ഐശ്വര്യപ്രദവും സമാധാനപൂർണവുമായ പുതുവർഷം ആശംസിച്ചു കഴിയും മുമ്പ് യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന സംഭ്രമജനകമായ കാഴ്ചയാണ് 2020 ന്റെ ഉദയത്തിൽ കാണുവാൻ കഴിയുന്നത്. ഇറാനിലെ അതിശക്തനായ സൈനികോദ്യോഗ്യസ്ഥനും അന്നാട്ടിലെ ഭരണസംവിധാനത്തിൽ രണ്ടാം സ്ഥാനക്കാരനുമായ ജനറൽ ഖാസിം സുലൈമാനിയെ അയൽരാജ്യമായ ഇറാഖിലെ ബഗ്‌ദാദ് രാജ്യാന്തര വിമാനത്താവളത്തിനു പുറത്തുവച്ച് അമേരിക്ക (യുഎസ്എ) മിസൈലാക്രമണത്തിൽ കൊലപ്പെടുത്തിയതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമായത്. അഞ്ചാം ദിവസം ഇറാഖിലെ രണ്ട് അമേരിക്കൻ സൈനികത്താവളങ്ങളിൽ ഇറാൻ നടത്തിയ പ്രത്യാക്രമണവും പോർവിളികളും കൂട്ടിവായിക്കുമ്പോൾ പുതുവർഷം ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെ ദിനങ്ങളാകുമോയെന്ന ഭീതി വളരുന്നു.

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതു മുതൽ കൈക്കൊണ്ട തീരുമാനങ്ങളാണ് മധ്യപൂർവദേശത്തെ വീണ്ടും അശാന്തിയുടെ മുൾമുനയിലെത്തിച്ചത്. ഇറാനുമായി ഒപ്പുവച്ച അണ്വായുധ നിയന്ത്രണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപ്, ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയുമായി പലതവണ കൊമ്പുകോർത്തു. എന്നാൽ, ഇതേ ട്രംപ് തന്നെ പിന്നീട് സമാധാനപാതയിലേക്കു വരുന്നതായും തോന്നി. ഉത്തര കൊറിയയുമായി നടത്തിയ സമാധാന ചർച്ചയും അഫ്ഗാനിസ്ഥാനിൽ താലിബാനുമായി നടത്തിയ ചർച്ചകളും പ്രസിഡന്റ് ട്രംപിന് സമാധാനദൂതന്റെ പരിവേഷം നൽകുകയും അദ്ദേഹത്തിനു നൊബേൽ പുരസ്കാരം ലഭിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. സമാധാന നൊബൈൽ ഇത്യോപ്യയിലെ പ്രധാനമന്ത്രി അബി അഹമ്മദിനും ‘പഴ്സൻ ഓഫ് ദി ഇയർ’ പുരസ്കാരം കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന പെൺകുട്ടി ഗ്രേറ്റ ട്യുൻബെർഗിനുമാണ് ലഭിച്ചതെങ്കിലും വാർത്തകളിൽ നിറഞ്ഞു നിന്നത് ട്രംപ് തന്നെയായിരുന്നു.
യുക്രെയ്ൻ പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തി രാഷ്ട്രീയ എതിരാളി ജോ ബൈഡനെ കുടുക്കാൻ ശ്രമിച്ചു വെള്ളത്തിലായ ട്രംപ് ഇംപീച്മെന്റ് നടപടി നേരിടുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇംപീച്മെന്റ് പ്രമേയം അംഗീകരിച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വമുള്ള സെനറ്റിൽ അതു പരാജയപ്പെടുമെന്ന് ഉറപ്പാണ്. മാത്രമല്ല, ഈ വർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അധികാരം നിലനിർത്താൻ തന്നെയാണ് സാധ്യത. അതിനു നിലമൊരുക്കുന്നതിനാണ് ഇറാനുമേൽ യുദ്ധം അടിച്ചേൽപ്പിക്കുന്നതെന്നു യുഎസിലും വിമർശനം ഉയരുന്നുണ്ട്.
ട്രംപ് കഴിഞ്ഞാൽ കഴിഞ്ഞവർഷം കൂടുതൽ വാർത്തകൾ യുകെയിലെ ബ്രെക്സിറ്റിനെക്കുറിച്ചായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരുന്നതിനുള്ള ഉടമ്പടി യാഥാർഥമാക്കാൻ കഴിയാതെ പ്രധാനമന്ത്രി തെരേസ മേ പടിയിറങ്ങിയെങ്കിലും പിൻഗാമിയായി എത്തിയ ബോറിസ് ജോൺസൻ അത് യാഥാർഥ്യമാക്കുമെന്ന് ഉറപ്പാണ്. ബദൽ നിർദേശം മുന്നോട്ടുവയ്ക്കാൻ കഴിയാത്ത പ്രതിപക്ഷ ലേബർ പാർട്ടിയുടെ പിടിപ്പുകേടാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ ജോൺസന് മിന്നുന്ന ജയം നേടിക്കൊടുത്തത്. ഏതായാലും യൂറോപ്യൻ യൂണിയനിൽ നിന്നു വിടുതൽ നേടുന്നതോടെ വടക്കൻ അയർലൻഡും സ്കോട്ട്ലൻഡും യുണൈറ്റഡ് കിങ്ഡം എന്ന യുകെയിൽ നിന്ന് വേർപിരിയുമോയെന്നാണ് ഇനി അറിയാനുള്ളത്.

കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണു സൂചനകൾ. ബിൽ പിൻവലിച്ചെങ്കിലും കൂടുതൽ ജനാധിപത്യാവകാശങ്ങൾക്കായി യുവാക്കൾ സമരം തുടരുകയാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ ചൈന തയാറാകുമെന്നു കരുതുക വയ്യ. നിലപാടുകളിൽ അണുവിട വിട്ടുവീഴ്ച ചെയ്യാതെ പരമാവധി സംയമനം പാലിച്ച് പ്രക്ഷോഭം അമർച്ചചെയ്യാനായിരിക്കും ഷി ചിൻപിങ് ഭരണകൂടം ശ്രമിക്കുക.

പാക്കിസ്ഥാൻ ഈ വർഷവും കശ്മീർ വിഷയം രാജ്യാന്തരവേദികളിൽ കത്തിക്കാൻ ശ്രമിക്കും. കരസേനാ മേധാവിയുടെ പുനർനിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാക്ക് ഭരണസംവിധാനത്തിൽ അസ്വസ്ഥത പടരുന്നുണ്ട്. സംഘർഷങ്ങൾക്കിടയിലും കർത്താർപുർ ഇടനാഴി തുറന്നത് ഇന്ത്യ–പാക്ക് ബന്ധത്തിൽ രജതരേഖയാണ്.

അഫ്ഗാനിസ്ഥാനിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ ആഹ്ലാദം ജനിപ്പിക്കുന്നു. ശ്രീലങ്കയിലെയും മാലദ്വീപിലെയും പുതിയ ഭരണനേതൃത്വങ്ങൾ ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നതും ശുഭോദർക്കമാണ്. നേപ്പാളിലെ ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന ഇന്ത്യ വിരുദ്ധ മനോഭാവം ഇല്ലാതാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.
ഇന്ത്യയും ചരിത്രത്തിന്റെ ദശാസന്ധിയിലൂടെ കടന്നുപോകുകയാണ്. കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നിയമഭേദഗതിയും പരിഷ്കരിച്ച പൗരത്വനിയമവും രാജ്യാന്തര തലത്തിൽ നമ്മുടെ പ്രതിഛായയെ എങ്ങനെ ബാധിക്കുമെന്നു പ്രവചിക്കാൻ എളുപ്പമല്ല. എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവരുമായി നടത്തിയ വിജയകരമായ കൂടിക്കാഴ്ചകൾ ലോകവേദികളിൽ ഇന്ത്യയുടെ സ്വാധീനവും കരുത്തും വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണനേതൃത്വം കണക്കുകൂട്ടുന്നുണ്ടാവണം.

2020 ൽ വികസിത രാഷ്ട്രമാകണമെന്ന മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ നമുക്കു കഴിഞ്ഞില്ല. വർധിത വീര്യത്തോടെ ലക്ഷ്യത്തിലേക്കു മുന്നേറാൻ നമ്മുടെ യുവാക്കൾക്കു കഴിയട്ടെ. അവരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച വിഖ്യാത ശാസ്ത്രകാരനുള്ള സ്നേഹോപഹാരം അതുതന്നെയാകട്ടെ.