ജീവിതം, സ്നേഹം, ധർമം... ഒരു മധുരസല്ലാപം

Jiji Thomson book
SHARE

കോവിഡ് ലോക്ഡൗണും റിവേഴ്സ് ക്വാറന്റീനും എന്റെ ദിനചര്യകളുടെ താളംതെറ്റിച്ചു. യാത്രകളില്ലാതെ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന സ്വാതന്ത്യ്രം വ്യായാമവും കുളിയും ഭക്ഷണവും ഉറക്കവും ഉൾപ്പെടെ എല്ലാത്തിന്റെയും സമയക്രമം മാറ്റിമറിച്ചു. എഴുത്തും വായനയും വെബിനാറുകളുമാണ് ഈ ദിവസങ്ങളെ സജീവമാക്കുന്ന മറ്റു പ്രവർത്തികൾ.

കഴിഞ്ഞ ദിവസം വെബിനാറുകളൊന്നും ഇല്ലാത്തതുകൊണ്ട് അൽപം വൈകി കുളിക്കാനൊരുങ്ങുമ്പോഴാണ് ഫോൺ അടിച്ചത്. അങ്ങേത്തലയ്ക്കൽ ജിജി തോംസണായിരുന്നു. എന്റെ ഇളയ സഹോദരൻ സീതാറാമിന്റെ ബാച്മേറ്റാണ് ജിജി. ഞാൻ സീതാറാമിനെപ്പോലെ കാണുന്ന അനുജൻ. ജിജിയും സീതാറാമും മുൻചീഫ് സെക്രട്ടറിയും മുൻ അംബാസഡറും ആയപ്പോഴും ബന്ധം അങ്ങനെതന്നെ.

ജിജി എഴുതിയ ‘കൊടുങ്കാറ്റിനു ശേഷമുള്ള ഗാനം’ (Singing after the Storm) എന്ന ആത്മകഥാപരമായ കൃതി അടുത്തിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് സുഗതകുമാരി പ്രകാശനം ചെയ്തിരുന്നു. പിന്നീട് ഒരു ടിവി ചാനലിൽ ഇതേക്കുറിച്ച് ജിജി സംസാരിക്കുന്നതും കണ്ടു. ചോദ്യങ്ങൾ ചോദിച്ച രണ്ട് പെൺകുട്ടികളും പുസ്തകം വായിച്ചിട്ടില്ലെന്നു വ്യക്തമായെങ്കിലും മരണത്തിന്റെ വക്കോളമെത്തിയ ശേഷം ജീവിതത്തിലേക്കു തിരികെ നടന്നുകയറിയതിനെപ്പറ്റിയാണ് ജിജി എഴുതിയിരിക്കുന്നതെന്നു വ്യക്തമായി. ഈ സംഭവം ചില സുഹൃത്തുക്കൾ വഴി ഞാൻ നേരത്തെ അറിഞ്ഞിരുന്നതാണ്.

പുസ്തകത്തിന്റെ കോപ്പി കൊടുത്തയയ്ക്കുന്നുവെന്നു പറയാനാണ് ജിജി വിളിച്ചത്. ഇപ്പോഴത്തെ സമയമല്ലെങ്കിൽ അദ്ദേഹം നേരിട്ടുവരുമായിരുന്നുവെന്നും പറഞ്ഞു. ഈ സ്വയംതടവിൽ നിന്നു മോചിതനായാൽ ഉടൻ ജിജിയുടെ പുസ്തകം വാങ്ങുമായിരുന്നുവെന്ന് ഞാൻ പറഞ്ഞു. ചങ്ങാതിമാരുടെ പുസ്തകം സമ്മാനമായി കിട്ടുന്നതിലും എനിക്കിഷ്ടം വിലകൊടുത്തു വാങ്ങുന്നതാണ്. കൂട്ടുകാർക്കും ബന്ധുക്കൾക്കും സമ്മാനമായി നൽകാൻ വേണ്ടതിലധികം തുക പുസ്തകത്തിന്റെ റോയൽറ്റിയായി കിട്ടണമെന്നാണ് എന്റെ സ്വപ്നമെന്നും തമാശ പറഞ്ഞു. ഔത്സുക്യത്തോടെ കാത്തിരിക്കുന്നതിനിടെ ‘കൊടുങ്കാറ്റിനു ശേഷമുള്ള ഗാന’മെത്തി. കുളി വീണ്ടും വൈകി.

കൊച്ചിയിൽ വച്ച് ഗുരുതരമായ ഹൃദ്രോഗം മൂലം ആശുപത്രിയിലായ ദിവസത്തെക്കുറിച്ചുള്ള രസകരമായ വർണനയാണ് ആദ്യഭാഗം. ദൈവനിശ്ചയം പോലെ ജിജി അന്ന് താമസിച്ചത് ആശുപത്രിയോടു ചേർന്നുള്ള ഹോട്ടലിലായിരുന്നു. മുറിയിൽ ഒപ്പമുണ്ടായിരുന്നത് ഞങ്ങളുടെയെല്ലാം സുഹൃത്തായ രഘുചന്ദ്രൻ നായരും. നല്ല ശമരിയക്കാരനായ രഘു ആർക്ക് എന്താവശ്യമുണ്ടെങ്കിലും അവിടെയുണ്ടാകും. പ്രതിസന്ധി ഘട്ടത്തിൽ സാന്ത്വനത്തിന്റെ ലേപം പുരട്ടി ആത്മവിശ്വാസം പകരാൻ അദ്ദേഹത്തിനുള്ള സിദ്ധി അപാരം തന്നെ. മഴയത്ത് ഹോട്ടലിലെ കാർ അതിവേഗമോടിച്ച് ജിജിയെ ആശുപത്രയിലെത്തിച്ചത് രഘുവാണ്. ആ ദിവസത്തെ സംഭവങ്ങൾ അനുഗൃഹീതനായ കഥാകാരന്റെ കയ്യടക്കോടെ ജിജി വർണിച്ചിരിക്കുന്നു.

കൃതിയുടെ രണ്ടാം ഭാഗം ആത്മീയമായൊരു സംവാദമാണ്. മരണത്തെ മുഖാമുഖം കണ്ടതിന്റെ അനുഭവങ്ങൾ ദൈവശാസ്ത്രപരമായും തത്വചിന്താപരമായും അപഗ്രഥിക്കുന്ന ഗ്രന്ഥകർത്താവ്, ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ, മതാത്മക പശ്ചാത്തലത്തിൽ ജീവിതത്തിന്റെ അർഥം തേടുകയാണെന്നും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഏറെ പ്രസക്തിയുണ്ടെന്നുമാണ് ഇതേക്കുറിച്ച് ഫാ. ഡോ. കെ.എം. ജോർജ് ആമുഖത്തിൽ വിശദീകരിക്കുന്നത്.

കശ്മീരിൽ വച്ചു കണ്ടുമുട്ടിയ, കാവി വേഷധാരിയായ ക്രിസ്ത്യൻ പുരോഹിതനുമായി നടത്തുന്ന സാങ്കൽപിക സംവാദത്തിൽ ജീവിതം, സത്യം, വിശ്വാസം, സ്നേഹം, പ്രതീക്ഷ എന്നിവയെല്ലാം വിഷയമാകുന്നു. കൃഷ്ണാർജുന സംവാദത്തിന്റെയും സോക്രട്ടീസ്– പ്ലേറ്റോ സംഭാഷണത്തിന്റെയും സ്മരണകളുണർത്തുന്നതാണ് ഈ ഭാഗം. യമനും നചികേതസ്സും ശങ്കരാചാര്യരും മണ്ഡനമിശ്രനുമെല്ലാം നമ്മുടെ മനസ്സിലെത്തും. കുരുക്ഷേത്രം വീണ്ടും മുന്നിലെത്തും.

