2020 ന്റെ തുടക്കത്തിൽ കോവിഡ് മഹാമാരി നിയന്ത്രണാതീതമാകുന്നുവെന്ന് വ്യക്തമായ ഘട്ടത്തിൽ, എല്ലാ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സന്നദ്ധമാകണമെന്ന് ഞാൻ എഴുതിയിരുന്നു. എല്ലാ രാജ്യാന്തര കടങ്ങളും എഴുതിത്തള്ളണമെന്നും ഐക്യരാഷ്ട്രസംഘടന, ആരോഗ്യസംരക്ഷണ സേനയ്ക്കു രൂപം നൽകണമെന്നുമായിരുന്നു എന്റെ മറ്റു നിർദേശങ്ങൾ. പൊതുവായ വെടിനിർത്തൽ എന്ന നിർദേശത്തെ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) സെക്രട്ടറി ജനറലും പിന്തുണച്ചു. എന്നാൽ, അസാധാരണമായി ഒന്നുമില്ലെന്ന മട്ടിലാണ് രാജ്യാന്തര സമൂഹം പ്രതികരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും യുഎൻ രക്ഷാസമതി ഒരു തവണപോലും യോഗം ചേർന്നില്ല. മഹാമാരി സംഹാരതാണ്ഡവമാടുമ്പോഴും വൻശക്തികളിൽ പലരുടെയും രക്തദാഹം പ്രകടമായിരുന്നു.
ഇക്കാലയളവിലാണ് ചൈന ലഡാക്കിൽ ഇന്ത്യയുടെ ഭൂമി കയ്യേറിയത്. ഹോങ്കോങ്ങിനെയും തയ‍് വാനെയും ഭീഷണിപ്പെടുത്തുന്ന അവർ ദക്ഷിണചൈന കടലിടുക്കിലും അസ്വസ്ഥതയുടെ വിത്തുപാകുന്നു. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയിലെത്തിനിൽക്കുന്നത് റഷ്യയുടെ യുക്രെയ്ൻ അതിർത്തിയിലാണ്. ആയിരക്കണക്കിനു റഷ്യൻ സൈനികർ യുക്രെയ്ൻ അതിർത്തിയിൽ ഉത്തരവ് കാത്തിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിലെ പ്രവിശ്യയായിരുന്ന യുക്രെയ്ൻ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വം നേടിയാൽ ഉടൻ റഷ്യൻ പട യുക്രെയ്നിലേക്കു കുതിക്കും. സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ ഘടക റിപ്പബ്ലിക്കുകൾ തമ്മിലുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ് നാറ്റോയിൽ ചേരാനുള്ള യുക്രെയ്നിന്റെ നീക്കമെന്നാണ് റഷ്യയുടെ വാദം. യുക്രെയ്നിന്റെ ഭാഗമായ ക്രീമിയ 2014 ൽ കീഴടക്കിയ റഷ്യയുടെ നടപടിയെ യുഎൻ പൊതുസഭ നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച് അപലപിച്ചിരുന്നു.

1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിനെ അതിനുശേഷവും വരുതിയിൽ നിർത്താനാണ് റഷ്യ ശ്രമിച്ചിരുന്നത്. എന്നാൽ, വ്ലാഡിമിർ പുടിന്റെ സൈന്യം ക്രീമിയ കയ്യടക്കി ഏതാനും ആഴ്ചകൾക്കു ശേഷം കിഴക്കൻ മേഖലയിലെ വ്യവസായ നഗരമായ ഡാൻബാസിൽ വിഘടനവാദ പ്രസ്ഥാനം സംഘർഷം സൃഷ്ടിക്കാൻ തുടങ്ങി. റഷ്യയുടെ മാനസപുത്രനായിരുന്ന ഭരണാധികാരി കീവിലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭൃഷ്ടനാക്കപ്പെട്ട സാഹചര്യത്തിലായിരുന്നു അത്. ഈ ജനകീയ പ്രതിഷേധങ്ങൾക്ക് യുഎസിന്റെയും നാറ്റോ സഖ്യകക്ഷികളുടെയും പിന്തുണയുണ്ടായിരുന്നു.
യുക്രെയ്നിൽ സായുധ കലാപത്തിന് വട്ടംകൂട്ടുകയാണ് റഷ്യ. റഷ്യൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന കിഴക്കൻ മേഖലയിലെ സർക്കാർ സംവിധാനങ്ങളുടെയെല്ലാം നിയന്ത്രണം അവരുടെ സായുധസംഘങ്ങൾ കയ്യടക്കിക്കഴിഞ്ഞു. ഡൺക്, ലുഹാൻസ്ക് മേഖലകൾ കേന്ദ്രമാക്കി ജനകീയ റിപ്പബ്ലിക് സ്ഥാപിച്ചതായി ഈ സംഘങ്ങൾ പ്രഖ്യാപിച്ചു. അവരെ അമർച്ച ചെയ്യാൻ യുക്രെയ്ൻ സൈന്യവും വോളന്റിയർമാരും അങ്ങോട്ടു നീങ്ങിയിട്ടുണ്ട്. യുക്രെയ്ൻ ഭരണകൂടത്തെ റഷ്യ അട്ടിമറിക്കുമെന്ന് അവിടത്തെ പ്രസിഡന്റ് തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

റഷ്യയും യുക്രെയ്നും ബെലാറൂസും ഒന്നാണെന്നും ഒരേ പൈതൃകത്തിന്റെ ഭാഗമാണെന്നും പ്രസിഡന്റ് പുടിൻ ഏതാനും മാസം മുൻപ് എഴുതിയ ലേഖനത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. യുക്രെയ്നിന്റെയും ബെലാറൂസിന്റെയും പരമാധികാരം റഷ്യയുമായി ചേർന്നു നിൽക്കുമ്പോഴേ പൂർണമാകൂ എന്നും പുടിൻ വ്യക്തമാക്കി. ഈ ദേശീയ സംഘാതത്തിന്റെ അധികാരകേന്ദ്രം ക്രെംലിൻ ആയിരിക്കുമെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇതിനു ശേഷം 2021 ന്റെ അവസാന നാളുകളിൽ, സൈനിക നടപടി ഒഴിവാക്കുന്നതിനുള്ള മുന്നുപാധിയായി കുറേയേറെ ആവശ്യങ്ങളുടെ പട്ടിക റഷ്യ അമേരിക്കയ്ക്കു കൈമാറി. പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ ചേർത്ത് നാറ്റോ വികസിപ്പിക്കുന്നതിനുള്ള പദ്ധതി മരവിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടിയുടെ കരടും അവർ യുഎസിനു കൈമാറിയെന്നാണു വിവരം. ഈ മേഖലയിൽ നാറ്റോയുടെ സൈനിക സന്നാഹങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിക്കാനും മധ്യദൂര മിസൈലുകൾ നിരോധിക്കാനും യുക്രെയ്നിനുള്ള സൈനിക സഹായം നിർത്തിവയ്ക്കാനും അവർ അമേരിക്കയോട് ആവശ്യപ്പെട്ടു.
പുടിന്റെ ലക്ഷ്യം വ്യക്തമാണ്. യുക്രെയ്നിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കാൻ അദ്ദേഹം തയാറല്ലതന്നെ. തയ് വാന്റെ കാര്യത്തിൽ ചൈന സ്വീകരിച്ചിരിക്കുന്ന നിലപാടിനു സമാനമായ വിധം യുക്രെയ്നിനെ കീഴടക്കാൻ സൈന്യത്തെയും ജനങ്ങളെയും ഒരുക്കുകയാണ് പുടിൻ. പുറമേ നിന്നാരെങ്കിലും പ്രശ്നത്തിൽ ഇടപെടും മുൻപ് ലക്ഷ്യം കാണാനുള്ള വ്യഗ്രതതയിലാണ് അദ്ദേഹം.
റഷ്യയുടെ സമ്മർദത്തിന് അമേരിക്കയും സഖ്യകക്ഷികളും എളുപ്പം വഴങ്ങുമെന്നു തോന്നുന്നില്ല. അതേസമയം, യുക്രെയ്ൻ അതിർത്തിയിലെ വൻ സൈനിക വിന്യാസം അമേരിക്കയ്ക്കും ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ മുൻകയ്യെടുത്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പുടിനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. തുടർന്ന് റഷ്യയുടെയും യുഎസിന്റെയും ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തി സംഘർഷം ലഘൂകരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തു.
യുക്രെയ്ൻ കീഴടക്കാനുള്ള റഷ്യയുടെ പദ്ധതി അബദ്ധമാകാനാണ് സാധ്യത. ഇപ്പോൾത്തന്നെ അവരുടെ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണ്. അധിനിവേശത്തെ തുടർന്ന് നേരിടേണ്ടി വന്നേക്കാവുന്ന രാജ്യാന്തര ഉപരോധം അത് കൂടുതൽ രൂക്ഷമാക്കും. യുദ്ധം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സൈനിക നടപടിയിലെ അപകടസാധ്യത മുന്നിൽകണ്ട്, നയതന്ത്രമാർഗത്തിലേക്കു തിരിയാനുള്ള വിവേകം ഭരണാധികാരികൾ കാണിക്കുമെന്നു പ്രത്യാശിക്കാം.

നാറ്റോ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞയാഴ്ച അടിയന്തരയോഗം ചേർന്നിരുന്നു. റഷ്യയുടെ പടയൊരുക്കവും അവർ മുന്നോട്ടുവച്ച സന്ധിനിർദേശങ്ങളും മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിൽ ചർച്ചയായി. റഷ്യയുടെ ആവശ്യങ്ങളും നിബന്ധനകളും നിരാകരിക്കുമെന്ന സൂചന അടുത്തയാഴ്ച അവരുമായി ചർച്ചയ്ക്ക് ഒരുങ്ങുന്ന യുഎസ് സംഘത്തിന് കരുത്തു പകരും. രണ്ടുകൂട്ടരും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നാലും സമാധാനം നിലനിർത്താൻ ധാരണയായാൽ സംഘർഷം ഒഴിവായേക്കും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ യൂറോപ്പിനെ വീണ്ടും ആശങ്കയിലാഴ്ത്തുമ്പോൾ യുദ്ധം ആരും ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. യുക്രെയ്നിന് നാറ്റോയിൽ അംഗത്വം നൽകാനുള്ള പദ്ധതി മരവിപ്പിച്ചുകൊണ്ട് അതിർത്തിയിൽ നിന്ന് റഷ്യ സൈന്യത്തെ പിൻവലിക്കുകയാണ് വേണ്ടത്.
പ്രസിഡന്റ് പുടിൻ അടുത്തിടെ ഇന്ത്യയിൽ വന്നപ്പോൾ ഇക്കാര്യങ്ങളെല്ലാം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തിട്ടുണ്ടാവണം. ഇന്ത്യ ഇക്കാര്യത്തിൽ പരസ്യമായി പക്ഷം ചേരാൻ ഇടയില്ല. സംയമനം പാലിക്കണമെന്നും ഏതുവിധേനയും യുദ്ധം ഒഴിവാക്കണമെന്നും ന്മോദി ഇരുകൂട്ടരോടും അഭ്യർഥിച്ചിരിക്കാം. എന്തായാലും തുറന്നയുദ്ധം ഒഴിവാകാനാണ് സാധ്യത.