ആപത്തുകാലത്തെ ശത്രു: യാഥാർഥ്യം തിരിച്ചറിയാൻ സമയമായി

india-china
SHARE

കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ ജവാന്മാരെ കൂട്ടക്കൊല ചെയ്ത സംഭവം ചൈനയുമായുള്ള അതിർത്തി സംഘർഷം മൂർധന്യത്തിലെത്തിച്ചിരിക്കുന്നു. ഒരൊറ്റ വെടിയുണ്ട പോലും ഉപയോഗിച്ചില്ലെങ്കിലും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിച്ചു നടത്തിയ നീചമായ ആക്രമണത്തിൽ അതിലേറെ വേദന സഹിച്ചാവണം നമ്മുടെ വീരസൈനികർ മരണംവരിച്ചത്. വുഹാനിലും മഹാബലിപുരത്തും നടന്ന അനൗപചാരിക ഉച്ചകോടി ഉൾപ്പെടെപ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ഒരു ഡസനിലേറെ കൂടിക്കാഴ്ചകളും മോദിയുടെ 5 ചൈന സന്ദർശനങ്ങളും ഇരുരാജ്യങ്ങളും സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഒത്തൊരുമിച്ചു മുന്നേറുമെന്ന സന്ദേശമാണ് ലോകത്തിനു നൽകിയത്. എന്നാൽ, യഥാർഥ നിയന്ത്രണ രേഖയിലെ ദൗലത്ത് ബേഗ് ഓൾഡി, ഗൽവാൻ താഴ്‍വര, പാങ്ഗോങ് തടാകം, ബരാരഹോടി, സിക്കിമിലെ നാകു ലാ എന്നിവിടങ്ങളിൽ ഇരുസൈന്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷം അത്തരം പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞു. 

‘ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ’ എന്നായിരുന്നു 1962 ലെ യുദ്ധത്തിന് ചൈന പിന്നീടു നൽകിയ വിശദീകരണം. മൂന്നു വർഷം മുമ്പ് ദോക് ലായിലെ സംഘർഷത്തിനും അവർ ഇതേ വിശദീകരണം നൽകി. ഇപ്പോഴത്തെ സംഭവങ്ങൾക്കും ഇതേ വ്യാഖ്യാനവുമായി അവർ രംഗത്തുവന്നേക്കാം. 1947 മുതൽ 1962 വരെ ഇന്ത്യയുടെ വിദേശനയത്തിന്റെ സുവർണകാലമായിരുന്നു. അഹിംസാ മാർഗത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യം മൂന്നാം ലോകരാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തേക്കുയർന്നു. കോളനിവൽക്കരണത്തിനും ആയുധമത്സരത്തിനുമെതിരെ നിലകൊണ്ട നമ്മുടെ നേതൃത്വം, ബെൽഗ്രേഡ് സമ്മേളനം അംഗീകരിച്ച നിരായുധീകരണത്തിന്റെയും തുല്യതയിലൂന്നിയ സാമ്പത്തിക വികസനത്തിന്റെയും വക്താക്കളായി. യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്ന് ഇന്ത്യയാവുമെന്നുപോലും തോന്നി. ഈ ഘട്ടത്തിലാണ് ഇന്ത്യയെ ഒരു പാ​ഠം പഠിപ്പിക്കാൻ ചൈന തീരുമാനിച്ചത്– ഇന്ത്യയെക്കാൾ ശക്തമായൊരു രാജ്യം ഏഷ്യയിലുണ്ടെന്നും വേണ്ടിവന്നാൽ ബലംപ്രയോഗിക്കാൻ അവർ മടിയില്ലെന്നുമുള്ള പാഠം. 

india-china-standoff

സമീപ കാലത്ത് ട്രംപ് ഭരണകൂടവുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുന്ന ഘട്ടത്തിലാണ് ദോക് ലാ പ്രതിസന്ധി രൂപംകൊണ്ടത്. റഷ്യയും ഇറാനുമായുള്ള ബന്ധത്തിന്റെ പേരിൽ ഭിന്നത അവശേഷിച്ചിരുന്നെങ്കിലും ഉഭയകക്ഷി ബന്ധത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയും യുഎസും കൂടുതൽ ഏകോപനത്തോടെ മുന്നോട്ടുനീങ്ങാൻ തുടങ്ങിയിരുന്നു. ഇതോടൊപ്പം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള സ്വീകാര്യതയും സൃഷ്ടിച്ച അങ്കലാപ്പിന്റെ പ്രതിഫലനം കൂടിയായിരുന്നു ദോക് ലാ. യഥാർഥ നിയന്ത്രണ രേഖയിൽ മുമ്പുണ്ടായിട്ടുള്ള സംഘർഷങ്ങളിൽ നിന്നു വ്യത്യസ്തമായി അത്തവണ അവർ ഇന്ത്യ– ചൈന– ഭൂട്ടാൻ അതിർത്തിയിലെ മുക്കവലയായ ദോക് ലാ തിരഞ്ഞെടുത്തതും യാദൃച്ഛികമല്ല. ചൈനയും ഭൂട്ടാനുമായുള്ള തർക്കത്തിൽ ഇടപെടാൻ ഇന്ത്യയ്ക്ക് അവകാശമില്ലെന്നു സ്ഥാപിക്കുക വഴി ഇന്ത്യ– ഭൂട്ടാൻ ബന്ധം വഷളാക്കുകയാരുന്നു അവരുടെ ലക്ഷ്യം. ഏറെദിവസത്തെ ചർച്ചകൾക്കും സമ്മർദങ്ങൾക്കും ശേഷമാണ് ചൈന പഴയ സ്ഥാനങ്ങളിലേക്കു പിന്മാറിയത്. 

അമ്പരപ്പിക്കുന്ന ആകസ്മികത്വം ചൈനയുടെ എല്ലാ നീക്കങ്ങളുടെയും മുഖമുദ്രയാണെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ അക്ഷരാർഥത്തിൽ ഇന്ത്യയ്ക്കു വെള്ളിടിയായിരുന്നു. ലോകംമുഴുവൻ കോവിഡ് മഹാമാരിക്കെതിരെ നിലനിൽപ്പിനായി പൊരുതുമ്പോഴാണ് ആസുത്രിതമായി അവർ അതിർത്തിയിൽ പ്രശ്നം സൃഷ്ടിച്ചത്. മഹാമാരിയെ നേരിടുന്നതിന് എല്ലാ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അഭ്യർഥിച്ചതിനു ശേഷമായിരുന്നു ഇതെന്നോർക്കണം. 

മേയ് അഞ്ചിന് ലഡാക്കിലെ പാങ്ഗോങ് തടാകക്കരയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ നേർക്കുനേർ ഏറ്റുമുട്ടി. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള തടാകതീരത്ത് മണിക്കൂറുകൾ നീണ്ട മുഷ്ടിയുദ്ധത്തിലും കല്ലേറിനും ഇരുഭാഗത്തും അനേകം പേർക്കു പരുക്കേറ്റു. മൂന്നു ദിവസത്തിനു ശേഷം ഇവിടെ നിന്ന് 1200 കിലോമീറ്റർ കിഴക്ക് സിക്കിമിലെ നാകു ലായിൽ ചൈനീസ് പട്രോൾ സംഘത്തെ ഇന്ത്യൻ ഭടന്മാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം രൂപംകൊണ്ടു. പ്രാദേശിക കമാൻഡർമാർ പ്രശ്നം പരിഹരിക്കുകയും ഇരുരാജ്യങ്ങളും സംഭവം മൂടിവയ്ക്കുകയും ചെയ്തു. തുടർന്ന് സൈനിക നീക്കം സംബന്ധിച്ച റിപ്പോർട്ടുകളിൽ ചൈന മൗനം പാലിച്ചു. 

india-china-border

‘ദേശീയ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതോടൊപ്പം ഇന്ത്യ– ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ചൈന പ്രതിജ്ഞാബദ്ധമാണെ’ന്നായിരുന്നു അവരുടെ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം. പ്രശ്നം രമ്യമായി പരിഹരിക്കാൻ ചർച്ച തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവും വെളിപ്പെടുത്തി. എന്നാൽ ഇന്ത്യ– ചൈന അതിർത്തി സംഘർഷം രൂക്ഷമാവുകയാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. മധ്യസ്ഥനാവാൻ താൻ തയാറാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, ചൈനയുമായി ഇന്ത്യയ്ക്ക് അതിർത്തിയുണ്ടെന്നു പോലും അദ്ദേഹത്തിന് അറിവില്ലായിരുന്നു. 

ഏതായാലും ട്രംപിന്റെ മധ്യസ്ഥ നിർദേശത്തിനു ഫലമുണ്ടായി. ഇന്ത്യയും ചൈനയും ഉടൻ സമാധാനത്തെക്കുറിച്ചു പറയാൻ തുടങ്ങി. കോവിഡിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ചു പോരാടുന്നത് എടുത്തു പറഞ്ഞ ചൈനീസ് സ്ഥാനപതി, ഇരുരാജ്യങ്ങൾക്കും പരസ്പരം കരുതൽ വേണമെന്നും ഓർമപ്പെടുത്തി. ‘അതിർത്തി സംരക്ഷിക്കുന്നതിൽ നമ്മുടെ സൈന്യത്തിന് ഉത്തരവാദിത്തപൂർണമായ സമീപനമാണുള്ളതെന്നും നടപടിക്രമങ്ങളെല്ലാം പാലിക്കു’മെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം. എന്നാൽ, സംഘർഷം തുടരുകയായിരുന്നു. ചൈനയുടെ സൈന്യം നിയന്ത്രണരേഖ ലംഘിച്ചു. കുറഞ്ഞത് 10,000 ചൈനീസ് ഭടന്മാർ ഈ ഭാഗത്തു ക്യാംപ് ചെയ്യുന്നുണ്ടാണ് വിവരം. കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ അടിയന്തര ലേ സന്ദർശനവും തു‌ടർന്ന് ന്യൂഡൽഹിയിലെത്തി അദ്ദേഹം നടത്തിയ ഉന്നതതല ആലോചനകളും ചൈനയുടെ നടപടി അഭൂതപൂർവമാണെന്ന സൂചന നൽകുന്നു. 

india-china-border

ഇരുരാജ്യങ്ങളും പകർച്ചവ്യാധിക്കെതിരെ പോരാടുമ്പോഴാണ് ചൈനയുടെ നിഷ്ഠുരനടപടിയെന്നത് അതിന്റെ ആഘാതം വർധിപ്പിക്കുന്നു. കോവിഡിനെ മഹാമാരിയാക്കിയതിൽ ചൈനയ്ക്കു പ്രതിനായകന്റെ പ്രതിച്ഛായയാണുള്ളതെങ്കിലും ഇതിനു ശേഷമുള്ള ലോകക്രമത്തിൽ അവർ നേതൃസ്ഥാനത്തേക്ക് വരാനുള്ള സാധ്യത തള്ളാനാവില്ല. രോഗപീഡയിൽ വലയുന്ന യുഎസിന്, അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിശ്വാസ്യതയുള്ള നേതൃത്വം അധികാരത്തില‍െത്തിയില്ലെങ്കിൽ ലോകത്തെ നയിക്കാനാവില്ല. പ്രസിഡന്റ് പുടിനും യൂറോപ്യൻ യൂണിയനും ജനങ്ങളുടെ ജീവനും ജീവനോപാധികളും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെ ലഭിച്ച അവസരം ഇന്ത്യ നന്നായി ഉപയോഗിച്ചു എന്നു പറയാം. 

കോവിഡിനെ നേരിടുന്നതിനുള്ള അറിവുകളും ഔഷധങ്ങളും പങ്കുവച്ചും അവശ്യവസ്തുക്കൾ ചെറുരാജ്യങ്ങൾക്കുപോലും നൽകിയും നാം ആശ്വാസലേപം പുരട്ടി. ചൈനയെ വീണ്ടും പ്രകോപിപ്പിക്കാൻ അതുതന്നെ ധാരാളമായിരുന്നു. അതുകൊണ്ട് കോവിഡാനന്തര ലോകത്തിന്റെ നേതൃത്വം ഇന്ത്യ സ്വപ്നം കാണേണ്ടെന്നുള്ള മുന്നറിയിപ്പു കൂടിയാവണം ഇപ്പോഴത്തെ നീക്കങ്ങൾ. വേൾഡ് ഹെൽത്ത് അസംബ്ലിയിൽ കോവിഡിനെക്കുറിച്ചു സമഗ്രാന്വേഷണം വേണമെന്ന പ്രമേയം കൊണ്ടുവരാൻ മുൻകയ്യെടുത്ത ഇന്ത്യ പക്ഷേ, തായ്‍വാന്റെ കാര്യത്തിൽ നിശബ്ദത പാലിച്ചത് അവരെ തൃപ്തിപ്പെടുത്തിയതായി തോന്നുന്നില്ല. 

india-china-border-army

ജൂൺ 15 ന്റെ കൂട്ടക്കുരിക്കു ശേഷം ഇരു സൈന്യങ്ങളും ഗൽവാൻ ഉൾപ്പെടെ എല്ലാ മുന്നണിയിലും പിൻവാങ്ങുമെന്ന പ്രതീതിയാണുണ്ടായത്. എന്നാൽ, സംഘർഷം തുടരുകയാണെന്ന് തുടർസംഭവങ്ങൾ തെളിയിച്ചു. എങ്കിലും അതിർത്തി ശാന്തമായി ചർച്ചകൾ പുനരാരംഭിച്ചേക്കാം. ഇന്ത്യയ്ക്കു മുന്നിൽ ഏറെ വഴികളില്ല. എങ്കിലും എതിരാളിയുടെ മനസ്സിലിരിപ്പ് നാം അറിഞ്ഞിരിക്കണം. നമ്മുടെ നിലപാടിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കണം. തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന നമ്മുടെ വിശ്വാസമാണ് ദുരന്തത്തിൽ കലാശിച്ചതെന്നു വ്യക്തമാണ്. ‘വുഹാന്റെ അന്തസ്സത്ത’യും ‘ചെന്നൈ പരിവർത്തന’വും നമ്മെ അന്ധരാക്കി. യാഥാർഥ്യം തിരിച്ചറിയാൻ സമയമായിരിക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.