യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷ പദവിയിൽ ഇന്ത്യ

india-un
SHARE

ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അധ്യക്ഷ പദം ഈ മാസം (2021 ഓഗസ്റ്റ്) ഇന്ത്യയ്ക്കാണ്. രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾക്ക് ഊഴംവച്ചാണ് ഈ പദവി ലഭിക്കുന്നത്. അതുകൊണ്ടു തന്നെ സമിതിയുടെ 2 വർഷത്തെ കാലയളവിൽ എല്ലാ അംഗങ്ങൾക്കും ഒരു തവണയെങ്കിലും അവസരം ലഭിക്കും. അക്ഷരമാല ക്രമത്തിൽ ഇത് തീരുമാനിക്കുന്നതുകൊണ്ട് ചില രാജ്യങ്ങൾക്ക് 2 ഊഴം ലഭിക്കാറുണ്ട്. ഇന്ത്യയ്ക്ക് 2022 ഡിസംബറിൽ ഈ ചുമതല വഹിക്കാൻ വീണ്ടും അവസരം ലഭിക്കും. 

രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം തീർത്തും ആലങ്കാരിക പദവിയാണ്. വിശേഷിച്ച് എന്തെങ്കിലും അധികാരമോ സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ അവസരമോ ഇല്ലെങ്കിലും രാജ്യാന്തര തലത്തിൽ സാന്നിധ്യം അറിയിക്കുന്നതിന് എല്ലാ രാജ്യങ്ങളും ഈ സന്ദർഭം ഉപയോഗിക്കാറുണ്ട്. അംബാസഡർ ചിന്മയ ഘരേഖാൻ ഈ പദവി വഹിച്ചിരുന്നപ്പോൾ മഹാത്മാഗാന്ധിയുടെ ചിത്രം അധ്യക്ഷവേദിയിൽ സ്ഥാപിച്ചതും പ്രതിനിധികൾക്ക് ഡാർജെലിങ് ചായ നൽയിയതും ഞാനോർക്കുന്നു. ഇത്തവണ നമ്മുടെ പ്രതിനിധിയായി അധ്യക്ഷവേദി അലങ്കരിക്കുന്ന ടി.എസ്. തിരുമൂർത്തി പ്രതിനിധികൾക്കു നൽകിയ പ്രാതലിൽ ചോളം കൊണ്ടുള്ള ചില വിഭവങ്ങൾ ഉൾപ്പെടുത്തി. മറ്റു രാജ്യങ്ങളും അവരുടെ തനതു മുദ്രയായി കണക്കാക്കുന്ന വസ്തുക്കളും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ഇങ്ങനെ പരിചയപ്പെടുത്താറുണ്ട്. 

രാഷ്ട്രതാൽപര്യം മുൻനിർത്തി അജൻഡ നിശ്ചയിച്ച് അതു മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുപ്പിക്കാനാണ് അധ്യക്ഷപദവി വഹിക്കുന്ന ഓരോ രാജ്യവുംശ്രമിക്കാറുള്ളത്.  രക്ഷാസമിതി തുടർച്ചയായി സമ്മേളിക്കുന്നുവെന്നാണ് സങ്കൽപം. അതുകൊണ്ടു തന്നെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സമ്മേളിക്കാറുണ്ട്. ലോകസമാധാനത്തിനു ഭീഷണിയാകുന്ന എന്തെങ്കിലും സംഭവിച്ചാൽ പതിവു കാര്യക്രമം വിട്ട് അക്കാര്യം ചർച്ച ചെയ്യും. ഇതല്ലാത്ത സാധാരണ ദിവസങ്ങളിലും അധ്യക്ഷന് നിരവധി അനൗദ്യോഗിക യോഗങ്ങൾ നടത്തേണ്ടിവരും. അധ്യക്ഷന്റെ ചേംബറിൽ നടത്തുന്ന ഈയോഗങ്ങളിൽ അംഗങ്ങൾക്കും ഏതാനും ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനമുള്ളൂ. ഓരോ രാജ്യങ്ങളുടെയും 2 അംഗങ്ങൾക്കു വീതമേ സമ്മേളന ഹാളിൽ പ്രവേശനമുള്ളൂ. അവിടെ നടക്കുന്ന ചർച്ചകളുടെ മിനിട്ട്സോ മറ്റു രേഖകളോ സൂക്ഷിക്കാറില്ല. 

