കൊറോണയും പ്രവാസികളുടെ ആകുലതകളും

NRI-pepole
SHARE

ലോകത്തിന്റെ മുക്കിലും മൂലയിലും ചെന്നെത്തിയ പ്രവാസി ഇന്ത്യൻ സമൂഹവുമായി നമ്മുടെ രാജ്യത്തിന് വളരെ നല്ല ബന്ധമാണുള്ളത്. അവരുടെ സമ്പാദ്യം ഉറ്റവർക്കുള്ള ജീവനോപാധിയായും നിക്ഷേപമായും നമ്മുടെ നാട്ടിലേക്കെത്തുന്നു. വികസിത രാജ്യങ്ങളിൽ നിന്നു സ്വായത്തമാക്കിയ സാങ്കേതികവിദ്യ ഇവിടെ പരിചയപ്പെടുത്തുന്നവരും നാട്ടുകാരിൽ പത്തു പേർക്ക് തൊഴിൽ നൽകണമെന്ന് ആഗ്രഹിക്കുന്നവരും അവർക്കിടയിലുണ്ട്. പകരമായി ആതിഥേയ രാജ്യത്തെ അവരുടെ താൽപര്യങ്ങൾ കഴിവതും സംരക്ഷിക്കാൻ നമ്മുടെ സർക്കാരുകൾ ശ്രമിക്കുന്നു.

ഏതാനും പതിറ്റാണ്ടുകൾ മുമ്പു വരെ ഇന്ത്യയുടെ നയം ഇതായിരുന്നില്ല. ഇവിടെനിന്ന് വിദേശരാജ്യങ്ങളിൽ തൊഴിൽ തേടി പോയവരുടെ കാര്യത്തി‍ൽ കാര്യമായി എന്തെങ്കിലും ചെയ്യാൻ നമുക്ക് കഴിഞ്ഞിരുന്നില്ല. യുഗാണ്ടയിൽ നിന്ന് ഇദി അമീൻ അവരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും ബർമയിൽ നിന്ന് പട്ടാള ഭരണാധികാരികൾ പറഞ്ഞയച്ചപ്പോഴും കേന്ദ്രസർക്കാർ പുനരധിവാസത്തെക്കുറിച്ചേ ചിന്തിച്ചിരുന്നുള്ളൂ. ഈ നിലയ്ക്കു മാറ്റം വന്നത് ഫിജിയിലെ പട്ടാള അട്ടിമറിയോടെയാണ്. അന്ന് നമ്മുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ശക്തമായി ഇടപെടുകയും തുടർന്ന് ഫിജിയെ കോമൺവെൽത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. 

UAE-HEALTH-VIRUS

ഇപ്പോൾ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരി പ്രവാസി സമൂഹത്തോടുള്ള നമ്മുടെ പ്രതിബന്ധതയുടെയും കാര്യശേഷിയുടെയും ഉരകല്ലാണ്. ലോകമെമ്പാടുമുള്ള മൂന്നു കോടിയിലേറെ പ്രവാസികൾ പ്രതീക്ഷയോടെ നമ്മെ ഉറ്റു നോക്കുകയാണ്. രോഗഭീതിയും അരക്ഷിത ബോധവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും അവരുടെ ഉറക്കം കെടുത്തുന്നു. രോഗം നിയന്ത്രണ വിധേയമായി ലോകസമ്പദ്ഘടന പഴയപടിയായില്ലെങ്കിൽ ഇവരുടെ ഉത്തരവാദിത്തം മാതൃരാജ്യത്തിന്റെ ചുമലിൽ വരുമെന്നതിൽ സംശയമില്ല. 

പ്രവാസി സമൂഹത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് രണ്ടഭിപ്രായമില്ല. പ്രവാസിക്ഷേമത്തെ നമ്മുടെ വിദേശനയത്തിന്റെ നെടുംതൂണായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചിട്ടുള്ളത്. ആദ്യ ഊഴത്തിൽ അദ്ദേഹത്തിന്റെ കീഴിൽ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജ് ഇക്കാര്യത്തിൽ വ്യക്തിപരമായ താൽപര്യം കാണിച്ചിരുന്നു. ഏതു നിമിഷവും ഫോണിൽ വിളിക്കാവുന്ന കുടുംബാംഗമെന്ന പോലെ അവർ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് ആശ്വാസമാവുകയും ചെയ്തു. ഇറാഖിലും ലിബിയയിലുമെല്ലാം പ്രതിസന്ധി രൂപപ്പെട്ടപ്പോൾ സുഷമ നടത്തിയ ഇടപെടലുകൾ പ്രവാസി ജനതയ്ക്കു വിസ്മരിക്കാവുന്നതല്ല. സുഷമയുടെ ആകസ്മിക വേർപാട് പ്രവാസികളുടെയും വേദനയായി മാറുന്നത് ഇപ്പോഴാണ്. 

UAE-coronavirus

ഇപ്പോഴത്തെ സാഹചര്യം വളരെ സങ്കീർണവും വിഷമവൃത്തത്തിലുള്ളതുമാണ്. പകർച്ചവ്യാധി പടരുമ്പോൾ വിദേശരാജ്യങ്ങളിൽ കഴിയുന്ന നമ്മുടെ ആളുകൾ തിരികെവരാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, ഇവിടെ കഴിയുന്നവരുടെ സുരക്ഷ കൂടി പരിഗണിച്ചു മാത്രമേ അവരെ മടക്കി കൊണ്ടുവരാനാകൂ. മുഴുവൻ പേരും വന്നാൽ എങ്ങനെ കൈകാര്യം ചെയ്യും, ആർക്ക് ആദ്യ അവസരം നൽകും തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കേണ്ടതായിട്ടുണ്ട്. 

രോഗവ്യാപനം തടയുന്നതിന് എല്ലാവരും ഇപ്പോൾ കഴിയുന്നിടത്തു തന്നെ തുടരുക എന്ന നയമാണ് ലോകവ്യാപകമായി സ്വീകരിച്ചിട്ടുള്ളത്. മാത‍ൃരാജ്യത്തേക്ക് മടങ്ങണമെന്ന ആഗ്രഹം ന്യായവും സ്വാഭാവികവുമാണെങ്കിലും അതിന്റെ പ്രായോഗികതയെക്കുറിച്ചും ചിന്തിക്കണം. യുഎസിലും ഗൾഫ് രാജ്യങ്ങളിലും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാർ ഒരുമിച്ചു തിരികെപ്പോന്നാൽ എന്തുസംഭവിക്കുമെന്നും ആലോചിക്കാവുന്നതേയുള്ളൂ. 

UAE-HEALTH-VIRUS

വിദേശ രാജ്യങ്ങളിലെ സർക്കാരുകളുമായി ബന്ധപ്പെട്ട് നമ്മുടെ ജനതയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജോലി നിലനിർത്താനായാൽ, മികച്ച ചികിത്സ കൂടി ലഭിക്കുമെങ്കിൽ അവരെല്ലാം അവിടെത്തന്നെ തുടരും. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.