പൗരത്വമല്ല ഒസിഐ, അതൊരു കാൽപനിക ഉപഹാരം

OCI Card
SHARE

വിദേശത്തേക്കു കുടിയേറിയ ഇന്ത്യൻ പൗരന്മാരോടുള്ള നമ്മുടെ രാജ്യത്തിന്റെസമീപനം ഇപ്പോഴത്തെ നിലയിലായത് നീണ്ട പരിവർത്തനത്തിലൂടെയാണ്. കുടിയേറിയ രാജ്യത്തോടു കൂറുപ്രഖ്യാപിച്ചു അവിടെ പൗരത്വം സ്വീകരിച്ചവർ എന്ന നിർമമ സമീപനത്തിൽ നിന്ന് അന്നാടുകളിൽ നമ്മുടെ രാജ്യത്തിനു വേണ്ടി വാദിക്കുന്നവരുംനമ്മുടെ അഭ്യൂദയകാംക്ഷികളുമായി അവരെ മാറ്റാനും ഒപ്പം നിർത്താനും ഓരോ സർക്കാരുകളും മത്സരിക്കുന്ന സ്ഥിതിയിലേക്കുള്ള ആ മാറ്റത്തിനു ഞാൻ സാക്ഷിയായിരുന്നു. 

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഈ മാറ്റത്തിനു തുടക്കമിട്ടത്. വിദേശത്തു ജോലി ചെയ്യുന്ന നമ്മുടെ നാട്ടുകാരിൽ നിന്നു വിഭവസമാഹരണം നടത്താനും സാങ്കേതിക വിദ്യയും പങ്കാളിത്തവും നേടിയെടുക്കാനും അദ്ദേഹം പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനായി സമ്പത്തും പ്രതിഭയുമുള്ള ഇന്ത്യക്കാരെ കണ്ടെത്താൻ വിദേശരാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങൾക്കു നിർദേശം നൽകി. പ്രതികരണം ആശാവഹമായിരുന്നില്ല. എങ്കിലും സാം പിത്രോദയെപ്പോലെഏതാനും പേർ നാട്ടിൽ തിരികെയെത്തുകയും നമ്മുടെ രാജ്യത്തെ ടെലികമ്യൂണിക്കേഷൻരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മറ്റൊരു വിഭാഗം പ്രവാസികളായി തുടർന്നപ്പോൾ തന്നെ, അന്നാട്ടിലെ ഭരണകർത്താക്കളെ സ്വാധീനിച്ച് നമ്മുടെ രാജ്യത്തിന് ഗുണകരമായ വിധം നയങ്ങൾ രൂപപ്പെടുത്താൻ ശ്രമം തുടങ്ങി. അവർ പല പേരുകളിൽ അവിടെ ഇന്ത്യൻ താൽപര്യങ്ങളെ പ്രതിനിധാനം ചെയ്തു. 

ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളുമായി കൂടുതൽ അടുത്തതോടെ ഈ സമൂഹം കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ജന്മനാട്ടിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടായിരുന്നു അവയിൽ ഏറെയും. സർക്കാരുകൾ പലവിധത്തിൽ അവർക്കു സഹായകമായ നടപടിയെടുത്തു. ക്രമേണ ഇത്തരം ഇന്ത്യക്കാരുടെ വാർഷിക സമ്മേളനങ്ങളും അവർക്കായി പ്രത്യേക പുരസ്കാരങ്ങളും നിലവിൽ വന്നു. ഇസ്രയേലും മറ്റും ചെയ്യുന്നതുപോലെ ഇരട്ട പൗരത്വം അനുവദിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇക്കാര്യം ഒന്നിലേറെ സർക്കാരുകൾ പരിഗണിച്ചെങ്കിലും ഭരണഘടനാപരമായ വിലക്ക് അതിനു തടസ്സമായി. 

ഇരട്ടപൗരത്വം നടപ്പാക്കാൻ കഴിയില്ലെന്നു വ്യക്തമായതോടെ അമേരിക്കൻ ഗ്രീൻകാർഡിനു സമാനമായ പദവി ലഭിക്കാനായിരുന്നു അവരുടെ ശ്രമം. അതിന്റെ സാക്ഷാത്കാരമാണ് ഇന്ത്യൻ പൗരന്മാരെപ്പോലെ ഇവിടെ ജോലി ചെയ്യാനും സംരംഭങ്ങൾ തുടങ്ങാനും അനുമതി നൽകുന്ന പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡ്. നിശ്ചിതഫീസ് നൽകിയാൽ വീസ കൂടാതെ ഇന്ത്യയിൽ വരാനും 20 വർഷം വരെ താമസിക്കാനും അനുമതി ലഭിക്കുന്ന ഈ കാർഡിന് ആവശ്യക്കാർ കുറവായിരുന്നു. പിൽക്കാലത്ത് ഇതിന്റെ ഫീസ് കുറച്ചെങ്കിലും ഇരട്ടപൗരത്വത്തിനു വേണ്ടിയുള്ള മുറവിളി തുടർന്നു. 

പലതലത്തിലുള്ള നിരവധി ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് വിദേശ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജരിൽ കുറച്ചുപേർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) എന്ന പദവി നൽകാൻ തീരുമാനിച്ചത്. സിറ്റിസൻ എന്ന വാക്കുകൊണ്ട് പൗരത്വമല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ചില പ്രത്യേക അവകാശങ്ങൾ എന്നേ അർഥമുള്ളൂവെന്നും തുടക്കത്തിൽ വ്യക്തമാക്കപ്പെട്ടു. 

ഇന്ത്യൻ വംശജരായ വിദേശപൗരന്മാർക്കും പങ്കാളികൾക്കും ഇന്ത്യയിൽ സ്ഥിരതാമസമാക്കി ജോലി ചെയ്യാനുള്ള അനുമതിയെന്നു മാത്രമേ ഒഐസി കൊണ്ട് അർഥമാക്കുന്നുള്ളൂ. ഇന്ത്യയിൽ വോട്ട് ചെയ്യാനോ പദവികൾ വഹിക്കാനോ ഇവർക്ക് അനുമതിയില്ല. 2005 ലെ പൗരത്വ നിയമ ഭേദദതിയിലൂടെ ലഭിച്ച ഈ പരിമിത അവകാശങ്ങൾ പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ട്. 

2020 വരെ പ്രവാസികളിൽ 60 ലക്ഷം പേർ ഒസിഐ കാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കോ അവരുടെ പിന്മുറക്കാർക്കോ ഈ പദവിക്ക് അർഹതയില്ല. വിദേശ പാസ്പോർട്ടിൽ കാലപരിധിയില്ലാതെ പതിച്ചുനൽകിയ ഇന്ത്യൻ വീസ എന്ന് ഈ പദവിയെ വിശേഷിപ്പിക്കാം. പ്രാബല്യത്തിലുള്ള വിദേശ പാസ്പോർട്ടും വീസയുമില്ലാതെ ഇവർക്ക് ഇന്ത്യയിലേക്കു വരാനാവില്ല. എന്നാൽ ഇവിടെ വന്നശേഷം അധികാരികൾക്കു മുന്നിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. മടങ്ങുന്നതിനും സമയപരിധി നിശ്ചയിച്ചിട്ടില്ല. 

ഈ കാർഡ് ലഭിച്ചവരിൽ ചിലർ ഇന്ത്യയ്ക്കു ഹാനികരമായ പ്രവൃത്തികളിലേർപ്പെട്ട സംഭവങ്ങളുമുണ്ടായി. അത്തരക്കാരുടെ ഒഐസി പദവി സർക്കാർ റദ്ദാക്കിയപ്പോൾ അതിനെ പൗരന്മാർക്കുള്ള അവകാശങ്ങളുടെ ലംഘനമായി വിശേഷിപ്പിച്ച് ഇന്ത്യയിലും വിദേശത്തും പ്രതിഷേധങ്ങൾ ഉയർന്നു. പ്രത്യാഘാതമെന്നോണം ഒഐസി കാർഡിനുള്ള വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. ഇതനുസരിച്ച് മതപ്രചാരണത്തിൽ ഏർപ്പെടുന്നതിനും തബ്‍ലീഗ് പോലുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനും മാധ്യമപ്രവർത്തനം നടത്തുന്നതിനും ഒഐസി കാർഡുള്ളവർ ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസിന്റെ പ്രത്യേക അനുമതി നേടണം. വിദേശ നയതന്ത്രകാര്യാലയങ്ങളിൽ ഇന്റേൺഷിപ് ചെയ്യുന്നതിനും നിരോധിത മേഖലകൾ സന്ദർശിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. 

ചെറുതല്ലാത്ത ചില സൗകര്യങ്ങളും ഇതോടൊപ്പം അവർക്കു ലഭിക്കുന്നുണ്ട്. ആഭ്യന്തര വിമാനയാത്രയ്ക്ക് ഇന്ത്യൻ പൗരന്മാർ നൽകുന്ന നിരക്ക് നൽകിയാൽ മതി. ദേശീയ സ്മാരകങ്ങളിലും പാർക്കുകളിലും കാഴ്ചബംഗ്ലാവുകളിലും പ്രവേശന ഫീസ് ഇന്ത്യക്കാരുടേതിനു തുല്യമാക്കി. 

പുതിയ നിയന്ത്രണങ്ങൾ തികച്ചും നിയമാനുസൃതമാണെങ്കിലും പരക്കെ പ്രതിഷേധമുയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയെ വിവിധ കാഴ്ചപ്പാടുകളിൽ സമീപിക്കുന്നതാണ് ഇതിനു കാരണം. ഇന്ത്യൻ പൗരന്മാർക്കും ഇത്തരം പല നിയന്ത്രണങ്ങളും പലപ്പോഴും ഏർപ്പെടുത്താറുണ്ടെന്ന് ഓർക്കണം. 

സമ്മർദങ്ങൾക്കു വഴങ്ങി സർക്കാർ ഇപ്പോഴത്തെ തീരുമാനം പിൻവലിക്കുമെന്നു തോന്നുന്നില്ല. നിയന്ത്രണമേർപ്പെടുത്തിയ പ്രവൃത്തികൾ ഇന്ത്യൻ സമൂഹം പൊതുവേ സ്വാഗതം ചെയ്യുന്നവയല്ല. അതുകൊണ്ടു തന്നെ ഈ ലക്ഷ്യവുമായി വരുന്നവർ നിയമാനുസൃതമുള്ള അനുമതികൾ നേടുന്നതാണ് സുരക്ഷിതം. 

ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കപ്പെടണമെന്ന പ്രവാസി സമൂഹത്തിന്റെ അഭിവാഞ്ഛയുടെ സാക്ഷാൽക്കാരമാണ് ഒഐസി കാർഡ്. ആ നിലയിൽ അതൊരു കാൽപനിക ഉപഹാരമാണ്. അതുകൊണ്ട് രാജ്യസുരക്ഷ മുൻനിർത്തി സർക്കാർ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങൾ പ്രവാസി സമൂഹം അംഗീകരിക്കുകയാണു വേണ്ടത്. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.