INDIA-KASHMIR/CHINA-UN

നിയന്ത്രണവും സംയമനവും വിടാതെ കാര്യപരിപാടിയിൽ ഊന്നി ചർച്ച മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് അധ്യക്ഷന്റെ മുഖ്യചുമതല. രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത യോഗങ്ങളിൽ പലപ്പോഴും ചൂടേറിയ വാഗ്വാദങ്ങൾക്കും വഴിവയ്ക്കാറുണ്ട്. സ്ഥിരാംഗങ്ങളെ മറ്റുള്ളവർ കുറ്റപ്പെടുത്താറുമുണ്ട്. ചുമതല ഭംഗിയായി നിർവഹിക്കണമെങ്കിൽ അധ്യക്ഷ പദവി വഹിക്കുന്ന രാഷ്ട്രം നല്ലതുപോലെ അധ്വാനിക്കേണ്ടിവരുമെന്നു ചുരുക്കം. 

അപരിഹൃതമായ പല വിഷയങ്ങൾക്കും തീർപ്പുണ്ടാക്കാൻ അധ്യക്ഷരാഷ്ട്രങ്ങൾ ശ്രമിക്കാറുണ്ട്. ചിലർ പരിഷ്ക്കാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാറുമുണ്ട്. ഇവയിൽ ചിലതെല്ലാം ദീർഘമായ അനുരഞ്ജന ചർച്ചകൾക്കു ശേഷം വിജയിക്കുമ്പോൾ അധ്യക്ഷനെ പേരിൽ അറിയപ്പെടും. എല്ലാ രാജ്യങ്ങൾക്കും സ്വന്തം താൽപര്യങ്ങളും രഹസ്യ അജൻഡകളും ഉള്ളതിനാൽ, അംഗങ്ങളുമായി ഒറ്റയ്ക്കും കൂട്ടായും പലവട്ടം ചർച്ച നടത്തിയ ശേഷമേ അധ്യക്ഷൻ പുതിയ നിർദേശങ്ങളോ പദ്ധതികളോ മുന്നോട്ടുവയ്ക്കാറുള്ളൂ. ഏറെക്കുറെ എല്ലാവരുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ പരസ്യ സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ അത് ഉൾപ്പെടുത്തുകയുള്ളൂ. സ്ഥാരാംഗങ്ങൾ വീറ്റോ പ്രയോഗിക്കാനുള്ള സാധ്യതയും ആരൊക്കെ അനുകൂലിക്കാനും എതിർക്കാനും ഇടയുണ്ടെന്നുമെല്ലാം അതിനകം വ്യക്തമായിരിക്കും. 

യുഎന്നിലെ നമ്മുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പരിചയ സമ്പന്നനും പണ്ഡിതനും പരിശ്രമശാലിയുമായ നയതന്ത്രജ്ഞനാണ്. അദ്ദേഹവും സഹപ്രവർത്തകരും കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അനുസൃതമായ കാര്യപരിപാടി രൂപപ്പെടുത്താനുള്ള യത്നത്തിലായിരുന്നു. ചൈനയും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്നങ്ങൾ ഏവർക്കും അറിവുള്ളതായതിനാൽ ഓരോ നീക്കവും മറ്റുള്ളവർ സൂക്ഷ്മമായി വിശകലനം ചെയ്യും. നമ്മുടെ കാലയളവിലെ കാര്യപരിപാടി സമിതി അംഗീകരിച്ചതു തന്നെ നയതന്ത്രവിജയമായി കണക്കാക്കാം. 

IRAN-NUCLEAR/UN

ഈ മാസത്തെ കാര്യപരിപാടിയെക്കുറിച്ച് ആമുഖ ഭാഷണത്തിൽ തന്നെ തിരുമൂർത്തി വിശദീകരിച്ചിരുന്നു. സമിതിയുടെ മുന്നിൽ നിലവിലുള്ള സിറിയ, ഇറാഖ്, സൊമാലിയ, യെമൻ, മധ്യേക്ഷ എന്നീ വിഷയങ്ങൾക്കു മുന്തിയ പരിഗണന നൽകേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൊമാലിയ, മാലി, ലെബനനിലെ യുഎൻ സേന എന്നീ വിഷയങ്ങളിൽ പ്രമേയങ്ങൾ അംഗീകരിക്കപ്പെടാമെന്നും അദ്ദേഹം സൂചന നൽകി. 

ഇതിനു പുറമേ, കടൽസുരക്ഷ, സമാധാന പാലനം, ആഗോള ഭീകരവിരുദ്ധ നടപടികൾ എന്നിവ സംബന്ധിച്ച് 3 സുപ്രധാന സമ്മേളനങ്ങളും ഇന്ത്യ ലക്ഷ്യമിടുന്നു. ഈ സമ്മേളനങ്ങളിൽ അധ്യക്ഷകസേരയിൽ ഇരിക്കേണ്ടത് ആരാണെന്നു തീരുമാനിക്കുന്നതും ഇന്ത്യയാണ്. സാധാരണ യോഗങ്ങളിൽ സ്ഥിരം പ്രതിനിധി തന്നെയാണ് ആ ചുമതല നിറവേറ്റാറുള്ളത്. മറ്റു സമ്മേളനങ്ങളിൽ, വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് രാജ്യങ്ങൾ അവരുടെ രാഷ്ട്രീയ നേതൃത്വത്തെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാറുണ്ട്. 

ഐക്യരാഷ്ട്രസംഘടനയ്ക്ക് ഇന്ത്യ എക്കാലവും ആദരവും അംഗീകാരവും നൽകിയിട്ടുണ്ട്. രക്ഷാസമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സമുദ്രസുരക്ഷയെക്കുറിച്ച് ഓഗസ്റ്റ് 9 നു നടന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചത്. ഇതിനായി അദ്ദേഹം ന്യൂയോർക്കിൽ പോയിരുന്നെങ്കിൽ ചരിത്രമാകുമായിരുന്നു. വെർച്വൽ യോഗത്തിലാണെങ്കിലും പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചത് ആ സമ്മേളനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അത് യുഎന്നിൽ നടന്ന ചർച്ചകളുടെ ചരിത്രത്തിൽ സ്ഥാനം നേടും. എന്നാൽ, സ്ഥാരാംഗത്വമെന്ന നമ്മുടെ ലക്ഷ്യം നേടാ‍ൻ അതുകൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഏകാഭിപ്രായമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

united-nations

രക്ഷാസമിതി ആദ്യമായി നടത്തിയ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ 1992 ജനുവരി 31 ന് നമ്മുടെ പ്രധാനമന്ത്രി നരസിംഹറാവു പങ്കെടുത്തിരുന്നു. ആ സമ്മേളനത്തിന്റെ അവസാനം അധ്യക്ഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ, ലോകത്തു സമാധാനം നിലനിർത്തുന്നതിൽ രക്ഷാസമിതിക്കുള്ള പങ്കും ഉത്തരവാദിത്തവും അംഗങ്ങൾ ചർച്ച ചെയ്തായി വിശദീകരിച്ചു. ശീതയുദ്ധത്തിനു ശേഷമുള്ള രാജ്യാന്തര സാഹചര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച ആ പ്രസ്താവനയിൽ പക്ഷേ, നിരായുധീകരണത്തെയും ആണവ നിർവ്യാപനത്തെയും കുറിച്ചു നടത്തിയ പരാമർശങ്ങൾ ഇന്ത്യയെ അലോസരപ്പെടുത്തി. ഇതിനോടു വിയോജിക്കുന്ന പൊതുപ്രസ്താവന തുടർന്ന് ഇന്ത്യ പുറത്തിറക്കി. ഇത്തവണനമ്മുടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന പക്ഷേ, സമിതിക്കുവേണ്ടിയായിരുന്നില്ല. നമ്മുടെ രാജ്യത്തിനു പറയാനുള്ളതേ അതിലുണ്ടായിരുന്നുള്ളൂ. 

ഇന്ത്യ അധ്യക്ഷപദമേറ്റതിനു തൊട്ടുപിന്നാലെ, അഫ്ഗാനിസ്ഥാനിലെ അതീവഗുരുതരമായ സാഹചര്യം അവരുടെ ആവശ്യപ്രകാരം രക്ഷാസമിതി ചർച്ച ചെയ്തു. അതിവേഗം താലിബാന്റെ കാൽക്കീഴിലാകുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള ചർച്ച തെക്കനേഷ്യയിലെ സ്ഥിതിഗതികളും ഭീകരവാദത്തിന്റെ വളർച്ചയും ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്കും അവസരം നൽകി. 

ഈ മാസം അവസാനം നമ്മുടെ ഊഴം അവസാനിക്കുമ്പോൾ ഇന്ത്യയെക്കുറിച്ച് ലോകത്തിനുള്ള മതിപ്പ് വർധിക്കുമെന്ന് പ്രത്യാശിക്കാം. പ്രഗത്ഭരും അനുഭവസമ്പന്നരുമായ നമ്മുടെ നയതന്ത്രജ്ഞർ രാജ്യത്തെ നിരാശപ്പെടുത്തില്ല. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS