സാഹിത്യലോകത്തേക്ക് ഒരു തീർഥയാത്ര; ഒരു ഗൃഹാതുര സ്മരണ

A-Walk-to-Tintern-Abbey-and-Beyond
SHARE

ജയ ചന്ദ്രശേഖരൻ രചിച്ച ‘എ വാക്ക് ടു ടിന്റൻ അബീ ആൻഡ് ബിയോണ്ട്’ എന്ന ഉപന്യാസ സമാഹാരം കാവ്യകലയുടെ രാവണൻകോട്ടയിലൂടെയുള്ള ധ്യാനനിർഭരമായ സഞ്ചാരമാണ്. ഇംഗ്ലിഷ് വിദ്യാർഥിയും പിന്നീട് അധ്യാപകനുമായിരുന്ന എന്നെ ഗൃഹാതുരസ്മരണകളിലേക്ക് ഇത്രയേറെ കൈപിടിച്ചാനയിച്ച മറ്റൊരു രചനയില്ല. ജ്ഞാനിയും വിവേകശാലിയുമായ ഒരു വഴികാട്ടിയെപ്പോലെ, വില്യം വേഡ്സ്‍വർത്ത് മുതൽ ടി.എസ്. എലിയറ്റ് വരെയുള്ള മഹാരഥന്മാരുടെ കൃതികളിലൂടെ ആണ്ടിറങ്ങി മുത്തുകളും പവിഴങ്ങളും തിരയാൻ അവർ ആസ്വാദകരെ ക്ഷണിക്കുന്നു. വിശ്വപ്രസിദ്ധമായ ഈ കൃതികളെല്ലാം എനിക്കും സുപരിചിതമാണ്. എന്നാൽ, ജയയുടെ ആഖ്യാനം അവയെ പുതിയൊരു കാഴ്ചപ്പാടിൽ സമീപിക്കാൻ ലഭിച്ച സുവർണാവസരമായി. 

ആസ്വാദനമെന്ന നിലയിൽ രചിച്ച 12 ഉപന്യാസങ്ങൾ വിശ്വസാഹിത്യകാരന്മാരുടെ കാലത്തിലേക്കും ചിന്തയിലേക്കും ജീവിതത്തിലേക്കും ഉൾക്കാഴ്ച പകരുന്നതാണ്. അവസാഹിത്യവിമർശനം അല്ലതന്നെ. മറിച്ച് വായന വ്രതമായി സ്വീകരിച്ച ഒരു ആരാധികയുടെയും അധ്യാപികയുടെയും കുറിപ്പുകളാണ്. അതിന്റെ പ്രേരണയിൽ ഞാൻ പാൽഗ്രേവിന്റെ ‘ഗോൾഡൻ ട്രഷറി’ തിരഞ്ഞുപിടിച്ചു. വർഷങ്ങൾക്കു മുൻപ് എന്നെ വശീകരിച്ച കാവ്യങ്ങളെ ജയയുടെ ആഖ്യാനങ്ങളുടെ പരിപ്രേക്ഷ്യത്തിൽ പുനർവിചിന്തനത്തിനു വിധേയമാക്കി. 

ഇന്ത്യൻ വിദ്യാർഥികൾ മിക്കവാറും സാഹിത്യാസ്വാദനം തുടങ്ങുന്നത് വില്യം വേഡ്സ്‍വർത്തിൽ നിന്നാണ്. ഈ കൃതിയിലെ ആദ്യത്തെയും അവസാനത്തെയും അധ്യായങ്ങൾ വേഡ്‍സ്‍വർത്താണ്. അദ്ദേഹം പ്രകൃതിയുടെ കാവ്യകാരനായതു മാത്രമല്ല അതിനു കാരണം. മനുഷ്യമനസ്സുകളുടെകൂടി കാഥികനാണ് താനെന്ന് വേഡ്സ്‍വർത്ത് പറഞ്ഞിട്ടുള്ളതായി ജയ നിരീക്ഷിക്കുന്നു. പ്രകൃതിയുടെ അനന്യ ശക്തിയും ച്യുതിയിൽ നിന്നു മോചനം നേടാനുള്ള മനുഷ്യമനസ്സിന്റെ ത്വരയുമാണ് അദ്ദേഹം അപഗ്രഥിക്കാൻ ശ്രമിച്ചത്. ഈ കാഴ്ചപ്പാടിൽ വേഡ്സ്‍വർത്തിന്റെ കൃതികളെ പുനർവായനയ്ക്കു വിധേയമാക്കുന്നതു തികച്ചും നവ്യാനുഭവമാകും. 

ഷേക്സ്പിയറുടെ രചനകളിൽ എനിക്ക് ഏറ്റവും ഇഷ്ടം കിങ് ലിയറാണ്. ജയയുടെ അഭിപ്രായവും മറ്റൊന്നല്ല. ഹാംലെറ്റ്, ഒഥേല്ലോ, മാക്ബെത്ത് എന്നീ കൃതികൾ കൂടുതൽ പ്രശസ്തി നേടിയെങ്കിലും മനസ്സിനെ പിടിച്ചുലയ്ക്കുകയും മഥിക്കുകയും ചെയ്ത നാടകം കിങ് ലിയർ തന്നെയെന്ന് ഗ്രന്ഥകാരി സമർഥിക്കുന്നു. ജയ ചൂണ്ടിക്കാട്ടുന്ന ഘടനാപരമായ പോരായ്മകളുണ്ടെങ്കിലും മാനവികതയെ ആകമാനം സ്പർശിക്കുന്നതും പ്രകൃതിയുടെയും പ്രാപഞ്ചിക ശക്തികളുടെയും ദുരൂഹത വെളിവാക്കുന്നതുമായ കൃതിയെന്ന നിലയിലാണ് ഞാൻ കിങ് ലിയർ ഇഷ്ടപ്പെടുന്നത്. ഷേക്സ്പിയർ കൃതികളിൽ ദുരന്തം ഏറ്റവും പ്രാമാണികമായി ചുരുളഴിയുന്നതും ഇതിലാണ്. ഒരിക്കൽ ഞാൻ ലിയറായി വേഷമിട്ടിട്ടുണ്ട്. ആ പീഡിതാത്മാവിന്റെ മനോസംഘർഷം അന്ന് വേദിയിൽ അനുഭവിക്കാനും എനിക്കു കഴിഞ്ഞു. ലിയറിനെക്കുറിച്ചുള്ള ബ്രാഡ്‍ലിയുടെ നിരീക്ഷണങ്ങളോട് ജയയെപ്പോലെ എനിക്കും യോജിപ്പാണുള്ളത്. ടെപെസ്റ്റിനെക്കുറിച്ചുള്ള അധ്യായവും സമഗ്രമായ പഠനം തന്നെയാണ്. 

കവിയോ ഇംഗ്ലിഷുകാരനോ അല്ലെങ്കിലും ഹെൻട്രി ഇബ്സനും ഈ കൃതിയിൽ ഇടംകണ്ടു. സ്ത്രീസ്വാതന്ത്രവാദത്തിന്റെ ആദ്യരൂപങ്ങൾ അദ്ദേഹത്തിന്റെ ‘എ ഡോൾ ഹൗസ്’ പോലുള്ള രചനകളിൽ ഉരുവംകൊണ്ടതാവാം അവരെ ആകർഷിച്ചത്. നോറയുടെ വാക്കുകൾ ലോലഹൃദയരായ എല്ലാ വനിതകളുടെയും മനസ്സിൽ പതിഞ്ഞുകാണണം. ‘‘ഞാൻ ഇനി അദ്ഭുതങ്ങളിൽ വിശ്വസിക്കില്ല. അദ്ഭുതങ്ങൾ സംഭവിക്കില്ല. ഞാൻ മനസ്സിൽ കണ്ട പുരുഷൻ നിങ്ങളല്ല’’ എന്ന് പറഞ്ഞശേഷം പിന്തിരിഞ്ഞു വാതിലടയ്ക്കുന്ന രംഗം അനുരാഗിണികളുടെ മനസ്സിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാവണം. ഡോൾസ് ഹൗസിന്റെ പ്രദർശനം എവിടെയുണ്ടെങ്കിലും ഞാൻ വിടാറില്ല. ഇബ്സനോടുള്ള എന്റെ താൽപര്യത്തെജയയുടെ പ​​ഠനം സാധൂകരിക്കുന്നു. 

ആസ്വദിക്കാൻ എന്നതിലുപരി കടമയെന്ന നിലയിലാണ് ജോൺ മിൽട്ടന്റെ ‘പാരഡൈസ് ലോസ്റ്റ്’ ഞാൻ വായിക്കാറുള്ളത്. ഇതിഹാസകാവ്യങ്ങളോടുള്ള എന്റെ സംവേദനക്ഷമത മാറ്റിമറിച്ച കൃതിയാണത്. സൃഷ്ടിപരതയുടെയും ബൗദ്ധികതകയുടെയും കാലാതിവർത്തിയായ കലാസൃഷ്ടിയായി ജയ അതിനെ വിശേഷിപ്പിക്കുന്നു. സാത്താൻ എന്ന കഥാപാത്രത്തിനു പുതിയൊരു ഉൾക്കാഴ്ച നൽകുന്നതാണ് അവരുടെ വ്യാഖ്യാനം. സാത്താനെ ആദമിന്റേതിൽ നിന്നു വ്യത്യസ്തമായൊരു തലത്തിൽ നായകസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വ്യാഖ്യാന ധാരയെ അവരും പിന്തുണയ്ക്കുന്നു. ‘പാരഡൈസ് ലോസ്റ്റ്’ ഒരിക്കൽക്കൂടി വായിക്കാൻ ഈ പഠനം പ്രേരണയാകുമെന്നതിൽ സംശയമില്ല. ഡോ. ജോൺസൻ പ്രവചിച്ചതുപോലെ, വിദ്യാഭ്യാസകാലത്തിനു ശേഷം ഞാനും ഇതുവരെ അതിനു ശ്രമിച്ചിരുന്നില്ല. 

പ്രഭാഷണങ്ങളിലും പ്രബന്ധങ്ങളിലും ഷേക്സ്പിയർ കഴിഞ്ഞാൽ ഏറ്റവുമധികം ഞാൻ ഉദ്ധരിക്കാറുള്ളത് ആൽഫ്രഡ് ടെന്നിസനെയാണ്. വൈയക്തികമായ അനുഭവങ്ങളെ അദ്ദേഹം ചിരന്തന സത്യങ്ങളായി കാണുന്നു എന്നതാണ് അതിനു കാരണം. വിലാപകാവ്യങ്ങളിൽ അദ്ദേഹം സൃഷ്ടിക്കാൻ ശ്രമിക്കാറുള്ള നഷ്ടബോധം സാർവലൗകികമാണെന്നു നമുക്കും തോന്നുന്നു. ജയ നിരീക്ഷിക്കുന്നതുപോലെ അശാന്തവും അപൂരിതവുമായ വർത്തമാനകാലത്തുനിന്ന് കൂടുതൽ വർണാഭവും സംതൃപ്തവും സമ്പൂർണവുമായൊരു സ്ഥിതിയിലേക്കെത്താൻ അതു മനുഷ്യനു പ്രേരണയേകുന്നു. 

ഡബ്ല്യു.ബി. യെയ്റ്റ്സിനെയും ഓഡനെയും ഫിലിപ് ലാർകിനെയും വിട്ട് ഇനി ടി.എസ്. എലിയറ്റിലേക്കു വരാം. എന്റെ തലമുറയിലെ ഇംഗ്ലിഷ് സാഹിത്യവിദ്യാർഥികളുടെ അവസാന അതിർത്തിപോസ്റ്റായിരുന്നു എലിയറ്റ്. ജയ പിന്നീടുള്ള തലമുറയുടെ വക്താവാണെങ്കിലും അവരും എലിയറ്റിൽത്തന്നെ എത്തിനിൽക്കുന്നു. Who the hell is this T.S.Eliot എന്നു ചോദിച്ചതായി യൂണിവേഴ്സിറ്റി കോളജിലെ ഒരു ഇംഗ്ലിഷ് പ്രഫസറെപ്പറ്റി അന്ന് തമാശ പറഞ്ഞിരുന്നു. കാലപ്രവാഹത്തിൽ നമ്മുടെ പ്രഫ. അയ്യപ്പപ്പണിക്കരെ കേരളത്തിന്റെ എലിയറ്റ് എന്നു കളിയാക്കി വിളിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കുരുക്ഷേത്രത്തിനും എലിയറ്റിന്റെ ‘ദ് വേസ്റ്റ്ലാൻഡി’നുമുള്ള സമാനതകളായിരുന്നു അതിനു കാരണം. അയ്യപ്പപ്പണിക്കർ പക്ഷേ, മലയാള കവിതയെ തിരിച്ചറിയാൻ കഴിയാത്തവിധം മാറ്റിമറച്ചു. എലിയറ്റിനെപ്പോലെ കവിതയുടെ പുതിയരൂപം സൃഷ്ടിച്ചു. 

വേസ്റ്റ് ലാൻഡ് വിട്ട് എലിയറ്റിന്റെ ‘ദ ലൗ സോങ് ഓഫ് ജെ. ആർഫ്രഡ് പ്രഫോക്, ബേൺഡ് നോടൻ എന്നീ കാവ്യങ്ങളെക്കുറിച്ചാണ് ജയ സവിസ്തരം വർണിച്ചിരിക്കുന്നത്. പക്ഷേ, വേസ്റ്റ്ലാൻഡ് ആണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസെന്നാണ് എന്റെ അഭിപ്രായം. അതിൽ പ്രതിഫലിക്കുന്നത് കവിയുടെ ലോകവീക്ഷണമാണ്. അനശ്വരമായ വരികളിൽ ഇരുണ്ട ചിത്രങ്ങളാണെന്നു മാത്രം. 

വേ‍ഡ്സ്‍വർത്തിന്റെ ടിന്റൻ അബീയെക്കുറിച്ചുള്ള പഠനമാണ് അവസാന അധ്യായം. ആർക്കും അനുകരിക്കാൻ കഴിയാത്ത ശൈലിയിൽ അവർ അത് ഉപസംഹരിക്കുന്നു. ഈ ഗൗരവാവഹമായ പഠനത്തിൽ പക്ഷേ, ഒരു വനിതപോലും ഉൾപ്പെട്ടില്ലെന്നതു വിചിത്രമായിതോന്നി. 

മാർ ഇവാനിയോസ് കോളജിലെ ഇംഗ്ലിഷ് അധ്യാപകന്റെ ജോലി ഉപേക്ഷിച്ചാണ് ഞാൻ സിവിൽ സർവീസിൽ ചേർന്നത്. ചിലപ്പോഴൊക്കെ അതിൽ ഖേദം തോന്നിയിട്ടുണ്ട്. ജയയുടെഈ പ​ഠനം വായിച്ചുപൂർത്തിയാക്കിയപ്പോൾ ഒരിക്കൽക്കൂടി എനിക്കു വ്യസനം തോന്നി. അരനൂറ്റാണ്ടിനിടെ മഹത്തായ എത്ര സാഹിത്യകൃതികൾ വായിക്കാൻ എനിക്കു കഴിയുമായിരുന്നു. എത്ര തലമുറയുടെ ഗുരുനാഥനാകാമായിരുന്നു! 

സിവിൽ സർവീസിന്റെയും അധ്യാപനത്തിന്റെയും വൈവിധ്യമാർന്ന ലോകം കണ്ട ജയയോട് എനിക്ക് അസൂയ തോന്നുന്നു. അധ്യാപികയെന്ന നിലയിൽ അവർ തിളങ്ങി. വിജയമുദ്ര ചാർത്തിയ സമാദരണീയനായ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കെ.എം. ചന്ദ്രശേഖരന്റെ ധർമപത്നിയെന്ന നിലയിൽ ഏറെ ലോകം കണ്ടു. അതിനുശേഷം ഇപ്പോൾ തിരുവനന്തപുരത്ത് വിശ്രമജീവിതം നയിക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS