറഞ്ഞുകൊണ്ട്, വളർന്നുവരുന്ന സാങ്കേതികവിദ്യകളെയും അറിവുകളെയും നേരിടാൻ ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യം ആവശ്യമാണെന്നും ഡ്രാഫ്റ്റിൽ പറയുന്നു. കൂടുതൽ കൂടുതൽ ആളുകളിലേക്ക് ഇംഗ്ലിഷ് ഭാഷയെ വ്യാപിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം. കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഭരണഭാഷ ഇംഗ്ലിഷിൽ നിന്ന് പ്രാദേശിക ഭാഷയിലേക്ക് മാറുന്നതിനാൽ, ഇംഗ്ലിഷിൽ തീവ്രമായ പരിശീലനത്തിനുള്ള നിർദ്ദേശം എതിർക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ആഗോളവൽകരണം അടിയന്തര ആവശ്യമായി തിരിച്ചറിഞ്ഞു. വിദ്യാഭ്യാസം ലാഭരഹിതമായിരിക്കുമെന്ന വ്യവസ്ഥയുണ്ടെങ്കിലും വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് വരാൻ തയാറാണ്. എന്നാൽ, ഇതിനായുള്ള നിയമനിർമ്മാണം പാർലമെന്റിൽ കുടുങ്ങിക്കിടക്കുന്നതിനാ‍ൽ നടപടികൾ മുന്നോട്ട് പോകുന്നതേയില്ല. ഡ്രാഫ്റ്റിലെ ശുപാർശകൾ അംഗീകരിക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള മികച്ച സർവകലാശാലകളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വന്നുചേരുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിലെ ഒട്ടേറെ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി ഡ്രാഫ്റ്റിൽ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഡ്രാഫ്റ്റിലെ ചില നിർദ്ദേശങ്ങൾ ഇവയാണ്: സ്കൂൾ സമുച്ചയങ്ങൾ സ്ഥാപിക്കാനുള്ള കോത്താരി കമ്മിഷന്റെ (1968) ആഹ്വാനത്തിന് അംഗീകാരം. സർക്കാർ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം ‘പബ്ലിക് സ്‌കൂൾ’ എന്ന പദവി നിലനിർത്തുക, കുട്ടികളുടെ വിദ്യാഭ്യാസ കാലത്തെ പരിചരണവും പഠനവും ഉൾപ്പെടുത്തുന്നതിനായി സ്കൂൾ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുക, അനധികൃതമായി പ്രവർത്തിക്കുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങളെ നിയന്ത്രിക്കുക. ബിഎഡ് ഡിഗ്രിയെ സർവകലാശാലകൾ, മൾട്ടി-ഡിസിപ്ലിനറി കോളേജുകൾ എന്നിവയിൽ മാത്രം പ്രവർത്തിക്കുന്ന രീതിയിൽ നാലു വർഷത്തെ ഡിഗ്രി പ്രോഗ്രാമുകളാക്കി മാറ്റുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്ന രീതിയിൽ വിദ്യാഭ്യാസ അവകാശ നിയമം പരിഷ്കരിക്കുക.

എൽഡിഎഫിന്റെ വിദ്യാഭ്യാസ നയവുമായി ഡ്രാഫ്റ്റിലെ പല നിർദേശങ്ങളും യോചിക്കാത്തതിനാൽ കേരളത്തിലെ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകുമെന്ന് കണ്ടറിയണം. ഡ്രാഫ്റ്റിലെ നിർദ്ദേശങ്ങൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പല ദോഷ വശങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കും. ഇനിയും ഈ നയത്തിനെതിരെ മുഖം തിരിച്ചു നിന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മനോഭാവവും ഇരുപതാം നൂറ്റാണ്ടിലെ സിലബസും ഉപയോഗിച്ച്, 21-ാം നൂറ്റാണ്ടിലെ നമ്മുടെ യുവതലമുറയ്ക്ക് വിദ്യാഭ്യാസം പകരുന്ന രീതി നമ്മൾ തുടർന്നുകൊണ്ടേയിരിക്കും. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനു ബാധിച്ചിരിക്കുന്ന ‘രോഗങ്ങൾക്ക്’ കാലാകാലങ്ങളിൽ ചികിത്സ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, രോഗി മരിക്കുന്നതിനുമുമ്പ് ചികിത്സ നൽകിയാൽ വിജയം ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