അഫ്ഗാന്റെ ഭാവി ഭൂതം തന്നെയോ ?

Afghan-Taliban-Gunfire-1
താലിബാനു നേരെ ആക്രമണം നടത്തുന്ന അഫ്ഗാൻ സേന. ഫയൽ ചിത്രം: NOOR MOHAMMAD / AFP
SHARE

അഫ്ഗാനിസ്ഥാനിൽ ചരിത്രം ആവർത്തിക്കാതിരിക്കാനുള്ള അവസാനശ്രമത്തിലാണ് ഇന്ത്യ. യുഎസ് സൈന്യം പൂർണമായി പിന്മാറുന്നതോടെ ആ രാജ്യം വീണ്ടും താലിബാന്റെ കിരാതവാഴ്ചയിലേക്കു പോകാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന ആഗ്രഹത്തോടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസങ്ങളിൽ അഫ്ഗാന്റെ അയൽരാജ്യങ്ങളുമായി ചർച്ച നടത്തിയിരുന്നു. 

അഫ്ഗാന്റെ ഭാവി അതിന്റെ ഭൂതകാലത്തിന്റെ ആവർത്തനമാകരുതെന്നും വരുംതലമുറയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ലോകരാഷ്ട്രങ്ങൾക്കു ബാധ്യതയുണ്ടെന്നുമെല്ലാം ജയശങ്കർ പറഞ്ഞെങ്കിലും അതെല്ലാം സദ്ചിന്തയെ സൂചിപ്പിക്കുന്ന കോമളപദങ്ങൾ മാത്രമാണ്. സ്വതന്ത്രവും സമഗ്രവും എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭരണസംവിധാനം അവിടെ രൂപംകൊള്ളാനുള്ള സാധ്യത ആരും പ്രവചിക്കുന്നില്ല. 

രാജ്യത്തിന്റെ 85% ഭൂപ്രദേശങ്ങൾ ഇതിനകം താലിബാൻ പിടിച്ചടക്കികഴിഞ്ഞു. വർഷങ്ങളായി പലതലത്തിൽ യുഎസുമായി നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ധാരണകളൊന്നും പാലിക്കാൻ അവർ തയാറായിട്ടില്ല. 

us-afghan-1
അഫ്‌ഗാനിലെ യുഎസ് സൈനികർ. ചിത്രം: HOANG DINH Nam / AFP

അഫ്ഗാനിസ്ഥാനിൽ മാത്രം ചരിത്രം കൂടെക്കൂടെ ആവർത്തിക്കുകയാണ്. ഒരു രാജ്യത്തിനും ഇതുവരെ അവരെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല. അതിനു ശ്രമിച്ച എല്ലാ വൻശക്തികളുടെയും കുരുതിക്കളമായിരുന്നു അവിടം. ഗോത്രത്തലവന്മാരും യുദ്ധപ്രഭുക്കന്മാരും ആധിപത്യത്തിനായി നടത്തിയ പോരാട്ടങ്ങൾ മേഖലയിലെ സമാധാനനില അപ്പാടെ തകിടംമറിക്കുമെന്ന സ്ഥിതിയിലാണ് മുമ്പ് 1979 ൽ സോവിയറ്റ് യൂണിയൻ ഇടപെട്ടത്. ശക്തമായ സോവിയറ്റ് സൈന്യത്തിന് ഈ വിഭാഗങ്ങളെ തൽക്കാലം അടക്കിനിർത്തി ഭരണം നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും 10 വർഷത്തിനപ്പുറം മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. യുഎസ് ചേരിയുടെ പിന്തുണയോടെ ദേശീയവാദി ഗോത്രവിഭാഗങ്ങളും മതതീവ്രവാദികളും നടത്തിയ ചെറുത്തുനിൽപ്പിനു മുന്നിൽ അധിനിവേശസേനയ്ക്കു പിന്മാറേണ്ടിവന്നു. തുടർന്ന് ആധിപത്യം നേടിയ മതതീവ്രവാദികൾ യുഎസിനെത്തന്നെ ആക്രമിക്കുന്നതിലാണ് അത് ചെന്നെത്തിയത്. 

മുജാഹിദ്ദീനെ ആയുധമണിയിച്ച് സോവിയറ്റ് സൈന്യത്തെ പുറത്താക്കിയശേഷം, 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേ‍ഡ് സെന്റർ ആക്രമിക്കപ്പെടുന്നതുവരെ അഫ്ഗാന്റെ കാര്യം യുഎസ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഈ ആക്രമണത്തിനു ശേഷം ഭീകരയ്ക്കെതിരായ പോരാട്ടം എന്ന പേരിൽ സൈനിക നടപടി തുടങ്ങിയ യുഎസ് താലിബാനെ അധികാരത്തിൽ നിന്നു പുറത്താക്കി. പക്ഷേ, അവസാനമില്ലാത്ത യുദ്ധത്തിലാണ് ഇത് അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയും കൊണ്ടെത്തിച്ചത്. സമ്പത്തും മനുഷ്യജീവനും അഫ്ഗാൻ മണ്ണിൽ ഹോമിക്കുന്നതു നിഷ്ഫലമാണെന്ന് വളരെവേഗം തിരിച്ചറിഞ്ഞെങ്കിലും അത്രവേഗത്തിൽ പുറത്തുകടക്കാൻ കഴിയാത്ത ഊരാക്കുടുക്കിലായിരുന്നു അവർ. തുടർന്നു വന്ന ഓരോ പ്രസിഡന്റുമാരും സൈന്യത്തെപിൻവലിക്കാനും മാന്യമായി തടിയൂരാനും പല ഉപായങ്ങളും ആലോചിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. 

താലിബാൻ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കഴിയുംവിധംശക്തമായ ഭരണകൂടത്തെ അവരോധിക്കണമെന്ന യുഎസ് സ്വപ്നം വൃഥാവിലായി. മാസങ്ങളും വർഷങ്ങളും നീണ്ട ഒത്തുതീർപ്പ് ചർച്ചയ്ക്കൊടുവിൽ മുഖം നഷ്ടപ്പെട്ട നിലയിൽ കളമൊഴിയാൻ അവർ നിർബന്ധിതരായി. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളും മറ്റ് വൻശക്തി രാഷ്ട്രങ്ങളും ഉൾപ്പെട്ട മാരത്തൺ ചർച്ചയിൽ മേൽക്കൈ ഒരിക്കലും യുഎസിനായിരുന്നില്ല. വിജയം കൈപ്പിടിയിലാണെന്ന് താലിബാന് അറിയാമായിരുന്നു. 

ഈ വർഷം സെപ്റ്റംബർ 11 ന് സൈനിക പിന്മാറ്റം പൂർണമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതുവരെ കാത്തുനിൽക്കാതെ ബഗ്രാം വ്യോമതാവളം കാലിയാക്കി യുഎസ് സൈനിക ജനറൽ സ്ഥലംവിട്ടത് താലിബാന്റെ മുന്നേറ്റം ആസന്നമാണെന്നു വ്യക്തമായതിനെ തുടർന്നാകണം. കാബൂളിന്റെ ചുറ്റുപാടുമുള്ള 13 ജില്ലകൾ തൊട്ടടുത്ത ദിവസങ്ങളിൽ താലിബാൻ കീഴടക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കകം കൂടുതൽ പ്രദേശങ്ങൾ അവരുടെ നിയന്ത്രണത്തിലാകും. യുഎസ് നടപടി വിയറ്റ്നാമിലെയും ഇറാഖിലെയും അവരുടെ സേനാപിന്മാറ്റങ്ങളെ അനുസ്മരിപ്പിക്കുന്നു. 

afghan-taliban
താലിബാനെ നേരിടാൻ തയ്യാറാവുന്ന അഫ്‌ഗാൻ സൈന്യം. ചിത്രം: JAVED TANVEER / AFP

ഈ ദുരന്തം തടയാൻ അഫ്ഗാനിൽ ശക്തമായ സർക്കാരിനെ കുറച്ചുകാലമെങ്കിലും നിലനിർത്താനുള്ള തന്ത്രം യുഎസ് ആവിഷ്ക്കരിക്കേണ്ടതായിരുന്നു. ഇതിനുള്ള സാമ്പത്തിക സഹായം അടക്കം പാക്കേജ് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിൽ താലിബാന്റെയും അവരുടെ മേലാളന്മാരായ പാക്കിസ്ഥാന്റെയും ചൈനയുടെയും ആഗ്രഹം ഇത്രവേഗം സഫലമാകുമായിരുന്നില്ല. സോവിയറ്റ് സേന പിന്മാറിയ ശേഷവും അന്ന് നജീബുള്ള സർക്കാർ അവരുടെ സഹായത്തോടെ ഭരണം തുടർന്നുവെന്നോർക്കണം. സോവിയറ്റ് യൂണിയൻ ശിഥിലമായ ശേഷമാണ് താലിബാൻ അവിടെ അധികാരം പിടിച്ചത്. വിയറ്റ്നാമിൽ പോലും അധികാരകൈമാറ്റം പ്രക്ഷുബ്ധമാകാതിരിക്കാൻ ചില ക്രമീകരണങ്ങൾ യുഎസ് ചെയ്തിരുന്നു. 

അഫ്ഗാനിലെ ജനാധിപത്യശക്തികളെ പിന്തുണയ്ക്കാനുള്ള ബാധ്യത യുഎസിനുണ്ടെന്ന് പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നു. പ്രസിഡന്റ് അഷ്റഫ് ഘനിക്കും സഹപ്രവർത്തകർക്കും വാഷിങ്ടനിൽ പ്രസിഡന്റ് ബൈഡനും കോൺഗ്രസ് അംഗങ്ങളും നൽകിയ വരവേൽപ് ശുഭസൂചനയായി അവർ കരുതുന്നു. കാര്യമായ സാമ്പത്തിക സഹായം യുഎസ് നൽകുമെന്നാണ് ഘനിയുടെ പ്രതീക്ഷ. എന്നാൽ, ഒരു വർഷത്തിനപ്പുറം ഇപ്പോഴത്തെ സർക്കാരിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളുടെ കണക്കുകൂട്ടൽ. യുഎസ് പിന്തുണ ഇല്ലെങ്കിൽ അത്രപോലും മുന്നോട്ടുപോകാനാവില്ല. അഫ്ഗാൻ ജനത വീണ്ടും താലിബാന്റെ കിരാതഭരണത്തിൻ കീഴിലാവും. 

ഇതെല്ലാം കണ്ടുകൊണ്ട് ചൈന കളത്തിനു പുറത്ത് കാത്തിരിക്കുകയാണ്. പുനർനിർമാണത്തിനുള്ള വൻസാധ്യതകൾ അവർ മുന്നിൽ കാണുന്നു. ചൈനയിലെ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികൾക്കു നേരെ താലിബാൻ കണ്ണടച്ചാൽ കാര്യങ്ങൾ എളുപ്പമാകും. സോവിയറ്റ് യൂണിയന്റെയും യുഎസിന്റെയും വിധിയാകുമോ ചൈനക്കാരെയുംകാത്തിരിക്കുന്നതെന്ന് കണ്ടറിയണം. 

Mullah-Abdul-Ghani-Baradar

അഫ്ഗാൻ സമാധാന ചർച്ചകളിൽ ഇന്ത്യ എല്ലായ്പ്പോഴും ഓരങ്ങളിലായിരുന്നു. ഇന്ത്യയെയും ചർച്ചകളിൽ പങ്കാളിയാക്കാൻ യുഎസ് ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ സമ്മതിച്ചില്ല. പുനർനിർമാണത്തിനും വികസനപദ്ധതികൾക്കുമായി നാം നല്ലതുപോലെ അവിടെ മുതൽമുടക്കിയിട്ടുണ്ട്. കഴിഞ്ഞ താലിബാൻ ഭരണം ഇന്ത്യയ്ക്ക് ദുഃസ്വപ്നമായിരുന്നു. അതുകൊണ്ട് യുഎസ് ഏതുവിധേനയും അവരുടെ തിരിച്ചുവരവ് ഒഴിവാക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. 

താലിബാന്റെ രണ്ടാം വരവ് ആസന്നമായിരിക്കെ, വിദേശകാര്യമന്ത്രി ജയശങ്കർ ചർച്ച നടത്തിയ രാജ്യങ്ങൾക്കൊന്നും അതു തടയാനുള്ള ഒരു പദ്ധതിയും മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ ചർച്ചകളുടെ ഭാഗമായി മോസ്ക്കോവിൽ എത്തിയ അദ്ദേഹം സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിക്കുകയും 1990 കളിൽ ഉരുത്തിരിഞ്ഞ അനുരഞ്ജന നിർദേശം ഇപ്പോഴും സാധുവാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ കൂട്ടായ കർമപദ്ധതിയെക്കുറിച്ച് ആർക്കും ധാരണയില്ല. അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിനെ ലോകം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തുടർപ്രസ്താവനകളിൽ ഈ നിലപാടിന് സ്ഥിരീകരണമുണ്ടായില്ല. 

അധികാരത്തിൽ തുടരാൻ കഴിയുമെന്നു പ്രതീക്ഷ വച്ചുപുലർത്തുന്നത് ഇപ്പോൾ ഘനി മാത്രമാണ്. താലിബാന്റെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പാക്കിസ്ഥാനെ നിശിതമായി വിമർശിക്കുമ്പോഴും ദോഹ സമാധാന ചർച്ചകളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് പറയുന്നതല്ലാതെ യുഎസിന്റെ പ്രത്യേക ദൂതൻ സൽമേയ് ഖാലിസദ് മറ്റ് വാഗ്ദാനങ്ങൾ ഒന്നും നൽകുന്നില്ല. ഇറാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ അയൽരാജ്യങ്ങൾക്കും സ്ഥിതിഗതികളിൽ ആശങ്കയുണ്ടെങ്കിലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തമായ നിലപാടില്ല. 

US-soldiers-prepare-to-depart-from-Kunduz-Afghanistan
US soldiers prepare to depart from Kunduz, Afghanistan, by helicopter in 2017. Photo: IANS

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരസ്ഥിതിവിശേഷമാണ്. താലിബാൻ സർക്കാരിനെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനായിരിക്കും. ചൈന പ്രത്യക്ഷമോ പരോക്ഷമോ ആയി അതിനെ പിന്തുണയ്ക്കും. നമ്മുടെ അഫ്ഗാൻ ബന്ധവും നിക്ഷേപങ്ങളും വട്ടപ്പൂജ്യമാകാൻ അതു ധാരാളമാണ്. താലിബാൻ ഇന്ത്യ വിരുദ്ധ നടപടികൾ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ പൗരന്മാരിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. പാക്കിസ്ഥാനുമായി രഹസ്യമായി നടത്തുന്ന നയതന്ത്രചർച്ചകൾ ഒരുപക്ഷേ ഗുണപ്പെട്ടേക്കാം. എന്നാൽ ജമ്മു കശ്മീരിലെ അവരുടെ താൽപര്യം സംരക്ഷിക്കാനുള്ള അവസരങ്ങളൊന്നും പാക്കിസ്ഥാൻ പാഴാക്കില്ല. 

അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം ഇന്ത്യയ്ക്ക് വലിയ തലവേദനയാണ്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി വെല്ലുവിളി കൂടുതൽ സങ്കീർണമാക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS