കശ്മീരിൽ പ്രത്യാശയുടെ കിരണങ്ങൾ

all-party-meeting-with-various-political-leaders-from-Jammu-and-Kashmir.-PTI03
SHARE

ആഭ്യന്തരവും വൈദേശികവുമായ സാഹചര്യങ്ങളും വരുംവരായ്കകളും കണക്കിലെടുത്ത്യുക്തിപൂർവം കൈകാര്യം ചെയ്യുകയെന്നതാണ് ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനുള്ള അടിസ്ഥാന നടപടിയെന്ന് ഏറെക്കാലമായി നമുക്കറിയാം. ഇതിൽ ‘വൈദേശികം’ എന്നു പറയാവുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത് ഇന്ത്യ തന്നെയാണ്. അതിർത്തിത്തർക്കത്തെ യുഎൻ രക്ഷാസമിതിയിലേക്ക് എത്തിച്ച് കശ്മീരിനെ നമ്മൾ തർക്കഭൂമിയാക്കി. ആഭ്യന്തരസ്ഥിതി നിർണയിക്കുന്നത് എല്ലായ്പ്പോഴും അവിടത്തെ ജനസംഖ്യയിലെ മതാനുപാതവും വളർന്നുവരുന്ന മതഭീകരതയുമാണ്. ഇവ രണ്ടും ഇന്ത്യ ദീർഘകാലമായി കൈകാര്യം ചെയ്തുവരുന്നതാണ്. 

ജമ്മു കശ്മീർ നിയമപരമായും ഭരണഘടനാപരമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് രാജ്യാന്തര സമൂഹത്തെ ആവർത്തിച്ച് ബോധ്യപ്പെടുത്തുകയെന്നാണ് ഇതിൽ പ്രധാനം. സൈനികമായി പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട പാക്കിസ്ഥാൻ മറ്റു മാർഗങ്ങളിലൂടെ കശ്മീർ കൈക്കലാക്കാൻ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ അതു മാത്രമേ വഴിയുള്ളൂ. ആവശ്യാനുസരണം ആനുകൂല്യങ്ങളും സഹായങ്ങളും നൽകി ഇന്ത്യക്കാരാണെന്ന തോന്നൽ കശ്മീരിലെ ജനങ്ങളിൽ സൃഷ്ടിക്കുകയെന്നതാണ് ആഭ്യന്തരമായി സ്വീകരിക്കാനുള്ള പ്രധാന നടപടി. അതോടൊപ്പം ആ പ്രദേശത്തിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളും സവിശേഷതകളും സംരക്ഷിക്കുകയും വേണം. അത്വധ്വാനം ചെയ്തിട്ടും കശ്മീർ പ്രശ്നത്തിന്റെ ഈ രണ്ടു തലങ്ങളും കാലാന്തരത്തിൽ പരസ്പരം ശക്തിപ്പെടുത്തുകയും വിഷയം കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. 

all-party-meeting-with-various-political-leaders-from-Jammu-and-Kashmir.-PTI

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പലതവണ ഏറ്റുമുട്ടിയ യുദ്ധഭൂമിയാണ് കശ്മീർ. ഇരുരാജ്യങ്ങളും ആണവശേഷി കൈവരിക്കുകയും പ്രശ്നം കൂടുതൽ സങ്കീർണമാവുകയും ചെയ്തതോടെ അത് ലോകത്തിനും തലവേദനയായി. വീണ്ടുമുണ്ടായേക്കാവുന്ന ഏറ്റുമുട്ടൽ ആണവയുദ്ധമായി പരിണമിക്കാനുള്ള സാധ്യത പ്രശ്നപരിഹാരം കൂടുതൽ ദുഷ്ക്കരമാക്കി. ഈ പശ്ചാത്തലത്തിൽ തൽസ്ഥിതി തുടരുകയെന്ന സമീപനത്തിലേക്കു ലോകം മാറി. വൻനാശത്തിൽ കലാശിക്കാവുന്ന സംഘർഷം ഒഴിവാക്കാനുള്ള ആദ്യപടിയായി തൽസ്ഥിതി നിലനിർത്തുകയെന്ന സമവാക്യം രൂപപ്പെട്ടു. 

കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന വാദത്തെ ലോകത്ത് ആരും ഇന്ന് അംഗീകരിക്കുന്നില്ല. ആ താഴ്‍വര അവരുടേതാണെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെയും ഒരു രാജ്യവും മുഖവിലയ്ക്കെടുക്കുന്നില്ല. ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നു. അങ്ങനെ കശ്മീർ പ്രശ്നത്തിന്റെ രാജ്യാന്തര മാനം ലോകവേദികളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാഗ്വാദങ്ങളിലേക്കും പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകളിലേക്കും ഒതുങ്ങി. വിവിധ രാജ്യാന്തര സമിതികളിൽ വിഷയം കത്തിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പക്ഷേ, ഇതുവരെ വിജയം കണ്ടില്ല. 

1200-Jammu-Kashmir
പ്രതീകാത്മക ചിത്രം

പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരപ്രവർത്തനവും മതമൗലികവാദ പ്രവർത്തനങ്ങളും അതു സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷവും കശ്മീരിന്റെ പല ഭാഗങ്ങളെയും ഫലത്തിൽ യുദ്ധഭൂമിയാക്കി. നിരന്തരമുള്ള ഏറ്റുമുട്ടലുകളും പട്ടാള നടപടിയും അശാന്തി സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ് ഭീകരപ്രവർത്തനവും സമാധാന ചർച്ചയും ഒരുമിച്ചുപോകില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. 

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370, 35 എ എന്നീ അനുച്ഛേദങ്ങൾ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആഭ്യന്തര രംഗത്തും രാജ്യാന്തര തലത്തിലും പ്രകമ്പനം സൃഷ്ടിച്ചു. പാക്കിസ്ഥാനും ചൈനയും ഈ നടപടിയെ ശക്തമായി അപലപിച്ചു. ഒട്ടേറെ മറ്റു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. യഥാർഥ നിയന്ത്രണരേഖയിൽ ചൈന നടത്തിയ കടന്നുകയറ്റം പോലും കശ്മീരിൽ ഇന്ത്യ സ്വീകരിച്ച നടപടികളുടെ പ്രത്യാഘാതമാണെന്ന് വിലയിരുത്തപ്പെട്ടു. സൈന്യത്തെ വിന്യസിച്ചും നേതാക്കളെ തടങ്കലിലാക്കിയും വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചും ആഭ്യന്തരമായി ഉയർന്നുവരാമായിരുന്ന പ്രതിഷേധങ്ങളെ ഇന്ത്യ നേരിട്ടുവെങ്കിലും സാധാരണ നില പുനഃസ്ഥാപിക്കാൻ ഗവൺമെന്റിനുമേൽ സമ്മർദമുണ്ടായിരുന്നു. 

അതിർത്തിയിൽ വെടിനിർത്താൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനിക നേതൃത്വം തീരുമാനിച്ചപ്പോൾത്തന്നെ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ചർച്ച പുനരാരംഭിക്കാൻ ഇന്ത്യ സന്നദ്ധതയറിയിച്ചതായി പാക്കിസ്ഥാൻ വെളിപ്പെടുത്തിയപ്പോൾ ഇന്ത്യ മൗനം പാലിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ പലതവണ കൂടിക്കണ്ടതായി ഇതിനിടെ വാർത്ത വന്നു. ചർച്ചയ്ക്കു വേദിയൊരുക്കിയ രാജ്യങ്ങൾ അക്കാര്യം സ്ഥിരീകരിച്ചിട്ടും ഇന്ത്യ മൗനം തുടർന്നു. പിടിവാശി ഉപേക്ഷിച്ച് അനുരഞ്ജന പാതയിലേക്കു വരാൻ ഇരുകൂട്ടരെയും നിർബന്ധിതരാക്കിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടലാണെന്നു കരുതുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നു യുഎസ് സൈന്യം പിന്മാറുന്നതോടെ ഈ മേഖലയിൽ സ്ഥിരത ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നാണ് യുഎസിന്റെ നിഗമനം. 

all-party-meeting-with-various-political-leaders-from-Jammu-and-Kashmir.-PTI02

പാക്കിസ്ഥാനുമായുള്ള ചർച്ച പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചുകൊണ്ട് രാജ്യാന്തര തലത്തിൽ ശുഭകരമായ സൂചന നൽകിയ നരേന്ദ്ര മോദി, കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന വിവിധതരം നിയന്ത്രണങ്ങളിലും ക്രമേണ അയവുവരുത്തി. ഇന്റർനെറ്റ് ബന്ധം പുനഃസഥാപിച്ചും തടവിലാക്കിയിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചും അതിനു തുടക്കം കുറിച്ചു. ഈ പ്രക്രിയയുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് സർവകക്ഷി സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. 

ഏതാനും മാസം മുമ്പുവരെ തടവിലാക്കിയിരുന്ന നേതാക്കളെ ചർച്ചയ്ക്കു ക്ഷണിക്കുമ്പോൾ ആരെല്ലാം പങ്കെടുക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. എങ്കിലും ക്ഷണിക്കപ്പെട്ട മുഴുവൻ പേരും യോഗത്തിൽ പങ്കെടുക്കുകയും കാര്യമായ തർക്കങ്ങളും വാഗ്വാദങ്ങളുമില്ലാതെ അത് അവസാനിക്കുകയും ചെയ്തു. മാത്രമല്ല, കശ്മീരിന് പൂർണ സംസ്ഥാനപദവി വീണ്ടും നൽകുന്നതിനെക്കുറിച്ചും ജനാധിപത്യ ഭരണസംവിധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചില സൂചനകൾ പുറത്തുവരികയും ചെയ്തു. ഇക്കാര്യങ്ങളിലെല്ലാം അന്തിമഫലം എന്തുതന്നെയായാലും പാക്കിസ്ഥാനും പാശ്ചാത്യലോകത്തിനും വ്യക്തമായ സന്ദേശം നൽകാൻ ഈ നടപടിയിലൂടെ കഴിഞ്ഞു. അനുരഞ്ജനത്തിന്റെയും മൈത്രിയുടെയും വഴിയടഞ്ഞിട്ടില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഇതു സഹായകമായി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ സാധ്യതയില്ലെങ്കിലും സംസ്ഥാന പദവി നൽകി താമസിയാതെ തിരഞ്ഞെടുപ്പു നടത്തുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. 

കശ്മീരിലെ ഒരു കൂട്ടം മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടായ്മയാണ് ഗുപ്കർ സഖ്യം. ഇത് വളരെ ദുർബലമായൊരു സംവിധാനമാണ്. സ്വയംഭരണ വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയും മറ്റൊരു മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്ത്തിയും ഭിന്ന നിലപാടുള്ളവരാണ്. എങ്കിലും ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെ ഈ സഖ്യത്തിനു ശക്തിയും വിശ്വാസ്യതയും കൈവന്നു. സംസ്ഥാന പദവി തിരികെ നേടുകയെന്നതാണ് ഇവർ നേരിടുന്ന ആദ്യ വെല്ലുവിളി. സമാധാനവും വികസനവും ലക്ഷ്യമാക്കി കേന്ദ്രവുമായി ഒരു അധികാര സമവാക്യം രൂപപ്പെടുത്താൻ കഴിഞ്ഞാൽ ഇവർ വിജയിക്കും. 

തകർക്കപ്പെട്ട പഴയൊരു സംവിധാനത്തെക്കുറിച്ച് കിനാവു കാണാതെ പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ പുതിയൊരു ഘടന രൂപപ്പെടുത്താൻ കഴിഞ്ഞാൽ കശ്മീരിൽ പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ സംഭവിക്കുമെന്നാശിക്കാം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS