ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ‘പ്രവാസി’ എന്ന നിലയിൽ മഹാത്മാഗാന്ധിക്ക് വിദേശ ഇന്ത്യക്കാരോട് ഒരു പ്രത്യേക അഭ്യർഥനയുണ്ട്. അമേരിക്കയിലേത് ഏറ്റവും സമ്പന്നമായ പ്രവാസി ഇന്ത്യൻ സമൂഹമായതിനാൽ, ശീതയുദ്ധകാലത്ത് പോലും ഇന്ത്യക്കാർ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, മഹാത്മാവിന് അമേരിക്കയുടെ ചാണക്യപുരിയായ വാഷിങ്ടണിൽ ഒരു സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. എംബസികളുടെ പരിസരങ്ങൾ വലിയതും ചെറുതുമായ പ്രതിമകളാൽ നിറഞ്ഞിരുന്നു, അവരുടെ സ്വന്തം രാജ്യങ്ങളിൽ പോലും ഇന്ന് തിരിച്ചറിയാത്ത പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രതിമകൾ.
വാഷിങ്ടണിൽ വാങ്ങിയ രണ്ട് കെട്ടിടങ്ങളിലാണ് 1946 മുതൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചുപോന്നിരുന്നെങ്കിലും രണ്ടായിരാമാണ്ട് വരെ മഹാത്മാഗാന്ധിയുടെ പ്രതിമ അവിടെ ഉണ്ടായിരുന്നില്ല. ഈ ആശയം ആരുടെയും തലയിൽ ഉദിക്കാതിരുന്നതിനാലല്ല, സ്ഥലലഭ്യത ഇല്ലാത്തതായിരുന്നു പ്രധാന കാരണം. എംബസിക്ക് മുന്നിൽ ലഭ്യമായ ഒരേയൊരു ഭൂമി ചില വൃക്ഷങ്ങളും കുറ്റിച്ചെടികളും ഉള്ള ഒരു ത്രികോണ ട്രാഫിക് ദ്വീപായിരുന്നു. ഇത് ഫെഡറൽ ലാൻഡായി തരംതിരിച്ചിട്ടുമുണ്ട്. ആ ഭൂമിയിൽ എന്തെങ്കിലും ചെയ്യുക എന്നത് അതികഠിനമായ ഒരു ജോലിയായിരുന്നു. ഒട്ടേറെ ഇന്ത്യൻ നയതന്ത്രജ്ഞരും ഇന്ത്യൻ അമേരിക്കക്കാരും ഒരു ഗാന്ധി പ്രതിമയ്ക്കായി ശ്രമിച്ചെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം നേടുന്നത് ബുദ്ധിമുട്ടായി. ഗാന്ധി ആവിഷ്കരിച്ച കൊളോണിയലിസ്റ്റ് വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ വികാരങ്ങൾക്ക് പുറമേ, ശീതയുദ്ധകാലത്ത് ഇന്ത്യ-യുഎസ് ബന്ധവും വളരെ സുഗമമായിരുന്നില്ല എന്നതും ഒരു കാരണമായിരുന്നിരിക്കാം.
തത്ത്വചിന്തകനായി മോഹൻദാസ് ഗാന്ധിയുടെ വിവേകത്തിനും നേതൃത്വത്തിനും സാക്ഷ്യം വഹിക്കുന്ന ഒരു സ്മാരകം സ്ഥാപിക്കാൻ 1949ൽ യുഎസ് കോൺഗ്രസ് ഇന്ത്യ ലീഗ് ഓഫ് അമേരിക്കയെ അല്ലെങ്കിൽ ഈ ആവശ്യത്തിനായി സംഘടിപ്പിക്കാവുന്ന മറ്റേതെങ്കിലും സംഘടനയെ അധികാരപ്പെടുത്താൻ തീരുമാനിച്ചു. ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര ഈ പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാൻ അഹോരാത്രം പ്രയത്നിക്കാൻ തീരുമാനിച്ചു.
വിരോധാഭാസമെന്നു പറയട്ടെ, 1998ലെ ആണവപരീക്ഷണത്തെത്തുടർന്ന് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ വളരെ പ്രശ്നത്തിലായ ഘട്ടത്തിലാണ് സ്മാരകത്തിന്റെ പണി നടന്നത്. അതേ വർഷം ഒക്ടോബറിൽ മഹാത്മാഗാന്ധിയുടെ സ്മാരകം പണിയാൻ ഇന്ത്യൻ സർക്കാരിനെ അധികാരപ്പെടുത്തി.1999 മേയ് 19 ന് ജസ്വന്ത് സിങ്-സ്ട്രോബ് ടാൽബോട്ട് ആണവായുധ നിരായുധീകരണവും വ്യാപനരഹിതവും സംബന്ധിച്ച ചർച്ചകൾക്കിടയിൽ പ്രസിഡന്റ് ബിൽ ക്ലിന്റൺ നിയമത്തിൽ ഒപ്പുവച്ചു. ചർച്ചകൾ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.
