‘ദൗർഭാഗ്യങ്ങളുടെ വർഷം’ എന്ന ഭാഷാപ്രയോഗം 2020 നെ വിശേഷിപ്പിക്കാൻ തികച്ചും ഉചിതമായിരുന്നു. അതുകൊണ്ട് ഏറക്കുറെ സമാനമായ 2021 നെ കുറിച്ചു പറയുമ്പോൾ പുതിയൊരു പദം കണ്ടെത്തേണ്ടി വരും. കാരണം പ്രതീക്ഷയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചില മിന്നലാട്ടങ്ങൾ കണ്ട ഈ വർഷം അവസാനിക്കുമ്പോൾ അതെല്ലാം മരീചികയായിരുന്നുവെന്ന് നാം സമ്മതിക്കേണ്ട സ്ഥിതിയാണുള്ളത്.
കോവിഡ് – 19 പഴങ്കഥയായെന്നാണ് ഈ വർഷം വേനലിന്റെ തുടക്കത്തിൽ തോന്നിയിരുന്നത്. മാറിയ സാഹചര്യവുമായി പൊരുത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങൾ വീണ്ടും ആസ്വദിക്കാൻ തുടങ്ങി. എന്നാൽ, വർഷാവസാനത്തോട് അടുക്കുമ്പോൾ വീണ്ടും ആശങ്കയുടെ കാർമേഘങ്ങൾ ലോകമാകെ കാളിമ പടർത്തുന്നു. ഒമിക്രോൺ എന്ന കൊറോണ വൈറസ് വകഭേദത്തിനു മുന്നിൽ മനുഷ്യൻ ഒരിക്കൽക്കൂടി നിസ്സഹായനാവുകയാണ്. ഇത്തവണത്തെ ക്രിസ്മസും 2022 ലെ പുതുവർഷവും നമുക്ക് വേണ്ടതുപോലെ ആഘോഷിക്കാനാവുമെന്നു തോന്നുന്നില്ല.

അതിജീവനത്തിനായുള്ള പോരാട്ടം തുടരുമ്പോഴും അത്യാഗ്രഹവും അക്രമവും ഉപേക്ഷിക്കാൻ മനുഷ്യകുലത്തിനു കഴിയില്ലെന്ന സത്യവും ഈ വർഷം ഒരിക്കൽക്കൂടി നാം തിരിച്ചറിഞ്ഞു. ഒരു കൈ കൊണ്ട് വിനാശകാരിയായ ആയുധങ്ങൾക്കു മൂർച്ച കൂട്ടുന്നതിനിടയിൽത്തന്നെ മറുകൈകൊണ്ട് മുങ്ങിത്താഴാതിരിക്കാൻ അവർ തുഴഞ്ഞുനിന്നു. ജൈവായുധ ശേഖരത്തെ തോൽപ്പിക്കാൻ വാക്സീൻ കുപ്പികൾക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല വാക്സീൻ പുതിയൊരു ആയുധമായി മാറുകയും ചെയ്തു. വാക്സീൻ അസമത്വം ദരിദ്രരാഷ്ട്രങ്ങളിലെ ആയിരങ്ങളെ മരണത്തിലേക്കു തള്ളിവിട്ടപ്പോൾ, അത് സ്വീകരിക്കാനുള്ള ഒരു വിഭാഗം ജനങ്ങളുടെ വൈമനസ്യം സമ്പന്നരാജ്യങ്ങളിൽ മരണം വിതയ്ക്കുന്നു.

പ്രതിസന്ധിയുടെ നാളുകളിൽ രാജ്യാന്തര സഹകരണവും ഏകോപനവും കൂടുതൽ ശുഷ്കമാകുന്നതാണ് കണ്ടത്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) തളർവാതം പിടിച്ച നിലയിൽ തുടരുന്നു. ചൈനയുടെ നിസ്സഹകരണം മൂലം മഹാമാരിയുടെ കാര്യത്തിൽ പൊതുസമീപനം രൂപപ്പെടുത്താനോ പദ്ധതികൾ നടപ്പാക്കാനോ സംഘടനയ്ക്കു കഴിഞ്ഞില്ല. പ്രാദേശികാടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിൽ ഏതാനും രാജ്യങ്ങൾ പരസ്പരം സഹകരിച്ചു മുന്നോട്ടു പോയതല്ലാതെ ലോകമാകെ അംഗീകരിച്ചു നടപ്പാക്കുന്നവിധമുള്ള പ്രവർത്തന പദ്ധതികളൊന്നും ആവിഷ്ക്കരിക്കാൻ യുഎന്നു കഴിയാതെ പോയി. ഇതിനു പകരമൊരു സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ലോകം.
‘വാക്സീൻ മൈത്രി’യുടെ പേരിൽ അലിവു കാണിച്ച ഇന്ത്യ അതിനു കനത്ത വിലനൽകേണ്ടിവന്നു. നമ്മുടെ ആളുകൾക്കു നൽകുന്നതിനു മുൻപ് സുഹൃദ് രാഷ്ട്രങ്ങളെ സഹായിക്കാൻ സന്മനസ്സ് കാണിച്ച ഭാരതത്തിന്, ശ്വാസം കിട്ടാതെ ആശുപത്രി വരാന്തകളിലും കാർ പാർക്കിലും സ്വന്തം പൗരന്മാർ മരിച്ചുവീഴുന്നത് കണ്ടുനിൽക്കേണ്ടിവന്നു. ചിതയിലേക്കെടുക്കാൻ ഊഴം കാത്തുകിടക്കുന്ന മൃതദേഹങ്ങളും കൂട്ട സംസ്കാരങ്ങളും ലോകമാകെ വാർത്തയായി. സർക്കാർ സംവിധാനങ്ങളും സ്വകാര്യ കമ്പനികളും ‘പുരകത്തുമ്പോൾ വാഴ വെട്ടു’ന്നതിന്റെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. സ്വജീവൻ പണയംവച്ചും മറ്റുള്ളവർക്കുവേണ്ടി ഇറങ്ങിത്തിരിച്ചവരുടെ ധീരകഥകളും ഇതിനിടെ കേട്ടു. ഈ ദിവസങ്ങളും കേരളത്തിൽ സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളുടെ വ്യാപ്തി അവിശ്വനിനീയമായിരുന്നു. കുറ്റകൃത്യങ്ങൾക്ക് സർജിക്കൽ മാസ്ക് വരെ ഉപയോഗിക്കപ്പെട്ടു. ഇതിനിടയിലും വിദേശനിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക ഉണർവിനെക്കുറിച്ചും ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരുന്ന വാർത്തകൾ പ്രതീക്ഷയുടെ രജതരേഖകളായി.
ഈ വർഷത്തിന്റെ തുടക്കത്തിലാണ് അമേരിക്കയിൽ ബൈഡൻ സർക്കാർ അധികാരമേറ്റത്. ജനാധിപത്യ മൂല്യങ്ങൾക്കുനേരെയുള്ള കനത്ത ആക്രമണത്തിന് ആ ദിവസങ്ങളിൽ അമേരിക്ക സാക്ഷ്യം വഹിച്ചു. തോൽവി അംഗീകരിക്കാൻ ബൈഡന്റെ എതിർസ്ഥാനാർഥി കൂട്ടാക്കാത്തതായിരുന്നു അതിനു കാരണം. അമേരിക്ക ലോകവേദിയുടെ മുൻനിരയിൽ വീണ്ടും നിലയുറപ്പിച്ചതായി ബൈഡൻ ആവർത്തിച്ചു പ്രഖ്യാപിച്ചെങ്കിലും മഹാമാരി നിയന്ത്രിക്കുന്നതിന് സ്വന്തം നാട്ടുകാരോടു പടവെട്ടേണ്ട സ്ഥിതിയിലായിരുന്നു യുഎസ് ഭരണകൂടം. വലിയൊരു വിഭാഗം ജനങ്ങൾ വാക്സീൻ സ്വീകരിക്കാനും മാസ്ക് ധരിക്കാനും വിസമ്മതിക്കുന്നതാണ് അവരെ ഈ സ്ഥിതിയിലെത്തിച്ചത്.

ഇന്ത്യ കൂടി പങ്കാളിയായ ‘ക്വാഡ്’ എന്ന ചതുർരാഷ്ട്രസഖ്യം ശക്തിപ്പെടുത്താൻ ബൈഡനെ നിർബന്ധിതനാക്കിയത് ചൈനയാണ്. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയുമായി ചേർന്ന് ‘ഓകസ്’ എന്ന പുതിയ സൈനിക സഖ്യത്തിന് അടിത്തറ പാകിയതും ചൈനയുടെ മുട്ടാളത്തരമാണ്. ഓസ്ട്രേലിയയ്ക്ക് എട്ട് ആണവ അന്തർവാഹിനികൾ നിർമിക്കാൻ വേണ്ട സാങ്കേതികവിദ്യ കൈമാറാൻ അമേരിക്ക തയാറായി എന്നതാണ് ഇതിൽ ശ്രദ്ധേയമായിട്ടുള്ളത്.
അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ ഒറ്റപ്പെടുത്താൻ റഷ്യ ചൈനയുമായി കൈകോർത്തു. പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള ഉച്ചകോടിക്കോ ജനാധിപത്യ രാഷ്ട്രങ്ങളെ മുഴുവൻ അണിനിരത്തിക്കൊണ്ടുള്ള സമ്മേളനത്തിനോ റഷ്യ–ചൈന സഖ്യം ബലപ്പെടുന്നതിനെ തടയാനായിട്ടില്ല.
ഇറാനുമായുള്ള ആണവ കരാർ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയാണ് ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്നത്. മൂന്നു വർഷം മുമ്പ് പ്രസിഡന്റ് ട്രംപ് കരാറിൽ നിന്നു പിന്മാറിയ ശേഷം മേഖല സംഘർഷഭരിതമായിരുന്നു. ചർച്ച പുനരാരംഭിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നിർദേശം ഫെബ്രുവരിയിൽ ബൈഡൻ അംഗീകരിച്ചെങ്കിലും അതു തുടങ്ങാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടിവന്നു. പല ഘട്ടങ്ങളിലായി നവംബർ വരെ നീണ്ട ഒത്തുതീർപ്പു ശ്രമങ്ങളിൽ നിന്ന് ഇറാൻ പിന്മാറുന്നതാണ് പിന്നീടു കണ്ടത്. ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച എല്ലാ ഉപരോധങ്ങളും പിൻവലിക്കണമെന്നാണ് ഇപ്പോൾ അവരുടെ ആവശ്യം. ഇതിനു വഴങ്ങാൻ യുഎസ് തയാറാകാത്ത സ്ഥിതിയിൽ ചർച്ച പരാജയപ്പെട്ടുവെന്നു വിലയിരുത്താം. ആണവായുധം നിർമിക്കാൻ ആവശ്യമായവിധം ഗുണമേന്മയുള്ള യുറേനിയം ഉൽപാദിപ്പിക്കാനുള്ള ശേഷി ഒരു മാസത്തിനുള്ളിൽ ഇറാൻ കൈവരിക്കുമെന്നാണ് വിവരം. ആ സ്ഥിതിയിൽ അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

ഓഗസ്റ്റിൽ പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിനെ മനുഷ്യരാശിക്കായുള്ള റെഡ് കോഡ് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പും മറികടക്കാനുള്ള പദ്ധതികളുമാണ് അതിന്റെ ഉള്ളടക്കം. ഗ്രീൻഹൗസ് വാതകങ്ങളുടെ നിർഗമനം കുറയ്ക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾ പ്രതീക്ഷ നൽകുന്നതാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനവും പ്രതീക്ഷയ്ക്കു വക നൽകുന്നു. രാജ്യത്തിനു പുറത്ത് കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഊർജനിലയങ്ങൾക്കു ധനസഹായം നൽകില്ലെന്ന ചൈനയുടെ പ്രഖ്യാപനവും നല്ലൊരു ചുവടുവയ്പാണ്. അന്തരീക്ഷവായുവിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാനുള്ള ഒരു പദ്ധതി ഐസ് ലൻഡ് ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ കാർബൻ നിർഗമനത്തിന്റെ തോത് പൂജ്യത്തിൽ എത്തിക്കാൻ കഴിയുന്ന കാലയളവിനെപ്പറ്റി മിക്ക രാജ്യങ്ങളും പ്രഖ്യാപനം നടത്തി. എന്നാൽ ഭൂമിയിലെ താപനില സർവ ചരാചരങ്ങളുടെയും നിലനിൽപ്പിനും വളർച്ചയ്ക്കും ഏറ്റവും അനുയോജ്യമായ നിലയിലേക്ക് എത്തിക്കാൻ ഈ തീരുമാനങ്ങൾ പോലും പര്യാപ്തമല്ല.

നയതന്ത്രരംഗത്ത് ഇന്ത്യ കഴിഞ്ഞ വർഷം വളരെ സക്രിയമായിരുന്നു. യഥാർഥ നിയന്ത്രണരേഖയിൽ ചൈന നടത്തിയ കടന്നുകയറ്റവും അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റവും അതിനു സാഹചര്യമൊരുക്കി. രണ്ടു വിഷയങ്ങളിലും കാര്യമായ പുരോഗതി നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രഖ്യാപിത ശത്രുക്കളോടു പോലും സംഭാഷണത്തിനു തയാറായി എന്നത് പ്രശംസനീയമാണ്.
യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം വഹിച്ച ഈ കാലയളവിൽ ഉയർന്നുവന്ന എല്ലാ പ്രധാന വിഷയങ്ങളിലും ഇന്ത്യയുടെ ശ്രദ്ധ പതിഞ്ഞു. രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന അംഗീകരിപ്പിക്കാൻ കഴിഞ്ഞതു നേട്ടമായി. പുതിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കം വീറ്റോ ചെയ്ത് റഷ്യ വീണ്ടും നമ്മുടെ സഹായത്തിനെത്തി.
കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ആവിർഭവിച്ചതോടെ പേടികൂടാതെ പുതുവർഷം ആഘോഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു. മഹാമാരികൾ ഒഴിയുന്നതിനു മുൻപ് ഇത്തരം സംഹാരശേഷി കുറഞ്ഞതും വ്യാപനശേഷി കൂടിയതുമായ വകഭേദങ്ങളുണ്ടാകാറുണ്ടെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. അടുത്തവർഷത്തോടെ മാസ്കും സാനിറ്റൈസറും ഉപേക്ഷിക്കാൻ കഴിയുമെന്ന് അവർ ഉറപ്പുനൽകുന്നു.
എങ്കിലും സമാധാനവും സമൃദ്ധിയും കൈവരിക്കാൻ രാജ്യാന്തര സമൂഹം കൂടുതൽ സഹകരിച്ച് ക്രിയാത്മക പദ്ധതികൾ ആവിഷ്ക്കരിച്ചേ മതിയാകൂ.