സുഗതകുമാരി: കനിവിന്റെ കവി, കഷ്ടാനുഭവങ്ങളുടെ മധ്യസ്ഥ

malayalam-poet-and-activist-sugathakumari-profile-image
SHARE

കവിയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പോറ്റമ്മയും അനേകം ധർമസ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിന് അശരണർക്ക് പുതുജീവിതം സമ്മാനിച്ച സ്നേഹസ്വരൂപിണിയുമായ സുഗതകുമാരിയുടെ മരണം ദുഃഖകരവും ചിന്തോദ്ദീപകവുമായ നിരവധി ഓർമകളാണ് നമ്മുടെ മനസ്സിൽ നിറയ്ക്കുന്നത്. സൗമ്യമായ പുഞ്ചിരിയായിരുന്നു ആ മഹതിയുടെ സഹജഭാവം. എന്നാൽ, നാട്ടിലെങ്ങുമുള്ള നിസ്വരായ മനുഷ്യജീവികളെയോർത്ത് അവർ ഉത്കണ്ഠാകുലയായി. മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃത്തികൾ മൂലമുള്ള പ്രകൃതിനാശവും മാനവസമൂഹത്തിനാകെ സംഭവിക്കുന്ന മൂല്യച്യൂതിയും അവരുടെ മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു. ഈ ധർമാധർമ സംഘർഷം മൂലം കവിയെന്ന നിലയിൽ സൃഷ്ടിയുടെ ആഹ്ലാദവും ഉന്മാദവും അനുഭവിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ക്രിസ്തുവിനെപ്പോലെ, ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി മറ്റുള്ളവർക്കുവേണ്ടി അനുഭവിക്കേണ്ടവളാണ് താനെന്ന് സുഗത കരുതിയിരിക്കണം. ക്രിസ്ത്യൻ മൂല്യസങ്കൽപങ്ങൾക്കു സമാനമായ വിധം അവരുടെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഏറെക്കുറെ സഹനവും കഷ്ടാനുഭവങ്ങൾ ഏറ്റുവാങ്ങലും മാത്രമായിരുന്നു. 

sugathakumari
സുഗതകുമാരി

സുഗതകുമാരിയുടെ ശവദാഹത്തിന്റെ ചിത്രം ഹൃദയഭേദകമായിരുന്നു. കറുത്ത പ്ലാസ്റ്റിക് പൊതിഞ്ഞ മൃതദേഹം വെളുത്ത പ്ലാസ്റ്റിക് പൊതിഞ്ഞ ഏഴ് മനുഷ്യരൂപങ്ങൾ ചേർന്നു ചിതയിലേക്കു തള്ളിനീക്കുന്ന കാഴ്ച മനുഷ്യരാശി ചെന്നെത്തി നിൽക്കുന്ന ഭീഷണമായ ദുരവസ്ഥയുടെ നേർച്ചിത്രമായി. ദുരമൂത്ത് കൊള്ളയ്ക്കു മുതിർന്ന മനുഷ്യന് പ്രകൃതി നൽകിയ തിരിച്ചടിയിൽ നിന്ന്, മണ്ണിനും മരങ്ങൾക്കും കിളികൾക്കും മറ്റു മിണ്ടാപ്രാണികൾക്കും വേണ്ടി അവസാനശ്വാസം വരെ വിലപിച്ചുകൊണ്ടിരുന്ന അവളുടെ വിശ്വസ്ത പോരാളിക്കുപോലും കരകയറാനായില്ലെന്നതു വൈരുദ്ധ്യമായി ബാക്കിനിൽക്കുന്നു. 

sugathakumari-funeral

കവിയുടെ അവസാന ആഗ്രഹം സഫലമാക്കാൻ അവരുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുകൾക്കോ ആരാധകർക്കോ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു വൈപരീത്യം. മരണാനന്തരം എന്തെല്ലാം ചെയ്യണമെന്നും അരുതെന്ന് സുഗതകുമാരി വ്യക്തമായി എഴുതിവച്ചിട്ടും അതു നടപ്പാക്കാൻ കഴിഞ്ഞില്ല. മൃതദേഹത്തിൽ അർപ്പിക്കാൻ വേണ്ടി ഒരു പൂവു പോലും പറിക്കരുതെന്നും ബഹുമാനസൂചകമായി പൊലീസ് ആചാരവെടി മുഴക്കരുതെന്നും അനുസ്മരണ സമ്മേളനങ്ങൾ പാടില്ലെന്നുമുള്ള അവരുടെ അഭിലാഷവും വൃഥാവിലായി. എത്ര സദുദ്ദേശ്യപരമായാലും ഇതൊന്നും ആ ഹൃദയത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാവില്ല. ആഗ്രഹങ്ങളും പദ്ധതികളും പലതും പൂർത്തീകരിക്കാതെയാണ് അവർ ഈ ലോകം വിട്ടത്. എന്നാൽ, മറ്റുള്ളവരെക്കുറിച്ചുള്ള ആകുലത കൊണ്ടും ലാളിത്യ സൂചകമായും അവർ നിഷ്കർഷിച്ചിരുന്നതു നിഷേധിക്കരുതായിരുന്നു. കുടുംബസുഹൃത്തായ സൂര്യ കൃഷ്ണമൂർത്തി അന്നുതന്നെ ഈ വികാരം പ്രകടിപ്പിച്ചു. 

malayalam-poet-sugathakumari-image

സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരന്റെ മൂന്നു മക്കളിൽ എനിക്ക് കൂടുതൽ അടുപ്പം എന്റെ പ്രിയപ്പെട്ട അധ്യാപിക കൂടിയായ ഹൃദയകുമാരിയുമായിട്ടായിരുന്നു. സുജാതാ ദേവി കോളജിൽ എന്റെ ഒപ്പമായിരുന്നു. ഞങ്ങൾ യൂണിവേഴ്സിറ്റി കോളജിൽ പ​​ഠിക്കുന്ന കാലത്ത് സുഗത തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. ദാനധർമ പ്രവർത്തനങ്ങളിൽ എന്റെ ഭാര്യ ലേഖ മാതൃകയാക്കിയ മഹതി എന്ന നിലയിലാണ് അവരെ ഞാൻ പരിചയപ്പെടുന്നത്. ന്യൂയോർക്ക്, വാഷിങ്ടൻ, വിയന്ന, നയ്റോബി എന്നിവിടങ്ങളിൽ കരുണ ചാരിറ്റീസിന്റെ കേരള ചാപ്റ്റർ സ്ഥാപിക്കാൻ ലേഖയെ അവർ സഹായിച്ചു. 

sugathakumari-teacher-1-podcast

സുഗതകുമാരിയുടെ വ്യക്തിവൈശിഷ്ട്യം ഞങ്ങളെ തെല്ലൊന്നുമല്ല ആകർഷിച്ചത്. അവരുടെ പൊതുചടങ്ങുകളിൽ പങ്കെടുക്കാനും സംസാരിക്കാനും കിട്ടുന്ന അവസരങ്ങൾ മഹാഭാഗ്യമായി ഞങ്ങൾ കരുതി. കരുണയുടെ ആൾരൂപമായിരുന്ന അവരുമായി കവിതയെയും പരിസ്ഥിതിയെയും കുറിച്ചു കാര്യമായി സംസാരിച്ചിട്ടില്ല. ഞങ്ങളുടെ ആദ്യകൂടിക്കാഴ്ചയിൽ രാജ്യാന്തരതലത്തിൽ സന്ധിസംഭാഷണങ്ങളും വിലപേശലുകളും നടത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഏറ്റവും വലിയ മാലിന്യവും കളങ്കവും ദാരിദ്ര്യമാണെന്ന ഇന്ദിരാഗാന്ധിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വികസനത്തിനു മുൻഗണന നൽകിയിട്ടുള്ള നിലപാടാണ് ഇത്തരം ചർച്ചകളിൽ അന്നു സ്വീകരിച്ചിരുന്നത്. എന്നാൽ സുഗതയുടെ സമീപനം മണ്ണും വെള്ളവും സംരക്ഷിക്കുക, പക്ഷികളെയും മറ്റു ജീവികളെയും പരിപാലിക്കുക എന്ന മട്ടിൽ ഏകതലത്തിലായിരുന്നു. ആഗോള താപനത്തെക്കുറിച്ചോ ഹരിതവാതകങ്ങളുടെ ബഹിർഗമനത്തിനു പിന്നിലെ ശാസ്ത്രതത്വങ്ങളെക്കുറിച്ചോ അവർ സംസാരിക്കുന്നതു കേട്ടിട്ടില്ല. 

Sugathakumari-5
അശ്രുപുഷ്പങ്ങൾ..: തിരുവനന്തപുരത്ത് അന്തരിച്ച കവി സുഗതകുമാരിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

പരിസ്ഥിതി ആക്ടിവിസത്തിലേക്കും ദാനധർമ പ്രവർത്തനങ്ങളിലേക്കും വഴിതിരിഞ്ഞില്ലെങ്കിൽ കവി എന്ന നിലയിൽ സുഗതകുമാരി ഏറെ പ്രശസ്തി നേടുമായിരുന്നു എന്ന അഭിപ്രായം സാഹിത്യകാരന്മാർക്കിടയിലുണ്ട്. എന്നാൽ അവരുടെ മൂന്നു പ്രവർത്തന മേഖലകളും പരസ്പര ബന്ധിതമായിരുന്നു. ഇതിൽ ഒന്ന് വേണ്ടെന്നു വയ്ക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. കവിത എഴുതുന്നതുകൊണ്ടു മാത്രം പാവപ്പെട്ട മനുഷ്യർക്കോ പ്രകൃതിക്കോ ഗുണം ലഭിക്കില്ലെന്ന തിരിച്ചറിവാണ് അവരെ ആക്ടിവിസത്തിലേക്കു നയിച്ചത്. നമ്മുടെ ആവാസവ്യവസ്ഥയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതിനെതിരെ ഒ.എൻ.വി. കുറുപ്പും അയ്യപ്പപ്പണിക്കരുമെല്ലാം തൂലിക ചലിപ്പിച്ചെങ്കിലും അവരാരും പ്രക്ഷോഭത്തിന്റെ പാതയിലേക്കു തിരിഞ്ഞില്ല. 

sugathakumari-teacher-3-podcast

ഞാനും അവരുടെ കവിതകൾ ആസ്വദിച്ചിരുന്നു. പക്ഷേ, ചുരുക്കം സന്ദർഭത്തിലൊഴികെ അതേക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. ചിത്രയും വേണുഗോപാലും ആലപിച്ച ചില കവിതകൾ ആലാപന സൗന്ദര്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. കൃഷ്ണനോടുള്ള ഭക്തിയും പ്രണയവും വർണിക്കുന്ന വരികൾ അത്യാകർഷകമാണ്. ദൂരെ നിന്ന് കൃഷ്ണനെ പ്രണയപൂർവം ആരാധിക്കുന്ന രാധയുടെയും അവളുടെ മനോവിചാരം തിരിച്ചറി‍ഞ്ഞ് കുടിലിനു മുന്നിൽ രഥം നിർത്തിയ കണ്ണന്റെയും ബിംബങ്ങൾ മനസ്സിനെ ഉലയ്ക്കും. എന്നാൽ, നിത്യജീവിതത്തിൽ അവരുടെ സംഭാഷണം എല്ലായ്പ്പോഴും യാതനകളെക്കുറിച്ചായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ, വയോധികർക്കെതിരെ, നിരാലംബരായ മനുഷ്യർക്കെതിരെ അധികാരകേന്ദ്രങ്ങൾ നടത്തുന്ന നിർദയമായ പ്രവൃത്തികളുടെ പച്ചയായ വെളിപ്പെടുത്തലുകൾ. 

Sugathakumari--4
സുഗതകുമാരി

സർക്കാരുകളുമായി ഏറ്റുമുട്ടാൻ അവർ ശ്രമിച്ചിരുന്നില്ല. മറിച്ച്, എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് ജനാഭിപ്രായം അനുകൂലമാക്കി, ഭരണകൂടങ്ങളെ സമ്മർദത്തിലാക്കി തീരുമാനമെടുപ്പിക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. കവിതകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആളെ ആകർഷിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ ആയിരങ്ങൾ ആ പക്ഷത്തു ചേർന്നു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയും ആറന്മുള വിമാനത്താവള പദ്ധതിയും വേണ്ടെന്നു വയ്ക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത് ജനാഭിപ്രായമാണ്. പിന്നീട് ഇതേ പേരിൽ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ മുതിർന്നില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതിക്കു പകരം പരിസ്ഥിതിക്ക് അതിലേറെ ദോഷകരമായ മറ്റൊന്നാണ് ശബരിമലയ്ക്കു സമീപം ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 

sugathakumari-silent-valley-03

മഹാത്മജിയുടെ രക്തസാക്ഷിത്വ വേളയിൽ ജവാഹർലാൽ നെഹ്റു പറഞ്ഞത് ഉദ്ധരിച്ച്ഞാൻ എന്റെ ദുഃഖം പങ്കുവയ്ക്കട്ടെ. ‘ആ വെളിച്ചം അണഞ്ഞു.’ നെഹ്റുവിന്റെ തുടർവാക്കുകൾ ഇന്നു നമുക്കും ആശ്വാസം പകരേണ്ടതാണ്. ‘പക്ഷേ, അതൊരു സാധാരണ വെളിച്ചം ആയിരുന്നില്ല. അത് സത്യത്തിന്റെ പ്രതീകമായിരുന്നു. സനാതനമായ സത്യത്തിന്റെ പ്രതീകം. ശരിയായ പാതയെക്കുറിച്ച് അതു നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും, തെറ്റിൽ നിന്നു പിന്തിരിപ്പിക്കും.’ 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.