ഉറക്കം കെടുത്തുന്ന ധാന്യവിപ്ലവം; കർഷക സമരത്തിൽ സംഭവിക്കുന്നത്

12-00-singhu-farmers-protest
SHARE

കശ്മീർ പ്രശ്നത്തിനും ചൈനീസ് കടന്നുകയറ്റത്തിനും പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനും കോവിഡ് മഹാമാരിക്കും പിന്നാലെ കർഷക സമരം കേന്ദ്രസർക്കാരിന്റെ ഉറക്കംകെടുത്തുന്നു. രാജ്യത്തെ കാർഷിക മേഖലയിൽ സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ട് പാർലമെന്റ് പാസാക്കിയ 3 നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തലസ്ഥാനം ഉപരോധിച്ച് നിശ്ചലമാക്കുമെന്നു പ്രഖ്യാപിച്ചെത്തിയ പതിനായിരക്കണക്കിനു കർഷകരാണ് ആഴ്ചകളായി യുപിയുടെയും ഹരിയാനയുടെയും അതിർത്തിയിൽ തുടരുന്നത്. മറ്റു വിവാദ വിഷയങ്ങളിലെന്നപോലെ, പരിഷ്കാരം ജനതാൽപര്യം മുൻനിർത്തിയാണെന്നും കർഷകരുടെ അഭിവൃദ്ധി മാത്രമാണു ലക്ഷ്യമെന്നും കേന്ദ്രസർക്കാർ ആണയിടുന്നു. എന്നാൽ, സമരം അനുദിനം ജനപിന്തുണയാർജിക്കുകയാണ്. അത് രാജ്യത്താകെ സർക്കാർവിരുദ്ധ വികാരമായി വളരുന്നുമുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും ജനപിന്തുണയിൽ ഗണ്യമായ ഇടിവുപറ്റിയിരിക്കുന്നു. ലോകവ്യാപകമായി അസ്ഥിരതയും ആശങ്കയും നിലനിൽക്കെ, രാജ്യാന്തര സമൂഹവും ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.

FARMERS PROTEST 2കേന്ദ്രം ഭരിക്കുന്ന ദേശീയജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷിയായ അകാലിദളിന്റെ പ്രതിനിധി ഹർസിമ്രത് കൗർ ബാദൽ, 3 വിവാദ ബില്ലുകളും പാർലമെന്റിൽ വോട്ടിനിടുന്നതിനു മുൻപ് രാജിവച്ചതോടെയാണ് അസ്വസ്ഥതയുടെ ആദ്യസൂചനകൾ പുറത്തുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചാബിലും ഹരിയാനയിലും പ്രാദേശികമായി തുടങ്ങിയ സമരം ഇപ്പോൾ രാജ്യവ്യാപക പ്രക്ഷോഭമായി മാറിയിരിക്കുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമരത്തിന്റെ നേതൃത്വം രാഷ്ട്രീയപാർട്ടികൾക്കല്ല. ഈ പ്രതിപക്ഷ പാർട്ടികളും ചില സന്നദ്ധസംഘടകളും കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നു കേന്ദ്രം പറയുന്നു.

farmers protestഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേ‍ഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ 2020, ഫാർമേഴ്സ് (എംപവർമെന്റ് ആൻഡ് പ്രൊട്ടക‍്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷുറൻസ്, ഫാം സർവീസസ് ബിൽ 2020 എന്നിവയാണ് വിവാദക്കൊടുങ്കാറ്റുയർത്തിയ പുതിയ നിയമങ്ങൾ. ഇവയിൽ ആദ്യത്തെ നിയമ പ്രകാരം കർഷകർക്ക് അവർ ഉൽപാദിപ്പിക്കുന്ന വിളകൾ ആർക്കും എവിടെയും വിൽക്കാം. പ്രാദേശികമായി ഇപ്പോൾ നിലവിലുള്ള അഗ്രികൾചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളുടെ (എപിഎംസി) ചന്തകളിൽ നൽകണമെന്നില്ല. കാർഷികോൽപന്നങ്ങൾ അവയുടെസവിശേഷതയുടെയും ഗുണമേന്മയുടെയും അടിസ്ഥാനത്തിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കുന്നതിന് കരാറിൽ ഏർപ്പെടാൻ അനുമതി നൽകുന്നതാണ് രണ്ടാമത്തെ നിയമം. ഇത് ഉൽപാദകർക്കു നഷ്ടംവരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സർക്കാർ പറയുന്നു. ഇതൊന്നും പക്ഷേ, കർഷകർ വിശ്വസിക്കുന്നില്ല. പരിഷ്കാരങ്ങളെല്ലാം അംബാനിമാരും അഡാനിമാരും ഉൾപ്പെടെയുള്ള സ്വകാര്യമേഖലയുടെതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്ന് അവർ സംശയിക്കുന്നു.

FARMERS PROTEST3 നിയമങ്ങളും പിൻവലിക്കണമെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നതെങ്കിലും താങ്ങുവില ഇല്ലാതാകുമോയെന്നതാണ് അവരുടെ പ്രധാന ആശങ്കയെന്നു തോന്നുന്നു. താങ്ങുവില ഉറപ്പാക്കി നിയമം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെടുന്നു. അതിൽ കുറഞ്ഞവിലയ്ക്ക് വിളകൾ വാങ്ങുന്നത് കുറ്റകരമാക്കണം.

എപിഎംസി ചന്തകൾ വഴിയല്ലാതെ വിളകൾ വിൽക്കാ‍ൻ അവസരം ലഭിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കർഷകർക്കു മറ്റൊരു വിപണനപാത തുറക്കുമെന്നു സർക്കാർ പറയുന്നു. ഇതോടൊപ്പം എപിഎംസി ചന്തകൾ തുടരുകയും ചെയ്യും. സമാന്തരവിപണന സംവിധാനം ശക്തിപ്പെടുന്നതോടെ എപിഎംസി ചന്തകളുടെയും മത്സരശേഷിയും കാര്യക്ഷമതയും വർധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.

ഇങ്ങനെ പ്രക്ഷോഭകരും സർക്കാരും രണ്ടുധ്രുവങ്ങളിൽ നിൽക്കുമ്പോൾ കാർഷിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും ഇരുചേരികളിലുമുണ്ട്.

ഒത്തുതീർപ്പു ചർച്ചകൾ വിഫലമായതോടെ സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് കർഷകസംഘടനകൾ. കൂടുതൽ കർഷകർ ഡൽഹിയിലേക്കുള്ള യാത്രയിലാണ്. ട്രെയിനുകൾ ഉൾപ്പെടെ രാജ്യതലസ്ഥാനത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച കേന്ദ്രസർക്കാർ താങ്ങുവില നിലനിർത്തുമെന്ന ഉറപ്പുനൽകിയിട്ടുണ്ട്. അന്തിമപരിഹാരം അതുതന്നെയാകാമെങ്കിലും അതിനുമുൻപ് സ്ഥിതി കുറച്ചുകൂടി വഷളായിക്കൂടെന്നില്ല.

farmers-protestപ്രക്ഷോഭകർക്കെതിരെ കർശനനടപടി സ്വീകരിച്ചാൽ ഉണ്ടാകാനിടയുള്ള രാജ്യാന്തരപ്രത്യാഘാതങ്ങളാണ് കേന്ദ്രസർക്കാരിനെ അങ്കലാപ്പിലാക്കുന്നത്. വിപണിശക്തികളുടെ സ്വാധീനത്തിനു വഴങ്ങുന്നുവെന്ന പ്രചാരണവും സർക്കാരിനു നാണക്കേടാണ്.

മറ്റു ചില പരിഷ്കാരങ്ങളുടെ കാര്യത്തിലെന്നപോലെ ഒരുവിഭാഗം മാധ്യമങ്ങളും രാജ്യാന്തര സമൂഹവും കാർഷിക പരിഷ്കാരങ്ങളെയും സംശയത്തോടെയാണ് കാണുന്നത്. വേണ്ടത്ര ചർച്ചകളും കൂടിയാലോചനകളും ഇല്ലാതെ തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് പ്രധാന ആരോപണം. ഇപ്പോൾ നടക്കുന്ന ചർച്ചകൾ പോലും പരിഷ്കാരങ്ങൾ പിൻവലിക്കില്ലെന്ന മുന്നുപാധിയോടെയാണെന്ന് അവർ വിമർശിക്കുന്നു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സമാധാനപരമായ പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന സമാധാനപരമായ ഇത്തരം ജനകീയ സമരങ്ങളോടുള്ള നിലപാടിൽ നിന്ന് വ്യത്യസ്തമല്ല ഇതെന്നും അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സമരത്തെ അനുകൂലിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായി വിമർശിച്ച് കാനഡയുടെ ഹൈക്കമ്മിഷണറെ ന്യൂഡൽഹിയിൽ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച ശേഷവും ട്രൂഡോ പിന്തുണ ആവർത്തിച്ചു. തുടർന്ന് കാനഡ മുൻകയ്യെടുത്ത് വിളിച്ചുചേർത്ത കോവിഡ് വാക്സീൻ ഉച്ചകോടിയിൽ നിന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി വിട്ടുനിന്നു. കാനഡയിലെ സിഖ് സമൂഹത്തിന്റെ സ്വാധീനമാണ് അത്തരമൊരു നിലപാടെടുക്കാൻ അവരെനിർബന്ധിതമാക്കിയത്. അതുകൊണ്ടു തന്നെ അവർ പിന്നാക്കം പോകാൻ സാധ്യതയില്ലെന്നു കരുതണം.

farmers-protest-placards
ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ മൗനവ്രതം ആചരിച്ച കർഷകർ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെസ്, നോ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. ചർച്ച പരാജയപ്പെട്ട ശേഷം പ്ലക്കാർഡുകളുമായി കർഷക നേതാക്കൾ പുറത്തിറങ്ങിയപ്പോൾ. ചിത്രം: ജെ.സുരേഷ് ∙ മനോരമബ്രിട്ടനിൽ എല്ലാ പാർട്ടികളിലും പെട്ട 36 പാർലമെന്റ് അംഗങ്ങൾ വിഷയം ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്കുകത്തു നൽകി. ലേബർ പാർട്ടിയുടെ സിഖുകാരനായ എംപി തയാറാക്കിയ കത്തിൽ ഇന്ത്യൻ വംശജരായ വിരേന്ദ്ര ശർമ, സീമ മൽഹോത്ര, വലേരി വാസ് എന്നിവരും ലേബർ പാർട്ടി മുൻ നേതാവ് ജെർമി കോർബിനും ഒപ്പുവച്ചു. കർഷകർക്കു സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് സൗത്ത് ഓസ്ട്രേലിയൻ പാർലമെന്റിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ടങ് എൻഗോ അഭ്യർഥിച്ചു.

വിദേശരാഷ്ട്രങ്ങളുടെ പ്രതികരണം ആഭ്യന്തരകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഒരിക്കലും നിർണായകമാവില്ല. എന്നാൽ, ആവശ്യങ്ങളിൽ ഉറച്ചുനിൽക്കാൻ അത് സമരക്കാർക്ക് ഊർജം പകരും. രാജ്യാന്തരമാധ്യമങ്ങളുടെ വിമർശനവും സർക്കാരിനെ സമ്മർദത്തിലാക്കും. തുറന്ന ചർച്ചകളിലുടെ പ്രശ്നത്തിനുപരിഹാരം കാണുകയാണ് ഏക പോംവഴി.

കാലഹരണപ്പെട്ട നിയമങ്ങൾവച്ച് രാജ്യത്തെ ആധുനികവൽക്കരിക്കാൻ കഴിയില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നിയമങ്ങൾ ക്രമേണ കർഷകർക്കു ഗുണപ്രദമായി തീരുമെന്ന് ആവർത്തിച്ചു.

കർഷകരും കേന്ദ്രസർക്കാരും ഇങ്ങനെ അവരവരുടെ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ പ്രക്ഷോഭം അവസാനിക്കാൻ ഇപ്പോഴും വിദൂര സാധ്യത മാത്രം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.