പ്രകൃതീദേവി കനിഞ്ഞുനൽകിയ നാല് ഋതുക്കളിൽ ഏറ്റവും പ്രൗഢഗംഭീരം ശരത്കാലമാണെന്നു പറയാം. വസന്തം പിറവിയാണ്, യൗവനമാണ്, പൂക്കാലവുമാണ്. ജീവിതചക്രത്തിലെ വെല്ലുവിളികളുടെ കാലമാണ് ഗ്രീഷ്മം. ശിശിരം നിഷ്ക്രിയാവസ്ഥയുടെയും നിദ്രയുടെയും ദിനങ്ങളാകുന്നു. ശരത്കാലത്ത് ഇവയെല്ലാമുണ്ട്. സുഖകരമായ കാലാവസ്ഥയും നാലുചുറ്റും വാരിവിതറിയ വർണങ്ങളും സാഫല്യത്തിന്റെയും പക്വതയുടെയും പ്രതീകമെന്നോണം പോഷകസമൃദ്ധമായ മൂപ്പെത്തിയ പഴങ്ങളും അതിന്റെ സവിശേഷതയാണ്. വരാനിരിക്കുന്ന ഇരുണ്ട ശൈത്യത്തിന്റെ ലാഞ്ഛനകളും അതിൽ കാണാം.
പണ്ഡിതനും ചിന്തകനും അധ്യാപകനും പത്രപ്രവർത്തകനുമായ രവീന്ദ്രൻ നായർ ‘ജീവിതത്തെ ഉപന്യസിച്ചാൽ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പ്രബന്ധ സമാഹാരം അദ്ദേഹത്തിന്റെ ശരത്കാല സൃഷ്ടിയാണ്. പുസ്തകത്തിന്റെ പുറംചട്ടതന്നെ അതു വിളംബരം ചെയ്യുന്നു. കോവിഡ് മഹാമാരി മനുഷ്യരാശിക്കാകെ വരുത്തിവച്ച വിപത്തുകളുടെയും ആകുലതകളുടെയും നേർച്ചിത്രം അവസാന അധ്യായങ്ങളിൽ ശോകത്തിന്റെ കരിനിഴൽ പടർത്തുന്നു.
വൈവിധ്യപൂർണമായ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നവയാണ് ഈ പ്രബന്ധങ്ങൾ. ഇവയുടെ തുടക്കത്തിൽ ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വായനക്കാരിൽ അമ്പരപ്പ് ഉളവാക്കും. ചുറ്റുപാടും കാണുന്ന മനുഷ്യപരാജയങ്ങളുടെ കഥയാണ് അവസാന അധ്യായങ്ങളുടെ അന്തർധാരയെന്നു കാണാം.
ഇതിനിടയിൽ തത്വചിന്തയും കലയും സാഹിത്യവും ശാസ്ത്രവും ഭാഷയും ആചാരാനുഷ്ഠാനാങ്ങളും രാഷ്ട്രീയവുമെല്ലാം കടന്നുവരുന്നുണ്ട്. ഇതിൽ ആത്മകഥാംശം കുറവാണെങ്കിലും ഗ്രന്ഥകാരന്റെ വിവേകവും പാണ്ഡിത്യവും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം വ്യക്തമാണ്. നർമവും വ്യാജോക്തിയും ചാലിച്ച സരളമായ ശൈലിയിൽ രചിച്ച കൃതിയെ അനുഗൃഹീത സാഹിത്യകാരൻ കെ. ജയകുമാർ ‘സത്യനിഷ്ഠനായി ജീവിച്ച ഒരാളുടെ വിവേകത്തിന്റെ’ അക്ഷരസ്തൂപമായി വിശേഷിപ്പിക്കുന്നു.
ഇതിൽ ഏറ്റവും മികച്ചവയെന്നു പറയാവുന്ന രചനകൾ അദ്ദേഹത്തിന്റെ ഗുരുവും മാർഗദർശിയുമായ പ്രശസ്തകവി ഡോ. കെ. അയ്യപ്പപ്പണിക്കരെക്കുറിച്ചുള്ളതാണ്. അയ്യപ്പപ്പണിക്കരെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ള ഗ്രന്ഥകാരൻ അദ്ദേഹവുമായി നടത്തിയ സംവാദങ്ങൾ പ്രബന്ധങ്ങളുടെ ആരൂഢമാകുന്നു. പണിക്കരുടെ കവിതകൾ അദ്ദേഹം ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കവിയുടെ അനുഗ്രഹത്തോടെ പരിഭാഷ നിർവഹിച്ചപ്പോഴും അദ്ദേഹം അതിനു സഹായിച്ചിട്ടില്ലെന്നു കാണാം. കവി ഒരിക്കലും സ്വന്തം കവിതകളുടെ പരിഭാഷകനാകരുതെന്നായിരുന്നല്ലോ പണിക്കർ സാറിന്റെ കാഴ്ചപ്പാട്.
