നയതന്ത്രം യുദ്ധഭീഷണിയിൽ

india-china-conflict-and-cooperation
SHARE

ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ചൈന നടത്തിയ കടന്നുകയറ്റത്തോടുള്ള ഇന്ത്യൻ പ്രതികരണത്തിന് ത്രിശൂലത്തിനെന്ന പോലെ മൂന്നു മുനകളുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം നയതന്ത്രം തന്നെയാണ്. കൂടുതൽ നുഴഞ്ഞുകയറ്റം തടയാൻ സമീപത്തെ 4 പർവതശൃംഖങ്ങളിൽ ഇന്ത്യ സൈനികരെ വിന്യസിച്ച ശേഷവും നയതന്ത്ര സാധ്യതകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ 70 കിലോമീറ്റർ പ്രദേശത്ത് 10,000 സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. ഇതോടെ അതിർത്തിക്കപ്പുറത്ത് മോൽദോയിലെ ചൈനയുടെ സൈനിക ക്യാംപ് ഇന്ത്യൻ ഭടന്മാർക്ക് സദാ നിരീക്ഷിക്കാവുന്ന നിലയിലായി. 

ഇന്ത്യൻ ഭടന്മാർ അതിർത്തി ലംഘിച്ചതായും ഇത് ഗുരുതരമായ പ്രകോപനമാണെന്നും ചൈന കുറ്റപ്പെടുത്തി. എന്നാൽ അതിനു ശേഷവും ലഡാക്കും അരുണാചലും സന്ദർശിച്ച ഇന്ത്യയുടെ കര, വ്യോമസേനാ മേധാവികൾ കടന്നുകയറ്റം നേരിടാൻ സൈന്യത്തിനു നിർദേശം ലഭിച്ചിട്ടുണ്ടെന്നു പ്രഖ്യാപിച്ചത് അടിയന്തര നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന സൂചന നൽകുന്നു.

Russia India China Military Standoff
China's Minister of National Defence Wei Fenghe, left, Russian Defense Minister Sergei Shoigu, center, and Indian Defense Minister, Rajnath Singh, right, pose for a photo with their colleagues at a Joint Meeting of Defense Ministers of Shanghai Cooperation Organisation, Commonwealth of Independent States and Collective Security Treaty Organization Member States in Moscow, Russia, Friday, Sept. 4, 2020. The defense ministers from India and China have met in the Russian capital as the two sides try to resolve rising tensions along their disputed border in the eastern Ladakh region, where a June clash killed 20 Indian soldiers. (Host Photo Agency sco-russia2020.ru via AP)

വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിലുണ്ടായ ധാരണയനുസരിച്ച് സൈന്യത്തെ പിൻവലിക്കാൻ ചൈന തയാറാകാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ വിലപേശൽ ശേഷി വർധിപ്പിക്കാൻ ശക്തമായ നടപടി വേണമെന്ന് രാജ്യത്തെ ചൈന വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലും തുടർന്ന സൈനിക, നയതന്ത്രതല ചർച്ചയിൽ, കൂടുതൽ പിന്മാറ്റം പ്രതീക്ഷിക്കേണ്ടെന്നു ചൈനയെടുത്ത നിലപാടാണ് ഇന്ത്യയെ വിഷമസന്ധിയിലാക്കിയത്. ഇതോടെ, സ്ഥിതി കൂടുതൽ വഷളാകാനുള്ള സാധ്യത മുന്നിൽക്കണ്ടുതന്നെ കർശന നിലപാട് സ്വീകരിക്കാൻ ഇന്ത്യയും നിർബന്ധിതരായി. 1962 ലെ യുദ്ധം ഓർമിപ്പിച്ച് അതിശക്തമായാണ് ചൈന ഇതിനോടു പ്രതികരിച്ചത്.

പാങ്ഗോങ് തടാകത്തിന്റെ ഇരുകരകളിലും സൈന്യത്തെ വിന്യസിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നില ശക്തമാക്കിയെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ കൂടുതൽ കാലം സൈന്യം ഇവിടെ തുടരേണ്ടി വന്നാൽ മുൻതൂക്കം ചൈനയ്ക്കായിരിക്കും. ഇതിനിടയിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാർ ഷാങ്ഹായ് സഹകരണ സംഘടനാ സമ്മേളനത്തിനിടെ (എസ്‍സിഒ) മോസ്കോയിൽ വച്ച് ചർച്ച നടത്തിയത്.

india-china-bhutan

രാജ്നാഥ് സിങ്ങും ജനറൽ വെയ് ഫെങ്കെയും രാജ്നാഥിന്റെ ഹോട്ടൽ മുറിയിൽ വച്ച് 2 മണിക്കൂർ 20 മിനിറ്റ് ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും പ്രഖ്യാപിത നിലപാടുകളിൽ ഉറച്ചുനിന്നതല്ലാതെ പ്രശ്നപരിഹാര സാധ്യത ഉരുത്തിരിഞ്ഞില്ല. ഒരൊറ്റ ചർച്ച കൊണ്ട് അത്തരമൊരു മുന്നേറ്റം ആരും പ്രതീക്ഷിച്ചതല്ല. ഈ ചർച്ചയ്ക്കു മുമ്പ് എസ്‍സിഒ സമ്മേളനത്തെ അഭിസംബോധന ചെയ്ത രാജ്നാഥ് സിങ്, പരസ്പര വിശ്വാസവും സഹകരണവും അന്യോന്യമുള്ള കരുതലും രാജ്യാന്തര ധാരണകളോടുള്ള പ്രതിബന്ധതയുമാണ് ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാൻ അവശ്യം വേണ്ടതെന്നു ചൂണ്ടിക്കാട്ടി. നിയന്ത്രണരേഖയിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കാൻ പാൻഗോങ് സോ, ഗോഗ്ര, ദെപ്സാങ് എന്നിവിടങ്ങളിൽ നിന്നു ചൈന സൈന്യത്തെ പിൻവലിച്ച് ഏപ്രിലിൽ നിന്നിരുന്ന സ്ഥാനങ്ങളിലേക്കു മാറ്റണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്കു ലഭിച്ചത് സൈന്യത്തെ വിന്യസിക്കാ‍ൻ കഴിഞ്ഞതുകൊണ്ടു കൂടിയാണ്. 

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ഈ മാസം അവസാനം മോസ്കോയിൽ എത്തുന്നുണ്ട്. അവരും ചർച്ചകൾ തുടർന്നേക്കാം. പ്രശ്നപരിഹാരത്തിനുള്ള മാർഗം ചർച്ച തന്നെയാണെന്ന് ഇരുകക്ഷികളും അംഗീകരിക്കുന്നുവെന്നത് ശുഭോദർക്കമാണ്. മോസ്കോവിലെ ചർച്ച മുന്നിൽക്കണ്ടാണ് ഇന്ത്യ സൈനികനീക്കം നടത്തിയതെന്നും അഭ്യൂഹമുണ്ട്.

pangong-india-china

നിർണായക ഘട്ടത്തിൽ സൈനിക ശേഷി വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതികളും നല്ലനിലയിൽ മുന്നോട്ടുപോകുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും സംഭരിച്ചുവരുന്നു. അമേരിക്കയുടേത് ഉൾപ്പെടെ ഗണ്യമായ രാജ്യാന്തര പിന്തുണയാണ് ഇന്ത്യയ്ക്ക് അനുകൂലമായ മറ്റൊരു ഘടകം. അമേരിക്കയും ജപ്പാനും ഇന്ത്യയും ഓസ്ട്രേലിയയും ഉൾപ്പെട്ട ചതുർരാഷ്ട്ര (quadrilateral) സഖ്യം ഇന്തോ– പസിഫിക് മേഖലയിൽ ചൈനയുടെ ആധിപത്യത്തിനെതിരെ കോട്ട കെട്ടും. സമുദ്രമേഖലയിലെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഈ സഖ്യത്തിനു കഴിയുമെന്ന് നമ്മുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിരീക്ഷിച്ചിരുന്നു. ചൈനയും പാക്കിസ്ഥാനും ഒരേസമയം ഇന്ത്യയ്ക്കെതിരെ തിരിയാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോയുടെ നിലപാടിൽ വെള്ളം ചേർത്ത മട്ടിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചത്. പതിവു പദപ്രയോഗത്തിലൂടെ സ്ഥിതിഗതികൾ വിലയിരുത്തിയ ട്രംപ് മധ്യസ്ഥനാവാനുള്ള താൽപര്യം വീണ്ടും പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങൾക്കും അതിൽ താൽപര്യമില്ലെന്നറിയാവുന്ന ട്രംപ് ഉദ്ദേശിച്ചത് മറ്റൊന്നാവണം. തർക്കത്തിൽ അമേരിക്ക പക്ഷം പിടിക്കുന്നില്ലെന്ന സന്ദേശം വ്യക്തമാക്കാനാവണം മധ്യസ്ഥ നിർദേശം അദ്ദേഹം ആവർത്തിച്ചത്.

