ശ്രീലങ്കയിൽ തമിഴ്പുലികളും സർക്കാരുമായുള്ള ആഭ്യന്തരയുദ്ധം 2009 മേയ് 16 ന് അവസാനിച്ചു. പുലികളെ നിലംപരിചാക്കിയ സർക്കാർ സൈന്യം പൂർണവിജയം അവകാശപ്പെട്ടപ്പോൾ, യുദ്ധം കഠോരമായ അന്ത്യത്തിലെത്തിയെന്നായിരുന്നു പുലികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വന്ന അറിയിപ്പ്. ഒരു ലക്ഷത്തോളം ജീവൻ ഹോമിക്കപ്പെട്ട, 26 വർഷം നീണ്ട കൂട്ടക്കുരുതിയുടെ ദിനങ്ങൾ അവസാനിച്ചതിൽ ശ്രീലങ്കയും ലോകജനതയും ആശ്വാസം കൊണ്ടു. യുദ്ധത്തിനിടെയുണ്ടായ കൊടുംക്രൂരതകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഉത്തരവാദികളായവരെ നിയമത്തിനുമുന്നിലെത്തിക്കണമെന്ന് രാജ്യാന്തര സമൂഹം അന്നുമുതൽ ആവശ്യപ്പെട്ടുവരികയാണ്.
തമിഴ്പുലികൾക്കും അവരെ പിന്തുണച്ചിരുന്ന തമിഴ്ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുമെതിരെ സിംഹളസൈന്യം നടത്തിയ അതിക്രമങ്ങൾ ലോകം നേരിൽ കണ്ടതാണ്. സൈന്യത്തിനെതിരെ പുലികൾ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ലോകമനഃസാക്ഷിയെ വെറുങ്ങലിപ്പിച്ചു. ഇതിന്റെ അന്ത്യരംഗത്തിൽ സർക്കാർ സൈന്യം പൂർണവിജയം കൈവരിച്ചതോടെ ശ്രീലങ്കയിലെ തമിഴ്ജനതയുടെ ഉന്മൂലനം തടയുകയെന്ന ഉത്തരവാദിത്തം ഇന്ത്യയുടെ ചുമലിലായി. യുദ്ധത്തിൽ സർവതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന മുറവിളിയും അവഗണിക്കാനാവുമായിരുന്നില്ല.
യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കണമെന്ന പാശ്ചാത്യ രാഷ്ട്രങ്ങളുടെ ആവശ്യം മുൻനിർത്തി യുഎൻ മനുഷ്യാവകാശ കൗൺസിൽ എല്ലാ വർഷവും പ്രമേയം പാസാക്കാറുണ്ട്. ഇന്ത്യയുടെ വികാരം കണക്കിലെടുക്കാതെ ശ്രീലങ്ക മുന്നോട്ടുപോയപ്പോൾ ഒരിക്കൽ നാം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. നമ്മുടെ പിന്തുണ കിട്ടാൻ വേണ്ടി ഈ പ്രമേയങ്ങൾ പരമാവധി മയപ്പെടുത്താറുണ്ടെങ്കിലും ചൈനയും പാക്കിസ്ഥാനും ശ്രീലങ്കയോടൊപ്പം നിൽക്കുന്നത് ഇന്ത്യയെ വിഷമത്തിലാക്കിയിരുന്നു.
ഈ വർഷത്തെ പ്രമേയവും ആഭ്യന്തരയുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഊന്നിയുള്ളതായിരുന്നു. എന്നാൽ, തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, അതിനെ എതിർക്കാനോ അനുകൂലിക്കാനോ തയാറാകാതെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ശ്രീലങ്ക ഇതിനെ അഭിനന്ദിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ അനുദിനം വഷളാകുന്ന സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന പ്രമേയത്തിന് അനുകൂലമായി 22 രാജ്യങ്ങൾ വോട്ടു ചെയ്തപ്പോൾ 11 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങൾ വിട്ടുനിന്നു. ശ്രീലങ്കയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നതായും നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്യ്രം നഷ്ടമാകുന്നതായും പ്രമേയം കുറ്റപ്പെടുത്തി.
കൗൺസിൽ അംഗീകരിച്ചെങ്കിലും പ്രമേയത്തെ എതിർത്തവരുടെയും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നവരുടെയും എണ്ണം ചേരുമ്പോൾ ഭൂരിപക്ഷം പേർ അതിനെ അനുകൂലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാത്തിലും ഇടപെടുന്ന സമീപനം ആ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതും അവിടത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ബലഹീനമാക്കുന്നതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ നിലപാട് ശ്രീലങ്കയ്ക്കും ബോധ്യമായി. ഇന്ത്യയും ചൈനയും റഷ്യയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചില്ലെന്ന് അവർക്ക് അവകാശപ്പെടാം.
മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന ഇത്തരം പ്രമേയങ്ങൾ മിക്കപ്പോഴും വികസ്വര രാജ്യങ്ങളെ മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഇന്ത്യ കരുതുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു രാജ്യത്തെ മാത്രം ഉദ്ദേശിച്ചുള്ള പ്രമേയങ്ങൾ ഐകകണ്ഠ്യേനയെങ്കിൽ പിന്തുണയ്ക്കാം എന്ന നിലപാടാണ് നാം സ്വീകരിക്കാറുള്ളത്.
പ്രമേയം നിരാകരിച്ച ശ്രീലങ്ക രാജ്യാന്തര അന്വേഷണം നടപ്പില്ലെന്നു വ്യക്തമാക്കി. അടുത്തകാലത്തു നടന്ന തിരിഞ്ഞെടുപ്പിന്റെ ഫലം ചൂണ്ടിക്കാട്ടി സർക്കാരിനു ജനപിന്തുണയുണ്ടെന്നും അവകാശപ്പെട്ടു.
രാജ്യാന്തര അന്വേഷണം പ്രഖ്യാപിക്കും മുൻപ് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഹൈക്കമ്മിഷണറുമായി ധാരണയിലെത്താൻ ശ്രീലങ്കയ്ക്കു സമയം ലഭിക്കും. കോവിഡ്–19 ന്റെ ഉദ്ഭവം സംബന്ധിച്ച വിവരം മറച്ചുവച്ചുവെന്ന ആരോപണം ചൈന നേരിട്ടത് ഈ വിധത്തിലാണ്.
മനുഷ്യാവകാശ കൗൺസിലിൽ ശ്രീലങ്കയ്ക്കു തുണയായത് ഇന്ത്യ– ചൈന ഭിന്നതയാണ്. ചരിത്രപരവും സാംസ്കാരികവുമായി ഇന്ത്യയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്ക ചൈനയുടെ സാമ്പത്തിക സഹായം തേടുന്നത്. ചൈനയ്ക്ക് തമിഴ് ജനതയോടു താൽപര്യമില്ല. ഇതിനെല്ലാം ഉപരിയായി, കൗൺസിൽ പ്രമേയം നിരാകരിക്കുന്നതിന്റെ പേരിൽ വരാൻ ഇടയുള്ള ഏതു ശിക്ഷാനടപടിയും തടയാൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയ്ക്കു കഴിയും. ഇതേസമയം, തമിഴ് വംശജരുടെ താൽപര്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്.
മനുഷ്യാവകാശ കൗൺസിൽ സമ്മേളനം വെർച്വലായി നടന്നതും ശ്രീലങ്കയ്ക്കു ഗുണമായി. ഇത്തരം സന്ദർഭങ്ങളിൽ ശബ്ദകോലാഹലവുമായി രംഗത്തുവരാറുള്ള സന്നദ്ധസംഘടനകൾക്ക് ലോബിയിങ് നടത്തി അംഗരാജ്യങ്ങളെ സ്വാധീനിക്കാൻ ഇക്കുറി അവസരം ലഭിച്ചില്ല. സർക്കാർ തലത്തിൽതന്നെ മറ്റു രാജ്യങ്ങളെ സ്വാധീനിക്കാൻ ശ്രീലങ്കയ്ക്കു കഴിയുകയും ചെയ്തു. ചെറുരാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമമാണിതെന്ന അവരുടെ പ്രചാരണം ഫലം കണ്ടു. ഇന്ത്യയുടെയും ചൈനയുടെയും നിലപാട് പ്രമേയം നിരാകരിക്കാൻ അവർക്കു കരുത്തു പകർന്നു. ഇന്ത്യയുടെ സഹകരണത്തോടെ തമിഴ്ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കാൻ ശ്രീലങ്കയ്ക്കു കഴിഞ്ഞാൽ മനുഷ്യാവകാശ കൗൺസിൽ പ്രമേയം ക്രമേണ അപ്രസക്തമാകും.
മനുഷ്യാവകാശ കൗൺസിലിന്റെ ആക്ടിവിസം പലപ്പോഴും രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ നിയന്ത്രിക്കാനുംഅനുരഞ്ജന പദ്ധതികളിലൂടെ യുദ്ധക്കെടുതികളുടെ മുറിവുണക്കാനും കഴിഞ്ഞാൽ കർശനമായ രാജ്യാന്തര അന്വേഷണം ഒഴിവാക്കാൻ കഴിഞ്ഞേക്കും. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് 4 വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനു ശേഷവും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വിഷയം വീണ്ടും മനുഷ്യാവകാശ കൗൺസിലിനുമുന്നിലെത്തും.