കേരളത്തിനൊരു വിദേശനയമോ? ബജറ്റിലെ ആ രണ്ടു കോടി രൂപയ്ക്കു പിന്നിൽ

budget-crowed
SHARE

മചിത്തതയോടെയും വിവേകപൂർവവും സംസാരിക്കാറുള്ള കേരളത്തിന്റെ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ചു പരാമർശിച്ചപ്പോൾ സദസ്യർ അൽപമൊന്ന് ആശ്ചര്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിവരിക്കുന്നതിനിടയിലായിരുന്നു യൂറോപ്പിലെ യുദ്ധം നമ്മുടെ ബജറ്റ് പ്രസംഗത്തിൽ കടന്നുകൂടിയത്. ഈ ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്തിനും ഒന്നും കണ്ടില്ലെന്ന മട്ടിൽ ഒറ്റയാൻ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘റഷ്യ-–യുക്രെയ്ൻ സംഘർഷം ലോകത്തെ ആണവആക്രമണത്തിലേക്കു നയിച്ചേക്കാവുന്ന മൂന്നാം ലോകയുദ്ധത്തിലേക്കു തള്ളിവിടുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമകൾ സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഓരോരുത്തരും ഇതിനായി കഴിവുപോലെ പ്രയത്നിക്കണം. പ്രമുഖ സമാധാനപ്രവർത്തകരും ലോകമെമ്പാടുമുള്ള ചിന്തകരും ഒരുമിച്ചിരുന്ന് ഇക്കാര്യം ചർച്ച ചെയ്യണം. സെമിനാറുകളും സമാധാനചർച്ചകളും സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ നീക്കിവയ്ക്കുന്നു. കോവിഡ് മൂലമുള്ള യാത്രാനിയന്ത്രണങ്ങൾ നീക്കിയാൽ ഉടൻ ആണവനിരായുധീകരണത്തിനും ലോകസമാധാനത്തിനുമായുള്ള ആഗോള സമ്മേളനം നടത്താൻ കേരളം മുൻകയ്യെടുക്കും.’- അദ്ദേഹം തുടർന്നു പറഞ്ഞു.

രാജ്യത്തിന്റെ വിദേശനയത്തിന്റെ ഭാഗമായ വിഷയങ്ങൾ സംസ്ഥാനം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുക്കേണ്ടെന്നു കരുതാം. പക്ഷേ, ആണവനിരായുധീകരണം പോലുള്ള സങ്കീർണ വിഷയങ്ങളെ എത്ര ലാഘവബുദ്ധിയോടെയാണ് ഇവിടെ വിലയിരുത്താൻ ശ്രമിക്കുന്നതെന്നു നോക്കൂ. ഐക്യരാഷ്ട്രസംഘടനയുടെ ഗ്രന്ഥപ്പുരകൾ നിറയെ ഇത്തരം സെമിനാറുകളും സമ്മേളനങ്ങളും നടത്തിയതിന്റെ രേഖകളും രാജ്യാന്തര ഉടമ്പടികളുടെ പകർപ്പുകളുമാണ്. എന്നാൽ, ലോകത്തെ നിരവധി തവണ ഭസ്മീകരിക്കാനുള്ള ആണവരാഷ്ട്രങ്ങളുടെ ശേഷിയിൽ ഒരു കുറവും വന്നിട്ടില്ല. കേരളം മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പേർത്തും പേർത്തും പറയുന്ന ധനമന്ത്രി നിരായുധീകരണ സമ്മേളനങ്ങൾക്കു വേണ്ടി 2 കോടി രൂപ ബജറ്റിൽ നീക്കിവച്ചത് പാഴ്ച്ചെലവും നികുതിദായകരോടു ചെയ്യുന്ന അനീതിയുമാണ്. അതിൽ ഉപരിയായി ഇത്തരം സമ്മേളനങ്ങളും മറ്റും നടത്താൻ പ്രാപ്തിയുള്ള 2 സജീവമായ ബൗദ്ധിക സംഘടനകൾ നമുക്കുണ്ടെന്ന് ഓർമിക്കണം.- തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഇന്റർനാഷനൽ സെന്ററും (കെഐസി) കൊച്ചിയിലുള്ള സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ). ഈ സാഹചര്യത്തിൽ പൊതുവിന്റെ പണം ധൂർത്തടിക്കാതിരിക്കാനുള്ള വിവേകം ധനമന്ത്രി കാണിക്കുമെന്നു പ്രതീക്ഷിക്കാം.

കേരള സർവകലാശാലയിലെ ലാറ്റിൻ അമേരിക്കൻ സെന്ററിന് പഠന, ഗവേഷണങ്ങൾക്കും തുടർപദ്ധതികൾ നടപ്പാക്കുന്നതിനുമായി 2 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, കാർഷിക മേഖലകളിൽ ലാറ്റിൻ അമേരിക്ക ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പോർച്ചുഗീസുകാർ ഇവിടെ വന്നകാലം മുതൽ ലാറ്റിൻ അമേരിക്കയിലെ വിളകളിൽ ചിലതെല്ലാം ഇവിടെ കൃഷി ചെയ്യുന്നുമുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം അവിടത്തെ കൃഷികളെല്ലാം ഇവിടെയും ചെയ്യാവുന്നതാണ്. കേരളത്തിന്റെയും ആ മേഖലയുടെയും സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ കണ്ടെത്തി ഗവേഷണം നടത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമം കേരള യൂണിവേഴ്സിറ്റി നടത്തുമെങ്കിൽ ശ്ലാഹനീയമാണ്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പോലുള്ള പദ്ധതികളിലൂടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് വളർത്താൻ കഴിഞ്ഞേക്കും.

കേരള സർവകലാശാലയ്ക്കു ബജറ്റിൽ പണം നീക്കിവയ്ക്കുന്നത് തീർത്തും നിയമവിധേയമാണ്. എന്നാൽ, ലാറ്റിൻ അമേരിക്കൻ പഠനം മാത്രമേ സർക്കാരിന്റെ കണ്ണിൽ പെട്ടുള്ളൂ എന്നത് അത്ര യാദൃച്ഛികമായി തോന്നുന്നില്ല. ലാറ്റിൻ അമേരിക്കൻ വിഷയങ്ങളിൽ വിദഗ്ധനായ അംബാസഡർ വിശ്വനാഥൻ, മാറഡോണ മുതൽ ഫിഡൽ കാസ്ട്രോയും ചെ ഗുവാരയും വരെയുള്ള വിവിധ വ്യക്തികളെയും ഇരു മേഖലകളെയും ബാധിക്കുന്ന നിരവധി വിഷയങ്ങളെയും കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. പക്ഷേ, ഇവിടെ സർക്കാർ ഉദ്ദേശിക്കുന്നത് അന്നാട്ടിലെ അവശിഷ്ട കമ്യൂണിസത്തെക്കുറിച്ച് പഠിക്കാനും അതിൽ വിദഗ്ധരെ സൃഷ്ടിക്കാനുമാണെന്നു വ്യക്തമാണ്. ഉപജാപങ്ങളിൽ ജീവിച്ച ജനവിരുദ്ധരായ കുറേയേറെ ഏകാധിപതികളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പല സന്ദർഭങ്ങളിലായി ഉണ്ടായിട്ടുണ്ട്. അവരെക്കുറിച്ചു മനസ്സിലാക്കുന്നത് യൂണിവേഴ്സിറ്റി സൃഷ്ടിക്കാനുദ്ദേശിക്കുന്ന വിദഗ്ധ കേഡർമാർക്ക് ഗുണം ചെയ്തേക്കും.സത്യത്തിൽ നമ്മുടെ പ്രതിയോഗികളായ ചൈനയെയും പാക്കിസ്ഥാനെയും കുറിച്ചാണ് കൂടുതൽ മനസ്സിലാക്കേണ്ടത്. 

അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അവരോടു ചേർന്നുകിടക്കുന്ന അതിർത്തി സംസ്ഥാനങ്ങൾക്ക് കുറേയേറെ ചെയ്യാനുണ്ട്. കേന്ദ്രസർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മാന്യതയും ഗണ്യമായ സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ അത്തരം ബന്ധങ്ങളിൽ ചിലതെല്ലാം അടുത്തകാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതും നാം കണ്ടു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനാണ് ഇവിടത്തെ സർക്കാർ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് പണച്ചെലവ് വരുന്ന കാര്യങ്ങളിൽ അങ്ങനെ മാത്രമേ ചെയ്യാവൂ.

നമ്മുടെ പടിഞ്ഞാറൻ തീരത്തുള്ള തോറിയം ലോഹ നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സ്വതന്ത്ര തിരുവിതാംകൂറിനു വേണ്ടി രംഗത്തുവന്ന ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ കഥ ഈയിടെ വീണ്ടും ചർച്ചകളിൽ വന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുഎസ്, സോവിയറ്റ് ചേരികൾ ശീതയുദ്ധത്തിലേക്കു നീങ്ങിയപ്പോൾ ബ്രിട്ടന് ആണവായുധങ്ങൾ നിർമിക്കാൻ തോറിയം വേണ്ടിവരുമെന്നും അവരുമായി നേരിട്ട് വാണിജ്യബന്ധം സ്ഥാപിക്കാമെന്നുമായിരുന്നു സിപിയുടെ കണക്കുകൂട്ടൽ. എന്നാൽ കേന്ദ്രസർക്കാർ ഈ പദ്ധതി മുളയിലേ നുള്ളി. ഇന്ത്യൻ യൂണിയനിൽ ചേരാതെ സാഹസത്തിനു മുതിർന്നാൽ ബോംബിട്ട് ശരിപ്പെടുത്തിക്കളയുമെന്ന് നെഹ്റു മുന്നറിയിപ്പു നൽകി. തിരുവിതാംകൂറിന്റെ തീരമേഖലയിലുള്ള ധാതുനിക്ഷേപം ഇന്ത്യയുടേതാണെന്നും അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അതോടെ സിപി വഴങ്ങി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചു. എങ്കിലും ധാതുമണൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം നമുക്കു ലഭിച്ചു. പിന്നീട് തൊഴിൽ തേടി കടൽകടന്ന ആയിരക്കണക്കിനു ചെറുപ്പക്കാരും അവരുടെ വിയർപ്പുകൊണ്ട് നമ്മുടെ നാടിനെയും ഖജനാവിനെയും സമ്പുഷ്ടമാക്കി. 

മുക്കാൽ നൂറ്റാണ്ടിനു ശേഷവും നമ്മളിൽ ചിലരെ ചില നേരങ്ങളിൽ സിപി ആവേശിക്കും. അപ്പോൾ രാജ്യാന്തര തലത്തിൽ കേരളത്തിന്റെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവർ ദിവാസ്വപ്നം കാണും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS