നിർമലമായൊരു മാനസാന്തരം

Jesus Pearl
SHARE

പ്രശസ്ത കവി ഗോപികൃഷ്ണൻ കോട്ടൂർ രചിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ‘യേശുമുത്ത്’ (Jesus Pearl) എന്ന ചരിത്രനാടകം എന്നെ സംബന്ധിച്ചിടത്തോളം വെളിപാടിന്റെ യാത്രയായിരുന്നു. യശശ്ശരീരനായ കവി അയ്യപ്പപ്പണിക്കരുടെ ശിഷ്യൻ, ഇംഗ്ലിഷ് ഭാഷയിലെ അറിയപ്പെടുന്ന കവി എന്നീ നിലകളിൽ ഗോപികൃഷ്ണൻ എനിക്കു സുപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ മലയാളഭാഷാ നൈപുണ്യവും ചരിത്രബോധവും എന്നെ അമ്പരപ്പിച്ചു. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു കാലഘട്ടം അനാവരണം ചെയ്യുന്ന കൃതിയിൽ, മാർത്താണ്ഡവർമ മഹാരാജാവിന്റെ വിശ്വസ്ത ഭടനായിരുന്ന നീലകണ്ഠപിള്ള ക്രിസ്തുവിൽ ആകൃഷ്ടനായി മതപരിവർത്തനം നടത്തുന്നതും അദ്ദേഹത്തിന്റെ ദിവ്യാദ്ഭുതങ്ങളും തുടർന്നുള്ള രക്തസാക്ഷിത്വവും ഗംഭീരമായി അവതരിപ്പിക്കുന്നു. 

നാട്ടുരാജ്യങ്ങളെ കീഴടക്കി രാജ്യവിസ്തൃതി വർധിപ്പിച്ച ശക്തനായ ഭരണാധികാരിയായാണ് തിരുവിതാംകൂറിന്റെ ചരിത്രത്തിൽ അനിഴം തിരുന്നാൾ മാർത്താണ്ഡവർമയെ രേഖപ്പെടുത്തിയിട്ടുള്ളത്. കീഴടക്കിയ രാജ്യങ്ങളെ ഭരദേവതയായശ്രീപത്മനാഭനു സമർപ്പിച്ചശേഷം പത്മനാഭ ദാസനായി അദ്ദേഹം ഭരണം നടത്തി. കടൽകടന്നെത്തിയ ഡച്ച് സൈന്യത്തിനെതിരെ നേടിയ വിജയമായിരുന്നു അദ്ദേഹത്തിന്റെമറ്റൊരു നേട്ടം. യൂറോപ്യൻ അധിനിവേശ ശക്തികൾക്കെതിരെ ഇന്ത്യയിലെ ഏതെങ്കിലുംനാട്ടുരാജാവ് നേടിയ ഒരേയൊരു വിജയവും അതായിരുന്നു. 

1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിലാണ് മാർത്താണ്ഡവർമ ഡച്ചുകാരെ കീഴടക്കിയത്. ഡച്ച് നാവികസേനാ തലവനായിരുന്ന ക്യാപ്റ്റൻ ഡെലന്നോയെ അദ്ദേഹം തടവുകാരനാക്കി. ക്രമേണ രാജാവിന്റെ വിശ്വസ്തനായി മാറിയ ഡെലന്നോ തിരുവിതാംകൂറിന്റെ സേനാനായകനായി. മികച്ച യുദ്ധതന്ത്രവിഗദ്ധനായിരുന്ന ഡച്ച് നാവികന്റെ നേതൃത്വമാണ് തുടർന്നു നടന്ന പോരാട്ടങ്ങളിൽ വിജയം നേടാൻ മാർത്താണ്ഡവർമയെ സഹായിച്ചത്. ഈ വിവരങ്ങളെല്ലാം ചരിത്രത്തിന്റെ ഭാഗമാണെങ്കിലും തിരുവിതാംകൂറിന്റെ പട്ടാളക്കാരനായിരുന്ന നീലകണ്ഠപിള്ളയുടെ മതംമാറ്റത്തിൽ ഈ ഡച്ചുകാരന്റെ പങ്കിനെക്കുറിച്ച് ഞാൻ എവിടെയും വായിച്ചിരുന്നില്ല. ഗോപികൃഷ്ണന്റെ നാടകവും ദേവസഹായത്തക്കുറിച്ചുള്ള ഒരു തമിഴ് സിനിമയും അതേക്കുറിച്ചു ചില പുതിയ വിവരങ്ങൾ ലഭിക്കാൻ സഹായകമായി. 

ചരിത്രനാടകത്തിന്റെ സമ്പ്രദായങ്ങൾ ഉൾക്കൊണ്ട് അതിന്റെ കലാപരവും സാങ്കേതികവുമായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ ഗോപികൃഷ്ണൻ വിജയിച്ചുവെന്നു പറയാം. അതേസമയം, ഇപ്പോഴത്തെ കാലത്ത് വിവാദമായേക്കാവുന്ന മതപരിവർത്തന വിഷയത്തിൽ നാടകകൃത്ത് നിഷ്പക്ഷത പാലിക്കുകയും ചെയ്തു. നാടകത്തിലെ കാലഘട്ടമായ 18 ാം നൂറ്റാണ്ടിൽ ഹിന്ദു സമൂഹത്തിന്റെ നിലപാടും അതുതന്നെയായിരുന്നു. ക്രിസ്ത്യു മതത്തിലേക്കോ ഇസ്‍ലാം മതത്തിലേക്കോ പരിവർത്തനം ചെയ്യുന്നത് അപങ്കിലമായൊരുന്ന കർമമായി കണക്കാക്കിയിരുന്ന സമൂഹം അതിനെ രാഷ്ട്രീയവൽക്കരിച്ചിരുന്നില്ല. പക്ഷേ, അത്തരം മാറ്റങ്ങളുടെ സാമൂഹിക പ്രത്യാഘാതം വലുതായിരുന്നുതാനും. 

നീലകണ്ഠപിള്ളയുടെ മാനസാന്തരത്തെക്കുറിച്ചു ഗ്രന്ഥകാരനു സംശയമേയില്ല. ഉപദേഷ്ടാക്കളിൽ നിന്നു വ്യത്യസ്തമായി മാർത്താണ്ഡവർമ രാജാവും വളരെ സഹിഷ്ണുതയോടെയാണ് ഇതിനെ കാണുന്നത്. എന്നാൽ, ദേവസഹായമായി മാറിയ പിള്ളയുടെ ഭാര്യയുടെ വാക്കുകളിൽ, മതംമാറ്റം സൃഷ്ടിക്കുന്ന സംഘർഷത്തിന്റെ ബഹിർസ്ഫുരണങ്ങൾ കാണാം. ജാഞാനപ്പൂ എന്നു പേരുമാറ്റിയ അവർ ഭർത്താവിനെ പിന്തുണയ്ക്കുമ്പോഴും അതിന്റെ വരുംവരായ്കകളെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. സമൂഹത്തിലെ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന കുടുംബത്തിനു നേരിടേണ്ടി വന്നേക്കാവുന്ന യാതനകൾ അവർ മുന്നിൽ കണ്ടു. ഒടുവിൽ അതു തന്നെ സംഭവിച്ചു. ദേവസഹായത്തിന്റെയും പത്നിയുടെയും അവസാന കൂടിക്കാഴ്ച അങ്ങേയറ്റം വികാരനിർഭരമാണ്. 

ഷേക്സ്പിയർ നാടകങ്ങളുടെയും ഗ്രീക്ക് നാടകങ്ങളുടെയും മാതൃകയിൽ സാമൂഹിക സംഭവങ്ങളോ മറ്റു കഥാപാത്രങ്ങളോ അല്ല നായകനെ സൃഷ്ടിക്കുന്നത്. പ്രതിനായകനോ അനീതിയോ കാണാനില്ല. ഋജുരേഖയിൽ കഥ വികസിക്കുന്നു. സൈന്യത്തിൽ ക്രമേണ ഉയർച്ച നേടിയ നീലകണ്​ഠപിള്ളയുടെ മതം മാറാനുള്ള തീരുമാനം അദ്ദേഹത്തിന്റേതു മാത്രമാണ്. ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് രാജാവിനോടുള്ള കൂറിൽ മാറ്റം വരുമെന്ന് അദ്ദേഹം കരുതുന്നില്ല. ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള ചുമതലയും വിശ്വാസവുമായി വൈരുദ്ധമുള്ളതായും പിള്ളയ്ക്കു തോന്നുന്നില്ല. ക്യാപ്റ്റൻ ഡെലന്നോയ് ആകട്ടെ സഹപ്രവർത്തകന്റെ തീരുമാനത്തെ മാനസികമായി പിന്തുണയ്ക്കുന്നതല്ലാതെ പ്രേരിപ്പിക്കുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം കലുഷിതമായ മനസ്സിനെ ശാന്തമാക്കുമെന്ന് അദ്ദേഹം പറയുന്നുമുണ്ട്. 

ഡെലന്നോയ് കീഴുദ്യോഗസ്ഥനായ പിള്ളയെ കുരുക്കിയതാണെന്ന് രാമയ്യൻ ഇടയ്ക്കുപറയുന്നുണ്ട്. മാനസാന്തരം പിള്ളയുടെ വിശാലമനസ്കതയാണെന്നാണ് രാജാവ് അപ്പോൾ മറുപടി നൽകുന്നത്. അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെപ്പറ്റി രാമയ്യൻ സൂചിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ യശസ്സിനു കളങ്കം വരാതെയും നിയമവാഴ്ച ഉറപ്പാക്കാനും വേണ്ടതു ചെയ്യാൻ അദ്ദേഹം അനുവാദം നൽകുന്നതായി കാണാം. 

തീർത്തും ശാന്തനായാണ് രാജാവ് പ്രശ്നം കൈകാര്യം ചെയ്യുന്നത്. നീലകണ്ഠപിള്ള ഹിന്ദുമതത്തിലേക്കു തിരികെ വരുമെന്നും രാജ്യത്തെ സേവിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. കർശന നിലപാട് സ്വീകരിക്കുന്ന രാമയ്യനെ തിരുത്താൻ പക്ഷേ, അദ്ദേഹം തയാറാകുന്നില്ല. പിള്ളയ്ക്കു കഠിനശിക്ഷ നൽകണമെന്നു തീരുമാനിച്ചപ്പോഴും അത് അവസാനംവരെ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി കാണാം. നിയമം കർശനമായി നടപ്പാക്കാൻ രാജാവ് നേരത്തെ തയാറായെങ്കിൽ വധിശിക്ഷയ്ക്കു വിധേയനാകും മുമ്പ് ദിവ്യാദ്ഭുതങ്ങൾ കാണിക്കാൻ ദേവസഹായത്തിനു കഴിയുമായിരുന്നില്ല. നാടകത്തിൽ ഉടനീളം രാജാവ് ദയാലുവാണ്. പക്ഷേ, നിയമത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. മാർത്താണ്ഡവർമ സമർഥനും നീതിമാനുമായ ഭരണാധികാരിയായിരുന്നുവെന്ന പൊതുധാരണ ബലപ്പെടുത്തുന്നതാണ് ഗോപികൃഷ്ണന്റെ പാത്രസൃഷ്ടി. 

പിള്ളയുടെ ജ്ഞാനസ്നാനത്തിന്റെ രംഗം വളരെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ചടങ്ങിനു ശേഷമുള്ള ദേവസഹായത്തിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ മുൻ നിലപാടുകളിൽ നിന്നു വ്യത്യസ്തമാണ്. രാജാവിനെ തുടർന്നും സേവിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്ന ദേവസഹായം മുൻപു ചെയ്തതെല്ലാം പാപമായിരുന്നുവെന്ന നിലയിലേക്കു മാനസാന്തരപ്പെടുന്നു. ഭൂതകാലത്തേക്കുള്ള മടക്കത്തിലും നല്ലതു മരണമാണെന്നു സമർഥിക്കുന്നു. മതംമാറ്റം പുനർജന്മമാണെന്നതത്വശാസ്ത്രമാണ് ഈ സന്ദർഭത്തിൽ നാടകകൃത്ത് മുന്നോട്ടുവയ്ക്കുന്നത്. എല്ലാ സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് രക്തസാക്ഷിത്വം വരിക്കാൻ ദേവസഹായത്തെ പ്രാപ്തനാക്കുന്നത് ഈ വിചാരമാണ്. മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ഭാര്യ അയയ്ക്കുന്ന കത്ത് അവസാന അഗ്നിപരീക്ഷയാണ്. അതിനെയും ദേവസഹായം അതിജീവിക്കുന്നു. 

അവസാന രംഗങ്ങൾ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണയുണർത്തും വിധമാണ് വർണിച്ചിട്ടുള്ളത്. പലതും അതിലേറെ ക്രൂരവും മനുഷ്യത്വരഹിതവുമാണ്. ക്രിസ്തുവിനെപ്പോലെ ഉയർത്തെഴുന്നേൽക്കാൻ തനിക്കു കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും അചഞ്ചലനായി ദേവസഹായം അവയെ നേരിടുന്നു. ഇരുന്നൂറ്റമ്പതിലേറെ വർഷങ്ങൾക്കു ശേഷം ആ രക്തസാക്ഷി ഇന്ന് വിശുദ്ധപദവിയിലേക്കു നീങ്ങുന്നതിൽ അത്ഭുതമില്ല. 

ഗോപികൃഷ്ണൻ കോട്ടൂരിന്റെ ‘ക്രിസ്തു മുത്ത്’ ഘടനയിലും ഉള്ളടക്കത്തിലും പുതുമയുള്ളതാണ്. ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും സങ്കലനമായ കൃതി ഷേക്സ്പിയറിന്റെയും സി.വി. രാമൻപിള്ളയുടെയും പ്രൗഡരചനകളെ ഓർമിപ്പിക്കുന്നു. ചരിത്രപരമായ പ്രാമാണ്യത്തിന് ഊനം തട്ടാതെ തന്നെ മാർത്താണ്ഡവർമ രാജാവും ഡെലന്നോയിയും രാമയ്യനും ദേവസഹായവും ജ്ഞാനപ്പൂവും ഇതിൽ ജീവനോടെ മുന്നിൽ വരുന്നു. തീർച്ചയായും വായിച്ചിരിക്കേണ്ട ഈ കൃതി നാടകമായും സിനിമയായും നമ്മുടെ മുന്നിലെത്തുമെന്നു പ്രതീക്ഷിക്കാം.  

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.