ഇന്ത്യ–യുഎസ് ബന്ധത്തിൽ യുക്രെയ്ൻ യുദ്ധത്തിന്റെ കരിനിഴൽ

modi-biden-meet-usa
SHARE

റഷ്യ–യുക്രെയ്ൻ സംഘർഷം ആഗോളതലത്തിൽ ഇന്ത്യയെ ശ്രദ്ധാകേന്ദ്രമാക്കി. യുഎസും റഷ്യയുമായി ഒരേസമയം നല്ല ബന്ധം നിലനിർത്തുംവിധമുള്ള ഇന്ത്യയുടെ നിഷ്പക്ഷ നിലപാട്, തർക്കത്തിൽ കക്ഷിചേരാത്ത ഇതരരാജ്യങ്ങളിലും മതിപ്പുളവാക്കി. പല രാജ്യങ്ങളും അതിനെ അനുകരണീയമായ വിധം മാതൃകാപരമായി കാണുകയും പ്രകീർത്തിക്കുകയും ചെയ്തു. 

യുക്രെയ്ൻ പ്രശ്നത്തിൽ ചേരിതിരിഞ്ഞുനിൽക്കുന്ന പ്രബലരാജ്യങ്ങളിൽ മിക്കതിന്റെയും പ്രതിനിധികൾ ന്യൂഡൽഹിയിലെത്തി നമ്മുടെ നേതാക്കളുമായി ഇതിനകം ചർച്ച നടത്തി. ഇന്ത്യയെ അവരോടു ചേർത്തുനിർത്താനുള്ള സമ്മർദ തന്ത്രമായി പ്രത്യക്ഷത്തിൽ ഇതിനെ കാണാമെങ്കിലും ഇരുഭാഗത്തേക്കും ചാഞ്ഞേക്കാമെന്നു തോന്നിപ്പിക്കും വിധമുള്ള നമ്മുടെ നിലപാടിന്റെ പരിമിതിയും ദൗർബല്യവുമായി കാണുന്നവരുമുണ്ട്. 

Vladimir Putin, Narendra Modi

റഷ്യക്കെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ വോട്ടിനിട്ടപ്പോഴാണ് ഇന്ത്യയുടെ നിലപാട് ആദ്യമായി പരസ്യമാക്കേണ്ടി വന്നത്. തുടർന്ന് യുഎൻ വേദികളിൽ ഈ വിഷയത്തിൽ പല തവണ വോട്ടെടുപ്പ് നടന്നപ്പോഴും ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയുടെ തീരുമാനം യുഎസ് കണക്കുകൂട്ടിയിരുന്നതുപോലെ പോലെ തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ പ്രസിഡന്റ് ജോ ബൈഡൻ അതിനെ ചഞ്ചലമെന്നു വിശേഷിപ്പിച്ചു. എന്നാൽ, യുഎൻ വേദികളിലെ ആ നിലപാടിനപ്പുറം ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ കുറഞ്ഞ വിലയ്ക്കു വാങ്ങാനും വ്യാപാര ഇടപാടുകൾക്കായി രൂപ– റൂബിൾ വിനിമയ സംവിധാനം ഏർപ്പെടുത്താനും തുടങ്ങിയപ്പോൾ അവർ അസ്വസ്ഥരായി. അതോടെ പ്രലോഭനവും നേരിയ ഭീഷണികളുമായി യുഎസ് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും രംഗത്തെത്തി. പക്ഷേ, അവരുടെ ഉപരോധ ഭീഷണിയും ചേരിചേരാ സംഘടനയിൽ നിന്നും ജി 77 ൽ നിന്നും ഇന്ത്യ അകലംപാലിക്കുകയാണു വേണ്ടതെന്ന അഭിപ്രായവുമെല്ലാം വിപരീത ഫലമാണുണ്ടാക്കിയത്.

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ വാർഷിക സമ്മേളനമായ ടു പ്ലസ് ടു  ഈ വിഷയങ്ങളെല്ലാം ഉന്നയിക്കാനുള്ള അവസരമായി യുഎസ് തിരഞ്ഞെടുത്തു. വാഷിങ്ടണിൽ നടന്ന ഈ സമ്മേളനത്തിനിടെ പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെർച്വൽ ഉച്ചകോടി നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൃഷ്ടിപരമായ മുഖാമുഖ ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ കൂടുതൽ സാമ്പത്തിക സമ്മർദത്തിലാക്കാൻ യുഎസ് ഇന്ത്യയുടെ സഹായം തേടിയതായും വെളിപ്പെടുത്തി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി കൂടുതൽ വൈവിധ്യവൽക്കരിക്കാൻ യുഎസ് സഹായിക്കാമെന്നും റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ താൽപര്യത്തിന് അനുഗുണമല്ലെന്നും ബൈഡൻ പറഞ്ഞു. റഷ്യയിൽ നിന്ന് വാങ്ങുന്നതിൽ കൂടുതൽ ക്രൂഡോയിൽ ഇന്ത്യ യുഎസിൽ നിന്നു വാങ്ങുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് യുഎസിന്റെ താൽപര്യത്തിനു വിരുദ്ധമാണെന്നും ബൈഡൻ വ്യക്തമാക്കി. യുഎസുമായുള്ള ബന്ധം നല്ല നിലയിൽ മുന്നോട്ടുപോകുന്നതിന് ചില മാനദണ്ഡങ്ങളും അവർ മുന്നോട്ടുവച്ചു. അവ ഇന്ത്യയ്ക്കു സ്വീകരിക്കാവുന്നവ ആയിരുന്നില്ല. ശീതയുദ്ധകാലത്തു പോലും ഇത്തരമൊരു നിബന്ധനയ്ക്കു നമ്മുടെ രാജ്യം വഴങ്ങിയിരുന്നില്ലെന്ന് ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടതാണ്.

1248-biden-putin

മോദിയും ബൈഡനും നടത്തിയ ചർച്ചയിലും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിലും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലാണ് നമ്മുടെ നേതാക്കൾ ശ്രദ്ധയൂന്നിയത്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി മോദി പല തവണ ചർച്ച നടത്തിയതായും വ്യക്തമാക്കപ്പെട്ടു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യ ഒരു മാസം വാങ്ങുന്നതിൽ കൂടുതൽ പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ ഒരു ദിവസം ഉച്ചയ്ക്കുശേഷം മാത്രം വാങ്ങുന്നുണ്ടെന്നു നമ്മുടെ വിദേശകാര്യ മന്ത്രി മറുപടി നൽകി. ലോകസാമ്പത്തിക ക്രമത്തെ സന്തുലീകരിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള പങ്ക് നാം വിശദീകരിച്ചു.

യുക്രെയ്നിലെ ബുച്ചയിൽ റഷ്യൻ അധിനിവേശത്തിനിടെ സാധാരണക്കാർ കൊലചെയ്യപ്പെട്ടതിനെ ഇന്ത്യ അപലപിച്ച കാര്യം നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടകാര്യം അദ്ദേഹം എടുത്തുപറഞ്ഞു. 

pm-modi-joe-biden

പ്രതിരോധരംഗത്തെ മികച്ച ബന്ധം ബൈഡൻ പ്രത്യേകം പരാമർശിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതം നേരിടുന്നതിനെക്കുറിച്ച് ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്നും പറഞ്ഞു. ഇന്ത്യ യുഎസ് ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങളും കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്നതാണെന്നും ചില പൊതുമൂല്യങ്ങളും കാഴ്ചപ്പാടുകളുമാണ് അതിന്റെ അടിസ്ഥാന ശിലയെന്നും അദ്ദേഹം വിലയിരുത്തി. യുക്രെയ്ൻ പ്രതിസന്ധി ഈ ബന്ധത്തിൽ ചില്ലറ അലോസരങ്ങൾ സൃഷ്ടിക്കുന്നതായി ബൈഡൻ സൂചിപ്പിച്ചു. 

ക്വാഡ് ചതുർരാഷ്ട്രസഖ്യത്തിലെ ബാക്കി രാജ്യങ്ങൾ ഈ വിഷയത്തിൽ യുഎസിന്റെ തോളോടുതോൾ ചേർന്ന് നിൽക്കുകയാണ്. അവർ യുഎസിനെ പിന്തുണയ്ക്കുക മാത്രമല്ല, റഷ്യയ്ക്കെതിരെ ഉപരോധമേർപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് മോദിയുമായുള്ള ചർച്ചയിൽ ബൈഡൻ പരാമർശിച്ചതായാണ് സൂചന. ഇത്തരം പ്രതിരോധ സഖ്യങ്ങളിൽ ചേരുന്നതോടെ ചില കടപ്പാടുകളും നമുക്കുണ്ട് എന്ന സൂചന ബൈഡന്റെ സംഭാഷണത്തിൽ വന്നു. ഇന്ത്യ, റഷ്യ പ്രതിരോധ സഹകരണം പരമ്പരാഗതമായി രൂപപ്പെട്ടതാണെങ്കിലും ഈ രംഗത്ത് ഇന്ത്യ, യുഎസ് ബന്ധം വിപുലീകരിക്കപ്പെടുന്നതിൽ ഇതും അടിസ്ഥാനമാകുമെന്ന് യുഎസ് നേതൃത്വം അറിയിച്ചു. റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുമ്പോൾ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അമേരിക്കയുടെ ഡപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ദലീപ് സിങ് പറഞ്ഞിരുന്നു. എന്നാൽ ഇറക്കുമതി കൂട്ടുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദലീപ് സിങ് ഇന്ത്യയിൽ വന്നപ്പോൾ നടത്തിയ ഈ പ്രസ്താവന ഉപരോധ ഭീഷണിയല്ലെന്നും അമേരിക്കയുടെ ആഗ്രഹം മാത്രമാണെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടു. യുഎസിനും പ്രസിഡന്റിനും അതീവ താൽപര്യമുള്ള രാജ്യത്തോടുള്ള അഭ്യർഥന മാത്രമായി ഇതിനെ കണ്ടാൽ മതിയെന്ന് ഔദ്യോഗിക വകാതാവ് വിശദീകരിച്ചു.

Narendra Modi (Photo - PIB)
നരേന്ദ്ര മോദി (Photo - PIB)

മോദിയും ബൈഡനുമായി നടത്തിയ ചർച്ചയും ടു പ്ലസ് ടു സമ്മേളനവും സഹകരണം കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികളാണ് മുന്നോട്ടുവച്ചത്. യുക്രെയ്ൻ പ്രശ്നത്തിലെ ഇന്ത്യൻ നിലപാട് അതിനു വിഘാതമാവാൻ പാടില്ല. ചതുർരാഷ്ട്രസഖ്യത്തിൽ തുടരുമ്പോൾത്തന്നെ റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ നിലപാടെടുക്കാനുള്ള സമ്മർദം നേരിടണം. ഇന്ത്യ യുഎസ് ബന്ധത്തിൽ പല തവണ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരമ്പരാഗതമായി നിലനിന്നുപോരുന്ന ഈ അപകടസാധ്യത നമ്മുടെ നയതന്ത്രവിദഗ്ധർ കാണാതിരിക്കില്ല. 

ഇന്ത്യയിൽ സർക്കാരും ചില ഉദ്യോഗസ്ഥരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന ഒരു സൂചനയാണ്. അത് അമേരിക്ക പരമ്പരാഗതമായി ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചുവരുന്ന ഒരായുധവുമാണ്. ഇതുവരെ ഇന്ത്യ വിജയകരമായി പിടിച്ചുനിന്നു. എങ്കിലും ഉഭയകക്ഷി ബന്ധം സുഗമമായി മുന്നോട്ടുപോകണമെങ്കിൽ ഇരുകൂട്ടരും നന്നായി  അധ്വാനിക്കേണ്ടിവരും.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA