ദുർഗ്രാഹ്യത; ചൈനയുടെ അപരനാമം

India-China-Border
ലഡാക്കിലേക്കുള്ള വഴിയിൽ ബൽത്താലിൽ ക്യാംപ് ചെയ്തിരിക്കുന്ന ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)
SHARE

ചൈനയുടെ പ്രവചനാതീതവും വിശദീകരിക്കാനാവാത്തതുമായ തീരുമാനങ്ങളും പ്രവൃത്തികളും പണ്ടേ പ്രശസ്തമാണ്. അവരുടെ സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങളോ കൺഫ്യൂഷ്യസ് ചിന്താധാരയിലെ പാണ്ഡിത്യമോ ആ രാഷ്ട്രത്തിന്റെയും ജനതയുടെയും രീതികളോ മനോനിലയോ മനസ്സിലാക്കാൻ പര്യാപ്തമല്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യ– ചൈന അതിർത്തിയിലുണ്ടായ സംഭവങ്ങളും ഇതിന് അപവാദമല്ല. 

ലോകമെങ്ങും മഹാമാരി പടരുന്നതിനിടെ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം ചൈന എന്തിനു വൻതോതിൽ പടയൊരുക്കം നടത്തിയെന്ന് ആർക്കുമറിയില്ല. പ്രത്യേകിച്ചു മെച്ചമൊന്നും കിട്ടാതെ സൈന്യത്തെ 2020 ഏപ്രിലിനു മുമ്പുള്ള സ്ഥാനങ്ങളിലേക്കു പിൻവലിക്കാൻ അവർ സമ്മതിച്ചതിന്റെ കാരണവും അജ്ഞാതമായി അവശേഷിക്കുന്നു. 

ഇതുസംബന്ധിച്ച സിദ്ധാന്തങ്ങൾക്കു കുറവൊന്നുമില്ല. ജമ്മു കശ്മീരിന്റെ പേരിൽ പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യയോടു പ്രതികാരം ചെയ്യാൻ അവർ പദ്ധതിയിട്ടിരുന്നുവെന്നാണ് അതിലൊന്ന്. അതിർത്തി ചർച്ചകൾക്കു മുന്നോടിയായി തർക്ക മേഖലയിൽ അവകാശവാദം ഉറപ്പിക്കാൻ നടത്തിയ ശ്രമമായിരുന്നു അതെന്നാണ് മറ്റൊരു അനുമാനം. അമേരിക്ക ദുർബലമാകുന്ന പശ്ചാത്തലത്തിൽ, ലോകമേധാവിത്വത്തിനു വേണ്ടി ഹോങ്കോങ്ങിലും തായ്‍വാനിലും ദക്ഷിണ ചൈന കടലിലും ചെയ്തതുപോലെയുള്ള ശക്തിപ്രകടനമായിരുന്നു അതെന്ന് കരുതുന്നവരുമുണ്ട്. 

China India Border Standoff

പിന്മാറ്റത്തിനും ചർച്ചകൾക്കും തുടക്കം മുതൽ അവർ സന്നദ്ധരായിരുന്നുവെന്നതാണ് ആശ്ചര്യകരമായ മറ്റൊരു സവിശേഷത. സമയം നീട്ടിച്ചോദിച്ച് നേട്ടമുണ്ടാക്കാൻ ഒരു ഘട്ടത്തിലും ചൈന ശ്രമിച്ചതായി തോന്നുന്നില്ല. ഗൽവാനിൽ സംഘർഷത്തിലും ആൾനാശത്തിലും കലാശിച്ചത് ആദ്യ പിന്മാറ്റ ശ്രമമായിരുന്നുവെന്ന് ഓർക്കണം. എന്നാൽ, ഇപ്പോൾ പൂർണ പിന്മാറ്റത്തിന് അവർ തയാറായിരിക്കുന്നു. 

പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും കരകളിൽ നിന്നു പിന്മാറാനും മുൻനിരയിലെ സൈനിക വിന്യാസം ഘട്ടംഘട്ടമായി പിൻവലിക്കാനും 9 റൗണ്ട് ചർച്ചകൾക്കു ശേഷം ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ഫെബ്രുവരി 11 ന് പാർലമെന്റിനെ അറിയിച്ചത്. തടാകത്തിന്റെ വടക്കേക്കരയിൽ ഫിംഗർ 8 ന്റെ കിഴക്കുഭാഗത്തേക്ക് ചൈനീസ് സൈന്യംപിന്മാറും. ഫിംഗർ 3 നു സമീപമുള്ള സ്ഥിരം താവളമായ ധൻസിങ് ഥാപ പോസ്റ്റിലേക്ക് ഇന്ത്യൻ സേനയും പിന്മാറണം. തെക്കേക്കരയിലും സമാന നടപടി ഇരുസൈന്യങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

India-China-Army-Pangong

കഴിഞ്ഞ ജൂണിൽ ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിനു ശേഷമാണ് ഇരുസൈന്യങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധസാമഗ്രികളും ലഡാക്കിലെ ദുർഘട മേഖലയിൽ എത്തിച്ചത്. അതിനുശേഷം ഓഗസ്റ്റിൽ പാങ്ഗോങ് തടാകത്തിന്റെ തെക്കേക്കരയിലെ കൈലാസ് റേഞ്ചിൽ തന്ത്രപ്രധാനമായ മിക്കവാറും മലനിരകൾ ഇന്ത്യൻസേന കയ്യടക്കി. ഇന്ത്യൻ സൈനികരുടെ ധീരോദാത്തമായ ഈ നടപടിയാണ് സ്ഥിതി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഈ കൊടുമുടികളിൽ നിന്നു പിന്മാറമെന്നു ചൈന ഭീഷണിപ്പെടുത്തിയെങ്കിലും വഴങ്ങാൻ ഇന്ത്യ കൂട്ടാക്കിയില്ല. 

ഇപ്പോഴത്തെ ധാരണയുടെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് ഇറങ്ങുന്നതു ബുദ്ധിയല്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ അതത്ര കാര്യമല്ലെന്നും ഏതു സമയത്തും ഇന്ത്യൻ സൈനികർക്കും വീണ്ടും അവ കയ്യടക്കാവുന്നതതേയുള്ളൂവെന്നും മറ്റു ചില വിദഗ്ധർ വിലയിരുത്തുന്നു. എന്തുതന്നെയായാലും ഏപ്രിലിനു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെങ്കിൽ കരാർ പാലിച്ചുകൊണ്ട് ഇന്ത്യ ഇവിടെ നിന്നു പിന്മാറിയേ പറ്റൂ. ആദ്യഘട്ട പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനകം സീനിയർകമാൻഡർമാർ യോഗം ചേർന്ന് ദേപ്സാങ്, ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിലെ പിന്മാറ്റം സംബന്ധിച്ചു ചർച്ച തുടങ്ങുമെന്നും പ്രതിരോധ മന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നു. 

ഫെബ്രുവരി 10 നു തുടങ്ങിയ പിന്മാറ്റ പ്രക്രിയയുടെ ഭാഗമായി ഇരുകൂട്ടരും ആയുധങ്ങളും മറ്റു സൈനിക ഉപകരണങ്ങളും പിൻനിരയിലേക്കു മാറ്റി. ബങ്കറുകളും ടെന്റുകളും മറ്റു താൽക്കാലിക നിർമിതികളും പൊളിച്ചു നീക്കി. പരസ്പരം നേരിട്ടു പരിശോധിച്ച് അവ ഉറപ്പുവരുത്തി. ഈ നടപടികൾ മുൻനിശ്ചയ പ്രകാരം പൂർത്തിയാക്കിയ ശേഷമാണ് 20 ന് ചൈനീസ് ഭാഗത്തെ മൊൽഡോ ബോർഡർ പോയിന്റിൽ സീനിയർകമാൻഡർമാരുടെ 10–ാം റൗണ്ട് ചർച്ച നടന്നത്. 

ഗൽവാനിലെ സംഘർഷത്തിൽ തങ്ങളുടെ 4 സൈനികർ മരിച്ചതായി ചൈന ഔദ്യോഗികമായി സമ്മതിച്ചതാണ് ഇതിനിടെയുണ്ടായ മറ്റൊരു വിശേഷം. ഇരുസൈന്യങ്ങളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയുടെ 20 സൈനികർ അന്ന് വീരമൃത്യു വരിച്ചു. 45 ചൈനീസ് സൈനികർ മരിച്ചതായി റഷ്യയുടെ വാർത്താ ഏജൻസിയായ ടാസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. 

india-china-border-1

പാങ്ഗോങ് തടാക തീരത്തു നിന്ന് ബങ്കറുകളും ടെന്റുകളും പൊളിച്ചുനീക്കി ചൈനീസ് സൈന്യം മടങ്ങുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഇന്ത്യൻ സേന പുറത്തുവിട്ടിരുന്നു. കൂറ്റൻ മണ്ണുമാന്തികൾ ഉപയോഗിച്ച് ബങ്കറുകൾ പൊളിക്കുന്നതും പട്ടാളക്കാർ വാഹനങ്ങളിൽ മടങ്ങുന്നതും കണ്ടു. ദ്രുതഗതിയിലുള്ള പിന്മാറ്റമാണ് നടന്നതെന്നു ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 

വൻ സൈനിക സന്നാഹത്തോടെ കയ്യടക്കിയ മുഴുവൻ പ്രദേശങ്ങളിൽ നിന്നും ചൈന പൂർണമായി പിന്മാറുകയാണെങ്കിൽ അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നതിലെ ദുരൂഹതകൂടുതൽ വർധിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചർച്ചയ്ക്കുള്ള സന്നദ്ധതയും ഏറ്റുമുട്ടലിനുള്ള തയാറെടുപ്പും ചില സാമ്പത്തിക നടപടികളും ഫലം ചെയ്തുവെന്ന് കരുതാം. നമ്മുടെ ഭൂപ്രദേശം തീറെഴുതിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു ന്യായീകരണമില്ല. പിന്മാറ്റം പൂർത്തിയാകുന്നതോടെ നമ്മുടെ ഒരിഞ്ച് ഭൂമിപോലും അവരുടെ കൈവശമുണ്ടാവില്ലെന്നാണ് സർക്കാർ ഉറപ്പുനൽകുന്നത്. 

ചൈനീസ് കടന്നുകയറ്റത്തിന്റെ യഥാർഥ കാരണമെന്തെന്ന് വിശ്വാസയോഗ്യമായ വിധംവിശദീകരിക്കാൻ കഴിയാത്തിടത്തോളം നാം ജാഗ്രത പുലർത്തണം. ചരിത്രം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയേ മതിയാകൂ. 1962 ജൂലൈയിൽ സമാനമായ പിന്മാറ്റത്തിനു ശേഷമാണ് ഒക്ടോബറിൽ അവർ പൂർണ യുദ്ധം തുടങ്ങിയത്. ‘ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാൻ’ എന്നായിരുന്നു അതിനു നൽകിയ വിശദീകരണം.  

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.