സമ്പന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി 7 ൽ ഇന്ത്യ അംഗമല്ലെങ്കിലും ബ്രിട്ടനിലെ കോൺവാളിൽ കഴിഞ്ഞയാഴ്ച സമാപിച്ച അവരുടെ ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങൾ നമുക്ക് നേട്ടമായി. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത രാജ്യങ്ങളിൽ പ്രമുഖസ്ഥാനം ഇന്ത്യയ്ക്കായിരുന്നു. എന്നാൽ, നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി ഏതു ദിശയിലേക്കാണ് പോകുന്നത് എന്നതിൽ പാശ്ചാത്യ ലോകത്തിന് ചില ആശങ്കകളുണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്ന രാജ്യാന്തര സന്നദ്ധസംഘടനയായ അമേരിക്കയിലെ ‘ഫ്രീഡം ഹൗസ്’ ഈയിടെ ഇന്ത്യയെ ‘ഭാഗിക’ ജനാധിപത്യരാജ്യമായി തരംതാഴ്ത്തിയിരുന്നു. ഇത്തരം മറ്റു ചില സംഘടനകൾ നമ്മുടെഭരണക്രമത്തെ ‘തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’മായി വിശേഷിപ്പിച്ചു. ഈ വിമർശനങ്ങളുടെയെല്ലാം മുനയൊടിച്ചുകൊണ്ട് ‘നരിയെ മടയിൽ ചെന്ന്’ നേരിടാനായിരുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. ഉച്ചകോടിയെ 3 തവണ ഓൺലൈനായി അഭിസംബോധന ചെയ്ത നരേന്ദ്ര മോദി, ഇത്തരം ആശങ്കകളെല്ലാം ദൂരീകരിച്ചു. തുറന്ന സമൂഹത്തെക്കുറിച്ചു നടന്ന പ്രത്യേക സെഷനിൽ മുഖ്യപ്രഭാഷകനായിരുന്ന മോദി ജനാധിപത്യത്തോടും പൗരാവകാശത്തോടും ബഹുസ്വരതയോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ജി 7 രാഷ്ട്രങ്ങൾ ഇന്ത്യയുടെ സ്വാഭാവിക സഖ്യകക്ഷികളാണെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ തനതു സാംസ്കാരിക മൂല്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഈ പ്രഖ്യാപനങ്ങളുടെ പ്രതിഫലനമെന്നോണം, ഉച്ചകോടിക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയ്ക്കെതിരെ പ്രത്യക്ഷ വിമർശനമൊന്നും ഉണ്ടായില്ല. അതിലുപരിയായി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പ്രസ്താവനാ ഭാഗങ്ങൾ ഇന്ത്യയുമായി കൂടിയാലോചിച്ചാണ് തയാറാക്കിയത്. ദേശീയ സുരക്ഷയെയും ക്രമസമാധാനത്തെയും കുറിച്ചുള്ള പരാമർശങ്ങൾ, അവ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നില്ലെന്നതിന്റെ സൂചനകളായി പിന്നീടു വ്യാഖ്യാനിക്കപ്പെട്ടു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രേരണമൂലമാണ് ബഹുരാഷ്ട്ര സഖ്യത്തെക്കുറിച്ചുള്ള ഉറപ്പുകൾക്ക് പ്രസ്താവന ഊന്നൽ നൽകിയത്. ഇത് ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായി കണക്കാക്കാം. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, ഇനി മുന്നോട്ടുള്ള ആഗോളപ്രശ്നങ്ങളിലും ഇത്തരം ഐക്യം രൂപപ്പെടണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കൂട്ടായ നടപടികൾ വേണമെന്ന് മോദി നിർദേശിച്ചു. ഇതും ഒരു രാജ്യത്തിന് ഒറ്റയ്ക്കു നേരിടാൻ കഴിയില്ലെന്നും ജി 20 രാജ്യങ്ങളിൽഇന്ത്യ മാത്രമാണ് പാരിസ് ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര സോളർ സഖ്യത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി പ്രത്യേകം സൂചിപ്പിച്ചു.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മുഖാമുഖം നടത്തിയ ആദ്യ ഉച്ചകോടിയിൽ ലോകത്തിന്റെ നായകത്വം കൈപ്പിടിയിൽ നിൽക്കുമോയെന്ന കാര്യത്തിൽ നേതാക്കൾക്ക് ആശങ്കയുള്ളതായി തോന്നി. ശത്രുപക്ഷത്തു നിൽക്കുന്ന ചൈനയും പൊതുധാരയ്ക്കു പുറത്തുനിൽക്കുന്ന റഷ്യയും അവരെ അസ്വസ്ഥരാക്കുന്നുണ്ടാവണം. ഏതായാലും അമേരിക്കയുടെ തിരിച്ചുവരവ് ധനികരാഷ്ട്രസംഘത്തിന് നവോന്മേഷം പകർന്നതായി കാണാം. പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളിലൂടെ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ് സൃഷ്ടിച്ച അങ്കലാപ്പ് ചില്ലറയായിരുന്നില്ല.
പ്രസിഡന്റ് ബൈഡൻ ശാരീരികമായി ക്ഷീണിതനായിരുന്നു. എങ്കിലും സഖ്യകക്ഷികളെഒപ്പം നിർത്തിയും പ്രതിയോഗികളെ നേരിട്ടും ലോകത്തിന്റെ നേതൃസ്ഥാനം വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വ്യക്തമായിരുന്നു. പക്ഷേ, ഉച്ചകോടി കൈക്കൊണ്ട തീരുമാനങ്ങൾ അവരുടെ കരുത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ ബഹിർസ്ഫുരണമായിരുന്നില്ല. മഹാമാരിക്കു ശേഷമുണ്ടാകാനിടയുള്ള ആഗോള പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നവെല്ലുവിളിയും അതിജീവിക്കാനുള്ള രണ്ടുംകൽപിച്ച നടപടിയായേ അവയെ കാണാനാകൂ. ഇതിനിടയിൽ മേധാവിത്വം സ്ഥാപിക്കാൻ തക്കം പാർത്തിരിക്കുന്ന ചൈനയെയും റഷ്യയെയും നേരിടണമെന്ന വികാരവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

കോവിഡ് വാക്സീനും മരുന്നുകളും ലോകത്തു നീതിയുക്തമായി പങ്കുവയ്ക്കേണ്ടതിന്റെ ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഒന്നാം തരംഗത്തിന്റെ നാളുകളിൽ ഇക്കാര്യത്തിൽ നാം കാട്ടിയ മാതൃകയും വിശദീകരിച്ചു. ദരിദ്രരാഷ്ട്രങ്ങൾക്കു 100 കോടി ഡോസ് വാക്സീൻ നൽകുമെന്ന് ഉച്ചകോടി ഒടുവിൽ പ്രഖ്യാപിച്ചു. ഇതിൽ 50 കോടി യുഎസും 10 കോടി ബ്രിട്ടനും നൽകും. സമൂഹപ്രതിരോധം കൈവരിച്ച് കൂടുതൽ ആൾനാശം തടയുന്നതിന് ലോകജനസംഖ്യയുടെ 70 ശതമാനത്തിനെങ്കിലും കുത്തിവയ്പ് നൽകണം. ഇതിന് 100 കോടി ഡോസ് അപര്യാപ്തമാണ്. ലോകത്തിന്റെ ഓരോ കോണിലും വാക്സീനും മരുന്നും എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിനൊപ്പം ഒരുക്കേണ്ടിവരും.
മഹാമാരികൾ അവികസിത, വികസ്വര രാജ്യങ്ങളിൽ ഉദ്ഭവിച്ച് വികസിത മേഖലകളിലേക്കു പടരുമെന്ന അനുമാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പദ്ധതികളും വ്യവസ്ഥകളും ആവിഷ്ക്കരിച്ചിട്ടുള്ളത്. എന്നാൽ കോവിഡിന്റെ ഗതി ഇതിനു വിപരീതദിശയിലായിരുന്നു. വികസ്വര രാജ്യങ്ങൾക്ക് സഹായമെത്തിക്കാൻ ധനികരാഷ്ട്രങ്ങളെ നിർബന്ധിതമാക്കുന്ന സാഹചര്യമാണ് ഇതുമൂലം സംജാതമായത്.
ഹരിതഗ്രഹ വാതകങ്ങൾ ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും ലഭ്യമാക്കാതെ കാർബൺ രഹിത ലോകം എന്ന ലക്ഷ്യം നേടാൻ കഴിയില്ലെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനായി 2025 വരെ ഓരോ വർഷവും 10,000 കോടിഡോളർ വീതം പൊതു–സ്വകാര്യ മേഖലകളിൽ നിന്നു സമാഹരിക്കാനുള്ള തീരുമാനം ജി 7 ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നവംബറിൽ നടക്കുന്ന ഗ്ലാസ്ഗോ സമ്മേളനത്തിലെ ഒത്തുതീർപ്പു ചർച്ചകൾ സുഗമമായി മുന്നോട്ടുപോകാൻ ഇതു സഹായിക്കുമെന്നു കരുതാം.

ഉച്ചകോടിയിൽ നടന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ ചർച്ചകളിലെല്ലാം ചൈനയുംറഷ്യയുമായിരുന്നു പ്രതിയോഗികൾ. സിൻജിയാങ് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഹോങ്കോങ്ങിലെ സ്വയംഭരണ കരാർ ലംഘനത്തിന്റെയും പേരിൽ ചൈനയ്ക്കെതിരെ വിമർശനം ചൊരിഞ്ഞു. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് സമഗ്രാന്വേഷണത്തിനു ചൈന തയാറാകണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു. ചൈന ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചൈനയുമായുള്ള വാണിജ്യബന്ധം ശക്തമാക്കാനുള്ള ചില യൂറോപ്യൻ രാജ്യങ്ങളുടെ പദ്ധതിക്ക് ഉച്ചകോടി തടയിട്ടത് ഇന്ത്യയ്ക്കു കൂടുതൽ അവസരമായേക്കും. അതേസമയം, ഈ കൂട്ടായ്മയും റഷ്യയുമായുള്ളബന്ധം ശത്രുതാപരമാകുന്നത് ഇന്ത്യ– റഷ്യ സൗഹൃദത്തിനു വെല്ലുവിളിയാകാമെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന് ആശിക്കാം.
മഹാമാരിയുടെ നിർമാർജനവും സമ്പദ്ഘടനയുടെ പുനരുജ്ജീവനവും സുരക്ഷയും പ്രപഞ്ചത്തിന്റെ സംരക്ഷണവും മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഗോള കൂട്ടായ്മകളുമാണ് ജി 7 ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന പദ്ധതികൾ. ബഹുരാഷ്ട്രകൂട്ടായ്മയുടെയും സഹകരണത്തിന്റെയും പുത്തൻ സന്ദേശം അവരുമായി ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കൂടുതൽ അവസരം നൽകുമെന്നു പ്രത്യാശിക്കാം.