അയ്യപ്പപ്പണിക്കരെക്കുറിച്ചുള്ള മൂന്നു പ്രബന്ധങ്ങൾ ഈ കൃതിയിലുണ്ട്. ഇവ ഓരോന്നും വ്യത്യസ്ത സന്ദർഭത്തിൽ രചിച്ചവയാണ്. ഇതിൽ ‘അയ്യപ്പപ്പണിക്കർ എന്നും’ എന്ന പ്രബന്ധം കവിയുടെ 90–ാം ജന്മവാർഷികത്തോടനുബന്ധിച്ച് തയാറാക്കിയതാണ്. ആധുനിക മലയാള കവിതയുടെ ശിൽപിക്കു നൽകിയ ഏറ്റവും മികച്ച സ്മരണാഞ്ജലിയാണ് ഈ രചന.
യൂണിവേഴ്സിറ്റി കോളജിൽ എന്റെ സമകാലീനനായിരുന്നു രവീന്ദ്രൻ നായർ. വിദ്യാർഥിയായിരുന്നപ്പോൾ പണിക്കർ സാറിനെ മനസ്സിലാക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുമുള്ളത്. അദ്ദേഹം പ്രതിഭാശാലിയാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതിനപ്പുറം അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ അർഥം ഗ്രഹിക്കാനോ തമാശകൾ മനസ്സിലാക്കാനോ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. പിൽക്കാലത്തു നടത്തിയ നിരന്തര സംവാദങ്ങളിലൂടെയാണ് ഞാൻ അദ്ദേഹത്തിന്റെ പ്രതിഭയും മഹത്വവും തിരിച്ചറിഞ്ഞത്. ‘‘ ഞങ്ങളിൽ മിക്കവരും ഒരു കവിയെ ആദ്യമായി ജീവനോടെ കണ്ടത് ’’അന്നായിരുന്നുവെന്ന് പണിക്കർ സാറിനെക്കുറിച്ച് രവീന്ദ്രൻ നായർ നിരീക്ഷിക്കുന്നുണ്ട്.
ക്ലാസ് മുറികളെ സജീവമാക്കാൻ അദ്ദേഹം ഒരിക്കലും തമാശകൾ പറഞ്ഞിരുന്നില്ല. എന്നാൽ ലക്ചർ ക്ലാസിനിടയിൽ ചിലപ്പോൾ പറയാറുള്ള ഒരു വാചനകമോ ശൈലിയോ നിഗൂഢമായ അർഥതലങ്ങളുള്ളതും ചിന്തോദ്ദീപകവുമാവാം. അതിലെ ഫലിതം ആഴ്ചകളോളം നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും. ഇത്തരത്തിൽ അദ്ദേഹം പറഞ്ഞ വളച്ചുകെട്ടിയ ഫലിതങ്ങളിൽ മിക്കതും ഞങ്ങൾക്കാർക്കും പിടികിട്ടിയില്ല. എന്നാൽ അതേക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഞങ്ങൾ പൊട്ടിച്ചിരിക്കും.
അയ്യപ്പപ്പണിക്കരുടെ ഗോപിക ദണ്ഡകം, ജന്മ പരിണാമം, ഗോത്രായനം, ഹെയ് ഗഗാറിൻ എന്നിവയാണ് തനിക്ക് ഇഷ്ടപ്പെട്ട കവിതകളെന്ന് രവീന്ദ്രൻ നായർ പറയുന്നു. അതിനോട് എനിക്കും വിയോജിപ്പില്ല. എന്നാൽ മോഷ്ടാവ്, പൂക്കാതിരിക്കാൻ എനിക്കാവതില്ല എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ജനകീയമായ കവിതകൾ. കവിതയെക്കുറിച്ചുള്ള പണിക്കർ സാറിന്റെ അവസാന വാക്കുകൾ രവീന്ദ്രൻ നായർ ഇവിടെ ഉദ്ധരിക്കുന്നുണ്ട്.
‘‘നല്ല കവിത സംഭാഷണമാണ്
പലപ്പോഴും ഒരാൾ മാത്രമേ സംസാരിക്കൂ
ചിലപ്പോഴൊക്കെ രണ്ടുപേരും
അതാണ് കവിതയുടെ ശാശ്വത സ്വഭാവം’’
‘The Ayyappa Paniker who eludes us' എന്ന ശീർഷകത്തിൽ കവിയെക്കുറിച്ചുള്ള നിരീക്ഷണം രവീന്ദ്രൻ നായർ വെളിപ്പെടുത്തുന്നുണ്ട്. ബഹുമുഖപ്രതിഭയായ കവിയെ വേണ്ടവിധം മനസ്സിലാക്കാൻ അദ്ദേഹത്തിനും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ വിവരണങ്ങളും അന്ധന്മാർ ആനയെ കണ്ടതുപോലെയായിരുന്നു. എല്ലാം ശരിയായിരുന്നു പക്ഷേ, ഒന്നും പൂർണമായിരുന്നില്ല.
ദൈവത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ ചിന്തകളിൽ ലോകവിദ്വേഷം (cynicism) കടന്നുവരുന്നുണ്ട്. ചെറുപ്പത്തിൽ അമ്മ പകർന്നുനൽകിയ കറകളഞ്ഞ ഭക്തിയും വൈദവിശ്വാസവും ജീവിതത്തിൽ വലിയൊരു കാലഘട്ടം വരെ പിന്തുടർന്ന അദ്ദേഹത്തെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളാണ് ഈ വിചാരത്തിലേക്ക് എത്തിച്ചത്. മിക്ക ആളുകളും പ്രായമാകുമ്പോഴാണ് ഭക്തിമാർഗത്തിലേക്ക് നീങ്ങാറുള്ളത്. സ്വർഗത്തിൽ സ്ഥാനം ഉറപ്പിക്കാൻ മികച്ചമാർഗം അതാണെന്ന് അവർ കരുതുന്നു. പ്രാർഥിക്കാനുള്ള ചുമതല ചിലരെല്ലാം വാർധക്യത്തിൽ ഭാര്യമാരെ ഏൽപ്പിക്കുന്നു. എന്നാൽ രവീന്ദ്രൻ നായർ ഇക്കാര്യത്തിൽ സംശയാലുവാണ്. കുട്ടിക്കാലത്ത് മനസ്സിലാക്കിയതും യുക്തിസഹമല്ലെന്നു പിന്നീടു തോന്നിയതുമായ പല അടിസ്ഥാന സങ്കൽപങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. ബാല്യത്തിൽ ശ്രീകൃഷ്ണൻ അദ്ദേഹത്തിന്റെ നായകനായിരുന്നു. കുസൃതിക്കാരനായ ബാലകനായും ഗോപികമാരുടെ കാമുകനായും വിലസിയ കൃഷ്ണൻ പക്ഷേ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ ചതിയുടെയും വഞ്ചനയുടെയും പ്രതിരൂപമായത് അദ്ദേഹത്തെ നിരാശനാക്കി. ‘‘എന്റെ കൃഷ്ണാ, എന്താ ഇതെല്ലാം ? എനിക്ക് നിന്നെ നേരത്തെ മനസ്സിലായില്ലല്ലോ’’ എന്ന വാക്കുകളിൽ ആ നിരാശ പ്രതിഫലിക്കുന്നുണ്ട്.
ഗ്രിക്ക്, റോമൻ ഇതിഹാസ കഥാപാത്രങ്ങളെയെല്ലാം ശിൽപങ്ങളിലും ഓപ്പറകളിലും മാത്രം കാണുമ്പോൾ ഭാരതത്തിലെ ദൈവങ്ങൾ സർവപ്രതാപത്തോടെ പരിലസിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. ഇവയെ എല്ലാം പുരാവൃത്തങ്ങളായി മാത്രം കാണാൻ നമ്മുടെ ജനത തയാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. അത് ദൈവങ്ങളുടെ ശക്തികൊണ്ടാണോ അതോ പുരോഹിതവർഗത്തിന്റെ പ്രത്യുൽപന്ന മതിത്വം കൊണ്ടാണോ എന്ന് സന്ദേഹിക്കുന്നു. സ്വർഗം എവിടെയാണെന്നും മോക്ഷം ലഭിച്ച് അവിടെയെത്തുന്ന ആത്മാക്കൾക്ക് സല്ലപിച്ചിരിക്കാൻ കഫേരിയ ഉണ്ടോയെന്നും പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. പ്രായമായ മാതാപിതാക്കളെ പുണ്യസ്ഥലങ്ങളിൽ ഉപേക്ഷിച്ചു പോകുന്ന ഭീതിദമായ അവസ്ഥയെക്കുറിച്ചും അദ്ദേഹം പരിതപിക്കുന്നു.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കൃതിയിൽ പരാമർശിക്കുന്നുണ്ട്. നിലവറകളിലെ കണക്കില്ലാത്ത സമ്പത്തിനെക്കുറിച്ചും അത് തുറന്നാൽ ദുരന്തം സംഭവിക്കുമെന്ന പ്രചാരണത്തെക്കുറിച്ചും അറിയാതെ സർവപ്രതാപിയായ ഭഗവാൻ യോഗനിദ്രയിലാണെന്ന് അദ്ദേഹം പറയുന്നു. എന്തുതന്നെയായാലും ദൈവഹിതം നടപ്പാകുമെന്ന കാര്യത്തിൽ രവീന്ദ്രൻ നായർക്കു സംശയമില്ല.
ശശി തരൂരിന്റെ പ്രചാരണത്തെക്കുറിച്ച് 2011 ൽ ഞാൻ എഴുതിയെ പുസ്തകം രവീന്ദ്രൻ നായർ അവലോകനം ചെയ്തിരുന്നു. ആ ലേഖനവും ഈ ജീവിത ഉപന്യാസങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സങ്കീർണമായ പദങ്ങൾ ഉപയോഗിക്കുന്ന തരൂരിന്റെ ഭാഷാശൈലിയെക്കുറിച്ച് മറ്റൊരു അധ്യായത്തിൽ പറയുന്നുണ്ട്. Prepone എന്ന പദം തന്റെ സംഭാവനയാണെന്ന തരൂരിന്റെ അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. 16–ാം നൂറ്റാണ്ടു മുതൽ ഓക്സ്ഫഡ് ഡിൿഷണറിയിൽ ഈ പദമുണ്ടെന്ന് സമർഥിക്കുന്നു. തരൂർ കഠിനമായ ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിക്കുന്നത് മനപ്പൂർവമാണെന്നും അതിന്റെ നിരർഥകത താമസിയാതെ മനസ്സിലാക്കി അദ്ദേഹം ലളിതമായ പദങ്ങളിലേക്കു മടങ്ങുമെന്നുമാണ് ഗ്രന്ഥകാരന്റെ പ്രതീക്ഷ.
രവീന്ദ്രൻ നായർക്കു താൽപര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ളതാണ് മറ്റ് പ്രബന്ധങ്ങൾ. പത്രപ്രവർത്തകൻ എന്ന നിലയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ വികസനസംരഭങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. ഈ നാടിന്റെ നന്മകളെക്കുറിച്ചു വാചാലനാകുന്ന അദ്ദേഹം കൊലപാതകങ്ങളെയും മദ്യത്തിന്റെയും ലഹരിപദാർഥങ്ങളുടെയും അമിത സ്വാധീനത്തെയും നിശിതമായി വിമർശിക്കുന്നു.
കൃതിയുടെ അവസാനഭാഗം ആത്മകഥാപരമാണ്. കുടുംബത്തെയും ഞാൻ ഉൾപ്പെടെ സുഹൃത്തുക്കളെയും കുറിച്ചുള്ള സദ്ചിന്തകൾ. എഴുപതിലേറെ പ്രായമുള്ളയാളുടെ വാർധക്യകാല ചിന്തകളും പ്രതീക്ഷകളും ആകുലകളും ഇതിൽ കാണാം. അനിവാര്യമായ മരണത്തെക്കുറിച്ചും അദ്ദേഹം ആവശ്യത്തിലേറെ ചിന്തിക്കുന്നുണ്ട്. പതിവായി ശിവനാമം ജപിച്ചാൽ അനായാസേന ആ കടമ്പ കടക്കാൻ കഴിയുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ല.
സത്യസന്ധവും സുതാര്യവുമായ വിധം ചിന്തകളും അനുഭവങ്ങളും പങ്കുവച്ചതിന് വായനക്കാർ രവീന്ദ്രൻ നായരോടു നന്ദിപറയുമെന്ന് ഉറപ്പാണ്. ആർക്കും എളുപ്പം അനുകരിക്കാൻ കഴിയാത്തതാണ് ആ ശൈലി. ഈ നിലയിൽ സാഹിത്യജീവിതം തുടരാൻ പ്രപഞ്ചനാഥൻ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെയെന്ന് അവരും പ്രാർഥിക്കാതിരിക്കില്ല. ആ പ്രാർഥന സഫലമാകുമെന്ന് നമുക്കും പ്രത്യാശിക്കാം.