നമ്മുടെ അയൽരാജ്യമായ മ്യാൻമറിൽ ഫെബ്രുവരി ഒന്നിനു പട്ടാളം നടത്തിയ അട്ടിമറി ഒരു സെൽഫ് ഗോൾ അല്ലാതെമറ്റൊന്നുമല്ല. കാരണം, 1962 ൽ പ്രധാനമന്ത്രിയു നുവിനെ പട്ടാള മേധാവി നെ വിൻ അധികാരഭ്രഷ്ടനാക്കിയ ശേഷം ആ രാജ്യത്തു ജനാധിപത്യം പുലർന്നിട്ടില്ല. ലോകം കണ്ടതിൽ വച്ച് ഏറ്റവും കിരാതമായൊരു പട്ടാള ഭരണമായിരുന്നു അന്നു മുതൽ അവിടെ കണ്ടത്.
എല്ലാ എതിർപ്പുകളെയും നിഷ്ഠുരമായി അടിച്ചമർത്തിയ നെ വിൻ, മുഴുവൻ അയൽരാജ്യങ്ങളും വൻ ശക്തി രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് തനതു സോഷ്യലിസ്റ്റ് പാത പിന്തുടരുമെന്നു പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായെന്നോണം, സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന, മികച്ച നിലയിൽ വാണിജ്യ– വ്യവസായങ്ങളിൽ ഏർപ്പെട്ടിരുന്ന 10 ലക്ഷത്തോളം ഇന്ത്യക്കാരെ നഷ്ടപരിഹാരം പോലും നൽകാതെ രാജ്യത്തുനിന്ന് പുറത്താക്കി. കർഷകരെ മാത്രം അവിടെ തുടരാൻ അനുവദിച്ചു. എന്നാൽ, 6 പതിറ്റാണ്ടിനു ശേഷം അഷ്ടിക്കു വകയില്ലാത്ത വിദേശികളായി അവർ ഏതാനും ഗ്രാമങ്ങളിൽ ഒതുങ്ങിക്കഴിയുന്നു. സ്വേച്ഛാധിപതിയുടെതനതു പാത രാജ്യത്തെ ദരിദ്രമാക്കിയെന്നു സാരം.
അന്നു വിദേശകാര്യ മന്ത്രാലയത്തിലേത് ഉൾപ്പെടെ എല്ലാ സിവിലിയൻ പദവികളിലും പട്ടാള ഉദ്യോഗസ്ഥരായിരുന്നു. ഗോൾഫ് കളിക്കിടയിൽ പോലും വിദേശ നയതന്ത്രജ്ഞരുമായി അവർ അടുക്കാറില്ല. ഔദ്യോഗിക സംഭാഷണങ്ങൾ മേലധികാരികളെ അറിയിക്കണമെന്നു വ്യവസ്ഥയുള്ളതിനാൽ ഓഫിസുകളിൽ വച്ച് ആരെയും കാണാനും അവർ കൂട്ടാക്കിയിരുന്നില്ല.
ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്താണെന്നു നെ വിൻ ഇടയ്ക്കിടെ അവകാശപ്പെടാറുണ്ട്. എന്നാൽ, ഒരിക്കൽ മാത്രമേ ആ അടുപ്പം പ്രകടമായിട്ടുള്ളൂ. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം ന്യൂഡൽഹിയിലെത്തിപ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കണ്ടപ്പോഴായിരുന്നു അത്. ഇന്ദിരയുടെ ആങ്ങളയായിരുന്നു എന്ന മട്ടിൽ രാജീവിന്റെ അമ്മാവനായ അദ്ദേഹം ഇന്ത്യയുമായുള്ളബന്ധം മെച്ചപ്പെടുത്താൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീടു മ്യാൻമറിൽ തിരികെയെത്തിയ ഞാൻ വാണിജ്യ– സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താൻ ചില പദ്ധതികൾ മുന്നോട്ടുവച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് പ്രതികരമുണ്ടായില്ല. വിദേശകാര്യ മന്ത്രാലയത്തിൽ കൂടിക്കാഴ്ചയ്ക്കു പോലും അവസരം നൽകിയില്ല. ഇന്ത്യ കുറച്ച് അരി വാങ്ങിയാൽ സന്തോഷമായിരിക്കുമെന്ന് പിന്നീട് അനൗദ്യോഗികമായി സൂചന ലഭിച്ചു. അതു ചെയ്തു. അക്കാലത്ത് അതു മാത്രമായിരുന്നു മ്യാൻമറുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധം.
ജപ്പാനും ദക്ഷിണ കൊറിയയും ഒഴികെയുള്ള മറ്റു രാജ്യങ്ങളുടെ അനുഭവവും അതുതന്നെയായിരുന്നു. ജപ്പാനും ദക്ഷിണ കൊറിയയും അവർക്കു വാരിക്കോരി സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്തി. വിവിധ രാജ്യങ്ങളുടെ നയതന്ത്ര മേധാവികളുംമ്യാൻമറിലെ സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത ഗോൾഫ് ടൂർണമെന്റിനിടെ ഒരിക്കൽ മാത്രമേ വിദേശ അംബാസഡർമാരെ നേരിൽ കാണാൻ നെ വിൻ അനുവദിച്ചിട്ടുള്ളൂ.
ഇംഗ്ലിഷ് നിരോധനം ഉൾപ്പെടെയുള്ള ചില കിറുക്കൻ പരിഷ്കാരങ്ങളും അദ്ദേഹം നടപ്പാക്കി. റോഡിന്റെ വലതുവശം ചേർന്നു പോകുന്ന ഗതാഗത സംവിധാനമാണ് അവിടെയുള്ളത്. വാഹനങ്ങളിലോ റോഡിലോ മാറ്റങ്ങൾ വരുത്താതെ അദ്ദേഹം ഒരു ദിവസം അത് ഇടതു വശത്തുകൂടിയാക്കി. അപകടങ്ങളുടെ പരമ്പരയായിരുന്നു ഫലം. ഉന്മത്തനായ ഭരണാധികാരി തന്നെ ഒരു ദിവസം നൈറ്റ് ക്ലബിലെത്തി പാട്ടുകാരെ മർദിക്കുകയും സംഗീതോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് യാങ്കൂണിലെ ഒരു ശവകുടീരത്തിൽ ഉത്തര കൊറിയൻ ഭീകരസംഘം ബോംബാക്രമണം നടത്തിയതും അക്കാലത്താണ്. ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രിയും പ്രസിഡന്റിന്റെ പരിവാരത്തിലെ ഏതാനും പേരും ഉൾപ്പെടെ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ പിടികൂടുകയും പട്ടാളച്ചിട്ടയിൽ വധശിക്ഷ നൽകുകയും ചെയ്തു. എന്നാൽ, സൈനിക വേഷം ധരിച്ചവർക്ക് രാജ്യത്ത് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് അത്തരമൊരു ആക്രമണത്തിന് മ്യാൻമർ തിരഞ്ഞെടുക്കാൻ കാരണമായത്.
മുൻ പ്രധാനമന്ത്രി ഓങ് സാനിന്റെ മകളായ സൂ ചി ഇന്ത്യയിലും പിന്നീടു ബ്രിട്ടനിലുമാണ് വിദ്യാഭ്യാസം നേടിയത്. ബ്രിട്ടിഷുകാരനായ ഭർത്താവിനും കുട്ടികൾക്കുമൊപ്പം ലണ്ടനിൽ കഴിഞ്ഞിരുന്ന അവർ പട്ടാളഭരണത്തിനു കീഴിൽ വീർപ്പുമുട്ടി ജീവിച്ച നാട്ടുകാരെക്കുറിച്ചു കാര്യമായി ചിന്തിച്ചിരുന്നില്ല. പ്രായമായ അമ്മയെ അവസാന നാളുകളിൽ പരിചരിക്കുന്നതിനു വേണ്ടിയാണ് 1988 ൽ അവർ യാങ്കൂണിലെത്തിയത്. എന്നാൽ, സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടക്കൊല ചെയ്തതിനെതിരെ അവർ പ്രതികരിക്കുകയും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി അക്രമ രഹിത സമരത്തിനു തുടക്കം കുറിക്കുകയും ചെയ്തു. തുടർനാളുകളിൽ പ്രതിപക്ഷത്തിന്റെ മുഖമായി മാറിയതോടെ നെ വിൻ ഭരണകൂടം അവരെ വീട്ടുതടങ്കലിലാക്കി. ബ്രിട്ടനിലേക്കു മടങ്ങുമെങ്കിൽ സ്വതന്ത്രയാക്കാമെന്ന വാഗ്ദാനം സൂ ചി നിരാകരിച്ചു.
ആ വർഷം അവരുടെ നേതൃത്വത്തിൽ രൂപീകരിച്ച നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) 1990 ൽ നടന്ന തിരഞ്ഞെടുപ്പിൽ 80% സീറ്റുകൾ നേടി. എന്നാൽ, പട്ടാളം ആതിരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിനകം ജനാധിപത്യ പോരാട്ടത്തിന്റെ പ്രതിരൂപമായി മാറിയ സൂ ചി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതോടെ ഭരണകൂടം പ്രതിരോധത്തിലായി. വീട്ടു തടങ്കലിലായിരുന്ന സമര നായികയ്ക്ക് ചില ഇളവുകൾ അനുവദിച്ചു. പക്ഷേ, തിരിച്ചുവരാൻ അനുവദിക്കില്ലെന്ന ആശങ്കയിൽ നൊബേൽ പുരസ്കാരം സ്വീകരിക്കാൻ പോലും അവർ രാജ്യം വിട്ടുപോയില്ല. ഭർത്താവ് 1998 ൽ ലണ്ടനിൽ മരിച്ചപ്പോഴും ഇതേ ആശങ്ക മൂലം സംസ്കാര ചടങ്ങിനു പോയില്ല.
ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ ആഗോള മുഖമെന്ന പ്രതിഛായ കൈവരിച്ച സൂ ചി, 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പാർലമെന്റിലേക്കു വിജയിച്ചു. എന്നാൽ, സുപ്രധാന പദവികൾ വഹിക്കുന്നതിനു ഭരണഘടനാപരമായ വിലക്ക് തുടർന്നു. പിന്നീട് സൈന്യവുമായി ഒത്തുതീർപ്പിലെത്തിയതോടെയാണ് പ്രധാനമന്ത്രിക്കു തുല്യമായ സ്റ്റേറ്റ് കൗൺസിലർ പദവി അവർക്കു ലഭിച്ചത്. ഈ ധാരണയ്ക്കു പിന്നിൽ ചൈനയുടെ ഇടപെടലുമുണ്ടായിരുന്നു. അപ്പോഴും രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തിന്റെ കയ്യിൽത്തന്നെയായിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് സൂചിയെ ഉൾക്കൊള്ളാൻ സൈന്യം തയാറായത്. അവരുടെ പ്രതിഛായ രാജ്യാന്തര തലത്തിൽ മ്യാൻമറിനു സ്വീകാര്യത നൽകി.
രാജ്യത്തെ വിഘടനവാദി വിഭാഗങ്ങളുമായി സന്ധിചെയ്യാനായിരുന്നു സൂ ചി ശ്രമിച്ചത്. എന്നാൽ, റാഖെയ്ൻ പ്രവിശ്യയിലെ രോഹിൻഗ്യ മുസ്‍ലിംകൾക്കെതിരെ അവർനേതൃത്വം നൽകിയ സർക്കാർ കൈക്കൊണ്ട സൈനിക നടപടി രാജ്യാന്തര തലത്തിൽ വൻ വിമർശനത്തിനു കാരണമായി. ലക്ഷക്കണക്കിനു രോഹിൻഗ്യൻ അഭയാർഥികൾ ബംഗ്ലദേശിലേക്കു പലായനം ചെയ്തു. ഇതിനിടെ ആയിരങ്ങൾ മരിച്ചു. ഈ വംശീയ കൂട്ടക്കൊലയെ ന്യായീകരിക്കാൻ നിർബന്ധിതയായ സൂ ചി രാജ്യാന്തര തലത്തിൽ പരിഹാസപാത്രമായി. ദ് ഹേഗിലെ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസിലും പട്ടാളനടപടിയെ ന്യായീകരിച്ചതോടെ പാശ്ചാത്യ രാജ്യങ്ങളും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അവരെ ജനാധിപത്യത്തിന്റെ ശത്രുവായി ചിത്രീകരിച്ചു.
കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സൂ ചി വീണ്ടും ജയിച്ചു. എന്നാൽ, ഫെബ്രുവരി ഒന്നിന് രാവിലെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുൻപ് സൈന്യം അവരെയും പാർട്ടിയിലെ മറ്റു നേതാക്കളെയും തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപിച്ച് അറസ്റ്റ് ചെയ്തു തടവിലാക്കി.
പട്ടാള അട്ടിമറിക്കെതിരായ പ്രതികരണം വളരെ ദുർബലമായിരുന്നു. തായ്‍ലാൻഡ് പോലുള്ള രാജ്യങ്ങൾ ഇതൊരു ആഭ്യന്തര പ്രശ്നമാണെന്നാണ് പ്രതികരിച്ചത്. ഇന്ത്യ അതീവ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും നിലനിൽക്കുമെന്നു പ്രത്യാശിച്ചു. സൂ ചിയുമായി അടുപ്പമുണ്ടെങ്കിലും അവരെ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടില്ല.
അധികാരത്തിലുള്ളവരുമായി ബന്ധം തുടരുകയെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചുപോരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സ്ഥിതിവിശേഷം പ്രതിസന്ധിസൃഷ്ടിക്കുന്നില്ല. ചൈനയുടെ പൂർണ നിയന്ത്രണത്തിൽ നിന്ന് മ്യാൻമർ ഭരണകൂടത്തെ അകറ്റിനിർത്തി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുകയെന്ന തന്ത്രമാണ് ഇന്ത്യയുടേത്. ജനുവരിയിൽ 15 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സീൻ ഇന്ത്യ മ്യാൻമറിനു നൽകിയിരുന്നു. ഒരു അന്തർവാഹിനി സൗജന്യമായി നൽകാമെന്നും വാഗ്ദാനം ചെയ്തു. പുതിയ ഭരണാധികാരികളുമായും ഈ നിലയിൽ ബന്ധം തുടരാൻതന്നെയായിരിക്കും ഇന്ത്യയുടെ തീരുമാനം എന്ന് അനുമാനിക്കാം.
സൈനിക സ്ചേഛാധിപത്യത്തിനെതിരെ ജനാധിപത്യമാർഗത്തിൽ സമരം നയിച്ച് നൊബേൽ പുരസ്കാരം നേടിയ ശേഷം അവരുമായി സന്ധിചെയ്ത് അധികാരം പങ്കിട്ട ഏകവ്യക്തിയാണ്സൂ ചി. അതേ ഭരണകൂടത്തിന്റെ ക്രൂരതകളെ ന്യായീകരിക്കാൻ നിർബന്ധിതയായ അവരെ സൈന്യം വീണ്ടും അധികാരഭ്രഷ്ടയാക്കിയിരിക്കുന്നു. ജനാധിപത്യത്തിന്റെ മാലാഖയെന്ന നിലയിൽ നിന്ന് സൈന്യത്തിന്റെ ദല്ലാൾ എന്നനിലയിലേക്കുള്ള അവരുടെ പതനം ദയനീയമായിരുന്നു. അതുകൊണ്ടാണ് നൊബേൽ പുരസ്കാരംപിൻവലിക്കണമെന്നു പോലും മുറവിളിയുയർന്നത്.
മ്യാൻമറിന്റെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനനേതാവായിരുന്നു പട്ടാളക്കാർ വെടിവച്ചു കൊന്ന ജനറൽ ഓങ് സാൻ. അദ്ദേഹത്തിന്റെ പുത്രിയായ സൂ ചി ജനാധിപത്യത്തെ ഒറ്റുകൊടുത്ത് പട്ടാളവുമായി സന്ധി ചെയ്തെന്ന ദുഷ്കീർത്തി നേടി. രാജ്യത്തു വംശീയ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയവരെ ന്യായീകരിച്ച് ജനശത്രുവായി. ഒരുപക്ഷേ, സൈന്യവുമായി വീണ്ടുമൊരു ഒത്തുതീർപ്പിന് അവർ തയാറായേക്കാം. അതല്ല, ശിഷ്ടകാലം മുഴുവൻ കാരാഗൃഹത്തിൽ കഴിയേണ്ടിവന്നാലും ആരും അവരെയോർത്ത് കണ്ണീരൊഴുക്കില്ലെന്നു തീർച്ചയാണ്.