യുഎസ് തിരഞ്ഞെടുപ്പ്: നേതൃശേഷിയുടെ ഉരകല്ല്, ജനം ആർക്കൊപ്പം?

biden-trump-debate
SHARE

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാധാരണ നിലയിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ള മത്സരമാണ്. എന്നാൽ ഇത്തവണ സ്ഥിതി അതല്ല. അടുത്തമാസം മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു വ്യക്തികളുടെ നേതൃശേഷി തമ്മിൽ മാറ്റുരയ്ക്കുന്നു. നിലവിലുള്ള പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപ് തുടരണോ അതോ എതിരാളി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനെ ആ ചുമതലയേൽപ്പിക്കണോയെന്ന് യുഎസ് ജനത അന്നു തീരുമാനിക്കും. 

ആദർശപരമായി ഇരുപാർട്ടികളും തമ്മിൽ വലിയ അന്തരമില്ല. അതുകൊണ്ടു തന്നെ സ്ഥാനാർഥികളുടെ മികവ് കണക്കിലെടുത്ത് വോട്ടർമാർ ഓരോ തവണയും അങ്ങോട്ടുമിങ്ങോട്ടും മാറാറുണ്ട്. അതിലുപരിയായി ഇത്തവണ അവരുടെ തീരുമാനം ഒരുഹിതപരിശോധനയായി മാറുന്നു. ഭരണനിർവഹണത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും അതിലംഘിച്ച, രാഷ്ട്രീയ പരിചയം തീരെയില്ലാത്ത നിലവിലുള്ള പ്രസിഡന്റ് തുടരണോ എന്ന ഹിതപരിശോധന. ബിസിനസിൽ ജൈത്രയാത്ര നടത്തി കോടീശ്വരനായ ഒരാൾക്ക് ലോകത്തെഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിന്റെ അമരക്കാരനാവാൻ രാഷ്ട്രീയ പശ്ചാത്തലം ആവശ്യമില്ലേ എന്ന സന്ദേഹത്തിനും ഇതോടെ ഉത്തരം ലഭിക്കും. 2016 ൽ അപ്രതീക്ഷിത വിജയം സമ്മാനിച്ച രാശിചക്രങ്ങൾ ഇപ്പോഴും ട്രംപിന് അനുകൂലമായി അതേസ്ഥാനത്തുണ്ടോയെന്നും മൂന്നിന് അറിയാം. 

supporters for Democratic presidential nominee Joe Biden drive past supporters of President Donald Trump

കഴിഞ്ഞ തവണ പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനായിരുന്നു മുൻതൂക്കം. സർവേകളിലും പ്രവചനങ്ങളിലും അവർ വിജയം ഉറപ്പിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സവിശേഷത ട്രംപിന് അനുകൂലമായി. ജനപിന്തുണയിൽ ഏറെ മുന്നിലായിട്ടും ഹിലറി പരാജയപ്പെട്ടു. ഇതിനെതിരെ ചില്ലറ എതിർപ്പുകൾ ഉയർന്നെങ്കിലും യുഎസ് ജനത ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ചു. 

തുടർന്നുള്ള നാലു വർഷവും ഉപചാര മര്യാദകളും കീഴ്‍വഴക്കങ്ങളും മറികടന്നുള്ള തീരുമാനങ്ങളുടെയും പാളിയ പരീക്ഷണങ്ങളുടെയും ഘോഷയാത്രയായിരുന്നു. ഇവയിൽ ചിലതെല്ലാം നല്ലതായി ഭവിക്കുമെന്നു കരുതിയവർ പ്രതീക്ഷാപൂർവം കാത്തിരുന്നു. ആദശത്തിന്റെ വേലിക്കെട്ടുകൾ തടസ്സമാകാത്തതിനാൽ പല തീരുമാനങ്ങളും ഉടനടി ഫലം നൽകി. അപ്പോഴും ചരിത്രം പാടേ മറന്ന പ്രസിഡന്റ് ജനങ്ങളെ ഭിന്നിപ്പിക്കാൻ കിട്ടിയ ഒരവസരവും പാഴാക്കിയില്ല. സംഘർഷം ഒഴിഞ്ഞില്ല. യാഥാസ്ഥിതികരായ വെളുത്തവർഗക്കാരുടെ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ ന്യൂനപക്ഷവിഭാഗങ്ങളെ സംഭീതരാക്കി. 

US President Donald Trump and Democratic presidential candidate Joe Biden

സാമ്പത്തിക വളർച്ചയുടെ ഫലമായും കുടിയേറ്റം നിയന്ത്രിച്ചതു മൂലവും ലഭിച്ച അധിക തൊഴിലവസരങ്ങൾ ഗുണഫലമുളവാക്കി. ട്രംപിന്റെ കിറുക്കൻ മട്ടിലുള്ള നടപടികൾക്കും ഒരു രീതിശാസ്ത്രമുണ്ടെന്നു യുഎസ് ജനത തിരിച്ചറിഞ്ഞു. അത് അദ്ദേഹത്തെ അനുകൂലിച്ചിരുന്ന വിഭാഗങ്ങളുടെ പിന്തുണ ഒന്നുകൂടി ഉറപ്പിച്ചു. സമൂഹത്തിന്റെ വേറൊരു കോണിൽ അശാന്തി പുകയുന്നത് അവർക്കു പ്രശ്നമായിരുന്നില്ല. 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയെന്ന ചീത്തപ്പേരായിരുന്നു രാജ്യാന്തര തലത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലഹീനത. ആ ആരോപണം ഇംപീച്മെന്റ് നടപടിയോളമെത്തി. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെത്താനുള്ള ഒരു നടപടിക്കും പിന്നീടു ട്രംപ് ധൈര്യപ്പെട്ടതുമില്ല. ചൈനയുമായുള്ള ബന്ധം നന്നാവുമെന്ന് തുടക്കത്തിൽ തോന്നിയെങ്കിലും വ്യാപാര സംഘർഷമായിരുന്നു ഫലം. ഉത്തര കൊറിയയെ സമാധാന പാതയിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങളായിരുന്നു ഏറെ നാടകീയം. ആദ്യം പരസ്പരം പുലഭ്യം പറഞ്ഞ ട്രംപും കിമ്മും പിന്നീട് കൂട്ടുകാരേപ്പോലെ ക്യാമറയ്ക്കു മുന്നിലെത്തി. കിട്ടിയ അവസരം മുതലാക്കിയ ഉത്തരകൊറിയ ആണവനിരായുധീകരണത്തിനു സമ്മതമാണെന്ന പ്രഖ്യാപനം മാത്രം നടത്തിക്കൊണ്ട് നിലപാട് ഒന്നുകൂടി ഉറപ്പിച്ചു. 

Donald-Trump-Joe-Biden-1

നാറ്റോ സഖ്യരാഷ്ട്രങ്ങളെയും കാനഡയെയും വെറുപ്പിക്കാനും അകറ്റാനും ട്രംപിന് രണ്ടാമത് ഒരാലോചന പോലും വേണ്ടിവന്നില്ല. ബ്രെക്സിറ്റിന് പിന്തുണ നൽകിയപ്പോൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ക്ഷുഭിതരായി. മുൻ പ്രസിഡന്റുമാർ അങ്ങേയറ്റം അവധാനതയോടെ ഒപ്പുവച്ച രാജ്യാന്തര കരാറുകളും ഉടമ്പടികളും അദ്ദേഹം ചവറ്റുകുട്ടയിലിട്ടു. ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പുവച്ച കരാറിൽ നിന്നു പിന്മാറിയതിനെ തുടർന്നുള്ള സംഭവങ്ങൾ യുദ്ധത്തിന്റെ വക്കോളമെത്തി. ഇതേസമയം, യുഎഇയും ബഹ്റൈനും ഇസ്രയേലിനെ അംഗീകരിച്ചതും അതിനു സൗദി അറേബ്യയുടെ പിന്തുണ നേടാൻ കഴിഞ്ഞതും ഏറ്റവും വലിയനയതന്ത്ര വിജയമായി. 

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ട്രംപിന്റെ കഴിവുകേട് യുഎസിനും ലോകത്തിനും കൂടുതൽ വ്യക്തമായത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി ചെറുവിരൽ പോലും അനക്കാതെ കാഴ്ചക്കാരനായി നിന്ന യുഎസ് പ്രസിഡന്റ്, വിദഗ്ധരുടെയും ശാസ്ത്രസമൂഹത്തിന്റെയും അഭിപ്രായങ്ങളും നിർദേശങ്ങളും അവഗണിക്കുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. ശാസ്ത്രസമൂഹത്തിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ അദ്ദേഹം തയാറായിരുന്നുവെങ്കിൽ ആയിരക്കണക്കിനു മനുഷ്യജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. യുഎസിന്റെ സാമ്പത്തിക തകർച്ചയും ഇത്രയേറെ രൂക്ഷമാകില്ലായിരുന്നു. ഈ കൊടിയ അനാസ്ഥയാണ് ജോ ബൈഡനുമായുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ നില ഇത്രയേറെ പരുങ്ങലിലാക്കിയതെന്ന് നിസ്സംശയം പറയാം. 

donald-trump-arizona
അരിസോണയിലെ ടക്സണിലെ രാജ്യാന്തര വിമാനത്താവളത്തിലെ പ്രചാരണയോഗത്തിൽ സംസാരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. (Photo by MANDEL NGAN / AFP)

ഇരു സ്ഥാനാർഥികളും നിരാശപ്പെടുത്തിയ ആദ്യ സംവാദത്തിനു ശേഷം പ്രസിഡന്റ് കോവിഡ് ബാധിതനായത് പ്രചാരണ പരിപാടികൾ താളം തെറ്റിച്ചു. ആശുപത്രിയിൽ നിന്നിറങ്ങിയ ട്രംപ് മാസ്ക് പോലും ധരിക്കാതെ വീണ്ടും പ്രചാരണ വേദിയിലെത്തിയപ്പോൾ രോഗവാഹകനെന്ന പേരാണ് വിമർശകർ അദ്ദേഹത്തിനു ചാർത്തിനൽകിയത്. ഡെമോക്രാറ്റുകൾ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിശ്ചയിച്ചതോടെ ട്രംപിന്റെ ജനപ്രീതി വീണ്ടും ഇ‌‌ടിഞ്ഞു. 

ഇന്ത്യയ്ക്കും അമേരിക്കയിലെ ഇന്ത്യക്കാർക്കും ഈ തിരഞ്ഞെടുപ്പിൽ വലിയ പ്രസക്തിയില്ല. എന്നാൽ പ്രസിഡന്റ് ട്രംപിന് ഇന്ത്യയോട് താൽപര്യമുണ്ടെന്ന ധാരണമൂലം ഇന്ത്യക്കാർ മുൻനിരയിൽത്തന്നെയുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തിരുന്ന ഒരുവിഭാഗം ഇന്ത്യക്കാർ എതിർചേരിയിലേക്ക് മാറിയിട്ടുമുണ്ട്. സത്യത്തിൽ മുൻ പ്രസിഡന്റുമാർ ചെയ്തതിലധികമായി ട്രംപ് ഇന്ത്യയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. യുഎസിനോഅദ്ദേഹത്തിനു സ്വന്തം നിലയ്ക്കോ മെച്ചംകിട്ടാത്ത ഒരു നടപടിയും ഈ കാലയളവിൽ ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, കുടിയേറ്റനയം ആയിരക്കണക്കിന് ഇന്ത്യക്കാരെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു. 

1200-xi-trump

ചൈനയുമായുള്ള ബന്ധം തീർത്തും മോശമായതോടെയാണ് യുഎസ് ഇന്ത്യയുമായി കൂടുതൽ അടുക്കാൻ ശ്രമിച്ചത്. ലഡാക്കിലെ സംഘർഷം അതിനു നിമിത്തമായി. അനുരഞ്ജന ശ്രമങ്ങളും ആപ്പ് നിരോധനം ഉൾപ്പെടെ സാമ്പത്തിക നടപടികളും ഫലിക്കുന്നില്ലെന്നായപ്പോൾ ഇന്ത്യ യുഎസ് പക്ഷത്തേക്കു ചാഞ്ഞു. തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാർ ഇന്ത്യ സന്ദർശിക്കുന്നത് ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാനാവണം. പക്ഷേ, അതുകൊണ്ട് വോട്ട് കിട്ടുമെന്നു തോന്നുന്നില്ല. യുഎസ് ജനത ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. 

ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭ്യമുഖ്യത്തിന് ഉപരിയായി, നേതൃമാറ്റത്തിനുള്ള യുഎസ് ജനതയുടെ അഭിവാഞ്ഛ ഇന്ത്യൻ വംശജർക്കും അവഗണിക്കാനാവില്ല. കമല ഹാരിസിന്റെ സാന്നിധ്യം അതിന് ഉത്പ്രേരകമാകുന്നു. ഇന്ത്യൻ വേരുകളുള്ള കമല പക്ഷേ, അച്ഛന്റെ കരീബിയൻ പാരമ്പര്യത്തിലാണ് നോട്ടംവച്ചിരിക്കുന്നത്. കശ്മീരിനെക്കുറിച്ചുള്ള അവരുടെ മുൻപ്രസ്താവനകൾ സംശയാസ്പദമാണെങ്കിലും അധികാരത്തിൽ വന്നാൽ ജോ ബൈഡനും കമലയും ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Democratic presidential nominee and former Vice President Joe Biden

അഭിപ്രായ വോട്ടെടുപ്പുകൾ ഒരിക്കലും ശരിയാകണമെന്നില്ല. സ്ഥാനാർഥിയുടെ ജനപിന്തുണകൊണ്ടും വിജയം ഉറപ്പിക്കാനാവില്ല. അദൃശ്യമായ മറ്റ് ഒട്ടേറെ ഘടകങ്ങൾ കൂടി കണക്കിലെടുത്തേ തീരൂ. അവ്യക്തമായ ബാലറ്റുകളും മുൻകൂർ ചെയ്യുന്ന വോട്ടുകളും വിട്ടുനിൽക്കുന്നവരുടെ എണ്ണവുമെല്ലാം നിർണായകമായേക്കാം. ഒരുപക്ഷേ, സുപ്രീം കോടതിയിൽ നടന്നേക്കാവുന്ന നിയമയുദ്ധത്തിന്റെ പരിസമാപ്തി പോലും ജനപിന്തുണ പ്രതിഫലിക്കുംവിധം ആകണമെന്നില്ല. കഴിഞ്ഞ തവണത്തേപ്പോലെ, എല്ലാ പ്രവചനങ്ങളും പാളിയേക്കാം. അതുകൊണ്ടു തന്നെ വിവേകമുള്ള ആരും ഈ ഘട്ടത്തിൽ പ്രവചനത്തിനു മുതിരുമെന്നു തോന്നുന്നില്ല. അതുകൊണ്ട് യുഎസിനും ലോകത്തിനും ഗുണം ചെയ്യുന്ന സ്ഥാനാർഥി വിജയിക്കുമെന്നു പ്രതീക്ഷിക്കാനേ തൽക്കാലം നിർവാഹമുള്ളൂ.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.