sections
MORE

അഫ്ഗാനിൽ ഇനിയെന്ത്? ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രം

Afghanistan-Taliban-1248-21
SHARE

‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്ന വിശേഷണത്തിൽ അഫ്ഗാനിസ്ഥാൻ ഊറ്റംകൊള്ളാറുണ്ട്. എന്നാൽ, ആ രാജ്യം ഇന്ന് നിരപരാധികളായ ജനങ്ങളെ ബന്ദികളാക്കിയ ദുഷ്ടശക്തികളുടെ പോർക്കളമായി മാറിയിരിക്കുന്നു. ഭീകരതയെ തുരത്താനെന്ന പേരിൽ 20 വർഷം മുൻപ് അഫ്ഗാനിൽ കടന്നുകയറിയ അമേരിക്കൻ സൈന്യം തയാറെടുപ്പോ ആസൂത്രണമോ ഇല്ലാതെ പിന്മാറിയതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. 

അമേരിക്കയുടെ അന്തസ്സില്ലാത്ത നടപടി, യുഎസ് സാമ്രാജ്യം അന്ത്യത്തോടടുക്കുന്നതിന്റെ സൂചനയായി അന്നാട്ടുകാരായ നിരീക്ഷകർ തന്നെ വിലയിരുത്തുന്നു. അഫ്ഗാൻ ഉൾപ്പെടുന്ന മേഖലയാകെ അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീകരതയുടെയും പിടിയിലാണ്. കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന ആശങ്കകൾക്കിടയിൽ, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ലോകത്തിന്റെയാകെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്നു. 

ഇപ്പോഴത്തെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് അല്ലാതെ മറ്റാർക്കുമല്ല. ജീവൻ പണയംവച്ച് 2 പതിറ്റാണ്ട് ഒപ്പംപ്രവർത്തിച്ചവരെ എങ്ങനെ ഒഴിപ്പിക്കണമെന്നു പോലും ചിന്തിക്കാതെയാണ് അവർ സൈന്യത്തെ പിൻവലിച്ചത്. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം അവർ തുടങ്ങിയ ഒഴിപ്പിക്കൽ പ്രക്രിയ ജീവിതത്തിനും മരണത്തിനുമിടയിലെ പരക്കംപാച്ചിലായി ചരിത്രം അടയാളപ്പെടുത്തും. 

AFGHANISTAN-CONFLICT-SPAIN-PLANE

1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ കടന്നുകയറിയ ശേഷം അവരെ ഏതുവിധേനയും തുരത്താനായിരുന്നു അമേരിക്കൻ ചേരി കരുനീക്കിയത്. മുജാഹിദ്ദീനുകൾ എന്നറിയപ്പെടുന്ന ഒളിപ്പോരാളികൾക്കും പ്രാദേശിക ഗോത്രസേനകൾക്കും പാക്കിസ്ഥാൻ വഴി പണവും ആയുധങ്ങളും നൽകിയ അമേരിക്ക പക്ഷേ, ലക്ഷ്യം കണ്ട ശേഷം അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. ഈ കാലയളവിൽ അഫ്ഗാൻ കേന്ദ്രമാക്കി വളർന്ന ഭീകരസംഘടനകൾ 2001 സെപ്റ്റംബർ 9 ന് അമേരിക്കയിലെ വിവിധകേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതുവരെ ഈ സ്ഥിതി തുടർന്നു. പ്രതിരോധ ആസ്ഥാനമായ പെന്റഗണും വേൾഡ് ട്രേഡ് സെന്ററും ഭീകരർ ആക്രമിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളോ ആഴ്ചകളോ നീളുമെന്നു കരുതി ആരംഭിച്ച സൈനിക നടപടിയാണ് 20 വർഷം നീണ്ടത്. അനിശ്ചിതമായ യുദ്ധത്തിന്റെ നിഷ്ഫലത ബോധ്യപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ പ്രതിസന്ധിയിൽ നിന്ന് ഏതുവിധേനയും തലയൂരാൻ ആലോചന തുടങ്ങിയിട്ട് വർഷങ്ങളായി. 

അമേരിക്കയുടെ വൻ സാമ്പത്തിക സഹായം സ്വീകരിച്ച് യുദ്ധത്തിൽ അവർക്കൊപ്പം നിന്ന പാക്കിസ്ഥാൻ തന്നെയാണ് ഈ ഭീകരസംഘങ്ങളെയെല്ലാം പോറ്റിവളർത്തിയത്. അവസാനം നിൽക്കക്കള്ളിയില്ലാതെ കളമൊഴിയാൻ അമേരിക്ക നിർബന്ധിതമാപ്പോൾ വ്യക്തവമായ വ്യവസ്ഥകൾ വച്ചുള്ള പിന്മാറ്റം പോലും അസാധ്യമാകും വിധം അവരുടെ വിലപേശൽ ശേഷി നഷ്ടപ്പെട്ടിരുന്നു. 

TOPSHOT-AFGHANISTAN-CONFLICT

ഐക്യരാഷ്ട്ര സംഘടനയും വൻശക്തി രാഷ്ട്രങ്ങളും അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളും പങ്കെടുത്ത, മാസങ്ങൾ നീണ്ട ചർച്ചയുടെ ഒരു ഘട്ടത്തിലും താലിബാൻ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. വിജയം കയ്യെത്തും ദൂരത്താണെന്ന് അവർക്ക് അറിയാമായിരുന്നു. അവസാനം സെപ്റ്റംബർ 11 ന് പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ, ജൂലൈ ഒന്നിന് തന്നെ അവർ ബഗ്രാം വ്യോമതാവളം അഫ്ഗാൻ സർക്കാരിനെ തിരികെയേൽപ്പിച്ചു. അമേരിക്കൻ ചാര സംഘടന കണക്കുകൂട്ടിയതിലും നേരത്തെ, ഒരു വെടിപോലും ഉതിർക്കാതെ അഫ്ഗാൻ ദേശീയ സേന പിന്മാറിയപ്പോൾ, ദോഹ ചർച്ചയിലെ തീരുമാനമെന്ന വണ്ണം പ്രചരിച്ച വെടിനിർത്തൽ വ്യവസ്ഥകൾ എല്ലാം പഴങ്കഥയായി. വിവിധ പദ്ധതികളിൽ അമേരിക്കയും മറ്റു രാജ്യങ്ങളും നടത്തിയ നിക്ഷേപങ്ങളും വൃഥാവിലായി. 

അഫ്ഗാൻ സർക്കാരിനെ കഴിയുന്നത്ര കാലം നിലനിർത്തി ഈ കൊടുംവിപത്ത് തടയാൻ അമേരിക്ക വഴി കാണേണ്ടതായിരുന്നു. അഷ്റഫ് ഗനി സർക്കാരിന് ദീർഘകാല സാമ്പത്തികസഹായം ഉൾപ്പെടെയുള്ള പദ്ധതികൾ തയാറാക്കി അവ പരസ്യമാക്കിയ ശേഷമായിരുന്നു അമേരിക്കൻ സേനയുടെ പിന്മാറ്റമെങ്കിൽ താലിബാന് ഇത്രവേഗം രാജ്യം കീഴടക്കാൻ കഴിയുമായിരുന്നില്ല. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഈ വിധം ഇടപെടാൻ പാക്കിസ്ഥാനും ധൈര്യപ്പെടുമായിരുന്നില്ല. 

AFGHANISTAN-CONFLICT

സോവിയറ്റ് സൈന്യം പിന്മാറിയ ശേഷവും അഫ്ഗാനിലെ നജീബുള്ള സർക്കാരിനെ അവർ സഹായിച്ചിരുന്നുവെന്നോർക്കണം. സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായ ശേഷമാണ് താലിബാന് അന്ന് ആധിപത്യമുറപ്പിക്കാൻ കഴിഞ്ഞത്. വിയറ്റ്നാമിലും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതു മൂലം അധികാര കൈമാറ്റം ഇത്ര സങ്കീർണവും രക്തരൂഷിതവുമായില്ല. 

അഫ്ഗാനിലെ ജനാധിപത്യശക്തികളെ പിന്തുണയ്ക്കാൻ അമേരിക്ക ബാധ്യസ്ഥമാണെന്നാണ് ചില പാശ്ചാത്യരാജ്യങ്ങളുടെ അഭിപ്രായം. പ്രസിഡന്റ് ഗനിക്കും സഹപ്രവർത്തകർക്കും ബൈഡനും കോൺഗ്രസ് അംഗങ്ങളും നൽകിയ സ്വീകരണം ഈ പ്രതീക്ഷ നിലനിർത്തി. എന്നാൽ, അമേരിക്കയുടെ അഫ്ഗാൻ ദൗത്യം 9/11 ആക്രമണത്തിനു പകരംചോദിക്കാനാണെന്നായിരുന്നു പ്രസിഡന്റ് ബൈഡന്റെ ആദ്യംമുതലുള്ള നിലപാട്. താലിബാൻ സർക്കാരിനെ പുറത്താക്കി ഉസാമ ബിൻ ലാദനെ വകവരുത്തിയതോടെ ആ ദൗത്യം പൂർത്തിയായെന്നും അദ്ദേഹം പറയുന്നു. 

താലിബാന്റെ സമ്പൂർണ വിജയം 1996 ലേതിനു സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം തകർത്ത, ജനാധിപത്യാവകാശങ്ങൾ നിഷേധിച്ച, സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിച്ച് കിരാതമായ ശിക്ഷാനടപടികൾ കൈക്കൊണ്ട പ്രാകൃത ഭരണകൂടം പല വിധത്തിൽ ഇന്തയ്ക്കുംഭീഷണിയാണ്. ഒരിക്കൽക്കൂടി പാക്കിസ്ഥാന്റെ പിന്തുണയോടെ മതഭീകരവാദികൾ കശ്മീരിൽ അസ്വസ്ഥത സൃഷ്ടിക്കും. താലിബാന്റെ രീതികളോട് പാക്കിസ്ഥാന് വിയോജിപ്പുണ്ടാകാം. എന്നാൽ ഇന്ത്യയോടുള്ള വെറുപ്പ് ഇക്കൂട്ടരെ ഒന്നിപ്പിക്കുമെന്ന് ഉറപ്പാണ്. 

TOPSHOT-AFGHANISTAN-CONFLICT

അഫ്ഗാനിസ്ഥാനിലും മധ്യേഷ്യയിലും ചൈനയ്ക്കുള്ള താൽപര്യമാണ് ഇന്ത്യ ഗൗരവത്തോടെ കാണേണ്ട മറ്റൊരു ഭീഷണി. രാജ്യം പുനർനിർമിക്കാൻ താലിബാൻ ചൈനയെ ക്ഷണിച്ചു കഴിഞ്ഞു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി പാക്കിസ്ഥാനിലൂടെ അഫ്ഗാനിൽ എത്തുമെന്നതാണ് ഇതിന്റെ പരിണിതഫലം. അഫ്ഗാൻ സാഹചര്യം ചർച്ച ചെയ്യാൻയുഎസ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിൽ എത്തിയ ദിവസം തന്നെ താലിബാന്റെ ഉന്നതതല സംഘം ചൈന സന്ദർശിച്ചിരുന്നു. അഫ്ഗാനിൽ തലവച്ച വൻശക്തികളുടെ അനുഭവം ചൈനയ്ക്കും അറിയാം. അതുകൊണ്ട് അവർ സൈനികമായി ഇടപെടാൻ സാധ്യതയില്ലെന്ന് അനുമാനിക്കാം. പാക്കിസ്ഥാന് പൂർണ പിന്തുണ നൽകിക്കൊണ്ട് അജൻഡ നടപ്പാക്കാനായിരിക്കും ചൈന ശ്രമിക്കുകയെന്നു കരുതണം. 

ചൈന– പാക്കിസ്ഥാൻ– താലിബാൻ അച്ചുതണ്ട് മേഖലയിലെ ഇന്ത്യയുടെ താൽപര്യങ്ങൾക്കും പദ്ധതികൾക്കും ഭീഷണിയാണ്. ഇറാനും റഷ്യയും താലിബാന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വേറെ ലക്ഷ്യങ്ങളാണെങ്കിലും നമുക്ക് അലോസരം സൃഷ്ടിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് ഈ രാജ്യങ്ങളെയും തടയാനായില്ല. ചൈനയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടികളോട് എതിർപ്പുള്ള മുസ്‍ലിം രാഷ്ട്രങ്ങളെ ഒതുക്കാൻ താലിബാൻ ബന്ധം ചൈനയെ സഹായിക്കും. 

അഫ്ഗാൻ ചർച്ചകളിൽ ഇന്ത്യ എന്നും കളത്തിനു പുറത്തായിരുന്നു. താലിബാൻ അനുഭവം ഒട്ടും സുഖകരമല്ലാത്തതുകൊണ്ട് ഏതുവിധേനയും അമേരിക്ക അഫ്ഗാനിൽ തുടരണമെന്ന് നാം ആഗ്രഹിച്ചു. ഇന്ത്യയെ ചർച്ചകളിൽ പങ്കാളിയാക്കാൻ യുഎസ് ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ ഇടങ്കോലിട്ടു. സോവിയറ്റ് അധിനിവേശ കാലത്തും പിന്നീടു ഭരണം പിടിച്ചപ്പോഴും താലിബാൻ ഇന്ത്യയെ ശത്രപക്ഷത്താണ് കണ്ടിരുന്നത്. അമേരിക്കൻ സൈന്യം അവരെ അധികാരഭൃഷ്ടരാക്കിയപ്പോഴും സ്ഥിതി മാറിയില്ല. അതുകൊണ്ടുതന്നെ അവരുമായി സന്ധിചെയ്യാൻ നമുക്ക് എളുപ്പമല്ല. താലിബാനുമായി ചർച്ച നടത്താത്തതിനു ചില നയതന്ത്രവിദഗ്ധർ സർക്കാരിനെ വിമർശിക്കുന്നുണ്ട്. അവർക്കുപോലും താലിബാൻ അതിനു തയാറായിരുന്നോ എന്ന് ഉറപ്പില്ല. 

AFGHANISTAN-US ATTACKS-ENDURING FREEDO-MUJAHEDIN-US WARPLANE

ചരിത്രം ഇവിടെ ആവർത്തിക്കുകയാണ്. താലിബാൻ അധികാരത്തിൽ തുടരുന്നിടത്തോളംഇന്ത്യ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഇതു മനസ്സിൽ കണ്ടാണ് അഫ്ഗാനിസ്ഥാന്റെ ഭാവി അതിന്റെ ഭൂതകാലത്തിന്റെ ആവർത്തനമാകരുതെന്ന് നമ്മുടെ പ്രതിനിധി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞത്. ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇടിച്ചുനിരത്തണമെന്നും അവരുടെ വിതരണ ശൃംഖലകൾ മുറിക്കണമെന്നും നിർദേശിച്ച നമ്മുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി, അഫ്ഗാനിലെ സ്ഥിതി ഇന്ത്യയ്ക്ക് അങ്ങേയറ്റം ആശങ്കസൃഷ്ടിക്കുന്നുണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് അഫ്ഗാൻ ജനതയോടുള്ള ബന്ധം അടിസ്ഥാനമാക്കിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭീകരത സൃഷ്ടിക്കുന്ന ഭരണകൂടത്തിന് ഏറെ ആയുസ്സില്ലെന്ന സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിനു നൽകിയത്. അഫ്ഗാന്റെ കാര്യത്തിൽ ഇനി അവശേഷിക്കുന്നത് ആ പ്രതീക്ഷ മാത്രമാണ്. 

MORE IN KADALPPALAM
SHOW MORE
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA