എസ്‍സിഒ: താലിബാൻ പൊതുവിഷയം; നിലപാടുകളിൽ അജഗജാന്തരം

sco-meet
പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്യുന്നു. ചിത്രം: പിടിഐ.
SHARE

രാജ്യാന്തര യാത്രകളും സമ്മേളനങ്ങളും പരിമിതപ്പെടുത്തേണ്ടിവന്ന ലോകസാഹചര്യം നയതന്ത്രരംഗത്തും പുതിയൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചു. ബഹുരാഷ്ട്ര ഉച്ചകോടികൾ വരെ വെർച്വലായി നടത്താമെന്ന നില വന്നിരിക്കുന്നു. രാഷ്ട്രത്തലവന്മാർക്ക് അവരവരുടെ രാജ്യത്തിരുന്നു തന്നെ അവയിൽ പങ്കെടുത്ത് പങ്കാളികളെ അഭിസംബോധന ചെയ്യാം. എന്നാൽ, അനൗദ്യോഗിക കൂടിക്കാഴ്ചകൾക്കും സംഭാഷണങ്ങൾക്കും അവസരം ഇല്ലാതായതോടെ ഇത്തരം സമ്മേളനങ്ങളെല്ലാം വെറും പ്രസംഗവേദികളായി മാറി. സഖ്യരാജ്യങ്ങൾ തമ്മിൽ പ്രത്യയശാസ്ത്രപരമോ വിഷയ സംബന്ധമോ ആയ സുദൃഢബന്ധം ഇല്ലെങ്കിൽ പ്രത്യേകിച്ചും. 

ഷാങ്ഹായ് സഹകരണ സംഘടനയെ (എസ്‍സിഒ) ഈ ഗണത്തിൽ പെടുന്ന കൂട്ടായ്മയായി കണക്കാക്കാം. പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ടിരുന്ന ഏതാനും റിപ്പബ്ലിക്കുകളുടെ സൗഹൃദസംഘം എന്ന നിലയിൽ ചൈന 2001 ജൂൺ 15 ന് ഷാങ്ഹായിയിൽ രൂപം നൽകിയതാണിത്. ചൈനയെ കൂടാതെ റഷ്യ, കിർഗിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയായിരുന്നു അംഗങ്ങൾ. പിന്നീട് 2017 ൽ ഇന്ത്യയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തി. ഈ വർഷം ഇറാനെയും. ഇതോടെ, പ്രത്യയശാസ്ത്രപരമായ ഏകാഭിപ്രായമോ പൊതുപൈതൃകമോ ഇല്ലാത്ത ഒരു രാഷ്ട്രസംഘാതമായി എസ്‍സിഒ മാറി. 

വാർഷിക ഉച്ചകോടിക്കു പുറമേ ഈ സഖ്യരാജ്യങ്ങൾ പങ്കുചേർന്ന് സൈനികാഭ്യാസങ്ങളും നടത്താറുണ്ട്. ഭീകരതയ്ക്കും ബാഹ്യഭീഷണികൾക്കും എതിരെ ഒരുമിച്ചു നിൽക്കാനും മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക രാഷ്ട്രസഖ്യമാണ് എസ്‍സിഒയെങ്കിലും പല രാജ്യാന്തര വിഷയങ്ങളിലും ഇവർക്കു പൊതുകാര്യപരിപാടി ഇല്ലതന്നെ. 

SCO-Summit

തജിക്കിസ്ഥാനിലെ ദുഷൻബെയിൽ ഈ മാസം 17 ന് നടന്ന ഇത്തവണത്തെ ഉച്ചകോടി ഒരുഭാഗം നേരിട്ടും ബാക്കി വെർച്വലായുമാണ് നടന്നത്. നമ്മുടെ വിദേശകാര്യമന്ത്രിഎസ്.ജയശങ്കർ അവിടെയെത്തി സമ്മേളനത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്തു. 

അഫ്സാനിസ്ഥാനിലെ പ്രക്ഷുബ്ധമായ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഉച്ചകോടിക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. അംഗരാജ്യങ്ങളെല്ലാം അഫ്ഗാന്റെ അയൽരാജ്യങ്ങൾകൂടി ആയതുകൊണ്ട് അവിടത്തെ പ്രശ്നങ്ങൾ എല്ലാവരുടെയും ഉറക്കംകെടുത്തുന്നുണ്ട്. എന്നാൽ, അവിടെ ഭരണം പിടിച്ച താലിബാനോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഏകാഭിപ്രായത്തിലെത്താൻ സമ്മേളനത്തിനു കഴിഞ്ഞില്ല. യുഎസിന്റെ നേതൃത്വത്തിൽ 20 വർഷമായി നടത്തിവന്ന ഭീകരവിരുദ്ധ സൈനികനടപടിയെ അതിജീവിച്ച് താലിബാൻ വീണ്ടും അധികാരത്തിലെത്തിയത്ഏവരെയും അമ്പരപ്പിച്ചു. 

ചൈന, റഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ താലിബാനെ അനുകൂലിക്കുമ്പോൾ ബാക്കി രാജ്യങ്ങൾക്ക് അവരെ അംഗീകരിക്കാൻ നിരവധി മുന്നുപാധികളുണ്ട്. അഫ്ഗാൻ കേന്ദ്രമായി ഭീകരപ്രവർത്തനം കൂടുതൽ കരുത്താർജിക്കുമെന്ന ആശങ്കയും അവിടത്തെ സാമ്പത്തികത്തകർച്ച വൻതോതിലുള്ള പട്ടിണിക്കും അഭയാർഥിപ്രവാഹത്തിനും കാരണമാകുമോ എന്ന സന്ദേഹവും എല്ലാവർക്കുമുണ്ട്. മുൻപ് ചെയ്തിരുന്നതുപോലെ ശരിഅത്ത് നിയമപ്രകാരം തന്നെ ഭരിക്കുമെന്ന താലിബാന്റെ പ്രഖ്യാപനം പാക്കിസ്ഥാൻ ഒഴികെ എല്ലാവരിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. 

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീമാറ്റം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതല്ലെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ തുറന്നടിച്ചു. പുതിയ ഭരണസംവിധാനം രൂപീകരിക്കുമുമ്പ് കൂടിയാലോചകൾ വേണ്ടപോലെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 15 ന് താലിബാൻ അധികാരം പിടിച്ചശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയവിശദമായ ആദ്യപ്രതികരണമായിരുന്നു അത്. വേണ്ടത്ര ആലോചനകൾ കൂടാതെ താലിബാൻ സർക്കാർ രൂപീകരിച്ചത് അതിനു രാജ്യാന്തര അംഗീകാരം ലഭിക്കുന്നതിനു തടസ്സമാകുമെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും ക്ഷേമവുംസർവപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഭരണസംവിധാനത്തിന് അംഗീകാരംനൽകുമുമ്പ് ലോകരാജ്യങ്ങൾ കൂട്ടായി ആലോചിക്കണമെന്നും യുഎന്നിന്റെ നേതൃത്വത്തിൽ നടക്കേണ്ട ഈ ആലോചനയിൽ ഇന്ത്യ കേന്ദ്രസ്ഥാനത്തു നിൽക്കാൻ തയാറാണെന്നും മോദി വ്യക്തമാക്കി. 

ബാഹ്യശക്തികളല്ല അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കേണ്ടതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യാന്തരസമൂഹത്തിനു നൽകിയ വാക്കുപാലിക്കാൻ താലിബാനോട് ആവശ്യപ്പെട്ട ഇമ്രാൻ, അഫ്ഗാൻ സർക്കാരിനെ തുടർന്നും പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചു. പ്രതിസന്ധിയിൽ നട്ടംതിരിയുന്ന അഫ്ഗാൻ ജനതയെ സഹായിക്കാൻ രാജ്യാന്തരസമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഓർമിപ്പിച്ചു. 

ജേതാവിന്റെ ഭാഷയിലായിരുന്നു ഇമ്രാന്റെ വാക്കുകൾ. യുഎസുമായി യുദ്ധം നടത്തിയ കഴിഞ്ഞ 20 വർഷവും താലിബാനെ സഹായിക്കുകയും പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ ചാരസംഘടന വഴി നിർണായക പങ്ക് വഹിക്കുകയും ചെയ്തത് പാക്കിസ്ഥാൻ ആയിരുന്നുവല്ലോ. 

സൗമ്യവും കാര്യക്ഷമവും വിവേകപൂർണവുമായ നയങ്ങൾക്കു രൂപം നൽകാൻ ചൈനയുടെ ഭരണാധികാരി ഷി ചിൻപിങ് താലിബാനെ ഉപദേശിച്ചു. അയൽരാജ്യങ്ങൾ ഇക്കാര്യത്തിൽ അഫ്ഗാനു പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. റഷ്യ, ഇറാൻ, പാക്കിസ്ഥാൻ എന്നീ അയൽരാജ്യങ്ങളുമായി ചേർന്ന് ഇതിനുവേണ്ട നയതന്ത്രശ്രമങ്ങൾ നടത്താൻ ചൈന മുൻകയ്യെടുക്കുമെന്നും പ്രസിഡന്റ് ഷി പറഞ്ഞു. ഭീകരപ്രവർത്തനത്തിന്റെ എല്ലാ രൂപങ്ങളെയും ഉന്മൂലനം ചെയ്ത് വിശാലാടിസ്ഥാനത്തിൽ സമഗ്ര ഭരണസംവിധാനത്തിനു രൂപം നൽകാൻ അഫ്ഗാൻ ഭരണാധികാരികൾശ്രമിക്കണം. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തി സമാധാനത്തിന്റെ പാതയിൽമുന്നേറാൻ കഴിയട്ടെയെന്ന് ഷി ആശംസിച്ചു. ഇക്കാര്യത്തിൽ എസ്‍സിഒ അംഗങ്ങൾ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നാണ് ചൈനയുടെ നിലപാട്. 

ദുഷൻബെയിലെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്, റഷ്യ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയതു ശ്രദ്ധേയമായി. ഈ മേഖലയിൽ സ്വാധീനമുള്ള അയൽരാജ്യങ്ങളെന്ന നിലയിൽ ചതുർരാഷ്ട്രസംഘത്തിന് അഫ്ഗാനിൽ കാര്യമായി ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ചുനിന്ന് ഏകസ്വരത്തിൽ അഫ്ഗാൻ ഭരണാധികാരികളിൽ സ്വാധീനം ചെലുത്തി മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. 

അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാൻ യുഎസിനോട് ആവശ്യപ്പെട്ട ചൈന, സുരക്ഷാഭീഷണി നേരിടാനുള്ള പൊതുതന്ത്രങ്ങളും ഭീകരസംഘങ്ങളുമായുള്ള താലിബാന്റെബന്ധം വിച്ഛേദിക്കാനുള്ള നടപടികളും സഹായങ്ങളും ഉൾപ്പെടെ അഞ്ചിന നിർദേശങ്ങളും മുന്നോട്ടുവച്ചു. 

അഫ്ഗാനിസ്ഥാനിലെ ഭാവി സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകളും വാങ് പങ്കുവച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതും ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാത്തതുമായ സർക്കാർ മേഖലയിൽ ശാശ്വതസമാധാനം വികസനവും കൊണ്ടുവരുമെന്നു പ്രത്യാശിച്ചു. 

താലിബാൻ സ്വയം നവീകരിക്കണമെന്ന അഭിപ്രായം എസ്‍സിഒ അംഗരാഷ്ട്രങ്ങളെല്ലാംമുന്നോട്ടുവച്ചുവെന്നത് ശ്രദ്ധേയമാണ്. ആ നിലയ്ക്ക് ഇത്തവണത്തെ ഉച്ചകോടി പ്രയോജനപ്രദമായിരുന്നു. ഭീകരവാദം ഉപേക്ഷിച്ച് രാജ്യാന്തര സഹായത്തോടെ ആധുനികരാഷ്ട്രം കെട്ടുപ്പടുക്കണമെന്ന നിർദേശവും പൊതുവേ സ്വീകരിക്കപ്പെടേണ്ടതാണ്. അപ്പോഴും സംഘടനയ്ക്കുള്ളിൽ കുറുമുന്നണി രൂപീകരിക്കാനുള്ള ചൈനയുടെ നീക്കം അതിനുള്ളിലെ ഭിന്നത വെളിവാക്കുന്നു. 

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS