വെറുതായാകരുത്, ഷഹ്‌ലയുടെ മരണം

shehla-school-TPS
SHARE

കഴിഞ്ഞ കുറെ നാളുകളായി മലയാളിയുടെ ഒരു ദിവസം ആരംഭിക്കുന്നതു തന്നെ മോശം വാർത്തകളുമായിട്ടാണ്. കൊലപാതകം, ബലാത്സംഗം, അപകടങ്ങൾ, അക്രമം എന്നിവയുടെ കഥകൾ പത്രങ്ങളിൽ നിറഞ്ഞിരിക്കുന്നു. നല്ല വാർത്ത ഒരു വാർത്തയല്ലെന്നും മോശം വാർത്തകൾക്ക് മാത്രമാണ് പ്രാധാന്യം ലഭിക്കുന്നതെന്നും ചിലർ പറയുന്നു. ഏറ്റവും ഭയാനകമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളോടും അപകടങ്ങളോടും നമ്മൾ നിർവികാരമായാണ് പ്രതികരിക്കുന്നത്. 

സുൽത്താൻ ബത്തേരിയിലെ ഒരു സർക്കാർ സ്‌കൂളിൽ പാമ്പുകടിയേറ്റ് പത്തുവയസ്സുകാരി ഷഹ്‌ല ഷെറിന്റെ ദാരുണമായ മരണം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആഴത്തിലുള്ള അശ്രദ്ധയെ പുറത്തെത്തിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിഷ്കൃത സ്വഭാവം എന്നിവയിൽ കേരളം നേടി  എന്നു വീമ്പു പറയുന്ന നമ്മുടെ അവകാശവാദങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ഇത് തെളിയിച്ചു. ആ സ്കൂളിൽ അന്നു സംഭവിച്ചത് പരിഷ്കൃത ലോകത്തിന്റെ ഒരു ഭാഗത്തും സംഭവിക്കാനിടയില്ല. നമ്മളിൽ ഭൂരിപക്ഷം ആളുകളുടെയും പ്രതികരണം പക്ഷേ ശബരിമലയുടെ കാര്യത്തിലായിരുന്നു. ഇത്രയും ഉയർന്ന ചിന്തയുള്ള മലയാളികൾ പ്രതിസന്ധികളുണ്ടാകുന്ന നിമിഷങ്ങളിൽ യുക്തിരഹിതമായും ക്രൂരമായും പെരുമാറുന്നത് എന്തുകൊണ്ട് എന്നതാണ് ഏറ്റവും വലിയ ചോദ്യം.

പൊലീസ് പറയുന്നതനുസരിച്ച്, ഷഹ്‌ലയുടെ കാൽ ക്ലാസിലെ തറയിലെ ഒരു പൊത്തിൽ കുടുങ്ങിപ്പോയി, അവളുടെ കാൽ പുറത്തെടുക്കുമ്പോഴേക്കും അതിൽ രണ്ട് രക്ത പാടുകൾ ഉണ്ടായിരുന്നു. ചില വിദ്യാർഥികൾ പാമ്പുകടിയേറ്റ സാധ്യതയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂളിലെ അധ്യാപകർ വിസമ്മതിച്ചു. തറയിലെ പൊത്തിലുള്ള മൂർച്ചയേറിയ അരികുകളാണ് ചുവന്ന പാടുകൾ ഉണ്ടാക്കിയത് എന്ന് അധ്യാപകർ തറപ്പിച്ചുപറഞ്ഞു. സംഭവം നടന്ന് മുപ്പത് മിനിറ്റിനുശേഷം പിതാവ് സ്‌കൂളിലെത്തിയ ശേഷമാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

shahla

ഷഹ്‌ലയെ ആദ്യം സുൽത്താൻ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവളുടെ നില വഷളായതോടെ അവളെ വീണ്ടും ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരിയായ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ പരിശീലനം, സാങ്കേതികവിദ്യ, ഉത്തരവാദിത്തം, ആരോഗ്യ സൗകര്യങ്ങൾ, ഉത്തരവാദിത്ത ബോധം എന്നിവ ഇല്ലാത്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രക്തസാക്ഷിയായി ഷഹ്‌ല മാറി.

