മഹാമാരി വന്നാലും മറ്റ് എന്തുതന്നെ സംഭവിച്ചാലും കശ്മീർ വിട്ടൊരു നയതന്ത്രം പാക്കിസ്ഥാനു വശമില്ല. ഇക്കാരണം കൊണ്ടു തന്നെ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ‘സാർക്’ പുനരുജ്ജീവിപ്പിക്കാനുള്ള അസുലഭ സന്ദർഭം ഇമ്രാൻഖാൻ നഷ്ടപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുത്ത് സാർക് രാഷ്ട്രത്തലവന്മാരുടെ വിഡിയോ കോൺഫറൻസ് വിളിച്ചു ചേർത്തപ്പോൾ അതിൽ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചതിലൂടെ, ജഡാവസ്ഥയിലായ സഖ്യത്തിനു പുതുജീവൻ നൽകാനുള്ള അവസരമാണ് ഇമ്രാൻ കൊട്ടിയടച്ചത്. ആ വേദിയിൽ ഉഭയകക്ഷി തർക്കം ഉന്നയിച്ച അദ്ദേഹത്തിന്റെ ആരോഗ്യസഹമന്ത്രി ഒരു ചുവടുകൂടി പിന്നോട്ടുപോയി. മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായം കൊറോണക്കാലത്തെ രാജ്യാന്തര ഫലിതമായി മാറുകയും ചെയ്തു.
പകർച്ചവ്യാധിയിൽ നിന്നു രക്ഷതേടി ലോകം മുഴുവൻ അടച്ചുപൂട്ടുമ്പോൾ, രോഗപ്രതിരോധമെന്ന നിലയിൽ കശ്മീരിലെ ലോക്ഡൗൺ പിൻവലിക്കണമെന്നായിരുന്നു പാക് ആരോഗ്യസഹമന്ത്രി സഫർ മിർസയുടെ നിർദേശം. അദ്ദേഹം ഒരേസമയം, പകർച്ചവ്യാധി വിദഗ്ധനും കശ്മീർ വിദഗ്ധനുമാണെന്നു തെളിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോതെ ഷെറിങ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
നൂറ്റാണ്ടിലെ മഹാമാരിയെ ചെറുക്കാൻ ലോകമൊന്നാകെ ഭിന്നതകൾ മറന്ന് ഒരുമിച്ചുനിൽക്കാൻ ശ്രമിക്കുമ്പോൾ, ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മികച്ചൊരു ചുവടുവയ്പായി. ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന നിലാപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇക്കാരണം കൊണ്ടാണ് പാക്കിസ്ഥാനിൽ നടക്കേണ്ടിയിരുന്ന സാർക് സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനം ഫലത്തിൽ സാർക്കിനെ ജഡാവസ്ഥയിലാക്കുകയും ചെയ്തു.
ഈ അനിശ്ചിതാവസ്ഥയ്ക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് സന്ദിഗ്ധ ഘട്ടത്തിൽ ഒരുമിച്ചുനിൽക്കാനുള്ള ആഹ്വാനം ഇന്ത്യ മുന്നോട്ടുവച്ചത്. മറ്റു രാഷ്ട്രത്തലവന്മാർ സാകൂതം അതിനെ സ്വാഗതം ചെയ്തതും പരിഹാരത്തിനുള്ള അവസരം എന്ന നിലയിലാണ്. ദൗർഭാഗ്യവശാൽ, അതു മനസ്സിലാക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടു. വളരെക്കാലത്തിനു ശേഷം മനുഷ്യോപകാരപ്രദമായി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് സാർക് രാഷ്ട്രങ്ങൾക്ക് കൈവന്നിരിക്കുന്നത്. അതിനു മുൻകയ്യെടുത്ത ഇന്ത്യ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഔദാര്യമാണ് പ്രകടിപ്പിച്ചത്. പഴയ ഗുജ്റാൽ സിദ്ധാന്തത്തെ ഓർമപ്പെടുത്തുന്നതായിരുന്നു മോദിയുടെ പ്രഖ്യാപനങ്ങൾ. അദ്ദേഹം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു.
1. ഒരു കോവിഡ് അടിയന്തര സഹായനിധി രൂപീകരിക്കാം. അതിലേക്ക് പ്രാരംഭമായി ഇന്ത്യ ഒരു കോടി ഡോളർ സംഭാവന നൽകാം.
2. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്ന ദ്രുതകർമസേനയ്ക്കു രൂപം നൽകാം. എല്ലാ രാജ്യങ്ങൾക്കും ആവശ്യംപോലെ ഉപയോഗിക്കാവുന്ന വിധം ഒരുക്കിനിർത്തുന്ന ഈ സേനയ്ക്കു വേണ്ടി ഉപകരണങ്ങളും ടെസ്റ്റ് കിറ്റുകളും സജ്ജമാക്കണം.
3. ഈ സേനയ്ക്കു പരിശീലനം നൽകുന്നതിന് ഓൺലൈൻ പരിശീലന മൊഡ്യൂൾ ഇന്ത്യ തയാറാക്കാം. ഇതുവരെയുള്ള ചികിത്സാ അനുഭവങ്ങളുടെയും വിദഗ്ധോപദേശത്തിന്റെയും അടിസ്ഥാനത്തിലുള്ള ഈ മൊഡ്യൂളുകൾ ഏവർക്കും ഗുണകരമാകും.
4. രോഗനിരീക്ഷണത്തിന് പോർട്ടൽ തയാറാക്കണം. വൈറസ് വാഹകരെ കണ്ടെത്താനും നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.
5. നിലവിലുള്ള സാർക് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ പോലുള്ള സംവിധാനവും പരമാവധി ഉപയോഗപ്പെടുത്താം.
ഇന്ത്യയുടെ ചെലവിലും അധ്വാനത്തിലും തയാറാക്കുന്ന ഇത്തരം സൗകര്യങ്ങളെല്ലാം വിനിയോഗിക്കാനുള്ള അവസരമാണ് പാക്കിസ്ഥാൻ കളഞ്ഞുകുളിച്ചത്. ഇന്ത്യയുടെ പദ്ധതി പൊളിക്കുകമാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നു മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടതില്ല. സാർക് വിഡിയോ സമ്മേളനത്തിനു ശേഷം പാക്ക് ഉദ്യോഗസ്ഥ സംഘം ചൈനയുടെ സഹായം തേടി പറക്കുന്നതാണു കണ്ടത്. എല്ലാ രാജ്യാന്തര, ആഭ്യന്തര പ്രശ്നങ്ങളും ചൈനയുമായുള്ള ചങ്ങാത്തത്തിലൂടെ പരിഹരിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നു തോന്നുന്നു.
ഉഭയകക്ഷി തർക്കം ഉന്നയിക്കാനുള്ള വേദി മാത്രമായാണ് പാക്കിസ്ഥാൻ സാർക്കിനെ കാണുന്നതെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു മോദിയുടെ വിഡിയോ കോൺഫറൻസ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇക്കാര്യം മുൻകൂട്ടി കണ്ടിരുന്നു. പ്രാദേശിക സഖ്യമെന്ന ആശയം ബംഗ്ലദേശ് മുന്നോട്ടുവച്ചപ്പോൾത്തന്നെ, ഉഭയകക്ഷി തർക്കം ഉന്നയിച്ചുകൂടെന്ന വ്യവസ്ഥ ഇന്ദിര മുന്നോട്ടുവച്ചു. ഓരോ സമ്മേളന വേദിയിലും പാക്കിസ്ഥാൻ ഈ വ്യവസ്ഥ ലംഘിക്കുന്നതായാണ് അനുഭവം. അംഗരാജ്യങ്ങളിൽ ഒന്നിന്റെ പോലും പങ്കാളിത്തമില്ലാതെ വാർഷിക ഉച്ചകോടി നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇന്ദിര മുന്നോട്ടുവച്ചതും തികച്ചും തന്ത്രപരമായിരുന്നുവെന്ന് കാണാം. ഈ നിബന്ധനയുള്ളതുകൊണ്ടാണ് ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുംവിധം സമ്മേളനം റദ്ദാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞത്. അഥവാ ഇസ്‌ലാമാബാദ് സമ്മേളനം ഇന്ത്യയില്ലാതെ നടത്താനും ചൈനയ്ക്ക് സാർക്കിൽ പൂർണാംഗത്വം നൽകാനും പാക്കിസ്ഥാൻ മുൻകയ്യെടുക്കുമായിരുന്നു.
ഒന്നും സംഭവിച്ചില്ലെങ്കിലും കൊറോണ സാർക് സമ്മേളനത്തിൽ ആദ്യ ജയം ഇന്ത്യയ്ക്കായിരുന്നു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ നേതൃനിരയിലേക്ക് ഇന്ത്യ വന്നുകഴിഞ്ഞു. പാക്ക് നിലപാട് എന്തുതന്നെയായാലും മറ്റ് രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും വ്യക്തമായി.
പാക്കിസ്ഥാനെ കൂടാതെ പ്രാദേശിക രാഷ്ട്രസഹകരണം വർധിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുതന്നെയാണ്. ബിംസ്റ്റെക്കും റിമ്മും ഈ ലക്ഷ്യത്തോടെയുള്ള കൂട്ടായ്മകളാണ്. ഇവ പച്ചപിടിച്ചുവരുന്നതേയുള്ളൂവെങ്കിലും ഏതുവിധേനയും മുന്നോട്ടുനിങ്ങേണ്ട സമയം എത്തിക്കഴിഞ്ഞു. ഇത്തവണത്തെ ജി 20 സമ്മേളനം കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകണമെന്ന പ്രധാനമന്ത്രി മോദിയുടെ നിർദേശം അംഗീകരിക്കപ്പെടാനാണ് സാധ്യത.
അങ്ങനെ ഇന്ത്യ സാഹചര്യങ്ങൾക്ക് അനുസൃതമായി മുന്നോട്ടുപോകുമ്പോൾ കശ്മീർ മുറിവിൽ മരുന്നുപുരട്ടിയിരിക്കുന്ന പാക്കിസ്ഥാനെയാണ് മറുഭാഗത്തു കാണുന്നത്.