സൂത്രക്കാരനായ പ്രതിനായകൻ എന്ന പ്രതിച്ഛായയിൽ നിന്ന് വിജയശ്രീലാളിതനായ നായകൻ എന്ന പദവിയിലേക്കുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ രൂപപരിണാമം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളിലാണ് സംഭവിച്ചത്. പക്ഷേ, അതൊരു ചുടലനൃത്തത്തിന്റെ അകമ്പടിയോടെയായിരുന്നു എന്നു മാത്രം. നാറ്റോയുടെയും അമേരിക്കയുടെയും സൈനിക സാമ്പത്തകശേഷിക്കുമുന്നിൽ നട്ടംതിരിയാൻ പോകുന്ന റഷ്യയെക്കുറിച്ചുള്ള പാശ്ചാത്യ ഗീർവാണങ്ങളെല്ലാം ഒരൊറ്റ ദിവസം കൊണ്ട് അപ്രസക്തമാക്കിയ പുട്ടിൻ, റഷ്യൻ രാഷ്ട്രഗാഥയിലെ ഇതിഹാസപുരുഷന്മാരായ ലെനിൻ, സ്റ്റാലിൻ, ക്രൂഷ്ചേവ്, ഗൊർബച്ചോവ് എന്നിവരെയും മറികടക്കുന്ന നിലയിലേക്കു വളർന്നു. സോവിയറ്റ് യൂണിയന്റെ രക്ഷാപുരുഷനായി അവരോധിതനായ പുട്ടിൻ, താൻ ഒരു നിയോഗം പൂർത്തീകരിക്കുകയാണെന്നു വിശദീകരിക്കുന്നു.
പലതരം ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നു പ്രഖ്യാപിക്കുകയല്ലാതെ നാറ്റോയ്ക്കും അമേരിക്കയ്ക്കും റഷ്യയെ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് പുട്ടിൻ തെളിയിച്ചു. ഈ ഉപരോധങ്ങളാകട്ടെ ഫലത്തിൽ റഷ്യയെക്കാൾ ബാധിക്കുന്നത് മറ്റു രാഷ്ട്രങ്ങളെയാണ്. യുക്രെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിലേക്കു റഷ്യൻ സേന ആദ്യം കടന്നുകയറിയത് ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലായിരുന്നു. അതിനോടുള്ള പാശ്ചാത്യപ്രതികരണം തീർത്തും ദുർബലമായ ഉപരോധപ്രഖ്യാപനമായിരുന്നു.

സോവിയറ്റ് സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള ദീർഘകാല പദ്ധതിയിൽ പുട്ടിൻ ആദ്യഘട്ട ജയം നേടി. എന്നാൽ മുന്നോട്ടുള്ള പാത അത്രയെളുപ്പമാണെന്നു കരുതേണ്ട. പുട്ടിനെപ്പോലെ കരുത്തനായ ഒരു നേതാവിനു പോലും അദ്ദേഹത്തെ ജീവിതകാലത്ത് അതു പൂർത്തിയാക്കാൻ കഴിയണമെന്നുമില്ല. സോവിയറ്റ് നവോത്ഥാനത്തിന്റെ രക്തസാക്ഷിയെന്ന നിലയിലാവാം ഒരു പക്ഷേ ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക.
ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ വിദേശശക്തികൾ സോവിയറ്റ് യൂണിയനോട് ചെയ്തിട്ടുള്ള അനീതികളെക്കുറിച്ചോർത്ത് മുറിവേറ്റ മനസ്സുമായി കഴിയുന്ന ദേശീയവാദിയാണ് പുട്ടിൻ. പഴയ സോവിയറ്റ് സാമ്രാജ്യത്തെ വീണ്ടും ലോകത്തിന്റെ പൂമുഖത്തു പ്രതിഷ്ഠിക്കാൻ കൊതിക്കുന്ന അദ്ദേഹം ഇപ്പോൾ പക്ഷേ, രണ്ടു കൽപ്പിച്ചുള്ള കളിയിലാണ്. അമേരിക്കയോ യൂറോപ്പോ യുക്രെയ്നിനെ സൈനികമായി സഹായിക്കാനിറങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിൽ അദ്ദേഹം നടത്തിയ അധിനിവേശത്തിന്റെ പ്രത്യാഘാതം ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്.
‘‘അയാൾ ഹിറ്റലറോ സ്റ്റാലിനോ മാവോയോ അല്ല. കുറേയേറെ ആണവായുധങ്ങൾ കൈവശമുള്ള രാജ്യാന്തര അധോലോക സംഘത്തിന്റെ ചെറിയൊരു നേതാവ് മാത്രം.–എന്നാൽ, ക്യൂബൻ പ്രതിസന്ധിക്കാലത്തേതിൽ നിന്നു വ്യത്യസ്തമായി നിഷ്ഠുരമായ വിധം സൈനിക ശക്തി പ്രയോഗിക്കാൻ അയാൾ തയാറായിരിക്കുന്നു. പാശ്ചാത്യശക്തികളുടെ ആയുധങ്ങളെ ഇനിയും പുട്ടിനു നേരിടേണ്ടിവന്നിട്ടില്ല’’.– 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുള്ള മാസ്ക് ഹേസ്റ്റിങ്സ് പറയുന്നു. കോവിഡ് മഹാമാരിക്കുശേഷമുള്ള ലോകത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചില സൂചനകളാണ് ഇവിടെ വ്യക്തമാകുന്നത്. എന്നാൽ യഥാർഥ തിരക്കഥ പൂർത്തിയാവാനിരിക്കുന്നതേയുള്ളൂ.

2014 ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. ഈ പ്രദേശം മുമ്പ് തങ്ങൾ യുക്രെയ്നിന് ദാനമായി നൽകിയതാണെന്നായിരുന്നു അന്ന് പുട്ടിന്റെ വാദം. കഴിഞ്ഞ നവംബറിൽ യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വൻതോതിൽ സൈനിക വിന്യാസം തുടങ്ങിയപ്പോൾ തന്നെ ദുരന്തസൂചനകൾ ദൃശ്യമായിത്തുടങ്ങിയിരുന്നു. അപ്പോഴൊക്കെ യുക്രെയ്നെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് പുട്ടിൻ ആവർത്തിച്ചു.
നാറ്റോയിൽ അവർ അംഗമായാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒഴികെയുള്ളവരെല്ലാം പുട്ടിന്റെ വാക്കുകൾ ഏറക്കുറെ വിശ്വസിച്ചു. നാറ്റോയും അമേരിക്കയും സൈനികമായി യുക്രെയ്നിൽ ഇടപെടില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഡെനെറ്റ്സ്കിനെയും ലുഹാൻസ്കിനെയും സ്വതന്ത്രരാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടത്തെ സമാധാനപാലനത്തിനെന്ന പേരിലാണ് സൈന്യത്തെ അതിർത്തി കടത്തിയത്. അതിനുശേഷമാണ് യുക്രെയ്നിനെ സൈനികമുക്ത മേഖലയാക്കുന്നതിനായുള്ള നടപടികളെക്കുറിച്ചുള്ള ചരിത്രപരമായ പ്രഖ്യാപനം പുട്ടിൻ നടത്തിയത്. അപ്പോഴും അധിനിവേശം എന്ന പദം ആ പ്രഖ്യാപനത്തിൽ എവിടെയും കണ്ടില്ല.

ഒരു ചെറുരാജ്യത്തിനുമേൽ നിഷ്ഠുരമായ ആക്രമണം അഴിച്ചുവിട്ട പുട്ടിന്റെ വിശ്വാസ്യത പൂർണമായി തകർന്നിരിക്കുന്നു. തുല്യതയില്ലാത്ത രണ്ട് ശക്തികൾ തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. പ്രസിഡന്റ് സെലെൻസ്കിയുടെ നേതൃത്വത്തിൽ യുക്രെയ്ൻ നടത്തുന്ന ചെറുത്തുനിൽപ് ധീരോദാത്തമാണ്. റഷ്യയുടെ പാവ സർക്കാരിനെ അവിടെ അവരോധിക്കുന്നതോടെ യുദ്ധം അവസാനിക്കും. ഇപ്പോൾ ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, യുക്രെയ്ൻ ജനത ഒളിപ്പോരിലൂടെ ഈ അധിനിവേശത്തെ ചെറുക്കാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയെങ്കിൽ ഏറ്റുമുട്ടൽ നീളാനും ഇടയുണ്ട്.
ലോകരാജ്യങ്ങൾ ഈ ആക്രമണത്തിൽ നടുക്കവും ആശ്ചര്യവും പ്രകടിപ്പിച്ചു. ശക്തമായ ഭാഷയിൽ റഷ്യൻ നടപടിയെ അപലപിക്കുകയും ചെയ്തു. പതിനഞ്ചംഗ യുഎൻ രക്ഷാസമിതിയിൽ യുഎസും അൽബേനിയയും കൊണ്ടുവന്ന പ്രമേയത്തെ 11 രാജ്യങ്ങൾ പിന്തുണച്ചെങ്കിലും റഷ്യ വീറ്റോ ചെയ്തു. ചൈനയും ഇന്ത്യയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മറ്റു വിഷയങ്ങളിൽ ഭിന്നവീക്ഷണം വച്ചുപുലർത്തുന്ന ഇന്ത്യയും ചൈനയും ഇക്കാര്യത്തിൽ ഒരേ നിലപാട് സ്വീകരിച്ചത് വിചിത്രമായി തോന്നാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിൽ പക്ഷം ചേരാതിരുന്ന് ബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ്. ചൈന അവരുടെ പുതിയ സഖ്യശക്തിയുമായി ഐക്യപ്പെട്ടിരിക്കുന്നു.

വോട്ടെടുപ്പിൽ പങ്കെടുത്തില്ലെങ്കിലും റഷ്യയുടെ നടപടിയെ ഇന്ത്യ അനുകൂലിക്കുന്നില്ല. യുഎൻ വേദിയിൽ ഇന്ത്യയുടെ പ്രതിനിധി നൽകിയ വിശദീകരണത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. റഷ്യയുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും യുക്രെയ്നിലെ സംഭവങ്ങളിൽ ഇന്ത്യ അങ്ങേയറ്റം അസ്വസ്ഥമാണെന്ന് നാം വ്യക്തമാക്കി. ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ‘‘ മനുഷ്യജീവൻ ബലി നൽകി ഒരു തർക്കവും പരിഹരിക്കാൻ കഴിയില്ലെ’’ന്നാണ് ഇന്ത്യയുടെ പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞത്. യുക്രെയ്നിൽ കുടുങ്ങിയ 16,000 ഇന്ത്യക്കാരുടെ സുരക്ഷയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. യുഎൻ ചാർട്ടർ പ്രകാരം രാഷ്ട്രങ്ങളുടെ അതിർത്തികളും അഖണ്ഡതയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നത്തിന് നയതന്ത്രപരിഹാരം തേടിയുള്ള ചർച്ചകൾക്കു മുൻകയ്യെടുക്കാൻ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാരിസിലെത്തിയ ശേഷമാണ് റഷ്യ സൈനിക നടപടി തുടങ്ങിയത്. ഇക്കാര്യത്തിലുള്ള നമ്മുടെ നിരാശയും പ്രതിഷേധവും തിരുമൂർത്തിയുടെ വാക്കുകളിൽ വ്യക്തമാണ്. വൊട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കാനുള്ള കാരണങ്ങളിലൊന്ന് അതാണെന്നും സൂചനയുണ്ട്.
1979 ൽ അഫ്ഗാൻ വിഷയത്തിലും ഇന്ത്യ യുഎന്നിൽ സമാനനിലപാടാണ് സ്വീകരിച്ചത്. അതിനുശേഷം ലോകം ഏറെ മാറി. ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ വന്നു. ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും ചേർന്ന് ക്വാഡ് എന്ന ചതുർരാഷ്ട്ര സഖ്യം രൂപീകരിച്ചു. എങ്കിലും യുഎൻ വേദിയിൽ ദേശീയതാൽപര്യത്തിനു പരമപ്രാധാന്യം നൽകിയുള്ള തീരുമാനമാണ് കൈക്കൊണ്ടത്. തുറന്ന മനസ്സോടെ അല്ലെങ്കിലും യുഎസും റഷ്യയും യുക്രെയ്നും ഇന്ത്യയുടെ നിലപാട് അംഗീകരിച്ചതായാണ് കാണുന്നത്.

ചൈനയും റഷ്യയും പാക്കിസ്ഥാനും ഇറാനും ഉൾപ്പെട്ട പുതിയ അച്ചുതണ്ടാണ് ഇപ്പോഴത്തെ നടപടിയുടെ തുടർച്ചയായി ഇന്ത്യ നേരിടുന്ന ഗുരുതരമായ വെല്ലുവിളി. ‘ഏഷ്യൻ നാറ്റോ’യ്ക്കെതിരെ റഷ്യ ചൈനയുമായി സഹകരിക്കുമെന്ന സൂചന ക്വാഡ് സഖ്യത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മാറ്റം അനിവാര്യമാക്കും. കോവിഡ് മഹാമാരിയെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കുന്നതിനും സാങ്കേതികവിദ്യ പരസ്പരം കൈമാറുന്നതിനും പുതിയ വിതരണശൃംഖലകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചതുർരാഷ്ട്രസഖ്യം മാറിയ സാഹചര്യത്തിൽ അജണ്ട പുനർനിർണയിക്കേണ്ടിവരും.
ശാക്തികബലാബലത്തിൽ മാറ്റംവരുമ്പോൾ ചൈനയും പാക്കിസ്ഥാനുമായുള്ള നമ്മുടെ അതിർത്തികളിൽ സംഘർഷവും ഭീകരപ്രവർത്തനങ്ങളും വർധിക്കാനിടയുണ്ട്. നയതന്ത്രശ്രമങ്ങൾ ഊർജിതമാക്കി ഇതിനു പരിഹാരം കാണാൻ ശ്രമിക്കാം. അതോടൊപ്പം സൈനിക, സാമ്പത്തിക ശേഷി വർധിപ്പിച്ച് സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്കും മുന്തിയ പരിഗണന നൽകേണ്ടിവരും.