കേരളത്തിലെ പഴഞ്ചൻ കാഴ്ചപ്പാട് അനുസരിച്ച് ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ ഉള്ള ഒരാളാണ് അനുയോജ്യമായ വിദ്യാർഥി. താഴ്ന്ന ജീവിതവും ഉയർന്ന ചിന്തയും അറിവിനെ പ്രോത്സാഹിപ്പിക്കുമെന്നതാണ് ഈ ആശയം.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കാഴ്ചപ്പാട് ഇപ്പോഴും പവിത്രമായാണ് നമ്മൾ കൊണ്ടുനടക്കുന്നത്. ആയിരക്കണക്കിന് സർക്കാർ സ്കൂളുകൾ “ഹൈടെക്” ആക്കി എന്നാണ് സംസ്ഥാന സർക്കാരിന്റെ സമീപകാലത്തെ അവകാശവാദം, അടിസ്ഥാനപരമായി ബ്ലാക്ക് ബോർഡുകൾക്ക് പകരം വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു എന്നതാണ് ഈ ഹൈടെക് ആകലിന്റെ പിന്നിലെ യാഥാർഥ്യം. വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനുകളും ഇപ്പോഴും പ്രാകൃത അവസ്ഥയിൽ നിന്നു മുന്നോട്ട് പോയിട്ടില്ല. മിക്ക സൗകര്യങ്ങളും വളരെ അപൂർവമായി മാത്രമെ ഉപയോഗിക്കുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകൾ പലതും സ്ഥിതിചെയ്യുന്നത് വനമേഖലയിലാണ്. അപകടങ്ങളും വന്യജീവിയുടെ ആക്രമണങ്ങളും വരെ വളരെ സാധാരണമാണ്. സ്കൂളിൽ പാമ്പുകളുടെ പൊത്തുകളുള്ള തറകൾ ഗൗരവമായി എടുക്കുന്നില്ല. ഉയർന്ന ജീവിതമില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സുരക്ഷിതമായ ജീവിതം എങ്കിലും ഉറപ്പാക്കണം.

ദാരുണമായ ആ സംഭവത്തോട് അധ്യാപകരുടെ പ്രതികരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ദാരുണമായ ഉത്തരവാദിത്തമില്ലായ്മ വെളിപ്പെടുത്തി. അധ്യാപകരുടെ പരിശീലനത്തിന്റെ ബലഹീനതയാണിത്. അധ്യാപകരുടെ പരിശീലനം പെഡഗോഗി മാത്രമായിരിക്കരുത്. കുട്ടിയുടെ അവകാശങ്ങളും അവരുടെ ജീവിതവും സംരക്ഷിക്കുന്നതിൽ അധ്യാപകർ മാതാപിതാക്കളോടൊപ്പം നിൽക്കുന്നതിനാൽ കടൽത്തീരത്തെ ലൈഫ് ഗാർഡുകളെപ്പോലെ ആകാൻ അവരെ പരിശീലിപ്പിക്കണം.

shahla-sarvajana

കുട്ടികളെ സംരക്ഷിക്കാനുള്ള മാനസികാവസ്ഥയും ഉപകരണങ്ങളും അവർ സജ്ജീകരിച്ചിരിക്കണം. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുമ്പ് മാതാപിതാക്കൾ ഹാജരാകാൻ അധ്യാപകർ കാത്തിരുന്ന രീതി നിന്ദ്യം മാത്രമല്ല കുറ്റകരവുമായിരുന്നു. കുട്ടികൾ ഉൾപ്പെടുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ ചെയ്യാൻ പല രാജ്യങ്ങളിലെയും അധ്യാപകർക്ക് പരിശീലനം നൽകുന്നുവെന്നുള്ള കാര്യം പരിഷ്കൃത കേരളം ഇനിയും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

വികസിത രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളുമായി പൊരുത്തപ്പെടുന്നതിൽ കേരളം വിജയം കൈവരിച്ചുവെന്ന് പ്രശസ്ത കേരള മോഡൽ ഓഫ് ഡവലപ്മെന്റ് പറയുന്നു. എന്നാൽ, വികസിത രാജ്യങ്ങളിൽ മറ്റൊരിടത്തും പാമ്പുകടിയേറ്റ പെൺകുട്ടിയെ മരണത്തിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ടാകില്ല.

തീരുമാനമെടുക്കുന്നതിൽ സ്വയംഭരണത്തിന്റെ അഭാവം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ മറ്റൊരു പ്രശ്നമാണ്. സ്വയംഭരണ ഉണ്ടാകുന്നതോടെ ഉത്തരവാദിത്ത ബോധം കൈവരുന്നു, സ്വയംഭരണമുണ്ടെങ്കിൽ ഒരു അധ്യാപകനോ ഡോക്ടറോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ല. അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദിത്തമുണ്ടായിരുന്നെങ്കിൽ മാത്രമേ അവർ അവ നിറവേറ്റുകയുള്ളൂ. 

shehla

അധ്യാപകർക്ക് അവരുടെതായ ദുരിത കഥകളുണ്ട്. ഒരു യുവ അസിസ്റ്റന്റ് പ്രൊഫസർ അടുത്തിടെ പറയുന്നത് കേട്ടു, കഴിഞ്ഞ പത്തുവർഷമായി ഈ സംവിധാനം അദ്ദേഹത്തിൽ നിന്ന് ഒരു അധ്യാപകനേക്കാൾ കൂടുതൽ ഒരു ഗുമസ്തനാകാനാണ് സഹായിച്ചതെന്ന്. അദ്ദേഹം പറയുന്നു, “ഉന്നത വിദ്യാഭ്യാസത്തിൽ ഒരു മാതൃകാപരമായ മാറ്റം സംഭവിക്കണമെന്നും ഈ സമ്പ്രദായത്തിന്റെ സമ്പൂർണ നവീകരണം നടക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു.  ഉന്നത വിദ്യാഭ്യാസമാകട്ടെ ‘ഐസിയുവിൽ നിന്ന് മാറി വെന്റിലേറ്ററി’ലെത്തിയിരിക്കുന്നു. ഞാൻ മനുഷ്യരൂപം മാത്രമുള്ള ഒരു യന്ത്രമായി രൂപാന്തരപ്പെട്ടു. ഇത്തരെ അനേകം  യന്ത്രങ്ങളെ നിർമിക്കുന്ന ജോലിയിൽ ഞാൻ ഏർപ്പെട്ടിരിക്കുന്നതിനാൽ എന്നെ ശല്യപ്പെടുത്തരുത്.”

ഇത്തരം യാന്ത്രങ്ങൾ മാത്രമായ മനുഷ്യരെ നിർമ്മിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം ഒരു രോഗാവസ്ഥയാണ്, അതിന് അടിയന്തരമായ മാറ്റവും ആവശ്യമാണ്. പാമ്പുകടിയേറ്റ കുട്ടി ചെയ്തത് പരമമായ ജീവത്യാഗം തന്നെയാണ്. എന്നാൽ, വിദ്യാഭ്യാസ വിദഗ്ധർ അവരുടെ പാഠങ്ങൾ പഠിക്കുകയും സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തിരുന്നെങ്കിൽ അവൾക്ക് ആ ദുരന്തം സംഭവിക്കില്ലായിരുന്നു. ഇനിയെങ്കിലും നമ്മുടെ കുട്ടികൾക്ക് ഷഹ്‌ലയുടെ വിധി ഉണ്ടാകാതെ രക്ഷിക്കണം. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