പ്രസിഡന്റ് ക്ലിന്റന് രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്ത്യ സന്ദർശിക്കും എന്ന നിലയിൽ വരെ കാര്യങ്ങൾ പുരോഗമിച്ചു. പകരം, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2000 സെപ്റ്റംബറിൽ വാഷിങ്ടൺ ഡിസിയും സന്ദർശിച്ചു. 2000 സെപ്റ്റംബർ 16ന് വാജ്‌പേയിയും ക്ലിന്റണും സംയുക്തമായി പ്രതിമ അനാച്ഛാദനം ചെയ്തു. താൻ 10 മിനിറ്റ് മാത്രമേ വേദിയിൽ ചെലവഴിക്കുകയുള്ളൂവെന്ന് ക്ലിന്റൺ സൂചിപ്പിച്ചിരുന്നുവെങ്കിലും ‘ഗാന്ധി മാജിക്കി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാകാം ഒരു മണിക്കൂർ മുഴുവൻ ചെലവിട്ട ശേഷമാണ് ക്ലിന്റൻ വേദി വിട്ടത്.
പ്രതിമയുടെ വലുപ്പവും അതിന്റെ ഭാവവും പീഠവും ചുറ്റുമുള്ള ഗതാഗതത്തെ ബാധിച്ചേക്കാവുന്ന കാര്യങ്ങളും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയായി അവശേഷിക്കുന്നുണ്ടായിരുന്നു. അതിനുള്ള പരിഹാരം കണ്ടെത്തിയിട്ടുമില്ല. സ്മാരകം സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ഒട്ടേറെ കമ്മിറ്റികളും ഓഫിസുകളും ഉൾപ്പെടുന്ന ഒരു അതിസങ്കീർണമായ നടപടികളുടെ ആരംഭം മാത്രമാണ് അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം എന്ന് ഞങ്ങൾ ഭയന്നു.
ഞങ്ങൾ മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ അവർ തള്ളിക്കളഞ്ഞു. (ഭാഗ്യത്തിന് മഹാത്മാവിന്റെ മുഖം മാറ്റണം എന്നു മാത്രം അവർ നിർദേശിച്ചില്ല). ഞങ്ങളുടെ ബ്ലോക്കിൽ നിന്ന് ഏതാനും ബ്ലോക്കുകൾ അകലെയുള്ള ബ്രിട്ടീഷ് എംബസിയുടെ പരിസരത്ത് സ്ഥാപിച്ച വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയേക്കാൾ ഉയരത്തിൽ ഗാന്ധി പ്രതിമ സ്ഥാപിക്കരുത് എന്നതാണ് അവർ മുന്നോട്ടുവച്ച ഏറ്റവും ആക്ഷേപകരമായ വ്യവസ്ഥ. പ്രതിമ ഇതിനകം നിർമിച്ച് ഇന്ത്യയിൽ നിന്ന് അയച്ചതിനാൽ പ്രതിമയുടെ ഉയരം കുറയ്ക്കുന്നതിനുള്ള ഏക മാർഗം പീഠം താഴ്ത്തുക എന്നതുമാത്രമായിരുന്നു.
മഹാത്മാഗാന്ധിയുടെ ശിൽപം 8 അടി 8 ഇഞ്ച് ഉയരമുള്ള വെങ്കല പ്രതിമയായിരുന്നു. 1930ലെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഓർമകൾ ഉളവാക്കുന്ന നിലയിലും നേതാവെന്ന എടുപ്പിലും തലയുയർത്തി നിൽക്കുന്നതായിരുന്നു ഗാന്ധിപ്രതിമ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം അദ്ദേഹം നടത്തിയ പദയാത്രകളെയും ഗാന്ധിസ്മാരകം ഓർമിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐസിസിആർ) വക സമ്മാനമായിരുന്നു സത്യത്തിൽ ഈ പ്രതിമ.
മഹാത്മാഗാന്ധിയുടെ പ്രതിമയുടെ പീഠം കർണാടകയിൽ നിന്നുള്ള റൂബി റെഡ് ഗ്രാനൈറ്റ് എന്നറിയപ്പെടുന്ന ഇംപീരിയൽ റെഡിന്റെ ഒരു വലിയ ഗ്രാനൈറ്റ് ബ്ലോക്കായിരുന്നു. കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നൽകുന്ന തമിഴ്‌നാട്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാനൈറ്റ് ബ്ലോക്കുകളും ലോകപ്രശസ്തമാണ്. യുഎസിലെ നബ്രാസ്കയിലെ ഒമാഹയിൽ താമസമാക്കിയ മലയാളികളായ ശ്രീ, അംബിക നായർ എന്നിവർ സമ്മാനിച്ചതാണ് പ്രതിമയ്ക്കുള്ള ആ പീഠം.
25 ടൺ ഭാരമുള്ള വലിയ ഒരു ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് 16 ടൺ ഭാരമുള്ള പീഠം കൊത്തിയുണ്ടാക്കിയത്. പ്രതിമയിലെ ലിഖിതങ്ങൾക്ക് അനുയോജ്യമായ ഉപരിതലം നൽകുന്നതിനായി ഗ്രാനൈറ്റ് വലിയ തോതിൽ ചെത്തിയൊതുക്കി ഭാഗങ്ങളിൽ മിനുക്കിയിരുന്നു. ഗാന്ധിയുടെ വ്യക്തിത്വത്തിന് യോജിക്കുന്ന തരത്തിൽ പ്രകൃതിദത്തമായ ഭൂമി എന്നതാണ് പീഠത്തിന്റെ അടിസ്ഥാനം. അംബാസഡർ നരേഷ്ചന്ദ്ര ഗാന്ധിജിയുടെ സ്വന്തം ഉദ്ധരണികളുടെയും മറ്റുള്ളവരിൽ നിന്നു തിരഞ്ഞെടുത്ത ഉദ്ധരണികളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്തു.
ധാരാളം പേർ പ്രതിമയ്ക്ക് ധനസഹായവുമായി മുന്നോട്ട് വന്നു. കൂടുതലും അമേരിക്കയിലെ ഇന്ത്യക്കാർ. അവരിൽ ചിലർ വർഷങ്ങളായി പദ്ധതിക്കായി പണം സ്വരൂപിച്ചിരുന്നു. ചിലർ പ്രതിമയ്ക്ക് പൂർണമായും പണം നൽകാനും തയാറായിരുന്നു. എന്നാൽ, വിശാലമായ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നതിനാൽ തുക കണ്ടെത്താൻ ചെറിയ സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു.
പ്രതിമ സ്ഥാപിക്കാനുള്ള അന്തിമ അനുമതിക്കായി അമേരിക്കൻ കോൺഗ്രസ് കമ്മിറ്റി യോഗം ചേർന്നു. നമ്മുടെ ആണവപരീക്ഷണത്തിന് രണ്ട് ദിവസത്തിനു ശേഷമായിരുന്നു ഈ യോഗം. ആണവപരീക്ഷണത്തിന്റെ ആദ്യത്തെ ഇര പ്രതിമയായിരിക്കുമെന്നും പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിക്കുമെന്നും ഞങ്ങൾ കരുതി. യോഗത്തിൽ ആദ്യത്തെയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ അംബാസഡർ നരേഷ് ചന്ദ്രയും ഞാനും ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഗാന്ധി പ്രചരിപ്പിച്ച അഹിംസയുടെ ഉപദേശം ഇന്ത്യ മറന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആണവ പരീക്ഷണങ്ങളെക്കുറിച്ചുള്ള സംസാരം ആരംഭിച്ചത്. പ്രതിമ എത്രയും വേഗം സ്ഥാപിച്ച് മഹാത്മാഗാന്ധിയുടെ മൂല്യവും അദ്ദേഹം പഠിപ്പിച്ച കാര്യങ്ങളും ഇന്ത്യക്കാരെ ഓർമപ്പെടുത്തേണ്ടത് വളരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് സംസാരിച്ച ഓരോരുത്തരും ഇതേ വാദം ആവർത്തിക്കുകയും റെക്കോർഡ് സമയത്ത് അംഗീകാരം നൽകുകയും ചെയ്തു. ഭാഗ്യം, സ്മാരകം സ്ഥാപിക്കുന്നത് തടഞ്ഞിട്ടില്ല, ഞങ്ങളുടെ അധരങ്ങളിൽ നിന്ന് മഹാത്മാവിലേക്ക് ഒരു പ്രാർഥന ഉയർന്നു, ശരിയായ സമയത്ത് ഗാന്ധി മാജിക് പ്രവർത്തിച്ചിരുന്നു. മാസ് അവന്യൂവിലെ അദ്ദേഹത്തിന്റെ പ്രതിമ ഭീമാകാരമായ വലിപ്പമുള്ളതോ കേവലം അലങ്കാരമോ അല്ല, മറിച്ച് അദ്ദേഹത്തെപ്പോലെ തന്നെ ചെറുതും എന്നാൽ, മാനവികതയെ ഏറ്റവും വലിയ രീതിയിൽ സ്വാധീനിക്കുന്നതുമാണ്.