ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ ‘നിർബന്ധിച്ച് ആത്മഹത്യ ചെയ്യിച്ചെന്ന്’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചപ്പോൾ ചരിത്രം ആവർത്തിക്കുകയാണുണ്ടായത്. ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോൾ 2011ൽ സമാനമായ ഒരു ഓപ്പറേഷനിൽ ബിൻ ലാദനെ അബട്ടാബാദിൽ വച്ച് കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഒബാമയും ട്രംപും വളരെക്കാലമായി ഈ തീവ്രവാദ നേതാക്കളെ ഭയപ്പെടുകയും ഇവരെ ഇല്ലാതാക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഏറ്റവും വലിയ രഹസ്യാന്വേഷണ ശൃംഖലയുള്ള ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന്റെ ശ്രമങ്ങൾക്കിടയിലും ബാഗ്ദാദിയും ലാദനും അജയ്യരായി ഏറെക്കാലം നിലകൊണ്ടു. മിഡിൽ ഈസ്റ്റിലെ സ്വന്തം ആവശ്യങ്ങൾക്കായി ഇരുവരെയും ഒരു കാലത്ത് യുഎസ് പിന്തുണച്ചിട്ടുണ്ട് എന്നതാണ് ഇതിലെ രസകരമായ സ്ഥിതിവിശേഷം. പിന്നീട് യുഎസ് തീരുമാനിച്ച സമയത്ത് ഇരുവരെയും പുറത്താക്കുകയും ചെയ്തു.
ബിൻ ലാദൻ പാക്കിസ്ഥാന്റെ സംരക്ഷണയിലാണെന്ന് അമേരിക്ക കുറച്ചുകാലം മുൻപുതന്നെ അറിഞ്ഞിരിക്കണം. പക്ഷേ, രാഷ്ട്രീയമായി പ്രയോജനപ്പെടുന്നതുവരെ പാക്കിസ്ഥാന്റെ വഞ്ചന തുറന്നുകാട്ടാൻ പ്രസിഡന്റ് ഒബാമ വിമുഖത കാണിച്ചിരിക്കാം. ബാഗ്ദാദിയുടെ കാര്യത്തിൽ, ഐഎസ് പിടിച്ചടക്കിയ പ്രദേശത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അയാളുടെ അന്ത്യം കുറിക്കപ്പെട്ടത്. റഷ്യ, തുർക്കി, സിറിയ എന്നീ രാജ്യങ്ങൾക്കായി യുഎസ് കളത്തിലിറങ്ങുമ്പോൾ ഐഎസിനെതിരായ അവസാന മുന്നേറ്റം കുഴപ്പത്തിലായി. അതിനാൽ, ഈ സമയം ബാഗ്ദാദിക്കെതിരെ യുഎസ് ആക്രമണം നടത്തിയത് അതിശയിപ്പിക്കുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഒരിക്കലും പുറത്തു വിടാറില്ല. എന്നാൽ, ബാഗ്ദാദിയെ പിടികൂടാനായി നടത്തിയ ഓപ്പറേഷനെക്കുറിച്ച് ട്രംപ് പത്രക്കാർക്കു മുൻപിൽ വാചാലനായത് വലിയ തോതിലുള്ള വിമർശനങ്ങൾക്കു കാരണമായി.

അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ബിൻ ലാദൻ വരുത്തിയ നാശനഷ്ടങ്ങൾ, ബാഗ്ദാദി ചെയ്തതിനേക്കാൾ വളരെ വലുതാണ്. അതിനാൽ ട്രംപിന്റെ പ്രഖ്യാപനത്തേക്കാൾ വളരെ വലുതാണ് ഒബാമ പ്രകടിപ്പിച്ച ആശ്വാസവും വിജയവും. എന്നാൽ, ഒബാമയുടെ വാക്കുകളിലെ അന്തസ്സും സംയമനവും ട്രംപ് ഉപയോഗിച്ച നികൃഷ്ടവും പ്രതികാരപരവുമായ വാക്കുകൾക്ക് വിരുദ്ധമായിരുന്നു. ട്രംപ് പറഞ്ഞു: ‘ഇന്നലെ രാത്രി അമേരിക്ക ലോകത്തെ ഒന്നാം നമ്പർ തീവ്രവാദി നേതാവിനെ നീതിപീഠത്തിനു മുന്നിലേക്ക് കൊണ്ടുവന്നു. അബൂബക്കർ അൽ ബാഗ്ദാദി മരിച്ചു. ലോകത്തെവിടെയും ഏറ്റവും ക്രൂരമായ അക്രമം അഴിച്ചുവിടുന്ന ഭീകര സംഘടനയായ ഐസിസിന്റെ നേതാവ്. അമേരിക്ക ഒട്ടറെ വർഷങ്ങളായി ബാഗ്ദാദിയെ തിരയുന്നു. അയാളെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നത് എന്റെ ഭരണത്തിന്റെ പ്രധാന ദേശീയ സുരക്ഷാ മുൻഗണനയാണ്. യുഎസ് പ്രത്യേക ഓപ്പറേഷൻ ഫോഴ്‌സ് വടക്കുപടിഞ്ഞാറൻ സിറിയയിൽ അപകടകരവും ധീരവുമായ റെയ്ഡ് നടത്തുകയും അവരുടെ ദൗത്യം ഗംഭീരമായ രീതിയിൽ നിർവഹിക്കുകയും ചെയ്തു. എനിക്ക് ആ ഓപ്പറേഷന്റെ ഭൂരിഭാഗം വസ്തുതകളും കാണേണ്ടിവന്നു.’ ബാഗ്ദാദിയെ കൊല്ലുന്നത് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ തന്റെ ദൗത്യമാണെന്നും ട്രംപ് പറഞ്ഞു.

ബാഗ്ദാദിയെ പിടികൂടാനായി യുഎസ് സൈന്യം നടത്തിയ ഓപ്പറേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ട ട്രംപിന്റെ നടപടി സ്വന്തം സുരക്ഷാ ഉപദേഷ്ടാക്കളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ‘ബാഗ്ദാദി തുരങ്കത്തിലേക്ക് ഓടിക്കയറുകയും, നിലവിളിക്കുകയും ചെയ്ത ശേഷം മരിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നായ്ക്കൾ അവരെ പിന്തുടരുമ്പോൾ അദ്ദേഹം തുരങ്കത്തിന്റെ അറ്റത്ത് എത്തി. അയാൾ ആത്മഹത്യ ചെയ്യുകയും തന്റെ മൂന്ന് കുട്ടികളെ സ്ഫോടനത്തിന് ഇരയാക്കുകയും ചെയ്തു. സ്ഫോടനത്തിൽ അയാളുടെ ശരീരം വികൃതമായി. ബാഗ്ദാദി ഒരു നേതാവിനെപ്പോലെയല്ല, ഭീരുവിനെപ്പോലെയാണ് മരിച്ചതെന്ന് അയാളുടെ അനുയായികൾ അറിയുന്നതിനായി വിശദാംശങ്ങൾ പുറത്തുവിടേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. അയാൾ ഒരു നായയെപ്പോലെയാണ് മരിച്ചത്, മരിക്കുന്നതിന് മുൻപ് അലമുറയിട്ട് കരയുകയും ചെയ്തു.’ ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഈ നടപടി പ്രധാനമായും തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നെന്ന് പരിശോധിച്ചാൽ മനസ്സിലാക്കാം. ബാഗ്ദാദി കൈവശം വച്ചിരുന്നതും ഭരിച്ചതുമായ പ്രദേശം നഷ്ടപ്പെടുകയും ഐഎസ് തന്നെ ദുർബലമാവുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ യുഎസ് നടപടി സ്വീകരിച്ചത്. ബാഗ്ദാദിയുടെ മരണം ട്രംപിനെ എങ്ങനെ സഹായിക്കുമെന്ന് ഇനിയും പറയാറായിട്ടില്ല. തന്റെ വിജയവും ഐഎസിന് ഉണ്ടായ തിരിച്ചടിയും കാരണം അദ്ദേഹം സ്വദേശത്തും വിദേശത്തും വലിയ പ്രശംസ നേടിയിട്ടുണ്ട്. ഐഎസിനെതിരായ പോരാട്ടത്തിന്റെ അവസാനം അടയാളപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ട്രംപ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ബാഗ്ദാദിയുടെ കൊലപാതകം അദ്ദേഹത്തിന് ഇതിനായുള്ള വഴി തുറന്നേക്കാം.

ബാഗ്ദാദിയുടെ മരണം മധ്യപൂർവ ദേശത്തെ തീവ്രവാദ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെങ്കിലും അത് ഐഎസിന്റെയോ തീവ്രവാദത്തിന്റെയോ അവസാനമാകില്ല. ബാഗ്ദാദിയുടെ മരണം ഐഎസ് സ്ഥിരീകരിക്കുകയും അദ്ദേഹത്തിന്റെ പിൻഗാമിയെ പ്രഖ്യാപിക്കുകയും ചെയ്ത രീതി, അടുത്ത മാസങ്ങളിൽ ഉണ്ടായ തിരിച്ചടികൾക്കിടയിലും ആ സംഘടന അവസാനിക്കുന്നില്ല എന്നതിന്റെ എന്നതിന്റെ സൂചനയാണ്. ഈ മാസം തുർക്കി സൈനിക നടപടിക്കിടെ നൂറുകണക്കിന് ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിനാൽ ഈ സംഘം ഇപ്പോഴും സിറിയയ്ക്ക് ഭീഷണിയാണ്.
ഐഎസിന്റെ പ്രധാന ഉപകരണം ഇന്റർനെറ്റാണ്. അവരുടെ വെബ്‌സൈറ്റുകളിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ ആളുകളെ അവരിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. തങ്ങൾ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ ശുദ്ധമായ ഭരണം നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് പലരും വിശ്വസിച്ചു. എന്നാൽ ഇപ്പോൾ ഐഎസിൽ ശേഷിക്കുന്ന പ്രവർത്തകർക്ക് അത്തരം പ്രചാരണ പരിപാടികൾ നടത്താൻ കഴിയുമോ എന്നത് സംശയമാണ്. ഗ്രൂപ്പിലെ പല അംഗങ്ങളും അഭിമുഖങ്ങളിൽ തങ്ങൾ ഒരു വ്യക്തിക്കുവേണ്ടിയല്ല, മറിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് ബിൽഡിങ് പ്രോജക്റ്റ് എന്ന വലിയ ലക്ഷ്യത്തിനുവേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ബാഗ്ദാദിയുടെ വ്യക്തിപ്രഭാവം സംഘടനയ്ക്ക് മറ്റൊരി മുഖം നൽകിയിരുന്നു എന്നത് തർക്കരഹിതമാണ്. ഒരു പുതിയ നേതാവിനു കീഴിൽ, പ്രവർത്തനങ്ങൾ പുനക്രമീകരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും ഒട്ടേറെ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ബാഗ്ദാദിയുടെ മരണം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലയെ ദുർബലപ്പെടുത്തും. ഇത് അതിന്റെ ചില അനുബന്ധ സംഘടനകൾക്ക് സ്വാതന്ത്ര്യം ഉറപ്പിക്കാൻ കാരണമായേക്കാം അല്ലെങ്കിൽ അവർ ഉൾപ്പെടുന്ന പ്രാദേശിക സംഘട്ടനങ്ങൾ മാത്രമായി ചുരുങ്ങിപ്പോകാം.

2011 മേയ് മാസത്തിൽ ഒസാമ ബിൻ ലാദന്റെ കൊലപാതകത്തെത്തുടർന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന് അൽ ഖ്വയ്ദയുടെ പാത പിന്തുടരാനായി. അദ്ദേഹത്തിന്റെ മരണശേഷം അൽ ഖായിദയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ ബിൻ ലാദന്റെ ദീർഘകാല ഡപ്യൂട്ടിയായിരുന്ന അയ്മാൻ അൽ സവാഹിരിയെ നിയമിച്ചു. എന്നാൽ ഗ്രൂപ്പിന്റെ രാജ്യാന്തര ശൃംഖലയെ ഒരുമിച്ച് നിർത്തുന്നതിനുള്ള പാടവവും കഴിവും സവാഹിരിക്ക് ഇല്ലായിരുന്നു. ഇങ്ങനെ വലിയ ഒരു ശക്തി വിഭജിക്കപ്പെടുമ്പോൾ ഒട്ടേറെ ചെറിയ ഗ്രൂപ്പുകൾ പ്രാദേശികമായി ഉയർന്നു വരും. അവർ കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചു കൊള്ളണമെന്നുമില്ല. അവർക്ക് അവരുടേതായ പ്രവർത്തന മേഖലയും രീതികളും ഉണ്ടാകും. ഗ്രീക്ക് പുരാണത്തിലെ ഹൈഡ്ര പോലെയാണ് തീവ്രവാദ ഗ്രൂപ്പുകൾ, ഏറെ തലകളുള്ള പാമ്പിനെപ്പോലുള്ള രാക്ഷസൻ, നിങ്ങൾ ഒരു തല ഛേദിച്ചുകളഞ്ഞാൽ രണ്ടെണ്ണം കൂടി അതിന്റെ സ്ഥാനത്ത് വളരും.

എന്നാൽ, ഐഎസ് പ്രത്യയശാസ്ത്രം ബാഗ്ദാദിയെ അതിജീവിക്കാൻ സാധ്യതയുണ്ട്, പക്ഷേ അതിന്റെ കരുത്ത് സംഘടനയ്ക്കുണ്ടാകുന്ന പിന്തുണയെ ആശ്രയിച്ചിരിക്കും. ബാഗ്ദാദിയുടെ പിൻഗാമിയായി വരുന്ന വ്യക്തിക്കും ബാഗ്ദാദിയെപ്പോലെ ഭാവിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സാധിച്ചേക്കാം. റഷ്യ, തുർക്കി, സിറിയ തുടങ്ങിയ മേഖലയിലെ ശക്തികളുടെ പുതിയ ക്രമീകരണം ഐഎസിന്റെ ഭാഗ്യത്തെയും ബാധിച്ചേക്കാം.