കൊറോണയും കുവൈത്ത് യുദ്ധവും; ഇന്ത്യയുടെ രണ്ട് ഒഴിപ്പിക്കൽ കഥകൾ

vande-bharat-mission
SHARE

കോവിഡ് മഹാമാരി പടർന്നതിനെ തുടർന്ന് ഇന്ത്യക്കാരെ ഗൾഫിൽ നിന്ന് വിമാനത്തിൽ ഒഴിപ്പിച്ചുകൊണ്ടുവരുന്ന നടപടി ചരിത്രത്തിന്റെ ആവർത്തനമാണ്. കുവൈത്ത് പിടിച്ചടക്കിയ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ ആയിരുന്നു ആദ്യതവണ (1990 ൽ) പ്രതിനായകനെങ്കിൽ, ഇന്ന് ‘പുതിയ കൊറോണ വൈറസ്’ ആണെന്നു മാത്രം.

1990 ഓഗസ്റ്റ് രണ്ടിനു പുലർച്ചെ 2 മണിക്കാണ് (ഇന്ത്യൻ സമയം 4.30) ഇറാഖ് സൈന്യം അയൽരാജ്യമായ കുവൈത്ത് കീഴടക്കിയത്. ശക്തമായ ഇറാഖിനു മുന്നിൽ കുവൈത്തിന്റെ ചെറുസൈന്യത്തിനു കാര്യമായി ചെറുത്തുനിൽക്കാനായില്ല. മരിക്കാതെ ശേഷിച്ചവർ സൗദി അറേബ്യയിലേക്കു രക്ഷപ്പെടുകയും ചെയ്തു. കുവൈത്തിലെ അമീറും കുടുംബവും മുതിർന്ന ഉദ്യോഗസ്ഥരും സൗദിയിലേക്കു പലായനം ചെയ്തു. മണിക്കൂറുകൾക്കകം ഇറാഖ് കുവൈത്തിൽ ഇടക്കാല സർക്കാർ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. അങ്ങനെ ലോകത്തുള്ള എണ്ണ നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് സദ്ദാമിന്റെ കൈകളിലായി.

ന്യൂഡൽഹിയിൽ ഈ വാർത്തയെത്തുമ്പോൾ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണിൽ അവരുടെ വിദേശകാര്യ മന്ത്രിയുടെ ബഹുമാനാർഥം നടത്തിയ മധ്യാഹ്നവിരുന്നിൽ പങ്കെടുക്കുകയാരിന്നു ഞാൻ. നമ്മുടെ വിദേശകാര്യമന്ത്രി ഇന്ദർകുമാർ ഗുജ്റാളും അതിൽ പങ്കെടുത്തിരുന്നു. അധിനിവേശ വാർത്ത അറിഞ്ഞതോടെ സ്വാഭാവികമായും ചർച്ച അതേക്കുറിച്ചായി. അമേരിക്കയുടെ ആശീർവാദത്തോടെയാണു സദ്ദാമിന്റെ നടപടിയെന്ന അഭ്യൂഹം പ്രചരിച്ചിരുന്നതിനാൽ, കുവൈത്ത് എന്ന രാജ്യം ഭൂമുഖത്തു നിന്ന് എന്നെന്നേക്കുമായി ഇല്ലാതായെന്നെന്നായിരുന്നു ഞങ്ങളുടെ പൊതുനിഗമനം. അമേരിക്കയോ ഐക്യരാഷ്ട്ര സംഘടനയോ (യുഎൻ) പ്രശ്നത്തിൽ ഇടപെടാനുള്ള സാധ്യത ആരും ചിന്തിച്ചതുപോലുമില്ല.

iraq-kuwait-invasion-1
കുവൈത്ത് കീഴ്പ്പെടുത്തിയശേഷം ഇറാഖി സേനയുടെ സൈനിക ക്യാംപിൽ സന്ദർശനം നടത്തുന്ന അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ. (1990 ഓഗസ്റ്റ് 2ലെ ചിത്രം)

അടിയന്തരസാഹചര്യം ചർച്ച ചെയ്യാൻ ഗൾഫ് ഡിവിഷൻ അംബാസഡർ കെ.പി. ഫേബിയന്റെ നേതൃത്വത്തിൽ രൂപീകരിച്ച കോർ ഗ്രൂപ്പ് ഉടൻ യോഗം ചേർന്നു. വിദേശകാര്യമന്ത്രാലയത്തിലെ യുഎൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഞാനും അതിൽ പങ്കെടുത്തു. ഇറാഖിലെയും കുവൈത്തിലെയും നമ്മുടെ പൗരന്മാരുടെ സുരക്ഷയായിരുന്നു മുഖ്യ ചർച്ചാവിഷയം. ഇന്ത്യക്കാരെ അപകടം കൂടാതെ തിരികെകൊണ്ടുവരുന്നതിന് അനുമതി തേടി വിദേശകാര്യമന്ത്രി ഗുജ്റാൾ ബഗ്ദാദിൽ പോയി സദ്ദാം ഹുസൈനെ കാണണമെന്നു തീരുമാനിച്ചത് ആ യോഗമാണ്.

ഗുജ്റാളിനോട് സൗഹാർദപൂർവം പെരുമാറിയ സദ്ദാം, ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുപോരാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. പ്രായമായവരും രോഗികളുമായ കുറച്ചുപേരെ മന്ത്രിയുടെ വിമാനത്തിൽത്തന്നെ പോരാൻ അനുവദിക്കുകയും ചെയ്തു. പക്ഷേ, ഗുജ്റാളിന്റെ കൂടെ മടങ്ങിവന്നവരാരും രോഗികളോ പ്രായമായവരോ ആയിരുന്നില്ലെന്ന് അവർ ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ വ്യക്തമായി. ഗുജ്റാൾ സദ്ദാമിനെ ആലിംഗനം ചെയ്യുന്ന ചിത്രം രാജ്യാന്തരരംഗത്തു പക്ഷേ, ഏറെ തെറ്റിദ്ധാരണ സൃഷ്ടിച്ചു. ഇന്ത്യ ഇറാഖിന്റെ പക്ഷത്താണെന്നു വിമർശനം ഉയർന്നു. ഗൾഫ് രാജ്യങ്ങളും അസ്വസ്ഥതയോടെയാണ് അതു വീക്ഷിച്ചത്.

ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ, ലോകചരിത്രത്തിലെ തന്നെ വിമാനമാർഗമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലിനാണ് പിന്നീട് നാടു സാക്ഷ്യം വഹിച്ചത്. 59 ദിവസം കൊണ്ട് 488 വിമാനങ്ങളിലായി 1,70,000 പേരെ എയർ ഇന്ത്യ നാട്ടിലെത്തിച്ചു. കുവൈത്തിൽ നിന്നും ബഗ്ദാദിൽ നിന്നും റോഡ് മാർഗം ജോർദാനിലെ അമ്മാനിൽ എത്തിച്ചശേഷമായിരുന്നു ഇവരിൽ ഭൂരിപക്ഷം പേരെയും കൊണ്ടുവന്നത്.

ഇന്നത്തേപ്പോലെ പകർച്ചവ്യാധി ഭീഷണി ഇല്ലായിരുന്നുവെങ്കിലും കുവൈത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ ശ്രമകരമായിരുന്നു. ഇന്ത്യക്കാരോടൊപ്പം കുവൈത്തികളും നാടുവിട്ടേക്കുമെന്ന് ഇറാഖിന്റെ അധിനിവേശ സേന സംശയിച്ചു. നല്ല ജോലിയിലിരുന്നവരും മികച്ച സൗകര്യത്തിൽ കഴിഞ്ഞവരുമായ ഇന്ത്യക്കാർ മടങ്ങിവരാൻ വിസമ്മതിച്ചു. പാസ്പോർട്ട് തൊഴിലുടമയുടെ കൈവശമായിരുന്നത് മറ്റു പലർക്കും തടസ്സമായി. അമ്മാനിലെ സ്കൂളുകളിലും മറ്റും അഭയം തേടിയവർക്കു സമയത്ത് എത്തിച്ചേരാൻ കഴിയാത്തതിനാൽ വിമാനങ്ങൾ പലപ്പോഴും അനിശ്ചിതമായി വൈകി. ഇതിനിടെ അവശ്യവസ്തുക്കൾക്കു ക്ഷാമം നേരിട്ടതു മറ്റൊരു വെല്ലുവിളിയായി. യുഎന്നിന്റെ അനുമതിയോടെ എം.വി. വിശ്വസിദ്ധി എന്ന നമ്മുടെ കപ്പലിൽ 9775 ടൺ അവശ്യ സാധനങ്ങൾ ഇറാഖിലെ ഉം ക്വസ്‍ർ തുറമുഖത്ത് എത്തിച്ചു. ഇതിൽ 4773 ടൺ നമ്മുടെ ആളുകൾക്കു നൽകി. ബാക്കി മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്കു വിതരണം ചെയ്യാൻ യുഎന്നിനെ എൽപ്പിച്ചു.

kuwait-war

ഗൾഫ് പ്രതിസന്ധി നമ്മുടെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. കയറ്റുമതി വരുമാനത്തിലെ നഷ്ടവും വിദേശ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ച തുകയിലെ കുറവും എണ്ണ വിലയിലുണ്ടായ വൻ വർധനയും മൂലം ഏതാണ്ട് 400 കോടി ഡോളർ (അന്നത്തെ നിരക്കിൽ 10,000 കോടിയോളം രൂപ) അധികബാധ്യത വന്നു.

അനിശ്ചിതത്വവും ഭീഷണിയും അന്ന് ഗൾഫിൽ മാത്രമായിരുന്നുവെങ്കിൽ, ഇന്ന് ലോകം മുഴുവൻ രോഗ ഭീതിയിലാണ്. അജ്ഞാതനായ വൈറസാണ് ശത്രു. അതിനെതിരെ പോരാടാൻ നമ്മുടെ കൈവശം ഫലപ്രദമായ ആയുധമൊന്നുമില്ല. വികസിത രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 1990 ൽ ഇറാഖിലും കുവൈത്തിലുമുണ്ടായിരുന്ന നമ്മുടെ ആളുകളിൽ സാമ്പത്തിക ശേഷിയുള്ള ഒരുവിഭാഗം ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും പോയി സ്വന്തം വഴി കണ്ടെത്തി. ഇത്തവണ ബ്രിട്ടനും അമേരിക്കയുമാണ് കൂടുതൽ അപകടകരമായ ഇടങ്ങളായി മാറിയിട്ടുള്ളത്.

എന്തുതന്നെയായാലും നമ്മുടെ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പക്ഷേ, അതിനു മുൻപ് വസ്തുനിഷ്ഠമായി നല്ലതുപോലെ ആലോചിച്ച് തീരുമാനമെടുക്കാൻ ആളുകൾക്കു സമയം നൽകണം. രോഗവ്യാപനത്തിന്റെ രീതി ആർക്കും പ്രവചിക്കാനാവാത്ത സ്ഥിതിയിലാണ്. ഇന്ന് സുരക്ഷിതമെന്നു കരുതുന്ന ഇടങ്ങൾ വരുംനാളുകളിൽ അങ്ങനെയാകണമെന്നില്ല. മികച്ച ജോലിയും സൗകര്യങ്ങളുമുള്ളവർ എല്ലാം ഉപേക്ഷിച്ചു പോരും മുൻപ് ഇതെല്ലാം കണക്കിലെത്തേ തീരൂ.

ഒഴിപ്പിക്കൽ നടപടികളുടെ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയക്രമമെല്ലാം താൽക്കാലികമാണ്. മുൻഗണനകൾ ഇനിയും മാറിമറയാം. അതനുസരിച്ച് തീരുമാനങ്ങളും പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടിവരും. പല ഘട്ടങ്ങളായി പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള തീരുമാനവും ബുദ്ധിപൂർവമായി. ചെറുസംഘങ്ങളായി കൊണ്ടുവരുമ്പോൾ ലഭിക്കുന്ന അനുഭവജ്ഞാനം തുടർഘട്ടങ്ങൾക്കു സഹായകമാവും.

kannur-dubai-ariport-peoples

ലോകസമ്പദ്ഘടന മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നതാണ് ഇത്തവണ നേരിടുള്ള മറ്റൊരു പ്രതിസന്ധി. അതുകൊണ്ടുതന്നെ, ജീവനും ജീവനോപാധികളും സംരക്ഷിക്കുന്ന കാര്യത്തിൽ വിവേകപൂർവമായ സന്തുലനം വേണം. കുവൈത്ത് പ്രതിസന്ധിക്കാലത്ത് സുരക്ഷിതമായ ഇടങ്ങൾ ഒട്ടേറെയുണ്ടായിരുന്നു. ഇത്തവണ പക്ഷേ, മടക്കം എരിതീയിൽ നിന്നു വറചട്ടിയിലേക്കാവാനുള്ള സാധ്യത കൂടുതലാണ്. കോവിഡിനെ പ്രതിരോധിക്കാൻ വാക്സിനോ മരുന്നോ കണ്ടുപിടിക്കും വരെ ഈ അനിശ്ചിതത്വം തുടരും. സർക്കാരുകൾ എത്രതന്നെ ശ്രമിച്ചാലും അതുണ്ടാക്കുന്ന നിരാശയും അങ്കലാപ്പും ഒഴിവാക്കാൻ എളുപ്പമല്ല.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസമാണ് നമ്മുടെ ഭരണാധികാരികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുവൈത്ത് പ്രതിസന്ധിക്കാലത്ത് ഇത്തരക്കാരായ 4000 പേർക്കു മാത്രമേ സംസ്ഥാനത്തിന്റെ സഹായം ലഭിച്ചുള്ളൂ. സ്ഥിതി മെച്ചപ്പെടുമ്പോൾ ഇപ്പോൾ തിരിച്ചെത്തുന്നവരിൽ മിക്കവരും മടങ്ങിയേക്കാം. എന്നാൽ നൈപുണ്യമോ ധനശേഷിയോ ഇല്ലാത്തവർ ഇവിടെ പുതിയ ജീവിതമാർഗം കണ്ടെത്തേണ്ടിവരും. അതിനുള്ള പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി, അവരുടെ ആസ്തിബാധ്യതകളെക്കുറിച്ചും നൈപുണ്യത്തെക്കുറിച്ചും വ്യക്തമായ പഠനം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA