അമേരിക്കയിൽ താമര വിരിയുമോ?

Kamala Harris
SHARE

കമലാ ദേവി എന്ന പേരു തന്നെയാണ് അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വനിതയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയെന്നു പറയാം. ആ പേര് ഇന്ത്യയിലും യുഎസിലെ ഇന്ത്യക്കാരുടെ ചുണ്ടുകളിലും തത്തിക്കളിക്കുന്നു. ഇന്ത്യക്കാരിൽ കുറച്ചുപേരെങ്കിലും ആ പേരിൽ ആകൃഷ്ടരാകാനും അമേരിക്കയിൽ കമലം (താമര) വിരിഞ്ഞുകാണാനും ആഗ്രഹിക്കുന്നുണ്ടാവും. 

ചെന്നൈയിലുള്ള അമ്മയുടെ കുടുംബവുമായി വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നുണ്ടെങ്കിലും പൊതുമണ്ഡലത്തിൽ കറുത്ത വർഗക്കാരിയായ രാഷ്ട്രീയപ്രവർത്തകയായി സ്വയം അടയാളപ്പെടുത്താനാണ് കമല ശ്രദ്ധിച്ചിരുന്നത്. 

Joe Biden and Kamala Harris

അമേരിക്കയിലെ അധ്വാനശീലരായ മിശ്രവർണ കുടുംബങ്ങളുടെ പ്രതിരൂപമാണ് അവർ. എല്ലാ മത, വർഗ വിഭാഗങ്ങളും സ്വന്തം ആളായി കാണുംവിധം വിപുലമായ ബന്ധങ്ങളും പ്രതിച്ഛായയും അവർക്കുണ്ട്. ജമൈക്കക്കാരനായ അച്ഛൻ ഡോണൾഡ് ഹാരിസ് ഇക്കണോമിക്സ് പ്രഫസറായിരുന്നു. പിഎച്ച്ഡി ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്നെത്തിയ കാൻസർ ഗവേഷകയായിരുന്നു അമ്മ ശ്യാമള ഗോപാലൻ. ഇരുവരും ബെർക്ക‍്‍ലിയിലെ കലിഫോർണിയ സർവകലാശാലയിൽ കണ്ടുമുട്ടുകയും 1963 ൽ വിവാഹിതരാവുകയും ചെയ്തു.  ഇന്ത്യയുമായുള്ള അടുപ്പവും ബന്ധവും പറയാൻ മടിക്കാത്ത കമല പല തവണ ചെന്നൈയിൽ വന്ന് അമ്മയോടും അപ്പൂപ്പനോടുമൊപ്പം താമസിച്ചിട്ടുണ്ട്.  

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ജോ ബൈഡന്റെ മനസ്സിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളുണ്ടായിരുന്നു. എന്നാൽ ഒപ്പം നിന്നു പ്രവർത്തിക്കാൻ ശേഷിയുള്ള ഒരാളെന്ന നിലയിലാണ് കമല ഹാരിസ് അവരിൽ ഒന്നാമതെത്തിയത്. കുശാഗ്രബുദ്ധിയും ആർക്കും വഴങ്ങാത്ത പ്രകൃതക്കാരിയുമായ കമലയ്ക്കു മറ്റുള്ളവരുടെ വേദനയും ദുഃഖങ്ങളും മനസ്സിലാക്കാൻ മറ്റാരെക്കാളും കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടി. 

US-PRESIDENTIAL-CANDIDATE-JOE-BIDEN-AND-RUNNING-MATE-KAMALA-HARR

കോവിഡ് പ്രതിസന്ധിയിൽ ജോലി പോയവരും ബിസിനസ് നിർത്തേണ്ടി വന്നവരും ഉറ്റവരെ നഷ്ടമായവരും അനുഭവിക്കുന്ന വേദനയും സംഘർഷവും മനസ്സിലാക്കാനും അവരുടെ പിന്തുണ നേടാനും അവർ സമർഥയാണെന്നു ബൈഡൻ സംഘം കരുതുന്നു. പ്രായവും ആഫ്രോ ഏഷ്യൻ പശ്ചാത്തലവും ഇന്ത്യൻ വേരുകളും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന പ്രവർത്തക എന്ന പ്രതിച്ഛായയും വോട്ടുപെട്ടി നിറയ്ക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 

ട്രംപ് സർക്കാർ രാജ്യത്തിനു വരുത്തിവച്ച അപമാനവും ദുഷ്പേരും മാറ്റുകയെന്ന ചുമതലയാണ് തനിക്കുള്ളതെന്ന് ബൈഡൻ സൂചിപ്പിച്ചുകഴിഞ്ഞു. ആ പരിവർത്തന ഘട്ടത്തിനു ശേഷം അടുത്ത ഊഴത്തിൽ, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്ത്രീരൂപമായി മാറിയേക്കുമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക. 

സ്വത്വത്തെക്കുറിച്ചുള്ള കമലയുടെ അവകാശവാദം എന്തുതന്നെയായാലും യുഎസിലെ ഇന്ത്യക്കാരിൽ ഒരു വിഭാഗം അവർക്കു പിന്നിൽ അണിനിരക്കും. കാരണം ഇന്ത്യൻ രക്തം സിരകളിൽ ഓടുന്ന ഒരാൾ വൈറ്റ് ഹൗസിന്റെ പൂമുഖത്തെത്തുന്നത് ഇതാദ്യമാണ്. വൈസ് പ്രസിഡന്റായാൽ അവർ പ്രസിഡന്റ് പദത്തിന് ‘ഒരു ഹൃദയമിടിപ്പു മാത്രം’ അകലെയെത്തും എന്നോർക്കണം. കഴിഞ്ഞ തവണ ഹിലറി ക്ലിന്റന് വോട്ട് ചെയ്ത 80% ഇന്ത്യൻ വംശജർക്ക് ഇത് അവഗണിക്കാവുന്നതല്ല. കുടിയേറ്റ നയം ദോഷകരമായിട്ടും ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നല്ലത് ട്രംപ് ആണെന്ന ധാരണ കഴിഞ്ഞ 4 വർഷമായി ഇന്ത്യൻ സമൂഹത്തെ ഭിന്നിപ്പിച്ചിരുന്നു എന്നതു നേരാണ്. ഈ സ്ഥിതി മാറി ഇന്ത്യക്കാരുടെ വോട്ടുകൾ ഒന്നാകെ ഡെമോക്രാറ്റിക് പാർട്ടിക്കു ലഭിക്കാൻകമലയുടെ സ്ഥാനാർഥിത്വം സഹായകമായേക്കും. 

Joe Biden and Kamala Harris

ഈ സാധ്യത മുൻകൂട്ടി കണ്ട് കമല പല സന്ദർഭങ്ങളിലും ഇന്ത്യയ്ക്ക് എതിരായിരുന്നുവെന്ന പ്രചാരണം ഉയർന്നിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടി യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന അവരുടെ പരാമർശം എതിർചേരി ആയുധമാക്കുന്നു. കശ്മീരിലെ ‘മനുഷ്യാവകാശ ലംഘനങ്ങൾ’ക്ക് എതിരെ പറഞ്ഞ അവർ നിർണായക ഘട്ടത്തിൽ യുഎസിനു പാക്കിസ്ഥാനിൽ സ്ഥാനപതിപോലുമില്ലെന്ന് പരാമർശിച്ചതും ചിലരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ജനപ്രതിനിധിസഭയിൽ പ്രമേയം കൊണ്ടുവന്ന കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ ഉൾപ്പെടുന്ന യുഎസ് സഭാസമിതിയെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കാണാൻ വിസമ്മതിച്ചപ്പോൾ കമല അവർക്കുവേണ്ടി രംഗത്തുവന്നിരുന്നു. വിദേശ നയത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതം കണക്കിലെടുക്കാതെ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കയ്യടി കിട്ടാൻ വേണ്ടി പലതും പറയാറുണ്ട്. ജോർജ് ബുഷോ ഒബാമയോ ട്രംപോ ഇന്ത്യയോട് പ്രത്യേക താൽപര്യമുള്ളവരായിരുന്നില്ല. എന്നാൽ അധികാരത്തിൽ വന്നതോടെ, ആഗോള രംഗത്ത് ഇന്ത്യയുടെ പങ്ക് അവർ മനസ്സിലാക്കി. വൻ സാധ്യതയുള്ള വിപണിയും നിക്ഷേപാവസരവും പുതിയ തിരിച്ചറിവിലേക്കാണ് അവരെ നയിച്ചത്. 

ചൈനയ്ക്കെതിരെ അണിചേർക്കാവുന്ന സഖ്യകക്ഷിയായും യുഎസ് ഇന്ത്യയെ കാണാൻ തുടങ്ങി. കമല ഹാരിസിനും ഇക്കാര്യത്തിൽ വ്യത്യസ്തയാവാൻ കഴിയില്ല. ഇന്ത്യ– യുഎസ് ആണവ കരാറിനും ഒബാമയുടെ കാലത്ത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾക്കും അന്ന് വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ അനുകൂലമായിരുന്നുവെന്ന് അനുയായികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുടെ കുടിയേറ്റത്തെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. ഇപ്പോഴും റിപ്പബ്ലിക്കൻ അനുഭാവികളായ ഇന്ത്യക്കാരെ ഡെമോക്രാറ്റ്പക്ഷത്തേക്കു കൊണ്ടുവരാൻ ഒരു സംഘം പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. കമല വിജയിച്ചാൽ ഇന്ത്യക്കാരോട് അനുഭാവം പുലർത്തുമെന്ന് രാജ്യാന്തര വിഷയങ്ങളിൽ അവഗാഹമുള്ള അവരുടെ അമ്മാവൻ പറയുന്നു. 

Kamala Harris

കമല ഹാരിസിന്റെ സ്ഥാനാർഥിത്വം മത്സരത്തിനു പുതിയൊരു മാനം നൽകിയിട്ടുണ്ട്. എന്നാൽ ബൈഡന് പ്രസിഡന്റ് സ്ഥാനമുറപ്പിക്കാൻ അത് എത്രത്തോളംസഹായകമാവുമെന്ന് പ്രവചിക്കാനാവില്ല. 2024 ലെ തിരഞ്ഞെടുപ്പിൽ അവർ പ്രസിഡന്റ് സ്ഥാനാർഥിയാകുമോയെന്നും പറയാനാവില്ല. പോപ്പുലർ വോട്ടുകൾ ഒരു പാർട്ടിക്കും ഇലക്ടറൽ വോട്ടുകൾ മറ്റൊന്നിനും പോകാനുള്ള സാധ്യത അവശേഷിക്കുന്നു. എല്ലാ കുതന്ത്രങ്ങളും കാണാൻ പോകുന്ന പ്രചാരണത്തിൽ ആരൊക്കെ എന്തെല്ലാം പങ്കു വഹിക്കുമെന്നറിയില്ല. 

ഇതുവരെയുള്ള സർവേകളിൽ ബൈഡൻ ട്രംപിനെക്കാൾ മുന്നിലാണ്. എന്നാൽ പ്രചാരണം മുന്നേറുന്നതോടെ ഈ സ്ഥിതി മാറാം. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും ജയാപചയങ്ങളെ നിർണിയിക്കും. കമല ഇതിനോടകം ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. വരും വർഷങ്ങളിലും രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ അവർ നിർണായക പങ്കു വഹിക്കാനുള്ള സാധ്യത വേണ്ടുവോളമുണ്ട്.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.