യൂറോപ്യൻ യൂണിയനിൽ നിന്നു വിട്ടുപോരുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ബ്രിട്ടിഷ് ജനത തലപുകയ്ക്കുന്നതിനിടയിലാണ് രാജകീയ ചുമതലകൾ ഉപേക്ഷിച്ച് വിൻഡ്സർ കൊട്ടാരം വിടാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗൻ മാർക്കിളിന്റെയും തീരുമാനം കുടുംബാംഗങ്ങൾക്കിടയിൽ പ്രകമ്പനം സൃഷ്ടിച്ചത്. യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു ബ്രെക്സിറ്റ് എന്ന പേരു നൽകിയ മാധ്യമങ്ങൾ ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനത്തെ ‘മെക്സിറ്റ്’ എന്നു വിശേഷിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ അത് മേഗന്റെ തീരുമാനമായിരുന്നു.
രാജകുടുംബവുമായി ഒത്തുപോകാനാവാതെ ഹാരിയുടെ അമ്മ ഡയാന രാജകുമാരി തൊണ്ണൂറുകളിൽ രാജകീയ പദവികൾ ഉപേക്ഷിച്ചിരുന്നു. അതിനു മുൻപ് 1936 ൽ, മുൻപ് രണ്ടുതവണ വിവാഹിതയായ അമേരിക്കക്കാരി വാലിസ് സിംപ്സണെ ജീവിതപങ്കാളിയാക്കുന്നതിനായി എഡ്വേർഡ് എട്ടാമൻ സിംഹാസനം ഉപേക്ഷിച്ചു. ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ ഇതിനു സമാനമായാണ് കൊട്ടാരം ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി നേരിട്ട് പ്രശ്നത്തിൽ ഇടപെടുകയും ചില നീക്കുപോക്കുകൾക്കു ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആത്യന്തികമായി ഇത് ഹാരിയുടെയും മേഗന്റെയും വിവാഹമോചനത്തിൽ കലാശിക്കുമെന്ന് കൊട്ടാരവാർത്തകളിൽ എന്നും തൽപരരായ ബ്രിട്ടിഷ് ജനത കണക്കുകൂട്ടുന്നു.
കുടുംബാംഗങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്തശേഷമാണ് ഹാരിയും മേഗനും സ്വന്തം വഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചതെങ്കിലും അവരുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. കൊട്ടാരത്തിന് അതത്ര രസിച്ചില്ലെന്നും രാജ്ഞിയുടെ പ്രതികരണം വ്യക്തമാക്കുന്നു. ബ്രിട്ടിഷ് സിംഹാസനത്തിനു പൂർണ പിന്തുണ നൽകിക്കൊണ്ടുതന്നെ സ്വന്തമായി മറ്റൊരു ജീവിതമാർഗം കണ്ടെത്തണമെന്ന ഇരുവരുടെയും ആഗ്രഹം കൊള്ളാമെങ്കിലും അതിനുള്ള നടപടിക്രമം വളരെ സങ്കീർണവും സമയമെടുക്കുന്നതുമാണെന്നായിരുന്നു ബെക്കിങ്ങാം കൊട്ടാരം പ്രതികരിച്ചത്. ഇത്തരമൊരു തീരുമാനത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കാൻ കുടുംബം പരമാവധി ശ്രമിച്ചുവെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
രാജവംശത്തിൽപെടാത്ത, കറുത്തവർഗക്കാരിയുടെ മകളും വിവാഹമോചിതയുമായ മേഗന് കൊട്ടാരത്തിൽ നേരിടേണ്ടിവന്ന അവഗണന തുടക്കം മുതൽ ദമ്പതികളെ വിഷമിപ്പിച്ചിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. രണ്ടു വർഷത്തിനകം ഇവർ കൊട്ടാരം വിട്ട് കാനഡയിൽ താമസമാക്കുമെന്നു ഡയാനയുടെ ജ്യോതിഷിയായി അറിയപ്പെടുന്ന ഡെബ്ബി ഫ്രാങ്ക് അന്നേ പ്രവചിച്ചിരുന്നു. ഈ പ്രവചനം ഇരുവരുടെയും ഗ്രഹനില കണക്കാക്കി മാത്രമായിരുന്നില്ല. ഉയരങ്ങളിലെത്തണമെന്ന മേഗന്റെ അഭിലാഷവും അതിനു വേണ്ടി നിലകൊള്ളാനുള്ള തന്റേടവും അനിവാര്യമായും ഇത്തരമൊരു സ്ഥിതിയിലെത്തിക്കുമെന്ന് ഫ്രാങ്ക് കണക്കുകൂട്ടി. രാജകീയ പദവിയുടെ വിശേഷാധികാരങ്ങളിൽ അഭിരമിച്ച നടി മേഗന് ഒരിക്കലും അതിന്റെ കടമകളും യാഥാസ്ഥിതികമായ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മേഗന്റെ ഈ സ്വഭാവവിശേഷം ചാൾസ് രാജകുമാരനും എലിസബത്ത് രാജ്ഞിയും മുൻകൂട്ടി മനസ്സിലാക്കിയിരുന്നുവെന്നു വേണം കരുതാൻ. അവരുടെ പശ്ചാത്തലം യാഥാസ്ഥിതിക പാരമ്പര്യം പിന്തുടരുന്ന കൊട്ടാരത്തിൽ അലോസരം സൃഷ്ടിച്ചേക്കാമെന്നും അവർ കണക്കൂകൂട്ടി. അത്തരമൊരു തോന്നൽ ചെറുമകന്റെ വധുവിന് തോന്നാതിരിക്കാനാണ് വിവാഹത്തിനു മുൻപുപോലും കൊട്ടാരത്തിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേരാൻ രാജ്ഞി മേഗനെ ക്ഷണിച്ചത്. ചാൾസും പുത്രവധുവുമായി ആത്മബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു. ‘ടങ്സ്റ്റൺ’ എന്ന ചെല്ലപ്പേരു മേഗന് നൽകിയ ചാൾസ്, ഇത്ര കഠിനമായ തീരുമാനമെടുക്കരുതെന്ന് മരുമകളെ ഉപദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ മകന്റെയും ഭാര്യയുടെയും തീരുമാനം അദ്ദേഹത്തിന് ആഘാതമായി.
ബ്രിട്ടനിലെ മാധ്യമങ്ങൾ മേഗനെ വിടാതെ പിന്തുടരുന്നതും ഹാരിയെ വിഷമിപ്പിച്ചിരുന്നു. അമ്മയുടെ അപകടമരണത്തിനിടയാക്കിയ ‘പപ്പരാസികൾ’ ഭാര്യയെയും ശല്യപ്പെടുത്തുന്നത് രാജകുമാരന്റെ സ്വൈരം കെടുത്തി. പശ്ചാത്തലം എന്തുതന്നെയായാലും രാജകീയ പദവികൾ ഉപേക്ഷിക്കാനും സ്വന്തം വഴി തേടാനുമുള്ള ഹാരി– മേഗൻ ദമ്പതികളുടെ തീരുമാനം അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയെന്നവേണം പറയാൻ. എലിസബത്ത് രാജ്ഞിക്കും ചാൾസ് രാജകുമാരനും അത് മറ്റൊരു തലവേദനയാവുകയും ചെയ്തു. കാനഡയിൽ ഇവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവിടുത്തെ സർക്കാരിനും ഉടൻ തീർപ്പാക്കേണ്ട വിഷയമായി മാറി.