താന്യ സവിചേവ- റഷ്യയുടെ ആൻഫ്രാങ്ക്

Tanya
SHARE

‘‘സർവനാശത്തിന്റെ ദുഷ്ടശക്തികൾ ചുറ്റിവരിഞ്ഞ നിസ്സഹായരായ മനുഷ്യരുടെ പ്രതീകമായി അവൾ മാറി. ജീവിക്കാനുള്ള അവകാശത്തിന്റെ, അനീതിക്കെതിരായ ചെറുത്തുനിൽപ്പിന്റെ, സർവോപരി പ്രതീക്ഷയുടെ മൂർത്തരൂപമായി അവൾ കൊണ്ടാടപ്പെട്ടു’’– രണ്ടാം ലോകയുദ്ധകാലത്ത് നാസി തടവറയിൽ അകാലത്തിൽ പൊലിഞ്ഞ ആൻ ഫ്രാങ്ക് എന്ന ജൂതബാലികയെക്കുറിച്ചുള്ള വിശേഷണമാണിത്.  നെതർലൻഡ്സിൽ അധിനിവേശം നടത്തിയ നാസികൾ ജൂതരെ ഒന്നൊന്നായി പിടികൂടി തടങ്കൽ പാളയത്തിലേക്കു കൊണ്ടുപോയപ്പോൾ, 1942 മുതൽ 1944 വരെ ഒളിവിൽ കഴിഞ്ഞ കുടുംബത്തിന്റെ ദൈന്യതയും വിഹ്വലതകളും പുറംലോകത്തെ അറിയിച്ച പതിനാലുകാരി ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ അവളുടെ മരണശേഷം ലോകപ്രശസ്തമായി.

ആനിനെപ്പോലെ തന്നെ നാസിപ്പടയുടെ കൊടുംക്രൂരതകൾക്കു നേർസാക്ഷിയായ ശേഷം അകാലത്തിൽ പൊലിഞ്ഞ പെൺകൊടിയാണ് താന്യ സവിചേവ. ജർമൻസേന വലയംചെയ്ത സോവിയറ്റ് യൂണി്യനിലെ ലെനിൻഗ്രാഡിൽ കൊടുംതണുപ്പിൽ പട്ടിണികിടന്നും മറ്റ് പീഡനങ്ങൾ ഏറ്റുവാങ്ങിയും ജീവൻ നഷ്ടമായ ലക്ഷക്കണക്കിനു ജനങ്ങളുടെ പ്രതിരൂപം. രണ്ടാം ലോകയുദ്ധത്തിന്റെ ഭീകരതയും നിസ്സഹായരായ സാധാരണക്കാരിൽ അതു സൃഷ്ടിച്ച ആഘാതവും 11 വയസ്സുകാരി താന്യയുടെ ഒൻപത് പേജ് മാത്രം വരുന്ന ഡയറിക്കുറിപ്പിലൂടെ ലോകം നടുക്കത്തോടെ അറിയുന്നു.

1941 ഡിസംബർ 28 നും പിറ്റേവർഷം മേയ് 13 നും ഇടയിൽ താന്യ കുറിച്ച 42 വരികൾ ആൻ ഫ്രാങ്കിന്റെ ഡയറിപോലെ ഒരു സാഹിത്യകൃതിയല്ല. നാസികൾ റഷ്യൻ തലസ്ഥാനം ഉപരോധിച്ച ആ കഠോരദിനങ്ങളിൽ, അവളുടെ കുടുംബത്തിലെ 6 അംഗങ്ങളെ മൃത്യുവിന്റെ കരാളഹസ്തങ്ങൾ പുൽകി. അതേക്കുറിച്ചുള്ള തികച്ചും വ്യക്തിനിഷ്ഠമായ ലഘുവിവരണം മാത്രമാണത്. എന്നാൽ, ആ 42 വരികളിലൂടെ റഷ്യൻ സമൂഹം നേരിട്ട ദുരന്തത്തിന്റെ ഹൃദയഭേദമായ ചിത്രം നമുക്കു വ്യക്തമാകും. അത് നമ്മെ പിടിച്ചുലയ്ക്കുകതന്നെ ചെയ്യും.

അന്നാട്ടിൽ വളരെ പ്രശസ്തവും സാമാന്യം സമ്പന്നവുമായ കുടുംബമായിരുന്നു സവിചേവ്മാർ. അവർക്കു നേരിടേണ്ടിവന്ന സർവനാശത്തിന്റെ നേർച്ചിത്രം ടാനിയയുടെ ഡയറിയിലെ അവസാന വരിയിലുണ്ട്– ‘‘സവിചേവ്മാർ മരിച്ചു. എല്ലാവരും മരിച്ചു. താന്യ മാത്രം ബാക്കിയായി’’. രണ്ടു വർഷത്തിനു ശേഷം 1944 ജൂലൈ ഒന്നിന് ഒരു അനാഥാലയത്തിൽ കഴിയവേ അവളും വിധിക്കു കീഴടങ്ങി. 

ഏറെ വർഷങ്ങൾക്കു ശേഷമാണ് താന്യയുടെ ഡയറിക്കുറിപ്പുകൾ കണ്ടെടുത്തത്. അതിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ് 1981 ൽ ഡയറി ഒരു മാർബിൾ ഫലകത്തിൽ ഉൾച്ചേർത്തു. യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ സ്മാരകം പിന്നീട് പണിതീർത്തത് അതിനു ചുറ്റുമായിരുന്നു.  നാസികളെ ചെറുത്ത് വീരമൃത്യു വരിച്ചവരുടെയും കൊലപ്പെട്ട കുട്ടികളുടെയും സ്മാരകമെന്ന നിലയിൽ താന്യ സവിചേവ മ്യൂസിയം ലോകപ്രശസ്തമായി. റഷ്യയുടെ കോൺസുലും തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് നായർ രചിച്ച ‘താന്യ സവിചേവയുടെ കഥ’ മന്ത്രി സജി ചെറിയാൻ ഈയിടെ പ്രകാശനം ചെയ്തു. 

റഷ്യയുടെ തലസ്ഥാനമായിരുന്ന സെന്റ് പീറ്റേഴ്സ്ബർഗിന്റെ പ്രൗഢിയും ഗരിമയും ചരിത്രപ്രാധാന്യവും വിവരിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. വിപ്ലവത്തിലൂടെ സർ ചക്രവർത്തിമാരുടെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി നഗരത്തിന്റെ പേര് പിന്നീട് ലെനിൻ ഗ്രാഡ് എന്നാക്കി. രണ്ടാം ലോകയുദ്ധകാലത്ത് 1941 ൽ റഷ്യയെ ആക്രമിച്ച അഡോൾഫ് ഹിറ്റ്ലർ ലെനിൻഗ്രാഡ് ഉപരോധിച്ചു. 782 ദിവസം നീണ്ട ഉപരോധകാലത്ത് നഗരവാസികൾ നേരിടേണ്ടിവന്ന ദുരിതം സമാനതകളില്ലാത്തതായിരുന്നു. 

1930 ജനുവരി 23 നാണ് താന്യ ജനിച്ചത്. അവളുടെ മൂന്ന് സഹോദരങ്ങൾ അതിനു മുൻപേ മരിച്ചു. അഞ്ചു വർഷത്തിനു ശേഷം അവളുടെ അച്ഛനും മരിച്ചു. താന്യയും ബാക്കി സഹോദരങ്ങളും അമ്മയുടെയും അമ്മൂമ്മയുടെയും കൂടെയാണ് ലെനിൻഗ്രാഡിലെ അപ്പാർട്മെന്റിൽ താമസിച്ചിരുന്നത്. 

1941 ജൂൺ 22ന് അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനു വേണ്ടി താന്യയും കുടുംബവും അവരുടെ ഗ്രാമത്തിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ജർമൻകാർ നഗരം ഉപരോധിച്ചുവെന്ന വാർത്തയെത്തുന്നത്. സോവിയറ്റ് സൈന്യം ധീരമായി ചെറുത്തുനിന്നെങ്കിലും ജർമനി ആക്രമണം തുടർന്നതോടെ ലെനിൻഗ്രഡ് ലോകത്തുനിന്ന് വേർതിരിക്കപ്പെട്ടു. ഇതോടെ നഗരത്തിലെ 30 ലക്ഷത്തോളം ജനങ്ങൾ ആഹാരവും മരുന്നും മറ്റ് അവശ്യസാധനങ്ങളും കിട്ടാതെ വലഞ്ഞു. ആഴ്ചകൾക്കകം ആയിരങ്ങൾ പട്ടിണികിടന്ന് മരിച്ചു. ആയിരങ്ങൾ കിട്ടയതെന്തും തിന്ന് ജീവൻ നിലനിർത്തി. മരിച്ചവരുടെ ഭാഗ്യത്തെ ഓർത്ത് അസൂയപ്പെടുന്നവരായി ജീവിച്ചിരിക്കുന്നവർ മാറാൻ ഏറെ നാൾ വേണ്ടിവന്നില്ല. 

താന്യയുടെ മൂത്ത സഹോദരിയാണ് ആദ്യം മൃത്യുവിന് ഇരയായത്. താന്യ ഡയറി എഴുതിത്തുടങ്ങിയത് അന്നു മുതലാണ്. ‘‘ഷെൺയ മരിച്ചു. 28 ഡിസംബർ രാവിലെ 12 ന്’’ എന്നായിരുന്നു ആദ്യ വരികൾ. അടുത്ത ഊഴം അമ്മൂമ്മയുടേതായിരുന്നു. അന്നും താന്യ രണ്ടുവരി കുറിച്ചു. സംഗീതതൽപരനായ സഹോദരനായിരുന്നു അടുത്ത ഇര. 1942 ഏപ്രിലിൽ അവളുടെ അമ്മാവനും മരിച്ചു. കുടുംബത്തിൽ എല്ലാവരും താന്യയുടെ മരണഡയറിയിൽ ഇടംനേടാൻ ഊഴം കാത്തിരിക്കുന്നതായി തോന്നി. 

ലെനിൻഗ്രഡിന് പുറത്തുള്ള ഒരു അനാഥാലയം രോഗികളും പോഷകാഹാരക്കുറവുള്ളവരുമായ കുറച്ചു കുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചത് താന്യയ്ക്കു ഭാഗ്യമായി  ഇതോടെ പല വീടുകളിൽ നിന്നും ആശുപ്രത്രികളിൽ നിന്നുമായി അവൾക്ക് ആഹാരവും മരുന്നും കിട്ടാൻ തുടങ്ങി. എന്നാൽ, ക്ഷയരോഗം ബാലികയെ കീഴടക്കി. 1944 ജൂലൈ ഒന്നിന് അവൾ ഈ ലോകത്തോടു യാത്ര പറഞ്ഞു. പട്ടിണിയും രോഗങ്ങളും സൃഷ്ടിച്ച, വർഷങ്ങൾ നീണ്ട യാതനകളിൽ നിന്നുള്ള മോചനമായിരുന്നു അത്.

താന്യയുടെ ഡയറിയെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. പിന്നീട് ലെനിൻഗ്രാഡിലെ അപ്പാർട്മെന്റിലെത്തിയ സഹോദരി നിനയാണ് അമ്മയുടെ വസ്ത്രങ്ങൾക്കിടയിൽ നിന്ന് അതു കണ്ടെടുത്തത്. ആ കുറിപ്പുകളുടെ ചരിത്രപ്രാധാന്യം മനസ്സിലായെങ്കിലും അത് മറ്റാർക്കും കൈമാറാൻ നിന ഒരുക്കമായിരുന്നില്ല. ലെനിൻഗ്രാഡിൽ യുദ്ധക്കെടുതികൾക്കിരയായ ആയിരങ്ങളുടെ കഥയാണ് താന്യയുടെ വാക്കുകളിലൂടെ പുറംലോകം അറിയാനിരിക്കുന്നതെന്ന് ബോധ്യപ്പെടുത്തിയ ഒരു മ്യൂസിയം ക്യൂറേറ്ററാണ് ഡയറി പൊതുസ്മാരകത്തിനായി വിട്ടുനൽകാൻ അവളെ പ്രേരിപ്പിച്ചത്. ഭാവിയിൽ ഏതൊരു ചരിത്രഗ്രന്ഥത്തെക്കാൾ ആധികാരികമാവും താന്യയുടെ വാക്കുകളെന്നും അദ്ദേഹം നിനയെ ബോധ്യപ്പെടുത്തി.

രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ വിജയിച്ചതോടെ രാജ്യസ്നേഹത്തിന്റെയും ധീരതയുടെയും വീരഗാഥയിൽ താന്യയും കഥാപാത്രമായി. പലതരം ബഹുമതികൾ അവളെ തേടിയെത്തി. യുദ്ധക്കെടുതിക്കിരയാകുന്ന സാധാരണ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ബഹിർസ്ഫുരണമായി അവളുടെ വാക്കുകൾ വാഴ്ത്തപ്പെട്ടു. ബന്ധുക്കൾ ഉൾപ്പെടെ, പട്ടിണിയും രോഗദുരിതങ്ങളും മൂലം അന്നാളുകളിൽ മരിച്ചുവീണ മറ്റാരെക്കുറിച്ചും താന്യ ഓർമിക്കുന്നില്ലെന്നതാണ് ആ ഡയറിയുടെ സവിശേഷത. പ്രിയപ്പെട്ട കുടുംബാംഗങ്ങൾ ഒഴികെ മാറ്റാരെക്കുറിച്ചും പാവം പെൺകുട്ടി ചിന്തിച്ചിരുന്നില്ല. അഥവാ മറ്റുള്ളവരുടെ വേദന അവളുടെ സ്വകീയദുഃഖങ്ങൾക്ക് അറുതിവരുത്താൻ പര്യാപ്തമായിരുന്നില്ല. 

അങ്ങേയറ്റം അനുകമ്പയോടെയും ചരിത്രബോധത്തോടെയുമാണ് രതീഷ് നായർ ഈ കൃതി രചിച്ചിട്ടുള്ളത്. സോവിയറ്റ് യൂണിയനും റഷ്യയുമായി വർഷങ്ങൾ നീണ്ട ബന്ധമാണ് അദ്ദേഹത്തെ അതിനു പ്രാപ്തനാക്കുന്നത്. നീണ്ട കാലത്തെ ഗവേഷണം ഈ രചനയ്ക്കു പിന്നിലുണ്ട്. ഇപ്പോൾ മലയാളത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും താമസിയാതെ റഷ്യനും ഇംഗ്ലിഷും ഉൾപ്പെടെയുള്ള ഭാഷകളിലേക്കും ഇത് മൊഴിമാറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയുടെ മഹത്വം വേണ്ടവിധം പ്രചരിപ്പിക്കാൻ രതീഷ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എങ്കിലും ആ രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന താന്യയുടെ കഥയാണെന്ന് പറയാൻ എനിക്കു മടിയില്ല.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS