കോവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കാനുള്ള യജ്ഞം വിജയത്തിലേക്കു നീങ്ങുമ്പോൾ, അതിനു ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് രാഷ്ട്രതന്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും ചർച്ച തുടങ്ങി. പ്രശസ്ത നയതന്ത്രജ്ഞൻ ഹെൻട്രി കിസിഞ്ജർ പറഞ്ഞതുപോലെ കൊറോണയ്ക്കു ശേഷമുള്ള ലോകം ഒരിക്കലും മുൻപത്തേതുപോലെയാവില്ല. പക്ഷേ, ആ ലോകക്രമത്തിന്റെ അതിർത്തി രേഖകളോ സവിശേഷതകളോ ഇപ്പോൾ പ്രവചിക്കാൻ മുതിരുന്നത് അബദ്ധമായേക്കും.
രണ്ടാം ലോകയുദ്ധം വിജയിച്ചവർ പിന്നീടുള്ള ലോകക്രമം നിശ്ചയിച്ചതുപോലെ, വൈറസിനെതിരായ ഈ പോരാട്ടത്തിൽ ആത്യന്തിക വിജയം നേടുന്നവരാകും വരും കാലങ്ങളിൽമനുഷ്യരാശിയുടെ പ്രയാണത്തിനു പതാകാവാഹകരായി മുന്നിൽ നിൽക്കുന്നത്. ഇപ്പോഴത്തെ ലോകക്രമത്തിനു നേതൃത്വം നൽകിയവർക്ക് അതിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയാതിരുന്നതുപോലെ പുതിയ ക്രമത്തിന്റെ സ്രഷ്ടാക്കൾക്കും അത് എന്തായിത്തീരുമെന്ന് നിശ്ചയമുണ്ടാവില്ല. ചരിത്രത്തിന്റെ ഗതി നിയന്ത്രിക്കാനും അവർക്കു കഴിയില്ല. മാത്രമല്ല, ഈ മഹാമാരി ഒഴിയുമ്പോൾ, ഏതെല്ലാം രാജ്യങ്ങളിലെ ജനസംഖ്യ ഏതേത് അനുപാതത്തിൽ ബാക്കിയാവുമെന്നു പ്രവചിക്കാനും ജ്യോത്സ്യൻമാർക്കുപോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

വരുംകാലങ്ങളിൽ ചൈനയുടെ പദവി എന്തായിരിക്കും എന്നതാണ് ഈ സന്ദിഗ്ധ ഘട്ടത്തിലെ ഏറ്റവും നിർണായകമായ ചോദ്യം. അമേരിക്കയുടെ പ്രഭാവം മങ്ങുന്നതോടെ ചൈന നായകപദവിയിലേക്ക് ഉയരുമോ? അതോ മഹാമാരി പടരുന്നതിനു വഴിവച്ചുവെന്ന ആരോപണം രാജ്യാന്തരതലത്തിൽ അവരെ പ്രതിനായക സ്ഥാനത്ത് എത്തിക്കുമോ? അമേരിക്ക അന്തംവിട്ടുനിൽക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഉലകനായകരാകാൻ ചൈനക്കാർ മുന്നോട്ടുവരുമെന്നുറപ്പാണ്.
രോഗം നിയന്ത്രിച്ച്, ഉൽപാദന– വിതരണ മേഖലകളെ പൂർവസ്ഥിതിയിലാക്കിയ ചൈന അവിചാരിതമായി തുറന്നുകിട്ടിയ വിപണികൾ കയ്യടക്കുകയും ആവശ്യക്കാർക്കെല്ലാം സഹായം എത്തിക്കുകയും ചെയ്യുന്നു. യൂറോപ്പും ആഫ്രിക്കയും ഒരുപോലെ അവരുടെ സഹായം തേടി കാത്തുനിൽക്കുന്നു. കോവിഡ് മൂലം ദിവസവും ആയിരങ്ങൾ മരിച്ചുവീഴുന്നതിനിടെ, യൂറോപ്പിലെ പ്രബലരാഷ്ട്രങ്ങൾക്കും എങ്ങനെ മുന്നോട്ടുപോകാം എന്നറിയാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എങ്കിലും വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകമാകെ നടക്കുന്ന ഗവേഷണങ്ങളുടെ ഫലം ഇക്കാര്യത്തിൽ നിർണായകമായിരിക്കും.

കൊറോണയെ നേരിടുന്നതിൽ കാട്ടിയ അലംഭാവവും അത് സമ്പദ്ഘടനയ്ക്കു വരുത്തിയ നാശവും അമേരിക്കയുടെ നില പരുങ്ങലിലാക്കുന്നുണ്ടെങ്കിലും അവരുടെ ഗ്രഹണകാലം തുടങ്ങി എന്നു കണക്കാക്കുന്നത് അബദ്ധമായേക്കും. ലോകത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ അവരുടെ വിഹിതം കുറഞ്ഞുവരുന്നതും ചൈനയുടേത് കൂടിവരുന്നതും കുറച്ചുകാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പ്രതിസന്ധികളിൽ നിന്നുകരകയറാനുള്ള അമേരിക്കയുടെ ശേഷിയെ കുറച്ചുകാണാനാവില്ല. മുൻപ് ഇത്തരം ഘട്ടങ്ങളിലെല്ലാം അവർ അതിശക്തമായി തിരിച്ചുവന്നിട്ടുണ്ട് എന്നതാണ് ചരിത്രം. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇക്കാര്യത്തിൽ നിർണായകമാവും. ജോ ബൈഡന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽവന്നാൽ തിരിച്ചുവരവ് കൂടുതൽ വേഗത്തിലായേക്കും.
ബ്രിട്ടൻ പുറത്തുപോയതോടെ യൂറോപ്യൻ യൂണിയനു പഴയ ശക്തിയില്ല. കോവിഡ് അവരെയും വലയ്ക്കുകയാണ്. ഇത് റഷ്യയ്ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. വൈറസ് രോഗത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഐക്യരാഷ്ട്രസംഘടനയ്ക്ക് അധികാരമില്ലെന്ന ചൈനയുടെ നിലപാടിനെ അവർ പിന്തുണച്ചതിനെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

ഇങ്ങനെ അമേരിക്കയും ചൈനയും യൂറോപ്യൻ യൂണിയനും ദുർബലാവസ്ഥയിൽ നിൽക്കുമ്പോൾ, ഇന്ത്യയ്ക്ക് എങ്ങനെ മുൻനിരയിലേക്കു വരാനാകുമെന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. സാർക്കിന്റെ അനൗപചാരിക യോഗം വിളിച്ച് നാം ഒരു ചുവട്മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചെങ്കിലും പാക്കിസ്ഥാന്റെ നിസ്സഹകരണം മൂലം വേണ്ടത്ര ഫലം ചെയ്തില്ല. ജി 20 യോഗത്തിലും ഇന്ത്യ മാന്യസ്ഥാനത്തായിരുന്നു. കോവിഡിനു പ്രതിവിധിയെന്നു കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളിക ആവശ്യക്കാർക്കെല്ലാം നൽകിയും രോഗത്തെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിച്ചുംനാം മാതൃകയായി. ഈ നേട്ടങ്ങൾ അംഗീകരിക്കാൻ ചില പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോഴും തയാറായിട്ടില്ലെങ്കിലും ലോകമെങ്ങും നമ്മുടെ പ്രവർത്തനങ്ങൾക്ക് മികച്ച അംഗീകാരം ലഭിച്ചു എന്നത് അഭിമാനാർഹമാണ്.
ഇതിനിടെ, ഓസ്ട്രേലിയയുടെ മുൻപ്രധാനമന്ത്രി കെവിൻ റൂഡ് മുന്നോട്ടുവച്ച സപ്തരാഷ്ട്രസംഘം (മൾട്ടിലാറ്ററൽ 7) എന്ന നിർദേശം അതിന്റെ ഘടനയുടെ സവിശേഷത കൊണ്ട് പരാമർശം അർഹിക്കുന്നു. അമേരിക്കയും മറ്റും രോഗപീഡ മൂലം വശംകെട്ടു നിൽക്കുമ്പോൾ ജർമനിയും ഫ്രാൻസും യുകെയും ജപ്പാനും കാനഡയും യൂറോപ്യൻ യൂണിയനും സിംഗപ്പൂരും ചേർന്ന് ഒരു ഇടക്കാല സംവിധാനത്തിനു രൂപം നൽകണമെന്നാണ്അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ ലോകക്രമം രൂപപ്പെടും വരെ ഇപ്പോഴത്തെ രാജ്യാന്തര സ്ഥാപനങ്ങൾക്ക് ഇതേ നിലയില് മുന്നോട്ടുപോകാൻ ഈ രാഷ്ട്രസംഘം നേതൃത്വം നൽകണമത്രേ. വെള്ളക്കാരുടെയും അവരുടെ ശിങ്കിടികളുടെയും ഈ തിരുസംഘത്തിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ അദ്ദേഹം തയാറായിട്ടില്ലെങ്കിലും നമ്മുടെ സ്ഥാനം ആരുടെയും പിന്നിൽ അല്ല.

ഇന്ത്യയുടെ കരുത്ത് നമ്മുടെ പ്രവാസി സമൂഹമാണ്. നമ്മുടെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായ അവർ മറുനാടുകളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തുന്നു. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ സ്വാധീനിച്ച് നമുക്കു ഗുണകരമായ തീരുമാനമെടുപ്പിക്കാൻ മാത്രം ശക്തരായ പ്രവാസി സമൂഹവുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിർഭാഗ്യവശാൽ സംജാതമായിട്ടുള്ളത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട്, ഗൾഫ് രാജ്യങ്ങളിലും യുഎസ്, യുകെ എന്നിവിടങ്ങളിലുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാര്യത്തിൽ ശ്രദ്ധാപൂർവം തീരുമാനമെടുക്കാനുള്ള വിവേകം നമ്മുടെ ഭരണാധികാരികൾ കാണിക്കുമെന്നു പ്രതീക്ഷിക്കാം.