ക്യാപ്പിറ്റോളിലെ കൂട്ടപ്പൊരിച്ചിൽ; അതൊരു ‘പതാക ദുരന്തം’

1200-us-capitol-violence
ചിത്രം: എഎഫ്പി
SHARE

കൊച്ചിയിൽ ജനിച്ചുവളർന്ന് തേവര സേക്രട്ട് ഹേർട്ട് കോളജിലും തൃശൂർ എൻജിനീയറിങ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു യുവാവാണ് കഥാനായകൻ. അൽപകാലം കേരള സർക്കാർ സ്ഥാപനമായ കിറ്റ്കോയിലും പിന്നീട് സൗദി അറേബ്യയിലും ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ഉപരിപ​ഠനാർഥം യുഎസിലേക്കു ചേക്കേറി. റെനോ യൂണിവേഴ്സിറ്റിയിൽ സിവിൽ എ​ൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം മേരിലാൻഡ് സ്റ്റേറ്റ് ഹൈവേ അഡ്മിനിസ്ട്രേഷൻ, മെട്രോ വാഷിങ്ടൻ കൗൺസിൽ ഓഫ് ഗവൺമെന്റ് എന്നിവയിൽ ജോലിചെയ്ത ചെറുപ്പക്കാരൻ 1998 ൽ ‘അമരം’ (Amaram) ടെക്നോളജി എന്ന പേരിൽ സ്വന്തം ഐടി സ്ഥാപനം തുടങ്ങി. 

ഇങ്ങനെ ബിസിനസ് രംഗത്തു സ്വന്തം മേൽവിലാസം നേടിയ ശേഷമാണ് വിൻസൻ (വിൻസന്റ്) സേവ്യർ പാലത്തിങ്കൽ യുഎസിലെ ഇന്ത്യക്കാർക്കിടയിൽ പ്രവർത്തനം തുടങ്ങിയത്. ബൗദ്ധികമായ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കുമായി ഇന്തോ–അമേരിക്കൻ സെന്റർ എന്ന കൂട്ടായ്മയ്ക്കു രൂപം നൽകിയ അദ്ദേഹം ക്രമേണ റിപ്പബ്ലിക്കൻ പാർട്ടിയുടെ അനുഭാവിയായി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. 

അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫോമയ്ക്കു വേണ്ടിയും പ്രവർത്തിച്ച വിൻസൻ കേരളത്തിൽ അവർ നടപ്പാക്കിയ പല പദ്ധതികളുടെയും ഭാഗമായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊതുവെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുമ്പോഴും കേരളത്തിലെ ഇടതുപക്ഷത്തിന്റെ കടുത്ത വിമർശകനായിരുന്നു. 

vincent-capitol
കാപ്പിറ്റോളിനു മുന്നിൽ ഇന്ത്യൻ പതാകയുമായി പ്രതിഷേധിക്കുന്ന വിൻസന്റും സുഹൃത്തും.

ഒരു കയ്യിൽ അമേരിക്കൻ പതാകയും മറുകയ്യിൽ ഇന്ത്യയുടെ ത്രിവർണ പതാകയുമായിയുഎസ് കോൺഗ്രസ് (പാർലമെന്റ്) ആസ്ഥാനമായ ക്യാപ്പിറ്റോളിലേക്കു മാർച്ച് ചെയ്ത ആയിരക്കണക്കിനു ട്രംപ് അനുയായികളിൽ ഒരാൾ വിൻസനായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചും ഫലം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രക്ഷോഭം. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിച്ച്, ഡമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കാൻ ചേർന്ന കോൺഗ്രസ് സമ്മേളനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട്, തോറ്റ പ്രസിഡന്റ് ട്രംപ് ആസൂത്രണംചെയ്ത പദ്ധതിയാണിതെന്ന് ആദ്യമേ വ്യക്തമായിരുന്നു. എന്നാൽ, ആൾക്കൂട്ടം അക്രമം തുടങ്ങിയതോടെ തിരഞ്ഞെടുപ്പു ക്രമക്കേടിനെതിരെ പ്രതിഷേധിക്കുകയെന്ന ലക്ഷ്യം പരാജയപ്പെട്ടെന്നു വിൻസൻ പരിതപിക്കുന്നു. ക്യാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചു കയറുന്നതു നിയമവിരുദ്ധമായതിനാൽ പുറന്നുനിന്നു പ്രതിഷേധിക്കുക മാത്രമേ താൻ ചെയ്തുള്ളൂവെന്നും അദ്ദേഹം പിന്നീടു ഫെയ്സ്ബുക്കിൽ കുറിച്ചു. 

പ്രതിഷേധക്കാരിൽ ത്രിവർണ പതാകക്കാർ വേറെയുമുണ്ടായിരുന്നു. എന്നാൽ വിൻസൻമാത്രമേ ഈ പ്രതിഷേധത്തിൽ പങ്കെടുത്തതായി സമ്മതിച്ചിട്ടുള്ളൂ. ഇന്ത്യക്കാരിലും ട്രംപിനെ പിന്തുണയ്ക്കുന്നവരുണ്ടെന്നു വ്യക്തമാക്കാനാണ് ഇന്ത്യൻ പതാക വീശിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

Capitol-building-protest-1

ന്യായീകരണം എന്തുതന്നെയായാലും ഇന്ത്യക്കാരുടെയും മാധ്യമങ്ങളുടെയും കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് ഈ മലയാളി. ട്രംപിന്റെ കുത്സിത നീക്കത്തിൽ എന്തിനു പങ്കാളിയായി എന്നതാണ് അവരുടെ ആദ്യത്തെ ചോദ്യം. കൊല്ലാനും ചാവാനും ഒരുമ്പെട്ടിറങ്ങിയ വംശവെറിയൻമാരുടെയും ഗുണ്ടകളുടെയും സംഘമായിരുന്നു അന്ന് അവിടെ ഒത്തുകൂടിയത്. ഇത്തരമൊരു പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഇന്ത്യയുടെ ദേശീയപതാകയുമായി എന്തിനു പോയി എന്നും രാജ്യത്തെ ഇതിലേക്കു വലിച്ചിഴച്ചത് എന്തിനെന്നും അവർ ചോദിക്കുന്നു. അമേരിക്കൻ പൗരനെന്ന നിലയിൽ അവരുടെ ദേശീയ പതാകയല്ലേ ഇയാൾ കൊണ്ടുപോകേണ്ടിയിരുന്നത് എന്ന സംശയവും പലർക്കുമുണ്ട്. 

ഇന്ത്യയുടെ ദേശീയപതാകയോടു തനിക്ക് തികഞ്ഞ ആദരവാണുള്ളതെന്ന് വിൻസൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും സംശയത്തിന്റെ ആനുകൂല്യം നൽകാൻ വിമർശകർ തയാറല്ല. തിരഞ്ഞെടുപ്പുവേളയിൽ ട്രംപിനെ പിന്തുണച്ച ഇന്ത്യയിലെ ഭരണകക്ഷി ഉൾപ്പെടെ എല്ലാ പാർട്ടികളും ഈ പ്രവൃത്തിയെ വിമർശിച്ചു. വിൻസൻ മാപ്പുപറയണമെന്നു മാധ്യമങ്ങൾ ആവശ്യപ്പെട്ടു. ദേശീയപതാകയെ അപമാനിച്ചതിനു നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ചില അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, തന്റെ കളങ്കമില്ലാത്ത പ്രവൃത്തിയെ നാട്ടുകാർ മനസ്സിലാക്കുമെന്നാണ് വിൻസന്റെ പ്രതീക്ഷ. 

USA-ELECTION/CAPITOL-SECURITY

യുഎസിലെയോ ഇന്ത്യയിലെയോ ഒരു നിയമവും ഇദ്ദേഹം ലംഘിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇന്ത്യൻ ദേശീയപതാകയെ അപമാനിക്കാൻ ശ്രമിച്ചുവെന്നു പരമാവധി പറയാൻ കഴിഞ്ഞേക്കും. പക്ഷേ, പ്രവാസികൾ മറുനാട്ടിൽ അവരുടെ സാന്നിധ്യമറിയിക്കുന്നതിന് ദേശീയപതാക പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നു മനസ്സിലാക്കണം. പതാക ഉപയോഗിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ ഇന്ത്യയിലേക്കാൾഉദാരമാണ് യുഎസിൽ. കൊടിയിലെ നക്ഷത്രങ്ങളും ചുവപ്പും വെളുപ്പും വരകളുമുമെല്ലാം അവർ നിക്കറിലും ബിക്കിനിയിലും മാസ്ക്കിലുമൊക്കെ പ്രദർശിപ്പിക്കാറുമുണ്ട്. പക്ഷേ, ഇന്ത്യയിലും പ്രവാസി ഇന്ത്യക്കാർക്കിടയിലും ഈ സംഭവം സൃഷ്ടിച്ച വിപരീത പ്രതികരണം അവഗണിക്കാവുന്നതല്ല. ക്യാപ്പിറ്റോൾ പ്രക്ഷോഭത്തിന്റെ സംഘാടകരുടെ പിന്തുണ ഇക്കാര്യത്തിൽ വിൻസനു ലഭിക്കുമെന്നും തോന്നുന്നില്ല. കാരണം അവരാരും അതു കാര്യമായി എടുത്തിട്ടില്ല. ഇന്ത്യൻ മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടിലായിരുന്നുവെങ്കിൽ, ആൾക്കൂട്ടം പലതരം കൊടിവീശി ബഹളംവച്ച കൂട്ടത്തിൽ ആരും അതു ഗൗനിക്കുമായിരുന്നില്ല. 

അമേരിക്കൻ രാഷ്ട്രീയത്തിൽ പതാക നല്ല ആയുധമാണ്. ‘ഓരോമാതിരി ചായം മുക്കിയ’ തുണികളിൽ ചിത്രങ്ങളോ അക്ഷരങ്ങളോ ആലേഖനം ചെയ്താൽ പതാകയാകും. ആരെയാണ് അതു പ്രതിനിധീകരിക്കുന്നത് എന്നതു പ്രശ്നമല്ല. ആരും അത് അറിയണമെന്നുമില്ല. ക്യാപ്പിറ്റോളിലേക്ക് ഇരച്ചുകയറിയ ആൾക്കൂട്ടം ഇത്തരം പല പതാകകളും ബാനറുകളുമായാണു വന്നത്. ആഭ്യന്തരയുദ്ധകാലത്തെ കൊടികളും ട്രംപിന്റെ തിരഞ്ഞെടുപ്പ് ബാനറുകളും നിയോ നാസി, ക്രൈസ്തവ ചിഹ്നങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രകോപനപരമായത് കോൺഫെഡറേറ്റ് സൈന്യത്തിന്റെ യുദ്ധപതാകയായിരുന്നു. ഒരുകണക്കിന്, തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന വിശ്വസിക്കുന്ന വിഭാഗങ്ങളുടെ അൽപം രൂപഭേദം വരുത്തിയ പരിച്ഛേദമായിരുന്നു ആ സംഘം. 

US-CONGRESS-HOLDS-JOINT-SESSION-TO-RATIFY-2020-PRESIDENTIAL-ELEC

വെള്ളക്കാരായ വംശവെറിയൻമാർ വെറുപ്പിന്റെ പ്രതീകമായി കണക്കാക്കുന്ന സതേൺക്രോസും അവിടെ ഉയർന്നുകണ്ടു. ചരിത്രത്തിൽ ഇന്നുവരെ ക്യാപ്പിറ്റോൾ വളപ്പിൽ അതു കയറ്റിയിട്ടില്ല. അക്കൂട്ടത്തിൽ നമ്മുടെ ത്രിവർണ പതാകയും കാണാനായത് അനുചിതമായിപ്പോയി. രാജ്യസ്നേഹം പ്രകടമാക്കാനാണ് അതുമായി പോയതെങ്കിൽക്കൂടി അങ്ങനെയേ പറയാൻ കഴിയൂ. 

ട്രംപ് ആസൂത്രണം ചെയ്ത കലാപത്തിന്റെ ഒരു അടിക്കുറിപ്പ് മാത്രമാണ് പതാക സംഭവം. ആ കലാപം ഒരു ദുരന്തത്തിൽ കലാശിക്കുമായിരുന്നു. നിറതോക്കുകളും കൈബോംബുകളുമായി കോൺഗ്രസ് സമ്മേളന ഹാളുകളിലേക്ക് ഇരച്ചുകയറിയ ആൾക്കൂട്ടത്തിൽനിന്ന് വൈസ് പ്രതിസന്റിനെയും ജനപ്രതിനിധിസഭാംഗങ്ങളെയും സെനറ്റർമാരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതു നിർണായകമായി. ഭരണഘടനാപരമായ ചുമതല നിറവേറ്റുമെന്ന തീരുമാനത്തിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉറച്ചുനിന്നില്ലായിരുന്നുവെങ്കിൽ ട്രംപ് ആഗ്രഹിച്ചതുപോലെ നടക്കുമായിരുന്നു. പാർലമെന്റ് കയ്യടക്കുന്നതു തടയുന്നതിൽ പൊലീസും മറ്റു സുരക്ഷാ ഏജൻസികളും പരാജയപ്പെട്ടു. പിന്നീട് കലാപം അടിച്ചമർത്താൻ അവർക്കു കഴിഞ്ഞുവെന്ന് സമ്മതിക്കുന്നു. 

US-TRUMP-SUPPORTERS-HOLD-

ദാസന്മാരെ അയച്ച് പാർലമെന്റ് നടപടികൾ അലങ്കോലമാക്കിയ ശേഷം, ലക്ഷ്യം നടപ്പില്ലെന്നു വന്നപ്പോൾ അവരെ തള്ളിപ്പറയുകയും അധികാര കൈമാറ്റത്തിനു തയാറാണെന്നു പ്രഖ്യാപിക്കുകയുമാണ് ട്രംപ് ചെയ്തത്. താൻ മണ്ടനാണെന്ന് അദ്ദേഹം വളരെവേഗം തിരിച്ചറിഞ്ഞുവെന്നാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷേ, അതുകൊണ്ടു കാര്യമില്ല. പ്രസിഡന്റ് പദവിയിൽ ഇനി അദ്ദേഹത്തിന് 9 ദിവസമേയുള്ളൂ. അതിനു മുമ്പ് സ്ഥാനഭൃഷ്ടനാക്കാനുള്ള ന‌ടപടികൾ മുന്നോട്ടുപോകുകയാണ്. ട്രംപ് കൂടുതൽ കുഴപ്പങ്ങൾക്കു മുതിർന്നാൽ മാത്രമേ കാബിനറ്റിന്റെ ഭൂരിപക്ഷ തീരുമാന പ്രകാരം പ്രസിഡന്റിനെ പുറത്താക്കാൻ അധികാരംനൽകുന്ന 25–ാം വകുപ്പ് പ്രയോഗിക്കേണ്ടതുള്ളൂവെന്നാണ് മൈക്ക് പെൻസിന്റെ നിലപാട്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. അതിനുള്ള സമയം ഇനിയില്ല. ഇതിനിടെ, പൊതുമാപ്പ് നൽകി ജയിൽശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള വഴി ആലോചിക്കുകയാണ് ട്രംപ്. 

യുഎസ് ചരിത്രത്തിലെ ഇരുണ്ടദിനങ്ങൾ കഴിഞ്ഞു എന്ന് നമുക്കും ആശ്വസിക്കാം. 20ന് അധികാരമേൽക്കുന്ന ജോ ബൈഡൻ കോവിഡ് മഹാമാരിയെ ഉൾപ്പെടെ ഭംഗിയായി കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കാം. 

നിർണായക ചരിത്രസന്ധിയിൽ ഒരാൾ ഉയർത്തിയ വെല്ലുവിളിയെ തീർത്തും ജനാധിപത്യപരമായിത്തന്നെ അതിജീവിക്കാൻ യുഎസിനു കഴിഞ്ഞു. തിന്മയുടെ ചക്രവർത്തിഭരണത്തിൽ നിന്നു മോചിപ്പിക്കപ്പെട്ട വർഷമായി 2021 അവരുടെ ചരിത്രത്തിൽ ഇടംനേടും. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.