സാമ്പത്തിക നടപടികളിലൂന്നിയ ഇന്ത്യയുടെ മൂന്നാമത്തെ തന്ത്രത്തിനു സാധ്യതകൾ പരിമിതമാണ്. മൂന്നു ഘട്ടങ്ങളിലായി 224 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച നടപടി ഈ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ തകർക്കും. എന്നാൽ ചൈനയുടെ നയം മാറ്റാൻ തക്ക ആഘാതം അതിനു സൃഷ്ടിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. സാമ്പത്തിക മേഖലയിൽ കൂടുതൽ കർശന നടപടികളിലേക്കു നീങ്ങിയാൽ നമ്മുടെ ടെലികോം, ഫാർസ്യൂട്ടിക്കൽ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. അതിർത്തിയിലെ സംഘർഷം എങ്ങനെ പരിണമിച്ചാലും ഒരു വ്യാപാരയുദ്ധത്തിന് ഇന്ത്യയ്ക്കു പദ്ധതിയുള്ളതായി തോന്നുന്നില്ല.

പാങ്ഗോങ് തടാകക്കരയിൽ ഇന്ത്യ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിനെ (എസ്എഫ്എഫ്) വിന്യസിച്ചതാണ് ചൈനയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഭവവികാസം. ടിബറ്റിൽ നിന്നു പലായനം ചെയ്ത് ഇന്ത്യയിൽ കഴിയുന്നവരാണ് ഇതിലെ സൈനികർ. രഹസ്യ സൈനിക നീക്കങ്ങൾക്കായി രൂപപ്പെടുത്തിയിട്ടുള്ള ഈ വിഭാഗം ചൈനയെ നേരിടാൻ സദാ സന്നദ്ധരാണെങ്കിലും അയൽപക്ക ബന്ധം മോശമാക്കരുതെന്നു കരുതി ഇന്ത്യ അവരെ അതിർത്തിക്ക് 10 കിലോമീറ്റർ അകലെ വരെ മാത്രമേ വിന്യസിക്കാറുള്ളൂ. ഇത്തവണ അവർ മുൻനിരയിലെത്തിയെന്നു മാത്രമല്ല അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രൗദ്രമായ പ്രകടനത്തിലൂടെയാണ് എസ്എഫ്എഫ് ഭടന്മാർ പർവതശൃംഖങ്ങളിൽ ആധിപത്യമുറപ്പിച്ചതെന്നാണു വിവരം. അതിനിടെ അവരുടെ കമാൻഡർ തെൻസിൻ നിമ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ നീക്കം മുൻകൂട്ടിക്കണ്ട് ചൈന സ്ഥാപിച്ചതാണ് ഈ കുഴിബോംബുകൾ. മറ്റൊരു സൈനികൻ കൂടി മരിച്ചതായി റിപ്പോർട്ട് വന്നെങ്കിലും ഇരുമരണങ്ങളും ഇന്ത്യ സ്ഥിരീകരിച്ചില്ല. എന്നാൽ, ടിബറ്റുകാരെ ഇന്ത്യ പീരങ്കിക്കു മുന്നിൽ നിർത്തുകയാണെന്ന് ചൈന ആരോപിച്ചുകഴിഞ്ഞു.

leh-mountains-india-china
ലേയ്ക്കു സമീപമുള്ള മലനിരകള്‍ക്കു മുകളിൽ ഇന്ത്യൻ യുദ്ധവിമാനം നിരീക്ഷണപ്പറക്കൽ നടത്തുന്നു.

അതിർത്തിയിലെ സ്ഥിതി അതീവഗുരുതരമാണ്. തണുപ്പു തുടങ്ങും മുമ്പ് തർക്കം പരിഹരിക്കപ്പെടാനുള്ള സാധ്യത കാണുന്നില്ല. അതിനർഥം, നമ്മുടെ ഭടന്മാർ ഇപ്പോഴത്തെ സ്ഥാനങ്ങളിൽ തുടരേണ്ടിവരും. സംഘർഷം കൂടുതൽ വഷളായില്ലെങ്കിലും ഇതിനു വേണ്ടിവരുന്ന ചെലവ് അതിഭീമമായിരിക്കും. മലമുകളിൽ ഉത്തരവു കാത്തിരിക്കുന്ന ആക്രമണോത്സുകരായ എസ്എഫ്എഫ് ഭടന്മാരുടെ ദൃശ്യങ്ങൾ ഒരു പക്ഷേ ചൈനയെ പിന്തിരിപ്പിച്ചേക്കാം. ഹോങ്കോങ്ങിലെയും തായ്‍വാനിലെയും ദക്ഷിണ ചൈന കടലിലെയും സ്ഥിതിഗതികളിൽ വരുന്ന മാറ്റവും അവരുടെ മനസ്സ് മാറ്റാനിടയുണ്ട്. കാരണം കോവിഡ് ഭീഷണി നിലനിൽക്കെ ഒന്നിലേറെ പോർമുഖങ്ങൾ തുറക്കുന്നത് അവർക്കും വെല്ലുവിളിയുയർത്തും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.