അമേരിക്കയിൽ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും വിജയിച്ചതോടെ, ഡോണൾഡ് ട്രംപിന്റെ 4 വർഷം നീണ്ട കിരാത ഭരണത്തിന് അന്ത്യം കുറിക്കുകയാണ്. അതുല്യപ്രതിഭകളായ ശാസ്ത്രകാരന്മാരും സംരംഭകരും ദശാബ്ദങ്ങൾ നീണ്ട പരിശ്രമത്തിലൂടെ കണ്ടെത്തിയതും പടുത്തുയർത്തിയതുമായ അത്യുന്നത നിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങളുള്ള ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രം കൊറോണ വൈറസിന്റെ ആക്രമണത്തിൽ നിലംപരിചായി കിടക്കുന്നു. വംശീയ സംഘർഷം മൂലം ഐക്യവും സമാധാനവും നഷ്ടമായ സ്ഥിതിയിൽ അതിന്റെ മേധാവിത്വത്തിനു നേരെ ഉയരുന്നവെല്ലുവിളികൾ ചെറുതല്ല. വാണിജ്യ, വ്യവസായ രംഗത്തെ നായകസ്ഥാനവും സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും പതാകവാഹകർ എന്ന പദവിയും നഷ്ടമായ സ്ഥിതിയിൽ അമേരിക്കയെ കൊണ്ടെത്തിച്ച പ്രസിഡന്റിനെതിരായ വികാരം ഭരണമാറ്റത്തിൽ കലാശിച്ചതു സ്വാഭാവികമാണ്.
ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്കു മാറ്റം വരുത്താൻ ബൈഡനും കമലയ്ക്കും എത്രകണ്ട് കഴിയുമെന്ന ചോദ്യമാണ് ഏവരുടെയും മനസ്സിലുള്ളത്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനും സമ്പദ്‍വ്യവസ്ഥയുടെ തകർച്ച തടയാനുമുള്ള അടിയന്തര നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് വിജയം ഉറപ്പാക്കിയ ശേഷമുള്ള ആദ്യ പ്രതികരണത്തിൽ തന്നെ ബൈഡൻ വ്യക്തമാക്കി. പിന്നീട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, കോവിഡ് നിയന്ത്രണ നടപടികൾക്കു നേതൃത്വം നൽകാൻ വിദഗ്ധ സംഘത്തെ ഉടൻ നിയോഗിക്കുമെന്നു പ്രഖ്യാപിച്ചു. ഈ സംഘത്തിലേക്ക് പ്രമുഖ ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ നിർദേശിക്കുകയും ചെയ്തു.
പുതിയ ഭരണാധികാരികൾ ചുമതലയേൽക്കുന്ന അടുത്ത ജനുവരി അവസാനം വരെ എന്തു സംഭവിക്കുമെന്നാണ് ഇപ്പോൾ ജനങ്ങളുടെ ആശങ്ക. നിലവിലുള്ള പ്രസിഡന്റിന്റെ വാക്കുകളും പ്രവൃത്തികളും സമൂഹത്തെ കൂടുതൽ ഭിന്നിപ്പിച്ചേക്കാം. സഹോദര പുത്രി മേരി അടുത്ത കാലത്തു രചിച്ച പുസ്തകത്തിൽ പറയുന്നതുപോലെയാണെങ്കിൽ അന്തരാള ഘട്ടത്തിൽ എന്തും ചെയ്യാൻ മടിക്കാത്തയാളാണ് ഡോണൾഡ് ട്രംപ്. തിരസ്ക്കാരത്തെ മരണശിക്ഷയായി കണക്കാക്കുന്ന അദ്ദേഹം പ്രവചനാതീതമായി പ്രവർത്തിക്കാനുള്ള സാധ്യത വരും ദിവസങ്ങളിൽ അമേരിക്കക്കാരുടെ ഉറക്കം കെടുത്തും.
തിരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്ത് ട്രംപ് ഇതിനകം തന്നെ ഒന്നിലേറെ സംസ്ഥാനങ്ങളിൽ കോടതിയെ സമീപിച്ചു കഴിഞ്ഞു. അവിടങ്ങളിലെ തീരുമാനം എന്തുതന്നെയായാലും കേസ് എത്രയും വേഗം സുപ്രീം കോടതിയിലെത്തിക്കാനായിരിക്കുംഅദ്ദേഹത്തിനു താൽപര്യം. കഴിഞ്ഞ 4 വർഷത്തിനിടെ നിയമിച്ച വിശ്വസ്ത അനുയായികൾഅവിടെ കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
ട്രംപ് വരുത്തിവച്ച ദോഷങ്ങൾ തീർക്കാനുള്ള ജനവിധി ബൈഡനും ഡമോക്രാറ്റിക് പാർട്ടിക്കുമുണ്ട്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ പ്രതിപക്ഷ നേതൃസ്ഥാനത്തു ട്രംപ് തുടർന്നാൽ അത് അത്ര എളുപ്പമാവില്ല. രാജ്യത്തിന്റെയും പാർട്ടിയുടെയും ഭാവി മുന്നിൽക്കണ്ട് ട്രംപിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നു വിടുതൽ നേടുകയാണ് റിപ്പബ്ലിക്കൻമാർ അടിയന്തരമായി ചെയ്യേണ്ടത്. ഇതിനകം സംഘടന കൈപ്പിടിയിലാക്കിയ ട്രംപിന് വോട്ട്ചെയ്തവരെല്ലാം അതിനോടു കൂറുള്ളവരാകണമെന്നില്ല. അതുകൊണ്ടു തന്നെ പല രൂപത്തിൽ നിലനിൽക്കാനിടയുള്ള ‘ട്രംപിസം’ പുതിയ ഭരണാധികാരികൾക്കു വെല്ലുവിളിയുയർത്തും. ചികിത്സാ പദ്ധതിയും നികുതി പരിഷ്ക്കാരവും തൊഴിൽ സൃഷ്ടിക്കാനുള്ള പദ്ധതികളുമൊക്കെ വൻ എതിർപ്പ് നേരിടുമെന്ന് ഉറപ്പാണ്.
വിദേശനയം സംബന്ധിച്ച ആശയങ്ങൾ പങ്കുവച്ചുകൊണ്ട് ഈ വർഷം ആദ്യം ‘എന്തുകൊണ്ട് അമേരിക്ക വീണ്ടും നയിക്കണം’ എന്ന ശീർഷകത്തിൽ ബൈഡൻ ഒരു ലേഖനമെഴുതിയിരുന്നു. അടുത്ത ജനുവരിയിൽ നിലനിൽക്കുന്ന അവസ്ഥയിലാകും പുതിയ പ്രസിഡന്റ് ലോകത്തെ നേരിടേണ്ടിവരികയെന്നും ചിന്നിച്ചിതറിയ കഷണങ്ങൾ പെറുക്കിക്കൂട്ടുന്ന ജോലി അതീവ ശ്രമകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാനും സഖ്യരാഷ്ട്രങ്ങളുടെ വിശ്വാസമാർജിച്ച് ലോകനായകപദവി തിരികെപ്പിടിക്കാനും പുതിയ ഭരണാധികാരി അത്യധ്വാനം ചെയ്യേണ്ടിവരുമെന്നും ബൈഡൻ അന്നു വിലയിരുത്തി.
‘ഇന്തോ പസിഫിക് മേഖലയിൽ സ്വാധീനവും സമാധാനവും നിലനിർത്താൻ അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള സഖ്യരാഷ്ട്രങ്ങളായ ഓസ്ട്രേലിയയും ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോർക്കണം. ഇതോടൊപ്പം ഇന്ത്യ മുതൽ ഇന്തൊനീഷ്യവരെയുള്ള രാജ്യങ്ങളുമായുള്ള ആഴത്തിലുള്ള സൗഹൃദത്തിനും ഊന്നൽ നൽകണം. ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങളായിരിക്കും അമേരിക്കയുടെ ഭാവി തീരുമാനിക്കുന്നത്.’ – അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ സവിശേഷ താൽപര്യവും ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ, യുഎസ് എന്നീരാഷ്ട്രങ്ങൾ ചേർന്നു രൂപപ്പെടുത്തിയ ചതുർരാഷ്ട്ര സഖ്യത്തിന്റെ ആവിർഭാവവും ബൈഡൻ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇന്ത്യയിലേക്കു ക്ഷണിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ യുഎസിലെ ഭരണ, പ്രതിപക്ഷ പാർട്ടികൾക്ക് മിക്കപ്പോഴും ഒരേ നയമായിരുന്നു. അതുകൊണ്ട് ഉഭയകക്ഷി ബന്ധം നിർവിഘ്നം മുന്നോട്ടുപോകും. ഇന്ത്യ, യുഎസ് വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ വാർഷിക കൂടിക്കാഴ്ചയായ 2+2 ൽ ഈയിടെ ഒപ്പുവച്ച സുരക്ഷാ ഉടമ്പടി ബൈഡന് അസ്വീകാര്യമായി തോന്നുന്നില്ല. ഒബാമയുടെ കാലത്തും പ്രതിരോധ രംഗത്തെ സഹകരണത്തിന് യുഎസ് തയാറായിരുന്നു. അതിനു സന്നദ്ധമായിരുന്നപ്പോൾത്തന്നെ ‘സ്ട്രാറ്റജിക് ഓട്ടണമി’ എന്ന നിലപാടു തന്നെയായിരുന്നു അന്നും ഇന്ത്യ സ്വീകരിച്ചത്.
കശ്മീർ, പാക്കിസ്ഥാൻ വിഷയങ്ങളിൽ ബൈഡനും കമലയും മുൻപു സ്വീകരിച്ചിരുന്ന നിലപാട് ഇന്ത്യയിൽ ഒരുവിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ, അതെല്ലാംപ്രതിപക്ഷത്തിരുന്നപ്പോൾ കയ്യടി നേടാൻ വേണ്ടി നടത്തിയ അഭ്യാസങ്ങളായി കരുതിയാൽ മതിയാകും. ചുമതലയേൽക്കുന്നതോടെ രാജ്യത്തിന്റെ പൊതുതാൽപര്യം മുന്നിൽക്കണ്ടുള്ള നിലപാടു സ്വീകരിക്കാൻ ഇരുവരും ബാധ്യസ്ഥരാകും.
ഇന്ത്യയ്ക്കു മെച്ചം ബൈഡനോ ട്രംപോ എന്ന ചോദ്യവും വ്യാപകമായി കേൾക്കുന്നുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒബാമയുമായി നല്ലബന്ധമായിരുന്നു. ഔദ്യോഗിക ബന്ധത്തിനപ്പുറം ട്രംപ് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. എന്നാൽ ദേശീയ താൽപര്യത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളായിരുന്നു അവയെല്ലാം. മോദി ട്രംപിനെ ഭംഗിയായി കൈകാര്യം ചെയ്തുവെന്നു പറയാം. പലപ്പോഴും പരസ്പരവിരുദ്ധമായിരുന്ന അദ്ദേഹത്തിന്റെ ജൽപനങ്ങളെല്ലാം മോദി ക്ഷമയോടെ കേട്ടിരുന്നു. എന്നാൽ കശ്മീരിന്റെയും വാണിജ്യനയത്തിന്റെയും കാര്യത്തിൽ അൽപം പോലും വിട്ടുവീഴ്ചയ്ക്കു തയാറായതുമില്ല. തികഞ്ഞ സമചിത്തതയോടെ പെരുമാറുന്ന, ദീർഘകാലത്തെ ഭരണപരിചയമുള്ള ബൈഡനുമായും മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനു വിഷമമുണ്ടാവില്ല. ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഏറെ താൽപര്യമുള്ള ഇമിഗ്രേഷൻ നയത്തിന്റെ കാര്യത്തിൽ പുതിയ സർക്കാർ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കാനാണു സാധ്യത.
വരുംദിവസങ്ങളിൽ ട്രംപ് എന്തുചെയ്യുമെന്ന ചിന്തയാണ് ഏവരുടെയും സ്വൈരം കെടുത്തുന്നത്. നിയമയുദ്ധം ഉറപ്പായിക്കഴിഞ്ഞു. എന്നാൽ, അതിന്റെ പേരിൽ വരാവുന്ന അനിശ്ചിതത്വവും കാലവിളംബവും അമേരിക്കയ്ക്കു താങ്ങാനാവുമെന്നു തോന്നുന്നില്ല. സമാധാനപരമായ അധികാര കൈമാറ്റവും ഭരണപ്രതിപക്ഷ സഹകരണവും രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്.