യുക്രെയ്ൻ പിടിച്ചെടുക്കാൻ റഷ്യ തീരുമാനിച്ചു കഴിഞ്ഞുവെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ് അവരുടെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരങ്ങളമായി പൊരുത്തപ്പെടുന്നില്ല. യുക്രെയ്ൻ സംഘർഷം നയതന്ത്രപരിഹാരത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.
‘ഞാൻ ഇന്നിവിടെ വന്നത് യുദ്ധം തുടങ്ങാനല്ല, അത് തടയാനാണ് ’ എന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ പറഞ്ഞത്. മുമ്പ് ഇറാഖിനെതിരായ സൈനിക നടപടിക്ക് യുഎൻ അംഗീകാരം നൽകിയത് തെറ്റായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. റഷ്യ യുക്രെയ്ൻ കയ്യടക്കിയേക്കാമെന്ന നിഗമനം അടിസ്ഥാന രഹിതമാണെന്നു തെളിഞ്ഞാൽ അക്കാര്യത്തിൽ കൂടുതൽ സന്തോഷിക്കാൻ പോകുന്നത് യുഎസ് ആയിരിക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

സമ്മർദതന്ത്രത്തിന്റെ ഭാഗമാണ് റഷ്യയുടെ ഭീഷണിയെന്നു വ്യക്തമാവുകയാണ്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകളെ വരുതിയിൽ നിർത്തുകയെന്നതാണ് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രഥമലകക്ഷ്യം. വീണ്ടും ഒരു സോവിയറ്റ് യൂണിയൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് പുടിനും അറിയാം. എങ്കിലും അന്ന് കൂടെയുണ്ടായിരുന്നവർ പാശ്ചാത്യ സമ്മർദത്തിനു വഴിപ്പെടാതെ റഷ്യയുടെ ഒപ്പം നിൽക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
സോവിയറ്റ് സാമ്രാജ്യം ഛിന്നഭിന്നമായ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇക്കാര്യത്തിൽ ഒരു ധാരണ ഉരുത്തിരിഞ്ഞിരുന്നു. അന്നത്തെ സോവിയറ്റ് നേതൃത്വവും യുഎസുമായുള്ള ആ ധാരണയെക്കുറിച്ച് ഇപ്പോൾ നിരവധി വ്യാഖ്യാനങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. എങ്ങനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും പാശ്ചാത്യശക്തികൾ തങ്ങളെ നിർലജ്ജം വഞ്ചിച്ചുവെന്ന് റഷ്യ പറയുന്നു.

കമ്യൂണിസ്റ്റ് ഭരണസംവിധാനത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനും സന്ദിഗ്ധാവസ്ഥയ്ക്കും ശേഷം റഷ്യയെ വീണ്ടും വൻശക്തിയായി നിലനിർത്താൻ പ്രസിഡന്റ് പുടിനു കഴിഞ്ഞു. ചോദ്യംചെയ്യപ്പെടാത്ത വൻശക്തിയായി ലോകം അടക്കിവാഴുന്ന യുഎസിനെ നേർക്കുനേർ വെല്ലുവിളിച്ച് വീണ്ടും സൂപ്പർ പവറായി മാറാനുള്ള കരുനീക്കങ്ങളാണ് ഇപ്പോൾ അദ്ദേഹം നടത്തുന്നത്. യുക്രെയ്ൻ കീഴടക്കുകയല്ല പുടിന്റെ ലക്ഷ്യം. നാറ്റോ സഖ്യത്തിൽ അവർ അംഗത്വം നേടുന്നത് തടയുന്നതിനുള്ള ഗൂഢപദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
സംഘർഷം പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ നാറ്റോയ്ക്കു മുന്നിൽ റഷ്യ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാണ്. സൈനികമായി ആക്രമിക്കില്ലെന്ന ഉറപ്പിനു പുറമേ യുക്രെയ്ന് നാറ്റോയിൽ അംഗത്വം നൽകരുതെന്നും അവർ ആവശ്യപ്പെടുന്നു. റഷ്യയ്ക്കു ഭീഷണിയാകുംവിധം 1997 നു ശേഷം അയൽരാജ്യങ്ങളിൽ വിന്യസിച്ചിട്ടുള്ള മുഴുവൻ ആയുധങ്ങളും നീക്കം ചെയ്യണമെന്നതാണ് മറ്റൊരു ആവശ്യം. റഷ്യയുടെ അയൽരാജ്യങ്ങൾക്കൊന്നും മേലിലും നാറ്റോ അംഗത്വം നൽകരുതെന്ന് അവർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളൊന്നും അന്ത്യശാസനമല്ലെന്നു റഷ്യ പറയുന്നുണ്ട്. എന്നാൽ, യുക്രെയ്ന് നാറ്റോ അംഗത്വം നൽകിയാൽ ഉടൻ സൈനികനടപടിയുണ്ടാകുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.

ആയുധനിയന്ത്രണവും സംഘർഷം ഒഴിവാക്കാനുള്ള നടപടികളും സംബന്ധിച്ച് റഷ്യയ്ക്കു വ്യക്തമായ ഉറപ്പുകൾ നൽകിയിട്ടുണ്ടെന്ന് നാറ്റോ പറയുന്നു. എന്നാൽ റഷ്യ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ നിർദേശങ്ങളൊന്നും അവർക്ക് സ്വീകാര്യമല്ലെന്നു വേണം കരുതാൻ.
യുക്രെയ്ൻ അതിർത്തിയിൽ റഷ്യ ഇപ്പോൾ നടത്തുന്ന സൈനിക സന്നാഹങ്ങൾ 2014 ൽ ക്രീമിയ കീഴടക്കുന്നതിനു മുന്നോടിയായി അവർ നടത്തിയ പടനീക്കത്തിൽ നിന്നു തികച്ചും ഭിന്നമാണ്. അന്ന് പുടിൻ കരസേനയെ അയച്ച് ക്രീമിയ ഉപദ്വീപ് കീഴടക്കുകയാണുണ്ടായത്. ഈ നടപടിയെ രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടില്ലെങ്കിലും നാട്ടുകാർക്ക് കാര്യമായി ദോഷം ചെയ്തില്ലെന്നതാണ് കൗതുകകരം. ഈ മേഖല ഇപ്പോൾ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. റഷ്യൻ അധിനിവേശം ഒരു യാഥാർഥ്യമായി ലോകം അംഗീകരിച്ചിരിക്കുന്നു.
യുക്രെയ്നിലെ ഡൻബസ് മേഖലയിൽ റഷ്യൻ പിന്തുണയോടെ വിമതർ നടത്തുന്ന വിഘടനവാദ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്. 2014 ൽ തുടങ്ങിയ സംഘർഷത്തിൽ ഇതിനകം 14,000 പേർ മരിച്ചു. ലോകത്ത് ഏറ്റവുമധികം കുഴിബോംബുകൾ പാകിയിട്ടുള്ള പ്രദേശമാണ് ഡൻബസ്. ഈ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപം നൽകിയ മിൻസ്ക് സമാധാന കരാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമായി ഈ ഉടമ്പടി അംഗീകരിക്കാൻ ജർമനി തയാറായിട്ടുണ്ട്. ഇന്ത്യയും ഇതിനെ പിന്തുണച്ചിരുന്നു.

യുക്രെയ്ൻ കീഴടക്കുമെന്ന് റഷ്യ ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴത്തെ പടനീക്കം അവർ നാറ്റോയിൽ ചേരുന്നതു തടയുന്നതിനു വേണ്ടിയാണെന്നാണ് അവരുടെ വാദം. പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ പലതിനും യുക്രെയ്നെ നാറ്റോയിൽ ചേർക്കണമെന്നു നിർബന്ധമില്ല. യുഎസിനും ഇക്കാര്യത്തിൽ തുറന്ന മനസ്സാണ്. റഷ്യ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നടപടികൾ തൽക്കാലം മരവിപ്പിക്കാനാണ് സാധ്യത. റഷ്യൻ സേന ഭാഗികമായി പിന്മാറിയത് ഇങ്ങനെയൊരു ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകണം.
സംഘർഷം ലഘൂകരിക്കുന്നതിന് ഫ്രഞ്ച്, ജർമൻ ഉന്നതനേതൃത്വങ്ങൾ റഷ്യ സന്ദർശിച്ചിരുന്നു. യുഎസിന്റെയും ഈ രാജ്യങ്ങളുടെയും സമീപനത്തിലെ വൈജാത്യവും ഇവിടെ വ്യക്തമായി. റഷ്യൻ ഭീഷണിയുടെ പേരുപറഞ്ഞ് യൂറോപ്യൻ രാജ്യങ്ങളെ അവരിൽ നിന്നും ചൈനയിൽ നിന്നും അകറ്റിനിർത്താനാണ് യുഎസ് ശ്രമിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ–പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടാൽ ഭാവിയിൽ അമേരിക്കയ്ക്കു ഗുണകരമാകും.
റഷ്യയ്ക്കെതിരെയുള്ള സുരക്ഷാകവചമെന്ന നിലയിൽ നാറ്റോയെ അവതരിപ്പിച്ച് യൂറോപ്പിനെ ചൊൽപ്പടിയിൽ നിർത്താനാണ് യുഎസ് എക്കാലവും ശ്രമിച്ചുവന്നിരുന്നത്. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമായിരുന്നില്ല. പക്ഷേ, ഈ സാഹചര്യം ഉപയോഗപ്പെടുത്തി പരമാവധി ഇളവുകൾ നേടാനാണ് പുടിൻ ഇപ്പോൾ ശ്രമിക്കുന്നത്.

ഇപ്പോഴത്തെ നടപടികളിലൂടെ ചൈനയുമായി കൂടുതൽ അടുക്കാനും റഷ്യയ്ക്കു കഴിഞ്ഞു. തായ് വാൻ വിഷയത്തിൽ ചൈനയെ പിന്തുണച്ചുകൊണ്ട് യുക്രെയ്നിയിൽ പുടിൻ അവരുടെ പിന്തുണ നേടി. അങ്ങനെ യുഎസ്–ചൈന ശീതയുദ്ധത്തിന് ത്രിമാന സ്വഭാവം നൽകാൻ പുടിനു കഴിഞ്ഞു. ഇപ്പോൾ രൂപപ്പെട്ടിട്ടുള്ള റഷ്യ–ചൈന ബന്ധം ശീതയുദ്ധ കാലത്തെ സൈനിക സഖ്യത്തെക്കാൾ ശക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ സഖ്യം ദീർഘകാലം നിലനിന്നാൽ, രാജ്യാന്തരബന്ധങ്ങളുടെ ഘടനയിൽ കാതലായ മാറ്റങ്ങൾക്കു കാരണമായേക്കും.
യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് റഷ്യയെ സന്തോഷിപ്പിച്ചുകാണണം. രക്ഷാ സമിതിയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നുവെന്ന് മാത്രമല്ല, മെൽബണിൽ നടന്ന ചതുർരാഷ്ട്ര സഖ്യത്തിന്റെ (ക്വാഡ്) വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത ഉച്ചകോടിയിലും ഇക്കാര്യം പരാമർശിച്ചില്ല. റഷ്യയും ചൈനയും പാക്കിസ്ഥാനും ഇറാനും ചേർന്ന് പുതിയൊരു ചതുർരാഷ്ട്ര സഖ്യം രൂപപ്പെട്ടാൽ ഇന്ത്യ ഈ നിലപാട് മാറ്റിയേക്കും.
യുക്രെയ്ൻ കീഴടക്കാതെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെ കാര്യമായി അലോസരപ്പെടുത്താതെയും നേട്ടമുണ്ടാക്കാൻ ഇത്തവണ റഷ്യയ്ക്കു കഴിഞ്ഞു. വരും നാളുകളിൽ സാഹചര്യം കൂടുതൽ അവർക്ക് അനുകൂലമാകുമെന്നാണ് സൂചനകളിൽ നിന്നു മനസ്സിലാക്കേണ്ടത്.