ഡോക്ടർമാർ അദ്ദേഹത്തിന്റെ ഹൃദയതാളം പൂർവസ്ഥിതിയിലാക്കാൻ അത്യധ്വാനം ചെയ്യുന്നതിനിടയിലാണ് ഒരു തുടർസ്വപ്നം പോലെ ഈ സംവാദം അരങ്ങേറുന്നത്. ജിജിയുടെ പരന്ന വായനയും ദൈവവിശ്വാസവും ജീവിതാനുഭവങ്ങളുമെല്ലാം ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഇതെല്ലാം മറ്റൊരിക്കൽ അദ്ദേഹം എഴുതുമായിരുന്നേക്കാം. എന്നാൽ, ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ നിന്നുകൊണ്ടുള്ള കഥനം അതിനെ തീഷ്ണവും ഹൃദയഭേദകവുമാക്കുന്നു. ബൈബിളിലും ഉറച്ച ക്രിസ്ത്യൻ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യാനിയായ ജിജിക്ക് ഹിന്ദുയിസവും സൂഫിസവും ഇസ്‍ലാമും മാർക്സിസവും ഒരുപോലെ വഴങ്ങുന്നു. ക്രിസ്ത്യൻ വിശ്വാസവും മൂല്യങ്ങളും ഉദ്ഘാഷിക്കുമ്പോൾത്തന്നെ ‘വസുധൈവ കുടുംബകം’, ‘തത്വമസി’ എന്നീ ഭാരതീയ വീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം തികഞ്ഞ ജ്ഞാനിയാണ്.

‘ഇന്ത്യയിൽ വേരുപിടിക്കുനതിൽ ക്രിസ്തുമതത്തിനുണ്ടായ പരാജയം’ എന്ന ഭാഗം ശ്രദ്ധേയമായ നിരീക്ഷണങ്ങൾ കൊണ്ട് പ്രാധാന്യമർഹിക്കുന്നു. എല്ലാ മതങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ച ഹിന്ദുക്കൾ രാജ്യത്തെ വിശ്വാസങ്ങളുടെ മൂശയാക്കി മാറ്റിയെന്ന് അദ്ദേഹം പറയുന്നു. ഇത് അങ്ങേയറ്റം ഉദാരമായ കാഴ്ചപ്പാടാണ്. ‘ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ ഹൃദയരക്തം കൊണ്ട് കഴുകുമായിരുന്നു’ എന്ന സ്വാമി വിവേകാനന്ദന്റെ ക്രിസ്തുവിനെക്കുറിച്ചുള്ള നിരീക്ഷണവും ഇവിടെ പരാമർശിക്കുന്നു.

ആഹ്ലാദകരമായ പരിസമാപ്തിയാണ് കൃതിയുടെ മൂന്നാം ഭാഗം. ജീവിതത്തിലേക്കു മടങ്ങിവന്ന ഗ്രന്ഥകാരനോടൊപ്പം വായനക്കാരും ആ ആഘോഷത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഉപസംഹാരത്തോടും നമുക്ക് വിയോജിക്കാനാവില്ല.– നിയതി ജീവിത നൗകയുടെ അമരത്തുള്ളപ്പോൾ പേമാരിയോ കൊടുങ്കാറ്റോ അതിനെ ഉലയ്ക്കില്ല. അതുകൊണ്ട് ഓരോ കൊടുങ്കാറ്റിനു ശേഷവും ആഹ്ലാദപൂർവം പാടുക, ഉച്ചത്തിൽ പാടുക.

‘നീരാട്ട്’ വൈകിയതിൽ എനിക്കു വിഷമമില്ല. വിവേകവും പ്രാർഥനകളും സമ്പുഷ്ടമാക്കിയ 90 പേജ് ഒറ്റയിരുപ്പിൽ വായിച്ചു. ജിജി, പ്രിയപ്പെട്ട കുഞ്ഞനുജാ, നന്ദി. ഒരുപാട് നന്ദി.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.