അത്യാഡംബരത്തിന്റെയും വർണപ്പകിട്ടിന്റെയും ഘോഷങ്ങളുമായി കഴിഞ്ഞദിവസം സമാപിച്ച ‘ദുബായ് എക്സ്പോ’ കാണുന്നതിലും ആശ്ചര്യകരമായി തോന്നാറുള്ളത് ഖലീജ് ടൈംസ് മറച്ചുനോക്കുന്നതാണ്. ഏതൊരു സാധാരണ ദിവസവും അത് അങ്ങനെതന്നെ. സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ എക്സ്പോ അഞ്ച് വർഷം മുൻപ് അത് തുടങ്ങിയ നിലയിൽത്തന്നെ നിൽക്കുന്നു. എന്നാൽ, ഖലീജ് ടൈംസിന്റെ പേജുകളിൽ കാലത്തിനു മുന്നിൽ നിൽക്കുന്ന അത്യാധുനിക നഗരത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും സചിത്രവിവരണങ്ങളും സ്ഥാനംപിടിച്ചിരിക്കുന്നു.
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ദുബായ് എക്സ്പോ ഞാൻ മുൻപ് കണ്ടിട്ടുള്ള ഒസാക്കയിലെ (ജപ്പാൻ) എക്സ്പോ 70 യെയും ബ്രിസ്ബെയ്നിലെ (ഓസ്ട്രേലിയ) എക്സ്പോ 98 നെയും ബഹുദൂരം പിന്നിലാക്കി. അതു സംബന്ധിച്ച വാർത്തകളും ലേഖനങ്ങളും നൂതന ചിന്തകളുടെയും ആവിഷ്ക്കാരങ്ങളുടെയും സാഹസിക പരീക്ഷണങ്ങളുടെയും വാതായനങ്ങൾ നമുക്കു മുന്നിൽ മലർക്കെ തുറന്നിടുന്നു.

‘യുഎഇക്കും ജിസിസിക്കും ഡിജിറ്റൽ കറൻസിയിലേക്കുള്ള ചുവടുമാറ്റം അനായാസം’, ‘രണ്ടു വർഷം കൊണ്ട് ലോകം എങ്ങനെ മാറി’, ‘ഭാവിക്കുവേണ്ടിയുള്ള തയാറെടുപ്പ് നിങ്ങളെയും അതിന്റെ ഭാഗമാക്കും; അഥവാ നിങ്ങൾ പുറത്ത് ’, ‘മെറ്റാവേർസിൽ നഗരം സൃഷ്ടിക്കാൻ ദുബായ് ’, ‘യുഎഇ ലോകത്തെ ആദ്യ കാർബൺ എക്സ്ചേഞ്ച് ’, ‘ഭാവിവിദ്യാഭ്യാസത്തിലേക്കുള്ള മുന്നേറ്റം’.... ഇവയെല്ലാം മാർച്ച് 30 ന് പ്രസിദ്ധീകരിച്ച ഖലീജ് ടൈംസ് പത്രത്തിലെ തലക്കെട്ടുകളാണ്.
യുഎഇയിലെ വിദ്യാഭ്യാസ മേഖല നിക്ഷേപകർക്കും ദാതാക്കൾക്കും വിദ്യാർഥികൾക്കും മുന്നിൽ അവസരങ്ങളുടെ സുവർണഖനിയാണ് തുറന്നിട്ടിരിക്കുന്നത്. ബിറ്റ്സ് പിലാനി, ദി യുകെ കോളജ് ഓഫ് ബിസിനസ് ആൻഡ് കംപ്യൂട്ടിങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ഏതാനും കനേഡിയൻ സർവകലാശാലകളും ഇപ്പോൾത്തന്നെ അവിടെയുണ്ട്. ആഗോള പ്രവണതകളും മികവുറ്റ നിർവഹണരീതികളും ഇതിനകം അവിടെ നടപ്പായിക്കഴിഞ്ഞു. ഇതുവരെ നിലനിന്നിരുന്നതിൽ നിന്ന് ഭിന്നമായി വിദേശവിദ്യാർഥികൾ വലിയതോതിൽ അങ്ങോട്ടുവരാൻ തുടങ്ങിയിരിക്കുന്നു. നാട്ടുകാരായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോകേണ്ട സ്ഥിതി അവിടെ ഇല്ലതന്നെ. എക്സ്പോയിലെ മായിക ലോകത്തിനു പിന്നിൽ വിദ്യാഭ്യാസ മേഖലയിലെ പ്രചണ്ഡമായ ഈ മാറ്റങ്ങൾ വിസ്മരിക്കപ്പെടുന്നു.

പ്രദർശന നഗരിയുടെ പ്രവേശനകവാടം ഇസ്‍ലാമിക സംസ്കൃതിയുടെ ഭാഗമായ മഷർബിയ വാസ്തുകലാരീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ആറു നിലകളുള്ള മന്ദിരം അറബിനാട്ടിലെ കൊടുംചൂടിലും സന്ദർശകർക് കുളിർമയേകും. പരമ്പരാഗത നിർമാണരീതികളാണ് ഇവിടെയെല്ലാം അവലംബിച്ചിരിക്കുന്നതെങ്കിലും അതിനെ കാലാനുസൃതമായി പ്രത്യേക ഉദ്ദേശ്യം മുൻനിർത്തി പരിഷ്ക്കരിച്ചിട്ടുള്ളതായി കാണാം.
വാട്ടർ ഫീച്ചർ, അയൺ ഗെയ്റ്റ്സ്, അൽ വാസ്ൽ ഡോം തുടങ്ങിയവയാണ് മേളയിലെ ഏറ്റവും ആകർഷകമായ ഇനങ്ങൾ എന്നു നിസ്സംശയം പറയാം. ഇവയിൽ ആരെയും ആകർഷിക്കുന്നത് വാട്ടർ ഫീച്ചറാണ്.

67 മീറ്റർ ഉയരവും 130 മീറ്റർ വ്യാസവുമുള്ള അതിമനോഹരമായ താഴികക്കുടമാണ് അൽ വാസ്ൽ പ്ലാസയുടേത്. അതിനു ചുറ്റും 13 കിലോമീറ്ററിലേറെ ഇരുമ്പുവേലിയുണ്ട്. 252 പ്രോജക്ടറുകളിൽ നിന്നുള്ള ലേസർ കിരണങ്ങൾ അതിൽ വർണവിസ്മയം തീർക്കുന്നു. പ്ലാസയുടെ അകത്തിരുന്നും പുറത്തുനിന്നും ഇതു കാണാം.
സ്കൂൾ കുട്ടികൾ പ്ലാസ്റ്റിക് സാധനങ്ങൾ ചേർത്തൊരുക്കിയ പ്രദർശനമേളയായും എക്സ്പോയെ സമീപിക്കാം. നിയതമായ ക്രമമോ രൂപകൽപനയോ ഇല്ലാത്ത വിചിത്രമായ വാസ്തുവിദ്യാ രീതികളാണ് ഇതിനുള്ളിൽ കാണുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പവലിയനുകൾ കണ്ടു മനസ്സിലാക്കണമെങ്കിൽ ഏറെ നേരം വേണ്ടിവരും. കിലോമീറ്ററുകൾ നീളുന്ന ക്യൂ സന്ദർശകനെ പിന്നോട്ടുവലിക്കും. അത്രയേറെ തൽപരരായവർ മാത്രമേ പല പവലിയനുകളും കാണാൻ നിൽക്കൂ. സൗദി അറേബ്യ, ജർമനി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ അധികവുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യക്കാരുടെ തിരക്കും ശ്രദ്ധയും പൊതുവെ ഇന്ത്യൻ പവലിയനിൽ ഒതുങ്ങുന്നു. മറ്റാർക്കും അത് അത്ര ആകർഷകമാകുമെന്ന് തോന്നുന്നില്ല. നമ്മുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മന്ത്രിമാരും മറ്റു വിഐപികളും ഇവിടെ ആളെക്കൂട്ടാറുണ്ട്.

അതേസമയം, നഗരത്തിലെ മ്യൂസിയം ഓഫ് ഫ്യൂച്ചർ സന്ദർശകരെ വിസ്മയിപ്പിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സാങ്കേതികവിദ്യയെ പരിവർത്തനം ചെയ്യാൻ യുഎഇക്കുള്ള അനന്യസാധാരണമായ കഴിവിന്റെ നിദർശനമാണ് ഈ മ്യൂസിയം. ലോകത്ത് എവിടെയനിന്നുമുള്ളവർക്ക് ഇവിടെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കാം.
ജീവജാലങ്ങൾ വിവിധ രൂപങ്ങളിൽ ഉദ്ഭവിച്ചതും പരിണമിച്ചതും ഇന്നത്തെ സ്ഥിതിയിലെത്തിയതും സ്ഫടിക ജാറുകളിൽ ഒരുക്കിയിട്ടുള്ള വിവിധ മാതൃകകളിലൂടെ നമുക്കു മനസ്സിലാക്കാം. നാസയുടെ ഒരു പഴയ ബഹിരാകാശ നിലയം 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 21 മീറ്റർ വലുപ്പമുള്ള റിജിഫ്ലെക്സ് സ്ക്രീനിൽ ഭാവിയുടെ കാഴ്ചകൾ നമ്മെ കാത്തിരിക്കുന്നു. ഇവ രൂപകചിന്തയിൽ അധിഷ്ഠിതമായ സയൻസ് ഫിക‍്ഷനുകൾ പോലെയല്ല സജ്ജമാക്കിയിട്ടുള്ളത്. ഭാവിലോകം എങ്ങനെയായിരിക്കുമെന്ന് ആധുനിക സാങ്കേതികവിദ്യയുടെയും യന്ത്രസംവിധാനങ്ങളുടെയും സഹായത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെ ഒരുക്കിയിട്ടുള്ള സുരക്ഷാസന്നാഹങ്ങളും സന്ദർശകരിൽ അമ്പരപ്പുളവാക്കും. ‘മ്യൂസിയം ഓഫ് ഫ്യൂച്ചർ’ സ്ഥായിയായ ഒരുകൂട്ടം പ്രദർശനവസ്തുക്കളല്ല, മറിച്ച് അനുദിനം മാറി മറയുന്ന ചലനാത്മകമായ പ്രപഞ്ചത്തിന്റെ ഭാവിരൂപമാണെന്നു വേണം പറയാൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൽ റാഷിദ് അൽ മഖ്തൗമിന്റെ വാക്കുകൾ കടമെടുത്താൽ ‘ഭാവിലോകം ഭാവനാശാലികളുടേതാണ്, ആസൂത്രകരുടേതാണ്, നിർവഹണശേഷിയുള്ളവരുടേതാണ്. അത് സ്വയം ഉരുത്തിരിയുന്നതല്ല, മറിച്ച് സൃഷ്ടിക്കുന്നതാണ്.’