ഇന്ത്യൻ പ്രവാസി സമൂഹത്തിന് സൂര്യാസ്തമയം ഇല്ലെന്നു പലപ്പോഴും നാം അഭിമാനത്തോടെ പറയാറുണ്ട്. ദക്ഷിണ പസിഫിക് മേഖലയിലെ ഫിജിയിൽ അവർ കരിമ്പുപാടത്തു പണിക്കിറങ്ങുമ്പോൾ, കലിഫോർണിയയിൽ സായംസന്ധ്യയിൽ ജോലി കഴിഞ്ഞു കാറിൽ മടങ്ങുകയായിരിക്കും. ഇങ്ങനെ നേരവും കാലവും നോക്കാതെ ജോലി ചെയ്തു സമ്പാദിക്കുന്ന പണമാണ് നമ്മുടെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്നത്. അതേസമയം, ലോകത്തെവിടെയുമുണ്ടാകുന്ന അസ്വസ്ഥതകളും സംഘർഷങ്ങളും അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്നു. പലപ്പോഴും അവരിൽ ചിലരെങ്കിലും മൃതദേഹ പേടകങ്ങളിൽ തണുത്തുറഞ്ഞ് ജന്മനാട്ടിൽ തിരിച്ചെത്തുന്നു.
ജീവിതമാർഗം തേടിയാണ് ഇടുക്കി സ്വദേശിയായ സൗമ്യ എന്ന യുവതി ഇസ്രയേലിലെത്തിയത്. അവിടത്തെ രാഷ്ട്രീയം എന്താണെന്ന് ആ യുവതി അറിഞ്ഞിരിക്കണമെന്നില്ല. അത്തരമൊരു സംഘർഷ മേഖലയിൽ ജീവിക്കുന്നത് എത്രത്തോളം ആപൽക്കരമാണെന്നും അവൾ ആലോചിച്ചിട്ടുണ്ടാവില്ല. അവസരം ലഭിച്ചിരുന്നെങ്കിൽ അവൾ ഒരു മുസ്‍ലിം രാജ്യത്തേക്കോ ക്രിസ്ത്യൻ രാജ്യത്തേക്കോ സന്തോഷപൂർവം പോകുമായിരുന്നു. അവൾക്ക് ഇസ്രയേലുകാരോടോ പലസ്തീൻകാരോടോ പ്രത്യേക വിരോധമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, നാട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ റോക്കറ്റാക്രമണത്തിൽ അവൾക്കു ജീവൻ നഷ്ടപ്പെട്ടു. ബോംബ് ഷെൽട്ടറിലേക്ക് കയറുന്നതിനു മുൻപ് റോക്കറ്റുകൾ അവളുടെ അപ്പാർട്മെന്റ് തകർത്തു.

ഇസ്രയേൽ ഔദാര്യപൂർവം സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇടുക്കിയിലെ കീരിത്തോട് ഗ്രാമത്തിൽ അവളുടെ വീട് സന്ദർശിച്ച ഇസ്രയേൽ കോൺസുൽ അവളെ ഒരു മാലാഖയായി വിശേഷിപ്പിക്കുകയും കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം നൽകുകയും ചെയ്തു. പക്ഷേ, കേരളത്തിൽ നമുക്ക് ഒരു മനസ്സായി ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനായില്ല. സൗമ്യയുടെ ജീവനെടുത്ത റോക്കറ്റുകൾ വന്നത് ഒരു പ്രത്യേക ദിശയിൽ നിന്നായതാണ് അതിനു കാരണം. തീമഴയായിഅന്തക റോക്കറ്റുകൾ വന്നതു വിപരീത ദിശയിൽ നിന്നായിരുന്നെങ്കിൽ എന്താവുമായിരുന്നു വ്യത്യാസമെന്നറിയില്ല.
മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന ഒരു വിപത്തിന്റെ പ്രകട ലക്ഷണമാണ് സൗമ്യയുടെ ദുരന്തം. മതത്തിന്റെയും വംശത്തിന്റെയും വർണത്തിന്റെയും പേരിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളെ കശാപ്പുചെയ്യുന്നു. ഈ മഹാമാരിയുടെ നാളുകളിലും രാജ്യാതിർത്തികൾ വിസ്തൃതമാക്കാനുള്ള ചില രാജ്യങ്ങളുടെ മോഹവും അത്യാഗ്രഹവും സാധാരണ മനുഷ്യരെ ദുരിതത്തിലേക്കു തള്ളിവിടുന്നു.
ഒരേ പിതൃഭൂമിക്കുവേണ്ടിയുള്ള നിഷ്ഫലമായ യുദ്ധമാണ് ജറുസലമിന്റെ ശാപം. നൂറ്റാണ്ടുകളായി നടമാടുന്ന അനീതിയും അന്യായവും പരസ്പരം ആരോപിച്ച് മുറിവേറ്റരണ്ട് സംസ്കാരങ്ങൾ പകപോക്കുന്നു.
ലോകത്തു നിലവിലുള്ള മൂന്ന് പ്രമുഖ മതങ്ങളുടെ പിതൃഭൂമിയായി കണക്കാക്കുന്ന പ്രദേശമാണ് ജറുസലം. ജൂതർക്ക് അത് ഏബ്രഹാമിന്റെ പുത്രൻ ഇസഹാക്കിന്റെ ബലിദാനഭൂമിയാണ്. ദൈവികമായ ഇടപെടലിൽ ഇസഹാക്ക് രക്ഷിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജൂതരുടെ ഒന്നും രണ്ടും ദേവാലയങ്ങളുംഇവിടെയായിരുന്നു. അതിലൊന്നിന്റെ ശേഷിപ്പായ ‘വെസ്റ്റേൺ വോൾ’ ആരാധനയ്ക്കുള്ളഉത്തമസ്ഥാനമായി അവർ കരുതിപ്പോരുന്നു.

മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, പ്രവാചകൻ സ്വർഗാരോഹണം നടത്തിയ ഭൂമിയായാണ് ജറുസലം. അൽ അഖ്സ പള്ളിയും ഡോം ഓഫ് റോക്കും ഉൾപ്പെട്ട വിശുദ്ധ ഭൂപ്രദേശം. ക്രിസ്ത്യൻ സഹോദരങ്ങൾക്ക് വിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള യേശുദേവന്റെ ശവക്കല്ലറയും ഇവിടെത്തന്നെ. ക്രിസ്തുദേവനെ കുരിശിലേറ്റിയതും അദ്ദേഹം ഉയർത്തെഴുന്നേറ്റതും ഇവിടെയാണെന്ന് അവർ കരുതുന്നു.
വിശ്വാസപരമായ ഇത്തരം സവിശേഷകളൊക്കെ കണക്കിലെടുത്താണ് ജറുസലം ഇസ്രയേലിനുപൂർണാധികാരത്തോടെ നൽകേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസംഘടന അന്നു തീരുമാനിച്ചത്. വീണ്ടുവിചാരമില്ലാത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏതാനും വർഷം മുൻപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. അതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിൽ എത്തിനിൽക്കുന്നത്.
ജൂത കുടിയേറ്റക്കാർ അറബ് നിയന്ത്രിത പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളും അതിനെതിരായ പലസ്തീൻ ജനതയുടെ ചെറുത്തുനിൽപുമാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ഇത് വെസ്റ്റ് ബാങ്കിലേക്കു വ്യാപിച്ചതോടെ ജനങ്ങൾ ഇസ്രയേൽ സൈന്യത്തിനെതിരെ രംഗത്തിറങ്ങി. ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് റോക്കറ്റാക്രമണം നടത്തി. അതിശക്തമായ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കുന്ന ഇസ്രയേൽ ഹമാസിന്റ പ്രവർത്തകരെയും അവരുടെ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യംവയ്ക്കുന്നു. ഇതിനിടെ കൊല്ലപ്പെട്ടഇരുന്നൂറിലേറെപ്പേരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഈ സംഘർഷം ഇസ്രയേലിനുള്ളിൽ അറബ്– ജൂത കലാപത്തിനും കാരണമായി. പല പട്ടണങ്ങളിലും അതു നിയന്ത്രിക്കാൻ സൈന്യം ഇറങ്ങേണ്ടിവന്നു.
ഇവിടെയും ഐക്യരാഷ്ട്രസംഘടന അനങ്ങാൻ കഴിയാതെ മരവിച്ച നിലയിലാണ്. കോവിഡ് മഹാമാരി ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള തീരുമാനങ്ങൾക്ക് രക്ഷാസമിതിയിൽചൈനയുടെ വീറ്റോ വിലങ്ങുതടിയായതു പോലെ, ഇത്തവണ കൂച്ചുവിലങ്ങിടുന്നത് അമേരിക്കയാണ്. ഈ ഘട്ടത്തിൽ റഷ്യയും തുർക്കിയും പൊതുസഭയിൽ ഇസ്രയേലിനെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ്. വൻഭൂരിപക്ഷത്തോടെ ഇത് അംഗീകരിക്കപ്പെട്ടേക്കും. ഈ സാഹചര്യം ഒഴിവാക്കാൻ അമേരിക്ക ഇസ്രയേലിനു മേൽ സമ്മർദം ചെലത്തുന്നുണ്ട്. എന്നാൽ വ്യോമാക്രമണം ലക്ഷ്യം കാണാതെ നിർത്തില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.

രക്ഷാസമിതിയുടെ പരസ്യ സമ്മേളനത്തിൽ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമേനി നമ്മുടെ നിലപാട് സംശയത്തിന് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീൻ ജനതയുടെ ആശയാഭിലാഷങ്ങൾക്ക് എക്കാലവും പിന്തുണ നൽകിയിട്ടുള്ള ഇന്ത്യ ദ്വിരാഷ്ട്ര പരിഹാരമാണ് നിർദേശിക്കുന്നത്. എല്ലാത്തരം അക്രമങ്ങളെയും അപലപിച്ച ഇന്ത്യ സംയമനം പാലിക്കാൻ ഇരുവിഭാഗങ്ങളോടും അഭ്യർഥിച്ചു. കിഴക്കൻ ജറുസലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റംവരുത്തരുതെന്നും ആവശ്യപ്പെട്ടു. ഇരുവിഭാഗവും നേരിട്ടു ചർച്ചയ്ക്കു തയാറാവണമെന്നും അതല്ലെങ്കിൽ ബന്ധം കൂടുതൽവഷളായി അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുമെന്നും മുന്നറിയിപ്പു നൽകി.
ഇന്ത്യ നിരുപാധികം പലസ്തീനെ പിന്തുണച്ചിരുന്നകാലം കഴിഞ്ഞെങ്കിലും ഇത്തവണ നാം സ്വീകരിച്ച നിലപാട് രാജ്യത്തു പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. ഈ തർക്കത്തിൽ ഇന്ത്യ സ്വീകരിച്ചുവരുന്ന തത്വാധിഷ്ഠിത നിലപാട് ഇസ്രയേലിനും അറിയാം. അത് ഇന്ത്യ– ഇസ്രയേൽ ബന്ധം മെച്ചപ്പെടുന്നതിന് തടസ്സമായിട്ടുമില്ല.
ഇപ്പോഴത്തെ സംഘർഷം പൂർണയുദ്ധമാകാൻ സാധ്യതയില്ല. ഹമാസിന് അറബ് ലോകത്തു കാര്യമായ പിന്തുണയില്ല. പലസ്തീൻ പ്രശ്നത്തിന് ആത്യന്തിക പരിഹാരം എളുപ്പമല്ലെന്ന് ഏവർക്കുമറിയാം. ലോകം സന്ദിഗ്ധഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യേകിച്ചും. ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിച്ച് മുന്നോട്ടുപോകുക മാത്രമേ വഴിയുള്ളൂ.